Thursday, March 31, 2011

പെയ്തുതീരുന്ന മഴയുടെ അവസാനതുള്ളികള്‍ പോലെ.

വളരെ കൃത്യമായ ഒരു നാളില്‍ 
വളരെ വൃത്തിയായി വസ്ത്രം ധരിച്ച്
ഒരു സര്‍ക്കാര്‍ കസാരയില്‍ 
വന്നിരുന്നത് ഇന്നലെയെന്നു തോന്നുന്നു.

ഇന്ന് കൃത്യമായ മറ്റൊരു നാളില്‍ 
വളരെ വൃത്തിയായി വസ്ത്രം ധരിച്ച് 
ഒരു സര്‍ക്കാര്‍ കസാരയില്‍നിന്ന്‍
എഴുന്നേറ്റുപോകുമ്പോള്‍
ഇന്നിന്റെ വികാരം അറിയുന്നു. 

യാത്രയയപ്പ് യോഗത്തിന്റെ 
യാന്ത്രികതയും മരവിപ്പും 
നേരത്തെ മനസ്സിലാക്കിയതുകൊണ്ട് 
നേരിയ വേദനയെ ഉള്ളൂ .

എങ്കിലും നാളെ തുടങ്ങുന്ന ദിവസങ്ങള്‍ 
എനിക്കല്ലെന്നതോര്‍ക്കുമ്പോള്‍...
വൈകുന്നേരം ഉറങ്ങുന്നതും 
രാവിലെ ഉണരുന്നതും 
എനിക്കല്ലെന്നതോര്‍ക്കുമ്പോള്‍...
വെറുതെ ഒരു വേദന.

ഇതെല്ലാം പരിണാമത്തിന്റെ 
ആവശ്യകതയാണല്ലോ.
പരിണാമത്തിന്റെ അവസാനത്തിലേക്ക് 
ഇനി അധികം ദൂരമില്ലല്ലോ, സമാധാനം.

ഇതൊരു യാത്രാമൊഴിയല്ല കൂട്ടരേ 
വെറുമൊരു സ്നേഹമൊഴി മാത്രം.
പെയ്തുതീരുന്ന മഴയുടെ 
അവസാനതുള്ളികള്‍ പോലെ.

സി. ടി. വില്യം            

No comments:

Post a Comment