Friday, March 18, 2011

ഇത് ദ്വന്ദ ഭൌതിക വാദ ( Dialectical Materialism ) ത്തിന്റെ പുതു രൂപമോ ?


കേരളത്തിന്റെ മാര്‍ക്സിസ്റ്റ്‌ കമ്മ്യുണിസ്റ്റ് പാര്‍ടി ചരിത്രത്തില്‍ അമരത്തും അണിയിലും വിവാദത്തിന്റെ വിളക്കുമരം നാട്ടിയവരാണ് വിയെസ്സും പിണറായ് വിജയനും. ഇവര്‍ രണ്ടു പേരും കേരളത്തിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നത് ഇപ്പോള്‍ വാര്‍ത്തയാവുന്നു. 


ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രത്യേകിച്ച്  മാര്‍ക്സിസ്റ്റ്‌ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തില്‍ നേതാക്കള്‍ മത്സരിക്കുന്നില്ല എന്നത് വാര്‍ത്തയല്ല ; മറിച്ച്‌ ഒരു തീരുമാനമാണ് . തീരുമാനങ്ങള്‍ അനുസരണത്തിനു വിധേയവുമാണ്‌ . 

എന്നാല്‍ ഇവിടെ മത്സരക്കളത്തിനു പുറത്തു നില്‍ക്കുന്നവര്‍ രണ്ടു നേതാക്കളല്ല മറിച്ച്‌ ; ഭൌതികതയുടെ രണ്ടു വാദമുഖങ്ങളാണ് . മാര്‍ക്സിസ്റ്റ്‌ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ശാസ്ത്രത്തില്‍ ഇതിനെ ദ്വന്ദ ഭൌതിക വാദം ( Dialectical Materialism ) എന്നു പറയും . 

തൊഴിലാളി വര്‍ഗ്ഗാധിപത്യത്തില്‍ ഊന്നി നിന്നുകൊണ്ട് ഭൌതികതയെയും ഭൌതിക പുരോഗതിയും ആശയപരമായി സമന്വയിപ്പിക്കുകയാണ്  ദ്വന്ദ ഭൌതിക വാദം ( Dialectical Materialism ) ചെയ്യുന്നത് .ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ് .

എന്നാലിവിടെ ഭൌതികതയുടെ രണ്ടു ആള്‍രൂപങ്ങള്‍ അഥവാ ആള്‍ദൈവങ്ങള്‍ കേരളത്തിന്റെ ചുവന്ന ജനപഥത്തിനു മുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് . വിയെസ്സും പിണറായ് വിജയനുമാണ്  ഈ  രണ്ടു ആള്‍ദൈവങ്ങള്‍ . 

ഇവരില്‍  വിയെസ്സ്  ഭൌതികതയെ  സ്വാര്‍ത്ഥ  വ്യക്തികളില്‍  നിന്ന്  പിടിച്ചെടുത്തു  രാജ്യത്തിന്‌  വിതരണം  ചെയ്യുന്നു  . മൂന്നാര്‍  തുടങ്ങിയ ദൌത്യങ്ങള്‍  ഇതിനെ സാധൂകരിക്കുന്നു . പിണറായ് വിജയനാകട്ടെ  ഭൌതികതയെ  പുരോഗതിയുടെ  രൂപത്തില്‍  കോര്‍പറാറ്റ്  
 സംവിധാനത്തിലൂടെ  രാജ്യത്തിന്‌ വിഹിതിച്ചുകൊടുക്കുന്നു .  ലാവ് ലിന്‍ തുടങ്ങിയ കോര്‍പറാറ്റ് ഇടപെടലുകള്‍ ഇതിനെ ന്യായീകരിക്കുന്നു. 

മാര്‍ക്സിസ്റ്റ്‌ പ്രത്യയ ശാസ്ത്രത്തിന്റെ താത്വികീയമായ സംവേദനം ഇവിടെ വിയെസ്സിന്റെയും പിണറായുടെയും ചെയ്തികളിലൂടെ ജനകീയമായി സംവേദനം നടത്തുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ രണ്ടു പേര്‍ക്കും തെരഞ്ഞെടുപ്പിലെ മത്സരാര്‍തിത്വം നിഷേധിക്കപ്പെട്ടിരിക്കുന്നത്. 

മാര്‍ക്സിസ്റ്റ്‌ കമ്മ്യുണിസ്റ്റ് പാര്‍ടി നേതൃത്വത്തിലൂടെ പുറത്തു വരുന്ന ഈ അപചയത്തിന്റെ സിദ്ധാന്തത്തെ വിധഗ്ദമല്ലാതെ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് മാര്‍ക്സിസ്റ്റ്‌ കമ്മ്യുണിസ്റ്റ് പാര്‍ടി .ഇത്തരത്തിലുള്ള കപട സിദ്ധാന്തങ്ങള്‍ തന്നെയാണ് പാര്‍ട്ടിയുടെ ഇന്നത്തെ പ്രശ്നവും . 

വിയെസ്സും പിണറായ് വിജയനും പാര്‍ട്ടി അണികളില്‍ പാകപ്പെടുത്തിയെടുക്കുന്ന ശക്തി ദുര്‍ഗങ്ങള്‍ വളരെ വ്യക്തമാണ് . ഇത് പാര്‍ട്ടി പിബിക്കും സെക്രട്ടെരിയട്ടിനും അറിയാവുന്ന കാര്യവുമാണ്. 

എന്നിട്ടും ഈ ആള്‍ദൈവങ്ങളെ മാറ്റി നിര്‍ത്തി ഒരു തെരഞ്ഞെടുപ്പു മത്സരം നടത്തുന്നതിലെ  ദ്വന്ദ ഭൌതിക വാദം ( Dialectical Materialism ) എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല .

ഇത് ദ്വന്ദ ഭൌതിക വാദ ( Dialectical Materialism ) ത്തിന്റെ  പുതു രൂപമോ ? അതോ അപചയത്തിന്റെ അലങ്കാരമോ ?


ബ്ലോഗെഴുതി പന്ത്രണ്ടു മണിക്കൂറിനു ശേഷം ......  



സി.ടി. വില്യം   

No comments:

Post a Comment