Monday, March 7, 2011

അന്തസ്സുള്ള ജനം ഇങ്ങനെ ക്യുവില്‍ നില്‍ക്കണോ ?

ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു ക്ഷേമ ജനാധിപത്യ രാഷ്ട്രാമാണല്ലോ ഭാരതം . ജനങ്ങള്‍ക്ക്‌ വേണ്ടിയാണോ ഭരിക്കുന്നത്‌ ; ജനങ്ങളാണോ ഭരിക്കുന്നത്‌ ; ജനാധിപത്യ രാഷ്ട്രമാണോ ; ക്ഷേമ രാഷ്ട്രമാണോ എന്നൊക്കെയുള്ള സംശയങ്ങള്‍ ചരിത്ര സാക്ഷ്യം പോലെ നില നില്‍ക്കട്ടെ .

എന്തായാലും കാക്കയും വന്നു പനമ്പഴവും വീണു എന്ന മട്ടില്‍ തെരഞ്ഞെടുപ്പ് വന്നു . ഇനി തെരഞ്ഞെടുപ്പുകാലം . തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്ല കാലം . 

പാര്‍ട്ടികള്‍ക്ക് വേണ്ടി പാര്‍ട്ടികളാല്‍ ഭരിക്കപ്പെടുന്ന ഒരു പാര്‍ട്ടി ക്ഷേമ രാഷ്ട്രം , അതായത് ഒരു ജനാധിപത്യ ക്ഷേമ രാഷ്ട്രം തന്നെ  കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിലാണ് നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ .  

അഴിമതിയും , അനീതിയും , അക്രമവും , കുംഭകോണങ്ങളും പല രൂപത്തിലും ഭാവത്തിലും സമം ചേര്‍ത്ത് ലയിപ്പിച്ചു നാം കാലങ്ങളോളമായി ഉണ്ടാക്കി വച്ച " ജനസേവന ലേഹ്യം " നിറഞ്ഞ ഭരണികള്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി കാത്തിരിക്കുന്നു . ഈ ഭരണികളില്‍ ആരൊക്കെ കയ്യിട്ടു നക്കുന്നു ; ആരുടെയൊക്കെ ചിറിയില്‍ വച്ച് തേക്കുന്നു , എന്നതാണ് ജനാധിപത്യത്തിന്റെ പരിണാമഗുപ്തി .

ഈ പരിണാമഗുസ്തിയുടെ  ഭാഗമായാണ് നമ്മുടെ നേതാക്കള്‍ , പാര്‍ട്ടി പറഞ്ഞാല്‍ ജനങ്ങളോട് മത്സരിക്കുമെന്ന് മുന്നറിപ്പ് തരുന്നത് . നിസ്സഹായരായ നമ്മുടെ ജനം എവിടെ നില്‍ക്കുന്നു ? ഉത്തരം : പോളിംഗ് ബൂത്തിലെ നീണ്ടുനിവര്‍ന്ന ക്യുവില്‍ത്തന്നെ നില്‍ക്കുന്നു .  ഈ ക്ഷേമ രാഷ്ട്രത്തിലെ വളരെ കുറച്ചുപേരെ മാത്രം രാജകീയ കസേരയിലിരുത്താന്‍ അന്തസ്സുള്ള ജനം ഇങ്ങനെ ക്യുവില്‍ നില്‍ക്കണോ ? ഇനിയും ഈ ക്യു നമുക്ക് വേണോ ? യഥാര്‍ഥത്തില്‍ ഈ ക്യു ഇല്ലാതാവുന്നിടത്തല്ലേ ജനാധിപത്യം പുലരുക ?

സി. ടി. വില്യം        

    

No comments:

Post a Comment