Sunday, March 20, 2016

കരയുന്ന സൌരയൂഥം



സഹസ്ര ഗോളങ്ങളിഴയുമീ
സൌരയൂഥത്തിലെവിടെയോ
സ്വേദ ഗോളങ്ങളുരുട്ടിയും
സ്വേച്ഛതന്‍ കണ്ണീരുരുട്ടിയും
പ്രകാശവര്‍ഷങ്ങളെ പരതിയും
പറന്നലയുകയാണ്  ഞാന്‍.

നവരസ മാരിവില്ലില്‍
സവാരിചെയ്യും നവഗ്രഹങ്ങള്‍
നവരത്ന പ്രഭാമഴയില്‍ കുളിച്ച്
നനഞ്ഞെന്നെ വലം വക്കുന്നു.

അങ്ങനെയങ്ങനെ ഞാനുരുളവേ
അരികിലെത്തുന്നു ഗോളങ്ങള്‍
പേരറിയാത്ത ഒറ്റഗോളങ്ങള്‍
പേരിടാത്ത ദുഃഖ കുമിളള്‍.

തൊട്ടു തൊട്ടില്ല ഞാനാഗോളങ്ങളെ
കണ്ടു കണ്ടില്ല ഞാനാദുഃഖമുകുളങ്ങളെ
സൂര്യനെ നമിച്ചുമനുസരിച്ചുമവ
സൌരയൂഥ ജനപദങ്ങളായുരുളുന്നു.

എന്നെ സ്നേഹിച്ചു വലംവച്ചാഗോളങ്ങള്‍  
പിന്നെ പ്രണയിച്ചു തേങ്ങിയാകൃഷ്ണമണികള്‍
ഭ്രമണ പഥങ്ങളില്‍ മുഖാമുഖം
ഭ്രമിച്ചു ഭ്രാന്തു പിടിച്ചവ
നെഞ്ചുകീറി നിലവിളിച്ചു, പിന്നെ  
ചുണ്ടുകീറി പൊട്ടിച്ചിരിച്ചു.

അമൃതമീ സൌരയൂഥത്തില്‍
അമൃതരാണ് ഞങ്ങള്‍ ഗോളങ്ങള്‍
ഞങ്ങള്‍ക്ക് മരണമില്ല, ചിതയില്ല
ഞങ്ങള്‍ക്കില്ല സ്നേഹ പ്രണയ പരാഗണങ്ങള്‍
ഞങ്ങള്‍ക്കില്ല ശേഷക്രിയയും പുത്രാണനവും.