യാത്ര ! അതെങ്ങോട്ടുമാകാം. യാത്രകളെന്നും പുതിയ അന്വേഷണങ്ങളിലേക്കും, അനുഭവങ്ങളിലേക്കും, തിരിച്ചറിയലുകളിലെക്കും നയിക്കും. അത് ജീവിതം പോലെതന്നെ സംഭവബഹുലമാണ് . യാത്രികന്റെ ധിഷണാപരവും ആത്മീയപരവുമായ വെളിപ്പെടുത്തലുകള്‍ യാത്രയെ തത്വചിന്താപരമായി അടയാളപ്പെടുത്തുന്നു . ഈയ്യിടെ ഞാന്‍ എന്റെ സുഹൃത്തുക്കളോടൊപ്പം നടത്തിയ ഒരു ജലയാത്രയും എനിക്ക് സമ്മാനിച്ചതും മേല്പറഞ്ഞ അനുഭവങ്ങളോക്കെതന്നെ.
എണ്‍പതിനായിരം രൂപ ശമ്പളം വാങ്ങുന്ന ഒരു പ്രൊഫസ്സറും എണ്ണായിരം രൂപ ശമ്പളം വാങ്ങുന്ന തോമസ് എന്ന ഒരു താത്കാലിക ജീവനക്കാരനും എന്റെ യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നു.
വേമ്പനാട്ടു കായലിന്റെ വിരിമാറിലൂടെ ജലയാത്ര സമൃദ്ധമായി പുരോഗമിക്കുമ്പോള്‍ ഞങ്ങള്‍ പുതിയ അന്വേഷണങ്ങളിലേക്കും, അനുഭവങ്ങളിലേക്കും, തിരിച്ചറിയലുകളിലെക്കും ആഴ്നിറങ്ങുകയായിരുന്നു.
കഠിനമായ തപസ്സുകൊണ്ടും ഭൌതികമായ പരിത്യാഗം കൊണ്ടും ജീവിതത്തെ ദര്‍ശനമാക്കിയ ശ്രീബുദ്ധന്റെയും , ആലസ്യത്തിന്റെയും സ്വാത്മമായ ആര്ഭാടത്തിന്റെയും ദാര്‍ശനികനായ ജി. കൃഷ്ണമൂര്‍ത്തിയുടെയും യുവാരാധകരായ രണ്ടു അവിവാഹിതരായ സുഹൃത്തുക്കളും ഞങ്ങളുടെ യാത്രാ സംഘത്തിലുണ്ടായിരുന്നു. ഇവരില്‍ ഒരാള്‍ക്ക് ആത്മീയ യാത്ര നടത്തണമെങ്കില്‍ എയര്‍ കണ്ടീഷണ്ട് വാഹനം വേണം . മറ്റയാള്‍ക്ക് പ്രകൃതിരമണീ യമായ ഒരിടത്ത് രണ്ടേക്കര്‍ ഭൂമിയും ഒരു വീടും കൂടെ താമസിക്കാന്‍ ഒരു പെണ്ണും വേണം. എണ്‍പതിനായിരം രൂപ ശമ്പളം വാങ്ങുന്ന പ്രോഫസ്സര്‍ക്ക് ആത്മ ബലത്തിന് എപ്പോഴും ബൈബിളും വേണം. ഇക്കൂട്ടരുടെ യൊക്കെ കഥകള്‍ കേട്ടായിരുന്നു ഞങ്ങളുടെ യാത്ര .
എന്നാല്‍ ഇവരെക്കാളൊക്കെ ഞങ്ങളെ അതിശയിപ്പിച്ചതും അത്ഭുതപ്പെടുത്തിയതും സാമാന്യം വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള തോമസ് എന്ന താത്കാലിക ജീവനക്കാരന്റെ പ്രായോഗിക സാമ്പത്തിക ദര്‍ശനങ്ങളായിരുന്നു. തനിക്കും തന്റെ കുടുംബത്തിനും ജീവിക്കാന്‍ എണ്ണായിരം രൂപ വളരെ കൂടുതലാണെന്നയിരുന്നു തോമസ്സിന്റെ കണ്ടുപിടുത്തം . തോമാസ്സിന്റെ ഈ കണ്ടെത്തല്‍ എണ്‍പതിനായിരം രൂപ ശമ്പളം വാങ്ങുന്ന പ്രോഫസ്സരെയും അതിനു താഴെ ശമ്പളം വാങ്ങുന്ന ഞങ്ങളെയും അക്ഷരാര്‍ഥത്തില്‍ ലജ്ജിപ്പിച്ചുകളഞ്ഞു.
സാമ്പത്തിക ശാസ്ത്രത്തിന്റെ സാങ്കേതിക സങ്കേതങ്ങള്‍ ഒന്നുമില്ലാതെ തോമസ് പറഞ്ഞ കാര്യങ്ങളെ അഭിനവ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖാനിക്കുകയാണെങ്കില്‍ ലോകത്തിലെ പ്രഗല്‍ഭരായ സാമ്പത്തിക ശാസ്ത്രജ്ഞന്മാരെയും പിന്നിലാകുന്ന തരത്തിലുള്ള സാമ്പത്തിക തത്വചിന്തയിലെത്താം . അതിനെ താഴെ പറയും പ്രകാരം വ്യാഖാനിച്ചു കാണാം .
ഒന്ന്. മനുഷ്യന്‍ പരിമിതികള്‍ക്ക് വിധേയനാണ് . അതുകൊണ്ടുതന്നെ അവന്‍ പരിമിതികള്‍ക്ക് വിധേയമായി ജീവിക്കെണ്ടാവനാണ് .
രണ്ട് . മനുഷ്യന്റെ ഇത്തരത്തിലുള്ള പരിമിതി ബോധം അവന്റെ അതിര് കടന്ന ആഗ്രഹങ്ങളെയും ഇച്ചകളെയും കെടുത്തുന്നു.
മൂന്ന്. എല്ലാം ശരിയാക്കി തരുന്ന ഒരു അദൃശ്യ ശക്തിയുണ്ടെന്നും ആ ശക്തിയിലുള്ള വിശ്വാസമാണ് മനുഷ്യന്റെ സ്വസ്തതെയും സമാധാനത്തെയും നിയന്ത്രിക്കുന്നത്.
നാല്. സ്നേഹം കാമമാകാതിരിക്കാനും കാമം സ്നേഹമാകാതിരിക്കാനും മനുഷ്യന്‍ ശ്രദ്ധിക്കണം. മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാനമായ കലഹങ്ങള്‍ക്ക് കാരണം സ്നേഹ- കാമങ്ങളെ തെറ്റിദ്ധരിക്കുന്നിടത്താണ്.
അഞ്ച്. ആത്മീയതയാണ് ഭൌതികതയെ നിയന്ത്രിക്കുന്നത് . അതുകൊണ്ട് ആത്മീയത ആവശ്യമാണ്. അല്ലാത്ത പക്ഷം ഭൌതികത മനുഷ്യന്റെ ആത്മീയതയും എന്തിനു ഭൌതികതയെതന്നെ നശിപ്പിച്ചുകളയും.
സി. ടി.വില്യം
No comments:
Post a Comment