Thursday, May 19, 2016

കേരളം ചുവന്നു. താമര വിരിഞ്ഞു.


കേരളത്തില്‍ വലതു പക്ഷങ്ങളുടെ പ്രത്യക്ഷ പരോക്ഷ സഹായസഹകരണത്തോടെയും വെള്ളാപ്പിള്ളിയുടെ അനുഗ്രഹാശിസ്സുകളോടെയും താമര വിരിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്തത്തില്‍ കേരളത്തില്‍ ആറാടിയ അഴിമതിഭരണത്തില്‍ പൊറുതിമുട്ടിയ കേരളം ഇടത്തോട്ട് മാറി. എല്ലാം ശരിയാക്കാന്‍ ഇനി താമരയെ സാക്ഷി നിര്‍ത്തി ഇടതുപക്ഷ ഭരണം. പലേടത്തും കോണ്ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സര്‍വ്വേ ഫലങ്ങളെ ശരിവച്ച് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിന്റെ അവസാനനിമിഷം വരെയും ഉമ്മന്‍ചാണ്ടി കേരളത്തോട് നുണപറഞ്ഞു.

ബാര്‍ കോഴയും, സോളാറും, ഭുമിദാനവും, സ്ത്രീകളോട് കാണിച്ച അതിക്രമങ്ങളും, പൊതുജനത്തോട് കാണിച്ച അഹങ്കാരവും യു.ഡി.എഫിനെ തറപറ്റിച്ചു. ആലിബാബയും കള്ളന്മാരും എന്ന കണക്കില്‍ സംസ്ഥാനം ഭരിക്കാന്‍ ഏറെനാള്‍ ആവില്ലെന്ന്‍ കേരള ജനത മുന്നറിയിപ്പ് നല്‍കി. 
  
മൂന്നുമുന്നണികളെയും  വെല്ലുവിളിച്ചുകൊണ്ട്  പി.സി. ജോര്‍ജ്ജ് കേരളത്തില്‍ ആണ്‍കുട്ടിയായി. അഴിമതിക്കെതിരെ കുഴലൂതിയ പി.സി.ക്ക് പൂഞ്ഞാറിന്റെ അംഗീകാരം.

ചുണ്ടിന്നും കോപ്പക്കും മദ്ധ്യേ വിജയം പലകുറി നാണിച്ചുമടങ്ങിയ ഒ. രാജഗോപാലിന് നേമത്ത് താമര വിജയം. അതോടൊപ്പം തന്നെ ചുണ്ടിന്നും കോപ്പക്കും മദ്ധ്യേ രണ്ടോ മൂന്നോ താമരകള്‍ വിരിയാതെ പോയി. മോദിയും അമിത് ഷായും കുമ്മനവും അല്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ താമരകള്‍ക്ക് വിരിയാമായിരുന്നു.

എത്രതന്നെ വികസനവും കരുതലും ജനസമ്പര്‍ക്കവും നടത്തിയാലും സത്യസന്ധത കൈവിട്ടതിന്റെ രക്തസാക്ഷിത്തം വരിക്കേണ്ടുവന്നു ഉമ്മന്‍ചാണ്ടിക്ക്. കൂടെ നിന്ന പല മന്ത്രിമരങ്ങളും കടപുഴങ്ങി വീണു.

കാര്‍ഷിക കേരളത്തിന്‍റെ തകര്‍ച്ചക്ക് വേണ്ടി മാത്രം പണിയെടുത്ത കെ.പി. മോഹനന്‍റെ തോല്‍വിക്കും  അതിനുവേണ്ടി ഒരു കൈസഹായം കൊടുത്ത എം.പി. വിന്‍സെന്റ്, തോമസ്‌ ഉണ്ണിയാടന്‍ എന്നിവര്‍ തോറ്റ് മണ്ണടിഞ്ഞതും അതുകൊണ്ടുതന്നെ സ്വാഭാവികം മാത്രം. 
  
അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകൊണ്ട് യൌവ്വനത്തോടെയുള്ള വാര്‍ദ്ധക്യവുമായി മുന്നോട്ട് കുതിച്ച സഖാവ് വി.എസ്. അച്യുതാനന്ദന് ഉന്നതവിജയം. കേരളത്തില്‍ ഇടതുതരംഗം തന്നെ എന്ന് വീയെസ്സിന്റെ വിജയം ഉറപ്പിച്ചു.

ഹൈക്കമാണ്ടിന്റെ തോക്കിന്‍ തുമ്പത്ത് അടിയറവ് പറഞ്ഞ കെ.പി.സ.,സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഒരുപക്ഷെ കോണ്ഗ്രസ്സിന്റെ തകര്‍ച്ചയെ ഒരുപരിധിവരെയെങ്കിലും കുറക്കാമായിരുന്നു.

            

     

1 comment:

  1. ആരു ഭരിച്ചാലും ഇവിടെ ഒന്നും പുതുതായി വരാനില്ല.നമ്മൾ സ്വിറ്റ്സർലൻഡിലല്ലേ ??

    ReplyDelete