Wednesday, May 4, 2016

നിര്‍ഭയയെ തിരിച്ചറിയണം, കൊല്ലപ്പെടുന്നതിന് മുമ്പ്


അങ്ങനെ പെരുമ്പാവൂരിലും നിര്‍ഭയ ആവര്‍ത്തിച്ചു. അഞ്ചാം നാള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റു. ഒപ്പം സ്ത്രീപക്ഷവും ദളിത്‌ പക്ഷവും. ഇനി കുറച്ചുനാള്‍ പ്രക്ഷോഭം. ദ്രുതഗതിയിലുള്ള അന്വേഷണം. കോടതികള്‍. ശിക്ഷ. ശിക്ഷ ഇളവുചെയ്യല്‍. അപ്പോഴേക്കും മരണപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം വരും. കൂട്ട ഉപവാസം. കൂട്ട പ്രാര്‍ത്ഥന. ഏറ്റവുമൊടുവില്‍ ഒരു ഡോകുമെന്ററി ഫിലിം. പെരുമ്പാവൂരിലെ നിര്‍ഭയ അവസാനിക്കും. നാം അടുത്ത നിര്‍ഭയക്ക്‌ വേണ്ടി കാത്തിരിക്കും. തനിയാവര്‍ത്തനം ഇങ്ങനെ.

പെരുമ്പാവൂരിലെ പെണ്‍കുട്ടി ജിഷ അതിക്രൂരമായി വേട്ടയാടപ്പെട്ടു. കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊറുതിമുട്ടിയിരുന്നു. ആയതിന്റെ പരാതി സ്ഥലത്തെ പോലീസ് സ്റേഷനില്‍ കൊടുത്തിരുന്നു. പരാതി ഇപ്പോഴും പോലീസ് സ്റേഷനില്‍ തന്നെയുണ്ട്‌. എന്നാല്‍ പരാതിക്ക് അടിസ്ഥാനമായ ഇരയുടെ ഭൌതിക ശരീരം പോലും ഇപ്പോള്‍ ഇല്ല. നിയമം അറിയാവുന്നവരും നിയമം പഠിച്ചവരും കൂടി ഇരയോടൊപ്പം തെളിവുകളും കത്തിച്ചുകളഞ്ഞു.

ഏതു മരണവും, പ്രത്യേകിച്ചും സ്ത്രീകളുടെ മരണം പോലീസിന്ന്‍ ആദ്യം കൊലപാതകമാവും. ആദ്യത്തെ തൊണ്ടി മൊബൈല്‍ഫോണ്‍ തന്നെ. കാള്‍ ലിസ്റ്റ് കണ്ടുകെട്ടും. പ്രഥമദൃഷ്ട്യ അനാശാസ്യം തെളിഞ്ഞുവരും. കൊലപാതകവും. മറിച്ചും സംഭവിക്കുന്നുണ്ടെങ്കിലും സത്യം പറയാതെ വയ്യ.
പിന്നീട് ആരെങ്കിലും സംശയം ഉന്നയിച്ചാല്‍ ഉന്നത അന്വേഷണത്തിന്ന്‍ ഉത്തരവിടും. അന്വേഷണവും പ്രക്ഷോഭവും ഒരുമിച്ച് നടക്കും. ഒടുവില്‍ അന്വേഷണവും പ്രക്ഷോഭണവും ഒരുമിച്ച് വിജയിക്കും. അപ്പോഴേക്കും വര്‍ഷങ്ങള്‍ പലതും കടന്നുപോയിരിക്കും. പുതിയ നിര്‍ഭയകള്‍ പഴയ ഭയങ്ങളെ മാച്ചെഴുതും. മാധ്യമങ്ങള്‍ നിര്‍ഭയം നേരിന്‍റെ മായാലോകത്തിലേക്ക് സാഹസിക യാത്ര തുടരും.

അന്വേഷണവും പ്രക്ഷോഭവും വേണമെങ്കില്‍ ഇര മൃഗീയമായി കൊല്ലപ്പെടണം. സരിത കൊല്ലപ്പെട്ടിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നില്ലേ? സരിതയുടെ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ആവോളം ആഘോഷിച്ച പരാതികളായിരുന്നു സരിതയുടേത്. ഒരു അന്വേഷണവും പ്രക്ഷോഭണവും വേരുപിടിച്ചില്ല. പരാതിക്കാരിയും പരാതിക്ക് വിധേയരായവരും ജനങ്ങളെ വെല്ലുവിളിച്ച് വിലസുന്നു. ഇപ്പോള്‍ എല്ലാവരും പിന്മാറി. തെരഞ്ഞെടുപ്പ് അങ്കക്കളത്തില്‍ പോലും സരിതയുടെ പരാതികള്‍ കൂവുന്നില്ല. ബിജു രമേശിന്റെ ബാര്‍കോഴ പരാതികളും കൂവുന്നില്ല.  പരാതിക്ക് വിധേയരായവര്‍ പക്ഷെ നന്നായി ഉച്ചത്തില്‍ കൂവുന്നുമുണ്ട്.


ഇവിടെയാണ്‌ ജിഷ എന്ന നിര്‍ഭയയുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നത്. ജിഷ വേട്ടയാടപ്പെടുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. പെരുമ്പാവൂരില്‍ എട്ട് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. അവരുടെ പ്രവര്‍ത്തകരും പിന്നെ നാട്ടുകാരുമുണ്ട്. ജിഷക്കും കുടുംബത്തിന്നും അവിടെ വോട്ടുണ്ട്. വോട്ടുചോദിച്ചുകൊണ്ട് എട്ട് സ്ഥാനാര്‍ഥികളും ജിഷയുടെ വീട്ടില്‍ പോയിട്ടുണ്ടാവണം. എന്നിട്ടും ജിഷയുടെ കുടുംബം പോലീസ് സ്റേഷനില്‍ കൊടുത്ത പരാതിയില്‍ തീര്‍പ്പുണ്ടായില്ല. ജിഷയുടെ അയല്‍വാസികളും നാട്ടുകാരും ഒന്നും ചെയ്തില്ല. നമ്മുടെ മനസാക്ഷി ഉണരണമെങ്കില്‍ ഇരകള്‍ കൊല്ലപ്പെടണം. ജിഷ കൊല്ലപ്പെട്ട് അഞ്ചുനാള്‍ കഴിഞ്ഞിട്ടും ആരും ഒന്നും ചെയ്തില്ല. മാധ്യമങ്ങളില്‍ വാര്‍ത്തയും കാര്യമായി വന്നില്ല. സമൂഹ മാധ്യമങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ജിഷ ആരോരുമറിയാതെ പോകുമായിരുന്നു.

എനിക്ക് ജിഷയേയും കുടുംബത്തേയും പരിചയമില്ല. എന്നാല്‍ ജിഷയും കുടുംബവും നമുക്കെല്ലാവര്‍ക്കും സുപരിചിതരാണ്. നമ്മുടെ അയല്‍പക്കങ്ങളിലും ജിഷയും കുടുംബവുമുണ്ട്. നാം അവരെ തിരിച്ചറിയണം. അവര്‍ കൊല്ലപ്പെടുന്നതിന് മുമ്പ്.

ജിഷക്ക് ആദരാഞ്ജലികള്‍. ജിഷയുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.
ഡോ. സി.ടി. വില്യം
 Mobile: 9447037082
     

      

No comments:

Post a Comment