Saturday, May 7, 2016

സാധാരണക്കാരനും ചാരിനില്‍ക്കട്ടെ, ജനാധിപത്യത്തിന്‍റെ നാലാം തൂണില്‍.


കേരളത്തിന്‍റെ നിര്‍ഭയമാരില്‍ ഒരാള്‍ വെട്ടയാടപ്പെട്ടിട്ട് പത്തുനാള്‍ കഴിഞ്ഞു. വേട്ടക്കാരെ തേടിയുള്ള വേട്ടക്കാരുടെ സംഘം യാത്ര തിരിച്ചിട്ടും പത്തുനാള്‍ കഴിഞ്ഞു. സമൂഹ മാധ്യമങ്ങളെ തോല്‍പ്പിക്കാനെന്നോണം സമൂഹമല്ലാത്ത മാധ്യമങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചിട്ടും പത്തുനാള്‍ പിന്നിട്ടു.

പെരുമ്പാവൂരിലെ നിര്‍ഭയ വിഷയത്തില്‍ ഇപ്പോള്‍ ഏതാണ്ട് ഒരു തീര്‍പ്പായ മട്ടിലാണ് കാര്യങ്ങള്‍. മാധ്യമങ്ങളും, ഭരണ നേതൃത്തവും, ചാനല്‍ ന്യായാധിപന്മാരും, നിരീക്ഷകരും, ചിന്തകരും, എഴുത്തുകാരും കൂടിയാണ് ഇപ്പോള്‍ തീര്‍പ്പുണ്ടാക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണും അവയുടെ ഉപ ഉല്‍പ്പന്നമായ സെല്‍ഫിയും ആണത്രേ എല്ലാ ദുരന്തങ്ങള്‍ക്കും കാരണം എന്ന്‍ അന്തിമ വിധി.

ഈയൊരു സന്ദര്‍ഭത്തില്‍ മൊബൈല്‍ ഫോണും സെല്‍ഫിയും എന്ത് തെറ്റ് ചെയ്തു എന്ന് പരിശോധിക്കേണ്ടതായുണ്ട്. എന്താണ് സെല്‍ഫി? മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ക്യാമറയുടെ സഹായത്തോടെ സ്വന്തം ഫോട്ടോ പകര്‍ത്തുന്നതിനെയാണ് സെല്‍ഫി എന്ന് അര്‍ത്ഥമാക്കുന്നത്. ബരാക്ക് ഒബാമാക്കും, നരേന്ദ്ര മോദിക്കും, വത്തിക്കാനിലെ പോപ്പിന്നും സെല്‍ഫി ആവാമെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് അതൊന്നും പാടില്ല എന്ന് പറയുന്നതിന്‍റെ പൊരുള്‍ എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. മാത്രമല്ല, സെല്‍ഫി സംവിധാനം നിയമപരമായി നിലനില്‍ക്കുന്ന കാലത്തോളം ആ സംവിധാനം പ്രയോഗിക്കപ്പെടും എന്ന് തന്നെ പറയേണ്ടിവരും. കേരളത്തിലെ തെരഞ്ഞെടുപ്പ് യുദ്ധത്തിലെ പ്രധാന ആയുധവും സെല്‍ഫിയും സമൂഹമാധ്യമങ്ങളും തന്നെയാണെന്ന നഗ്നത ആര്‍ക്കാണ് മൂടിവക്കാനാവുക.

ഇനി പെരുമ്പാവൂരിലെ നിര്‍ഭയ സംഭവത്തിലേക്ക് വരാം. ഇവിടെ നിര്‍ഭയ കൊല്ലപ്പെട്ടിട്ട് അഞ്ചുനാള്‍ കഴിഞ്ഞിട്ടും പൊതുസമൂഹം അറിയുന്നത് സെല്‍ഫി സംവിധാനമുള്ള അതേ മൊബൈല്‍ ഫോണുകള്‍ വഴിയാണെന്ന സത്യം നാം വിസ്മരിച്ചുകൂടാ. മൊബൈല്‍ ഫോണുകളും സമൂഹ മാധ്യമങ്ങളും ഇല്ലായിരുന്നെങ്കില്‍ പെരുമ്പാവൂരിലെ നിര്‍ഭയയെ ആരും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. സമൂഹമല്ലാത്ത മാധ്യമങ്ങള്‍ പ്രശംസ ഒട്ടും അര്‍ഹിക്കുന്നില്ലതാനും.

ഇവിടെ ഉന്നയിക്കപ്പെടുന്ന ആരോപണം പെരുമ്പാവൂരിലെ നിര്‍ഭയയുടെ അമ്മയോടൊപ്പമുള്ള സെല്‍ഫികള്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ്. അതിലെന്താണ് തെറ്റ്? പെരുമ്പാവൂരിലെ ആറു സ്ഥാനാര്‍ഥികളും അവരുടെ പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരും , അയല്‍വാസികളും, ഇപ്പറയുന്ന മാധ്യമങ്ങളും ഉപേക്ഷിക്കപ്പെട്ട ഒരു നിരാലംബയായ അമ്മക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് , “ഞങ്ങളുണ്ട് ഈ അമ്മയുടെ കൂടെ” എന്ന സന്ദേശം സെല്‍ഫികളിലൂടെ പൊതുസമൂഹത്തില്‍ എത്തിച്ചതില്‍ എന്താണ് തെറ്റ്? അത് മന:സാക്ഷിയുള്ള , പൌരബോധമുള്ള ഒരു സമൂഹത്തിന്‍റെ ബാധ്യത കൂടിയല്ലേ? മാധ്യമങ്ങള്‍ക്ക് കഴിയാത്തത് സമൂഹമാധ്യമങ്ങള്‍ക്ക് കഴിയുന്നു എന്നതും അഭിമാനകരമല്ലേ.
ഇക്കൂട്ടത്തില്‍ ഒറ്റപ്പെട്ട പൊങ്ങച്ചക്കാരുണ്ടെങ്കില്‍ അത് രാഷ്ട്രീയക്കാരാവാനെ തരമുള്ളൂ എന്നതും സത്യം.

രാജ്യത്ത് ഏതു ദുരന്തമുണ്ടായാലും ടീവിയുടെ ഒരു കോണില്‍ അതാവര്‍ത്തിച്ചു പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ മറു കോണില്‍ വാര്‍ത്താ ലേഖകനോ മറ്റ് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനോ പ്രത്യക്ഷപ്പെട്ടാലും അതും ഒരര്‍ഥത്തില്‍ സെല്‍ഫിയല്ലേ? ഇത്തരം ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമല്ലാത്തതുകൊണ്ട് അവര്‍ അവര്‍ക്ക് ലഭ്യമായ മൊബൈല്‍ ഫോണ്‍ സംവിധാനത്തിലൂടെ വാര്‍ത്തകള്‍ പൊതുസമൂഹത്തിലെത്തിക്കുന്നു എന്നതാണ് സത്യം. അത് തികച്ചും പ്രശംസനീയമാണ്. അതുകൊണ്ടുകൂടിയാണ് അതിനെ സമൂഹമാധ്യമം എന്നുവിളിക്കുന്നത്.

നമ്മുടെ മാധ്യമങ്ങളില്‍ Exclusive, Investigation എന്നീ തലവാചകങ്ങളില്‍ പുറത്തുവിടുന്ന വാര്‍ത്തകളും ദൃശ്യങ്ങളും കടപ്പെട്ടിരിക്കുന്നതും വാര്‍ത്താ ലേഖകന്‍റെ മൊബൈല്‍ ഫോണിനോടോ ഒളിക്യാമറയോടോ അവ ഒപ്പിയെടുക്കുന്ന സെല്‍ഫി ദൃശ്യങ്ങളോടോ സെല്‍ഫി ശബ്ദതരംഗങ്ങളോടോ ആണെന്ന സത്യവും നാം മറന്നുകൂടാ. ഈ സംവിധാനങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ സോളാര്‍ വിവാദമോ ബാര്‍കോഴാ വിവാദമോ ഉണ്ടാകുമായിരുന്നോ എന്നതും ഒരു വസ്തുതയല്ലേ.

അതുകൊണ്ട് സാധാരണക്കാരന്റെ മാധ്യമബോധത്തെ നമുക്ക് ചോദ്യം ചെയ്യാതിരിക്കാം. അവനും ചാരിനില്‍ക്കട്ടെ ജനാധിപത്യത്തിന്‍റെ നാലാം തൂണില്‍.
സി.ടി. വില്യം
 9447037082           


No comments:

Post a Comment