Saturday, May 14, 2016

പോളിംഗ് ബൂത്തിലേക്ക് പോകുന്നവര്‍ കേവലം വോട്ടര്‍മാരല്ല, ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരാണ്.


കൊട്ടിക്കലാശം കഴിഞ്ഞു. കേരളത്തിന്‍റെ ആകാശം ഇരുണ്ടു. ഇടിവെട്ടി മഴപെയ്തു. രണ്ടുമാസക്കാലത്തെ രാഷ്ട്രീയ കൊട്ടിഘോഷങ്ങള്‍ ഭൂമിയിലും അന്തരീക്ഷത്തിലും നിര്‍ബന്ധിതമായി നിക്ഷേപിച്ച അഴുക്ക് പ്രകൃതി തന്നെ കഴുകി കളഞ്ഞു. ഇനി സാധാരണക്കാരന് അവന്‍റെ പരിഭവങ്ങളേയും, പരിദേവനങ്ങളേയും, വേദനകളേയും തലക്കുവച്ച്  ഉറങ്ങാം. കൊട്ടി എഴുന്നെള്ളിയവര്‍ക്ക് ക്ലിഫ് ഹൌസിലെ കസേരകള്‍ സ്വപ്നം കണ്ടും ഉറങ്ങാം.

ഭരണ തുടര്‍ച്ചയും, എല്ലാം ശരിയാക്കലും, വഴികാട്ടലും സൊമാലിയായുടെ മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിസമര്‍ത്ഥന്‍ തന്നെ. ഒറ്റ പദപ്രയോഗം കൊണ്ട് ഇടതിനേയും വലതിനേയും ഒറ്റനുകത്തില്‍ കെട്ടിയിട്ട് സ്ഥലം വിട്ടു.

വെറുതെയല്ല ഡോ. സുകുമാര്‍ അഴീക്കോട് മോദിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. “ മോദി വളരെ എഫിഷ്യന്റ് ആണ്. ഭയങ്കര ഓററ്റുറുമാണ് . മോദിയുടെത് ഓററ്ററിയാണ്. ഓററ്ററിയുടെ അങ്ങേയറ്റമാണ്. പ്രസംഗമല്ല, ഓററ്ററി. എലക്വന്‍സ്. അങ്ങനെയൊരു ആളെ നേരിടാന്‍ സോണിയ ഗാന്ധിക്കൊന്നും കഴിയില്ല. ഞാന്‍ അയാളുടെ പ്രസംഗം കേട്ടു. ഓററ്ററിയുടെ എല്ലാ ആര്‍ട്ടുമറിയാം അയാള്‍ക്ക്. ഞാനൊക്കെ പ്രയോഗിക്കുന്ന ചില വിദ്യകളൊക്കെ അയാളും പ്രയോഗിച്ചുകാണുന്നുണ്ട്.  ഒരുവന്‍ അയാളുടെ പോക്കറ്റിലും കയ്യിലുമായി ഒരു പത്തുനൂറ് പേരെ കൊല്ലാനുള്ള ആയുധങ്ങളുമായി ഇറങ്ങിവരുന്നു. അവനെ എന്തുചെയ്യണം? ഞാനൊക്കെ ഇങ്ങനെ ചോദിക്കും സദസ്സിനോട്. അപ്പോള്‍ അവര്‍ പറയും, അവനെ കൊല്ലണ്ടേ? അതാണ്‌ ഞാനും പറയുന്നത്. ഇങ്ങനെയൊരാളെ നേരിടാന്‍ കോണ്ഗ്രസ്സില്‍ ഒരാളില്ല.” (ശബ്ദം അയോദ്ധ്യവരെ എത്തുമ്പോള്‍; സി.ടി. വില്യം; സൈന്‍ ബുക്സ് ;തിരുവനന്തപുരം; വില. 50 രൂപ)


       
ഉമ്മന്‍ചാണ്ടിയും സമര്‍ത്ഥനാണ്. പ്രധാനമന്ത്രി എറിഞ്ഞുകൊടുത്ത സൊമാലിയാ പീപ്പി വിളിച്ച് ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും അനുസരണയുള്ള ആട്ടിന്‍പറ്റത്തെപ്പോലെ തന്‍റെ പിറകെ നാവനക്കാതെ നടത്തിച്ചു. ഉമ്മന്‍ചാണ്ടി നേതാവാണെന്ന്‍ കേരളത്തെ ഓര്‍മ്മിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയെ കുറിച്ചും ഡോ. സുകുമാര്‍ അഴീക്കോട് പറയുന്നുണ്ട് അതിങ്ങനെ; “ എല്ലാ വിഷയത്തെ കുറിച്ചും ഉമ്മന്‍ചാണ്ടി സംസാരിക്കും. ഒരു വിഷയവും അയാള്‍ക്കറിയില്ല. ഡെയിലി പേപ്പേഴ്സില്‍ വരുന്നത് കുറിച്ചെടുക്കും. അതാണ്‌ സംസാരിക്കുന്നത്.”
   
നേതൃത്തഗുണം എന്ന് പറയുന്നത് ഇതാണ്. വാക്കുകളെ കൊണ്ട് തന്‍റെ ജനതയെ തനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ നിയന്ത്രിക്കാനാവുക. ഇത് ബോധപൂര്‍വ്വം സംഭവിക്കാം. അല്ലാതെയും സംഭവിക്കാം. എന്തായാലും തെരഞ്ഞെടുപ്പിന്‍റെ അവസാന താളവട്ടത്തില്‍ ഇടതുവലതു പക്ഷങ്ങളെ സൊമാലിയായിലേക്ക്  കയറ്റുമതി ചെയ്ത് തന്‍റെ പക്ഷത്തിന്ന്‍ കളമൊരുക്കിയ നരേന്ദ്ര മോദി നല്ല നേതാവെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു.

ഇനി പതിവുപോലെ അന്തര്‍ലീനമായ ആജ്ഞാനുസരണയോടെ നമ്മള്‍ വോട്ടുചെയ്യും. ഒരുപക്ഷം ജയിക്കും. ഒരുപക്ഷം തോല്‍ക്കും. ജയിച്ചപക്ഷം ഭരിക്കും. ജനപക്ഷം ഭരിക്കപ്പെടും. പ്രതിപക്ഷം ആദരിക്കപ്പെടും. പിന്നെ തനിയാവര്‍ത്തനത്തിന്റെ നാളുകള്‍. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടെയിരിക്കും. നമുക്ക് വിഹിതമായ ജനാധിപത്യവും.

യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യത്തിലെ നേതാവിന്‍റെ ജയം എന്നാല്‍ എന്താണ്? ഭൂരിപക്ഷം ജനങ്ങളുടെ സ്വതന്ത്രമായ സമ്മതിയാല്‍ നേടുന്ന ജയമാണ് ജനാധിപത്യത്തിലെ യഥാര്‍ത്ഥ ജയം. എന്നാല്‍ സത്യം എന്താണ്. ജാതി, മതം, വര്‍ഗ്ഗം. സമുദായം എന്നിങ്ങനെ ജനതയെ വിഭാഗീകരിച്ച് ഒരു പ്രലോഭിത സമ്പദ്ഘടനയുടെ വാഗ്ദാനശക്തി കൊണ്ടല്ലെ നമ്മുടെ രാഷ്ട്രീയ പക്ഷങ്ങള്‍ ജയിക്കുന്നത്.

കാലങ്ങളായി നാമിങ്ങനെ ആചരിക്കപ്പെടുന്ന നിയന്ത്രിത സംവിധാനത്തെ ജനാധിപത്യം എന്ന്‍  വിളിക്കാമോ? നമ്മുടെ ജനാധിപത്യം അത്തരത്തില്‍ ഒരു ആചാരമാവുക വയ്യ. ജനാധിപത്യം ഒരു സര്‍വ്വതന്ത്രസ്വതന്ത്രമായ അനുഭവമാവണം. 

പോളിംഗ് ബൂത്തിലേക്ക് പോകുന്നവര്‍ കേവലം വോട്ടര്‍മാരല്ല, മറിച്ച് ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരാണ്. ഈയൊരു ജനാധിപത്യ പാഠം പഠിപ്പിക്കാന്‍ നമ്മുടെ രാഷ്ട്രീയ പ്രവത്തകര്‍ക്ക് കഴിയണം. അത്തരമൊരു പാഠം പഠിക്കാന്‍ നമ്മുടെ ജനതയും സന്മനസ്സ് കാണിക്കണം. 

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് മാത്രമാണ് സമാധാനം എന്നത് ഒരു ജനാധിപത്യ തത്ത്വചിന്ത കൂടിയാണ്.            
               

     

3 comments:

  1. I am interested to know how people attended the polling, I mean their ratios..peoples democracy feelings are enlightened?

    ReplyDelete
    Replies
    1. Dear Krishnadas,

      As I have already mentioned it is an age-old custom or practice or ritual. Ratio and other statistical data are available with the concerned department. No issues in it. What we need is the correct and unbiased awareness of democracy. Neither the political parties nor the people are interested in it. That is the problem. There we need enlightenement.

      C.T. William

      Delete
  2. വോട്ട്‌ ചെയ്യുന്നതോടെ നമ്മുടെ ജോലി കഴിഞ്ഞു.വോട്ടുമഷി ഉണങ്ങുന്നത്‌ വരെ ഇടയ്ക്കിടെ അതിൽ നോക്കുകയും ചെയ്യാം.

    ReplyDelete