Friday, September 16, 2016

നാം ആരെ തൂക്കിലേറ്റണം ?



പറയാനുള്ളതെല്ലാം പറഞ്ഞും കേള്‍ക്കാനുള്ളതെല്ലാം കേട്ടും വാദിക്കാനുള്ളതെല്ലാം വാദിച്ചും ന്യാധിപന്മാര്‍ ഉണ്ടാക്കിയ വിധിന്യായ പ്രമാണങ്ങളെ നീതിയുടെ പരമോന്നതമായ തുലാസില്‍ കൃത്യതയോടെ തൂക്കിനോക്കി പ്രഖ്യാപിച്ച ഒരു വിധിയാണ് നാം കേട്ടതും കണ്ടതും.

എന്നിട്ടും ഒരാളെ തൂക്കിലേറ്റണം എന്ന്‍ നാം വാശിപിടിക്കുമ്പോള്‍ നമ്മള്‍ തിരിഞ്ഞുനോക്കേണ്ടത് സമകാലീന രാഷ്ട്രീയ ഭാരതത്തേയും  രാഷ്ട്രീയ കേരളത്തെയുമാണ്. ശതകോടികളുടെ ആര്‍ഭാടരഥങ്ങളില്‍ ജനാധ്യപത്യത്തിന്‍റെ കൊടിവച്ചു പാറുന്ന നമ്മെ ഭരിക്കുന്നവരില്‍ പലരും ഇപ്പറഞ്ഞതിനൊക്കെ അര്‍ഹത നേടിയവരാണ്. ഒരു കൊലയല്ല, ഒരു മാനഭംഗവുമല്ല; ഒരു പിടിച്ചുപറിയുമല്ല, അനേകം പാവങ്ങളുടെ പിച്ചച്ചട്ടി അപ്പാടെ പിടിച്ചുപറിച്ചവര്‍; അസംഖ്യം കുറ്റകൃത്യങ്ങള്‍ അവകാശപ്പെടാവുന്നവര്‍ ആളൂരിനെപ്പോലെയുള്ളവരുടെ ആള്‍ബലത്തില്‍ നമുക്ക് ചുറ്റും മാന്യന്മാരായിട്ടുണ്ട്.

അതൊക്കെ കാണണമെങ്കില്‍ ഒരുനിമിഷം കണ്ണടച്ച് ധ്യാനനിരതരായിരുന്നാല്‍ മതിയാവും.  അവര്‍ നമുക്ക് ചുറ്റും വിലസുന്നു. നമ്മുടെ പഞ്ചായത്തുകളില്‍, നിയോജകമണ്ഡലങ്ങളില്‍, സര്‍വ്വകലാശാലകളില്‍, സാംസ്കാരിക സ്ഥാപനങ്ങളില്‍ അങ്ങനെയങ്ങനെ.... എന്നിട്ട് പറയണം നാം ആരെ തൂക്കിലേറ്റണം എന്ന്‍. നിങ്ങളില്‍ അല്ലെങ്കില്‍ നമ്മളില്‍ പാപം ചെയ്യാത്തവര്‍ നീതിദേവതയെ  കല്ലെറിയട്ടെ.

നമുക്ക് സൌമ്യയോട് സൌമ്യമായിതന്നെ പറയാം. ‘നീ തന്നെയാണ് ആദ്യം മരിക്കേണ്ടതെന്ന്‍ ഞങ്ങള്‍ ജനാധിപത്യപരമായി തീരുമാനിച്ചു. മാനഭംഗം സംഭവിച്ചത് നിന്‍റെ ഘാതകനും ഞങ്ങളുടെ ഭരണകൂടത്തിനുമാണെന്നും ഞങ്ങള്‍ ജനാധിപത്യപരമായിതന്നെ കണ്ടെത്തി.നിന്‍റെ ആത്മാവിന് ഒരിക്കല്‍കൂടി നിത്യശാന്തി നേരുകയല്ലാതെ ഞങ്ങള്‍ക്കും മറ്റൊന്നും കഴിയില്ല. നീ ഞങ്ങളോട് പൊറുക്കുക.’  

നമുക്ക് ഗോവിന്ദ ചാമിയോട് പറയാം. ‘ നീ തന്നെയാണ് പുറത്തുവരേണ്ടതെന്ന്‍ ഞങ്ങള്‍ ജനാധിപത്യപരമായി തീരുമാനിച്ചു. നീ ഞങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനല്ലെന്നും ഞങ്ങള്‍ ജനാധിപത്യപരമായിതന്നെ കണ്ടെത്തി. നീ ചെയ്തത് ജനാധിപത്യപരമായ മാപ്പര്‍ഹിക്കുന്ന പാപമാണ്. നിനക്ക് ഞങ്ങള്‍ പാപപരിഹാരം മാത്രം നിര്‍ദേശിക്കുന്നു. നിന്നിലൂടെ വേണം ഞങ്ങള്‍ ജീവിക്കുവാന്‍. നിന്നിലൂടെ വേണം ഞങ്ങള്‍ ഭരിക്കപ്പെടാന്‍.’  

No comments:

Post a Comment