റാസല്‍ഖൈമയിലെ ക്രിസ്തുമസ്സും
പാവങ്ങളുടെ ഡോക്ടറും .
റാസല്‍ കൈമയില്‍ ഞാന്‍ താമസിച്ചിരുന്നത് ഒരു ഡോക്ടറുടെ ഫ്ലാറ്റിലായിരുന്നു .ഡോ
.അരവിന്ദാക്ഷന്‍ .വയസ്സ് ഏതാണ്ട് എഴുപതിനോട് അടുത്തുകാണണം .ഡോക്ടര്‍
തിരുവനന്തപുരത്തുകാരനാണ് .ആലപ്പുഴ യിലും കുടുംബവേരുകളുണ്ട് . മലയാളത്തിന്‍റെ
കഥാകാരന്‍ തകഴിയുടെ ബന്ധുവാണ് . മലയാളത്തിന്‍റെ നല്ല സിനിമ പ്രതിഭ സന്തോഷ് ശിവനും
ബന്ധുവാണ് .ഇതിലൊക്കെ അഭിമാനം കൊള്ളുന്ന ഡോക്ടര്‍ ,നല്ലൊരു ഗായകനുമാണ് .നല്ലൊരു
മനുഷ്യസ്നേഹിയും .
റാസല്‍ കൈമയില്‍ വന്നിട്ട് മൂന്ന്‍ പതിറ്റാണ്ട് കഴിഞ്ഞു . ഗള്‍ഫിലുള്ള ഏതാണ്ട്
മലയാളികള്‍ക്കൊക്കെ ഡോക്ടറെ അറിയാം .ഗള്‍ഫിന്റെ സാമ്പത്തികശാസ്ത്രം കേടുവരുത്താത്ത
ഒരു ഡോക്ടറാണ് ഡോ .അരവിന്ദാക്ഷന്‍ . ഒരു ചെറിയ ക്ലിനിക്കും ഫാര്‍മസിയുമുണ്ട് .
കൂടുതലും പാവങ്ങളാണ് ഇവിടെ ചികിത്സക്കായ് എത്തുന്നത് .കൂടുതലും നിര്‍മാണ മേഖലയിലെ
തൊഴിലാളികള്‍ .ഗള്‍ഫിലെ ഏറ്റവും കുറഞ്ഞ ഫീസ് വാങ്ങുന്ന ഡോക്ടര്‍ .പാവങ്ങളുടെ
ഡോക്ടര്‍ .ആവശ്യമില്ലാതെ മരുന്നെഴുതി രോഗിയെ കൊല്ലില്ല .ചിലപ്പോഴൊക്കെ ഉപദേശം
കൊണ്ടും ചികിത്സിക്കും .ഗള്‍ഫ് പൊങ്ങച്ചമില്ലാത്തതുകൊണ്ട് പൊങ്ങച്ചക്കാരായ
രോഗികളും വരാറില്ല .അതുകൊണ്ടൊക്കെത്തന്നെ കോടികളുണ്ടാക്കിയില്ല .വിലകൂടിയ കാറില്ല .ബംഗ്ലാവില്ല
.എന്നാല്‍ ഡോക്ടറെ പറ്റിക്കുന്നവര്‍ കുറവല്ല .മരുന്നു കമ്പനിക്കാര്‍ മുതല്‍
കേരളത്തില്‍നിന്നുള്ള കുറിക്കമ്പനിക്കാര്‍ വരെ .
ഡോക്ടറുടെ തണല്‍പറ്റി ഗള്‍ഫില്‍ വന്ന ബന്ധുക്കളും സുഹൃത്തുക്കളും കോടീശ്വരന്മാരായി
.വില കൂടിയ കാറുകളും ബംഗ്ലാവുകളും സ്വന്തമാക്കി .അവര്‍ക്കൊക്കെ ഡോക്ടറോട് പുച്ഛം .
അതൊന്നും വക വയ്ക്കാതെ ഡോ .അരവിന്ദാക്ഷന്‍ തന്റെ ആതുരസേവനം തുടരുന്നു .ഡോക്ടറോളം
പഴക്കമുള്ള പാത്ത് ഫൈണ്ടര്‍ കാറില്‍ .
വ്യാവസായിക രാജ്യമായതുകൊണ്ടും കൂടുതലും സിമെന്റ് സിറാമിക്
വ്യവസായങ്ങളായതുകൊണ്ടും ഇവിടെ കൂടുതലും പൊടിപടലങ്ങളുടെ അലര്‍ജി മൂലമുണ്ടാവുന്ന
ആസ്ത്മ രോഗമാണ് .
ഗള്‍ഫില്‍ മരുന്നിന് വിലക്കൂടുതലും ഡോക്ടര്‍ക്ക് വിലക്കുറവുമാണ് . ആശുപത്രിയും
ചികിത്സയും ഇവിടെ ആഡംബരമാണ് .സാധാരണ പനിക്കും തലവേദനക്കും അപ്പുറം ഇവിടെ രോഗം
വികസിച്ചാല്‍ സ്വന്തം നാട്ടിലേക്ക് ടിക്കെറ്റ് എടുക്കുകയാണ് പതിവ് .
രോഗികളില്ലാത്ത ഒരു രാജ്യം സൃഷ്ടിക്കാന്‍ ഭരണകൂടത്തിന്റെ ഒരു അടവുനയമാണോ
ഇതെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു .അല്ലെങ്കില്‍ രാഷ്ട്ര നിര്‍മ്മാണത്തില്‍
ഏര്‍പ്പെടുന്ന സ്വന്തം പ്രജകളുടെ ആരോഗ്യസുരക്ഷക്ക് കടുത്ത സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നത്
ഒരു പ്രജാക്ഷേമ ഭരണകൂടത്തിന് ചേര്‍ന്നതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു .എന്നാല്‍
പണ്ട് സ്വന്തം പ്രജകളുടെ ആരോഗ്യ സുരക്ഷ സൌജന്യമായി ഏറ്റെടുത്ത രാജ്യമായിരുന്നു
അറേബ്യ എന്ന സത്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട് .പുതിയ അറേബ്യയുടെ പണക്കൊതി മൂലമാണ്
ഇത്തരം പ്രജാക്ഷേമാപരമായ പദ്ധതികള്‍ ഭരണകൂടം ഉപേക്ഷിച്ചു തുടങ്ങിയത് .
ഡോക്ടര്‍ അരവിന്ദാക്ഷന്‍റെ ഫ്ലാറ്റില്‍ വച്ചായിരുന്നു ക്രിസ്തുമസ്സ് ആഘോഷങ്ങള്‍
.ക്രിസ്തുമസ്സ് കേക്ക് മുറിച്ചും കരോള്‍ഗാനങ്ങള്‍
ആലപിച്ചും ക്രിസ്തുമസ്സ് ആഘോഷിക്കണമെന്ന് ഡോക്ടര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു .ക്രിസ്തുമസ്സ്
കരോള്‍ ഗാനങ്ങള്‍ക്കായ് ഗള്‍ഫിലെ പുസ്തകശാലകള്‍ കയറിയിറങ്ങിയെങ്കിലും
ഫലമുണ്ടായില്ല . അവസാനം ഡോക്ടര്‍ ഒരു രാത്രി മുഴുവന്‍ ഇന്റര്‍നെറ്റില്‍
തിരഞ്ഞുപിടിക്കുകയായിരുന്നു ക്രിസ്തുമസ്സ് കരോള്‍ ഗാനങ്ങള്‍ . പിന്നെ പുലരും വരെ
റിഹേര്‍സല്‍ .
അങ്ങനെ ക്രിസ്തുമസ്സ് നാള്‍ കേക്ക് മുറിച്ചു പരസ്പരം പങ്കുവച്ചു . ഡോക്ടറുടെ ഹോം തിയറ്റര്‍ സജീവമായി . സുഹ്രത്ത് മാത്യുവും കുടുംബവും പങ്കുചേര്‍ന്നു . മാത്യുവിന്‍റെ മകള്‍ കീബോഡ് വായിച്ചു .ഡോക്ടറും ഞങ്ങളും ആവോളം ഒരുപാട് കരോള്‍ ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും പാടി .ആ ക്രിസ്തുമസ്സ് രാവില്‍ ആകാശത്തുനിന്ന് നക്ഷത്രങ്ങള്‍ ഡോക്ടറുടെ ഫ്ലാറ്റിലേക്ക് ഇറങ്ങിവന്നതുപോലെ തോന്നി . ഒരു ഉണ്ണിയേശുവിന്‍റെ പാല്‍ചിരി നുകര്‍ന്നതുപോലെ .ഡോക്ടറുടെ ഫ്ലാറ്റ് ജറുസലേമിലെ പരിശുദ്ധമായ ഉണ്ണിയേശുവിന്‍റെ ഭവനമാവുകയായിരുന്നോ .
ഡോ .സി.ടി.വില്യം
തുടരും
No comments:
Post a Comment