Tuesday, March 26, 2013

സ്വർഗ്ഗീയനരകം -6


ആറ്
പ്രവാസികളുടെ അസ്തിത്വവാദം .

റാസല്‍ഖൈമയിലെ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം മതിയായിരുന്നു എനിക്ക് ഗള്‍ഫിനെ അടുത്തനുഭവിക്കാന്‍ .അത്രയ്ക്ക് അനുഭവോഷ്മളമായിരുന്നു എന്‍റെ റാസല്‍ ഖൈമ ദിനങ്ങള്‍ .

ഡോ.അരവിന്ദാക്ഷന്‍റെ മൂന്ന് പതിറ്റാണ്ടിന്റെ അനുവ സമ്പത്തും ഡോക്ടറെ ചുറ്റിപ്പറ്റി ജീവിച്ചുപോരുന്ന ജയചന്ദ്രനും .ജയകൃഷ്ണനും .മാത്യൂസും കുടുംബവും ,പിന്നെ ഡോക്ടറെ ഒരു കച്ചവടച്ചരക്കാക്കി ധനമിടപാട് മാര്‍ക്കെറ്റിംഗ് നടത്തുന്ന എന്റെ കുന്നംകുളം സഹയാത്രികനും ഗള്‍ഫിന്റെ അടര്‍ത്തി മാറ്റാനാവാത്ത തൊട്ടാല്‍ പൊള്ളുന്ന അനുഭവക്കാഴ്ച്ചകളായിരുന്നു .

ഇവരാരും തന്നെ സന്തുഷ്ടരായിരുന്നില്ല .എന്നാല്‍ ഇവരൊക്കെ സന്തുഷ്ടരാണെന്ന് തോന്നിപ്പിക്കും വിധം ഗള്‍ഫില്‍ അവതരിപ്പിക്ക പ്പെട്ടുപോന്നിരുന്നു .ഈയൊരു മായയാണ് ഗള്‍ഫിനെ ഒരുതരത്തില്‍അവര്‍ക്കൊരു മരുപ്പച്ചയാക്കുന്നതും നമുക്കൊരു മറുപച്ചയാക്കുന്നതും .

ഇവരെല്ലാവരും ഈ ദിവസങ്ങളില്‍ അറിഞ്ഞോ അറിയാതെയോ അവരുടെ ദുഖങ്ങളും ,പ്രാരാബ്ദങ്ങളും ,പരിദേവനങ്ങളും എന്നോട് പങ്കുവച്ചിരുന്നു .ജീവിതത്തിന്‍റെ മരുപ്പച്ച തേടിവന്ന ഇവരില്‍ പലരും അവരുടെ ജീവിതത്തിന്‍റെ പച്ചപ്പ്‌ തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു .ഉണ്ടോ എന്നു ചോദിച്ചാല്‍ എല്ലാം ഉണ്ട് ,ഇല്ലേ എന്നു ചോദിച്ചാല്‍ ഒന്നും ഇല്ല എന്നൊരു ദുര്‍ഘടാവസ്ഥയിലായിരുന്നു ഈ പണക്കാരായ പാവങ്ങള്‍ .
 
നമ്മുടെ നാട്ടിലെ ഭൌതിക സാഹചര്യങ്ങളുടെ അളവുകോല്‍ വച്ചു കേരളത്തിന്‍റെ കണ്ണുകള്‍കൊണ്ട് നോക്കുമ്പോള്‍ അവര്‍ ഭൌതികതയുടെ സ്വര്‍ഗ്ഗങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു .ഈയൊരു കാഴ്ചപ്പാടിനെ അവര്‍ തിരുത്താറില്ല .മൂന്നാം മുറ പ്രയോഗിച്ച് നിരപരാധിയെ കൊണ്ട് പോലീസ് കുറ്റം സമ്മതിപ്പിക്കുന്നതുപോലെ കേരളത്തിന്‍റെ ഈ മൂന്നാം കണ്ണുകള്‍ക്ക്‌ മുന്നില്‍ അവര്‍ അവരവരുടെ സ്വര്‍ഗ്ഗങ്ങളെ സ്വന്തം ചുമലില്‍ താങ്ങിനില്‍ക്കുന്നു ,ദുര്‍ബലനായ ഹെര്‍ക്യുലസിനെപോലെ .ഗള്‍ഫ് സ്വര്‍ഗ്ഗമാവുന്നതും ഗള്‍ഫ് മലയാളികള്‍ സ്വര്‍ഗ്ഗവാസികളാവുന്നതും ഇങ്ങനെ .

കേരളത്തിന്റെയും ഇന്ത്യയുടെയും ഗൌരവപൂര്‍ണമായ ഒട്ടേറെ പ്രശ്നങ്ങളെ പഠിച്ചും അതിനോട് പ്രതികരിച്ചും ശീലമുണ്ട് എനിക്ക് .എന്നാല്‍ പ്രവാസലോകവും പ്രവാസികളും എന്‍റെ സാമൂഹ്യ പാഠങ്ങളില്‍ നിന്ന് അകന്നുനിന്നിരുന്നു .പക്ഷെ ഇവിടെ ചെലവഴിച്ച ഏതാനും ദിവസങ്ങള്‍ ,കണ്ടുമുട്ടിയ ഏതാനും കഥാപാത്രങ്ങള്‍ ,ഏതാനും അനുഭവങ്ങള്‍ എന്നെ പ്രവാസലോകത്തോടും പ്രവാസികളോടും ഏറെ അടുപ്പിച്ചിരിക്കുന്നു.

എന്നിരുന്നാലും പ്രവാസലോകം മുഴുവന്‍ അനുഭവിച്ചറിഞ്ഞു എന്ന്‍ അഹങ്കരിക്കാനും വയ്യ .എന്‍റെ കണ്ണുകള്‍ എനിക്ക് കാണിച്ചുതന്നതും ,എന്‍റെ ചുണ്ടുകള്‍ എന്നോട് പറഞ്ഞതും .എന്‍റെ മനസ്സ് ഉറപ്പിച്ചെടുത്തതുമായുള്ള കുറെ യാഥാര്‍ത്ഥ്യങ്ങളുണ്ട്‌ .ആ യാഥാര്‍ത്ഥ്യങ്ങളില്‍ തെളിഞ്ഞുവരുന്ന ഒരു പ്രവാസലോകമുണ്ട് .നിങ്ങള്‍ക്ക് സമ്മതിക്കാനും സമ്മതിക്കാതിരിക്കാനും പ്രയാസമുള്ള ഒരു പ്രവാസലോകമാണത് .അവിടെയിരുന്നുകൊണ്ടാണ് ഞാന്‍ ഇതെഴുതുന്നത് .

കണ്ണീര്‍ ഗ്രന്ഥികള്‍ വറ്റിവരണ്ടുപോയ കണ്ണുകളില്‍ പഞ്ചനക്ഷത്ര തിളക്കം സൂക്ഷിക്കാന്‍ ശപിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യമൃഗങ്ങളുണ്ട് ഞാന്‍ കണ്ടെത്തിയ പ്രവാസലോകത്തില്‍ .ഗള്‍ഫിലെ ഈ മൃഗജീവിതത്തെ അതിവൈകാരിതയില്‍ ചാലിച്ചെടുത്ത ആടുജീവിതം എഴുതിയ മലയാളി കഥാകാരന്‍ കാണാതെ പോയതും ഈ പ്രവാസലോകം തന്നെ .ഇന്നത്തെ എഴുത്തുകാരന്‍ നേരിടുന്ന ഒരു പ്രശ്നമാണിത് .അവന്‍ വിത്തെറിയുന്നത് പാട്ടത്തിനെടുത്ത പ്രസാധകന്റെ സ്വകാര്യ ഭൂമികയിലാണ്‌ .അതുകൊണ്ടുതന്നെ വിത്തും കൈക്കോട്ടും പ്രസാധകന്റെതാണ് .ആടുജീവിതത്തില്‍ നിന്ന് പ്രവാസജീവിതത്തി ലേക്കുള്ള ദൂരം ഇങ്ങനെ വന്നതാണ് .എഴുത്തുകാരന്‍ കോര്‍പ്പറേറ്റ് കൃഷിക്കാരനാവുന്നത് ഇങ്ങനെയാണ് .ആടുജീവിതം അങ്ങനെയുണ്ടായ ഒരു ഉല്പന്നമാണ് .പ്രിയപ്പെട്ട കഥാകാരന്‍ ക്ഷമിക്കുക .

റാസല്‍ കൈമയിലെ എന്‍റെ ദിവസങ്ങള്‍ തീരുകയാണ് .ഇനി വീണ്ടും ബര്‍ ദുബായിലെ ഫ്ലാറ്റിലേക്ക് .

പതിവുപോലെ ഗള്‍ഫിലെ എന്‍റെ സാരഥി അഷറഫ് കാറുമായെത്തി .അഷറഫ് പതിവുപോലെ ഏറനാടന്‍ രുചിഭേദങ്ങളോടെ കഥകളുടെ ചുരുള്‍ നിവര്‍ത്തിക്കൊണ്ടേയിരുന്നു .ആദ്യമൊക്കെ എന്നെ രസിപ്പിച്ച അഷറഫ് കഥകളുടെ ചാരുത കുറഞ്ഞുകുറഞ്ഞു വന്നു .എങ്കിലും സ്വതസിദ്ധമായ ഒരു ഡ്രൈവറുടെ വഴിവഴക്കത്തോടെ അഷറഫ് എനിക്ക് ദുബായിലെ വഴികളും ചുഴികളും പറഞ്ഞുതന്നുകൊണ്ടിരുന്നു .

മറുനാടന്‍ സഞ്ചാരം എനിക്ക് വളരെ ഇഷ്ടമാണ് .കാരണം എനിക്ക് പ്രിയപ്പെട്ട ഇംഗ്ലീഷ് അല്പസ്വല്പം പ്രയോഗിക്കാമല്ലോ .എന്നാല്‍ ഞാന്‍ ഈയിടെ നടത്തിയ രണ്ട് മറുനാടന്‍ സഞ്ചാരങ്ങളും എന്നെ നിരാശനാക്കി .ഒന്ന് ചൈനയാത്രയായിരുന്നു .അവിടെ എനിക്ക് ഒരു ഭാഷയും പ്രയോഗിക്കേണ്ടിവന്നില്ല .കാല്‍കുലെറ്ററുകളുടെ സഹായത്തോടെ അക്കവിനിമയം മാത്രമാണ് എനിക്ക് ഇവിടെ സാധ്യമായത് . ചൈനയില്‍ ആര്‍ക്കും തന്നെ ഇംഗ്ലീഷ് അറിയില്ലായിരുന്നു .

 ഇപ്പോള്‍ ഗള്‍ഫിലെ സ്ഥിതി മറ്റൊന്നായിരുന്നു .ഇവിടെ നാം കണ്ടുമുട്ടുന്ന പത്തുപേരില്‍ ഒമ്പതുപേരും ഇന്ത്യക്കാരാണ് .അതില്‍ത്തന്നെ ഏഴുപേരും മലയാളികളാണ് .അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഇവിടെ ഒരു അവശ്യ ഭാഷയല്ല .മലയാളവും ഹിന്ദിയും മാത്രം മതി ആശയവിനിമയത്തിന് .അറബികള്‍ക്കും ഹിന്ദി മതിയാവും .

ഇവിടെ നാം ഇംഗ്ലീഷോ ഹിന്ദിയോ പറഞ്ഞുതുടങ്ങുമ്പോഴേക്കും മലയാളം പുറത്തുചാടും ,”മലയാളിയാണല്ലേ .നാട്ടില്‍ എവിടുന്നാ ?”ഗള്‍ഫില്‍ നാം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന മലയാളം ഇതാണ് .ഇതില്‍ കൂടുതല്‍ മലയാളം പുറത്തുവരില്ല .ഇതിനപ്പുറം ഇവിടെ മലയാളം വികസിക്കാറില്ല .കാരണങ്ങള്‍ പലതാണ് .ആശയവിനിമയത്തിനൊന്നും കാര്യമായ സമയം ഇല്ല എന്നതുതന്നെ പ്രധാന കാരണം .അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരുതരം സ്വകാര്യതയാണ്‌ മറ്റൊരു കാരണം .ആരും അവരെ അടുത്തറിയരൂത് . അവരുടെ അവസ്ഥയും ആരും അറിയരുത് .കേരളം കാണരുതാത്ത ഒരു സ്വകാര്യ വ്യക്തിത്വം അവര്‍ എപ്പോഴും സൂക്ഷിക്കുന്നു .ഈയൊരു സ്വകാര്യ വ്യക്തിത്വം സംരക്ഷിക്കാനായി പ്രവാസികള്‍ എല്ലാവരും ഒരു കൂട്ടുത്തര വാദിത്വത്തോടെ നുണകള്‍  പറയുന്നു .പ്രവാസികളുടെ സ്വയം നിര്‍മ്മിതമായ അസ്തിത്വവാദം ഇതാണ് .

ഡോ .സി.ടി.വില്യം
തുടരും

No comments:

Post a Comment