പ്രലോഭനങ്ങളുടെ ഡിസംബറും
ഗള്‍ഫിലെ സുഖവെള്ളിയാഴ്ചയും .
പുറത്തെ തണുപ്പും കാറിനകത്തെ തണുപ്പും കൂടിക്കലരുമ്പോള്‍ തണുപ്പിന്‍റെ
പ്രകൃത്യാലുള്ള സുഖം നഷ്ടപ്പെടുന്നുണ്ട് .തണുപ്പിനെയും മദ്യപാനത്തെയും പറ്റി
നേരത്തെ സൂചിപ്പിച്ചതുകൊണ്ട് പറയുകയാണ് .മദ്യപാനത്തിന്റെ സ്വതന്ത്രമായ സാധ്യത ഗള്‍ഫില്‍
വളരെ കുറവാണ് .പാത്തും പതുങ്ങിയുമുള്ള വെള്ളിയാഴ്ചക്കുടിയാണ് കൂടുതലും .ചിലതൊക്കെ
ഭയത്തോടുകൂടി ആസ്വദിക്കുമ്പോള്‍ സുഖമുണ്ടെങ്കിലും മദ്യപാനം നിര്‍ഭയമായി
ആസ്വദിക്കേണ്ട ഒന്നാണെന്ന വിശ്വാസമാണ് എനിക്കുള്ളത് . അത് പലപ്പോഴും ഗള്‍ഫില്‍ സാധ്യമല്ല .
ഇവിടെ എല്ലാ സുഖങ്ങള്‍ക്കും കൂടി ഒരു ദിവസമേ ഉള്ളൂ .പരിശുദ്ധ വെള്ളിയാഴ്ച്ച .വ്യാഴാഴ്ച്ചയുടെ
വാലുപിടിച്ച് ശനിയാഴ്ചയുടെ തല വരെ നീളുന്ന സുഖോഷ്മള കാലം .ദുഃഖവെള്ളിയാഴ്ച്ചയല്ലാത്ത
ഒരു വെള്ളിയാഴ്ച, ഭൂമിയില്‍ ഗള്‍ഫില്‍ മാത്രമേ ഉള്ളൂ .ഇവിടെ ദുഃഖവെള്ളിയാഴ്ചയില്ല
.സുഖവെള്ളിയാഴ്ച മാത്രം . ഒരുപക്ഷെ ഈ സുഖവെള്ളിയാഴ്ച്ചക്ക് വേണ്ടിയാണ് പ്രവാസികള്‍
ജീവിക്കുന്നതുതന്നെ .ഈ സുഖവെള്ളിയാഴ്ച ഒഴിച്ചുള്ള എല്ലാ ആഴ്ചകളുടെയും സ്വതന്ത്രമായ
സുഖം നഷ്ടപ്പെട്ടവരാണ് പ്രവാസികള്‍ .
എന്‍റെ താല്പര്യം കണക്കിലെടുത്താവണം അഷറഫ് ഒരിടത്ത് വണ്ടി നിര്‍ത്തി .നല്ല
ഡ്രൈവറുടെ ലക്ഷണവും അതാണല്ലോ .അഷറഫ് ഒരു നല്ല ഡ്രൈവറാണ് .അടഞ്ഞുകിടന്ന ഒരു
കെട്ടിടത്തിനരികെയാണ് കാര്‍ നിര്‍ത്തിയത് .അത് റാസല്‍ കൈമയിലെ കസ്റ്റംസ് ആപ്പീസാണ്
.അപ്പീസിനുമുന്നില്‍ അറബിനാടിന്റെ പതാകകള്‍ പാറിപ്പറന്നിരുന്നു. ആപ്പീസ് തുറക്കാന്‍
അല്പം സമയം കൂടി കഴിയണം . അതായിരിക്കണം ആളുകള്‍ അവിടെ കാത്തുനില്പുണ്ടായിരുന്നു .
ഡിസംബര്‍ രണ്ടിനായിരുന്നു അറേബ്യന്‍ ഐക്യനാടുകളുടെ സ്വാതന്ത്ര്യദിനം
.അതുകൊണ്ടുതന്നെ പലേടത്തും ഇനിയും അഴിച്ചുമാറ്റാത്ത കൊടിതോരണങ്ങള്‍
സ്വാതന്ത്ര്യദിനാഘോഷങ്ങളെ ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു . എന്നാല്‍ ഈ ആപ്പീസിലെ
പതാകകള്‍ ഇവിടെ സ്ഥിരമായി നാട്ടിയതായിരിക്കണം .
അഷറഫ് പറഞ്ഞതുപോലെത്തന്നെ കൃത്യസമയത്ത് ആപ്പീസ് തുറന്നു . അപ്പോഴേക്കും ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു . വിദേശികളൊക്കെ ഉണ്ടായിരുന്നെങ്കിലും കൂടുതലും മലയാളികള്‍ തന്നെ . ഇവിടെ നിന്നാണത്രേ ഗള്‍ഫിലേക്കുള്ള മുഴുവന്‍ മദ്യവും സര്‍ക്കാര്‍ വിലയില്‍ ലഭിക്കുക .മലയാളികളുടെ സാന്നിധ്യത്തിന്റെ പൊരുള്‍ അതായിരുന്നു .
മദ്യം നക്ഷത്രങ്ങളെപോലെ പെയ്തിറങ്ങിയ ഒരാകാശം പോലെ അവിടം കാണപ്പെട്ടു .എന്‍റെ
ജീവിതത്തില്‍ ഇത്രയേറെ വൈവിധ്യമാര്‍ന്ന മദ്യം പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു പ്രദര്‍ശനശാല
കണ്ടിട്ടില്ല .ചെറിയ അത്തര്‍ കുപ്പിയുടെ വലുപ്പം മുതല്‍ കൂറ്റന്‍ നന്നങ്ങാടിയുടെ
വലുപ്പത്തിലുള്ള മദ്യക്കുപ്പികള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു .
അത്ഭുതകരമെന്ന് പറയട്ടെ ,മദ്യത്തിന്റെ ഈ ഏദന്‍ തോട്ടത്തില്‍ എന്നെ സ്വാഗതം
ചെയ്തത് എന്‍റെ തന്നെ പേരിലുള്ള മദ്യമായിരുന്നു .വില്യം ലോസണ്‍ .ചെറുതും വലുതുമായ
ഹരിത സ്ഫടികങ്ങളില്‍ ഞാനവിടെ നിറയ്ക്കപ്പെട്ടിരുന്നു .ലഹരിയുടെ ലേപനം കൊണ്ട് മാമോദീസ
മുങ്ങിയ ഞാന്‍ അവിടെ അലങ്കരിക്കപ്പെട്ട കറങ്ങുന്ന പൂക്കാവടി പോലെ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു
.ജീവിതത്തില്‍ ആദ്യമായി ഞാനെന്ന ലഹരിയെ ഞാന്‍ പണം കൊടുത്തുവാങ്ങി .
ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട വേറെയും മദ്യങ്ങള്‍ എന്നെ
അത്ഭുതപരതന്ത്രനാക്കിയിരുന്നു .പാമ്പിന്റെ പടമുള്ള മദ്യം .ആമയുടെ പടമുള്ള മദ്യം
.പരിശുദ്ധ മറിയത്തിന്‍റെയും ഉണ്ണിയേശുവിന്റേയും പടമുള്ള മദ്യം .അവയൊക്കെ തന്നെ വിലക്കുറവിലും
സൌജന്യങ്ങളിലും വില്ക്കപ്പെട്ടിരുന്നു .ഒരായിരം കാമദേവതകളെ പോലെ ഈ മാദക ചഷകങ്ങള്‍
എനിക്ക് ഡിസംബറിന്റെ പ്രലോഭനങ്ങളായി .
{മദ്യപാനം ആരോഗ്യത്തിന് ഹാനികരം}
{മദ്യപാനം ആരോഗ്യത്തിന് ഹാനികരം}
തുടരും
ഡോ .സി.ടി.വില്യം
No comments:
Post a Comment