Tuesday, February 18, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-നാല്


ഇന്ത്യന്‍ കളക്ടര്‍ അഥവാ ബ്യുറോക്രാറ്റുകള്‍,
അവര്‍ ഇപ്പോഴും പഴയ ബുറാസാഹിബ്ബുകള്‍ തന്നെ

ബ്ലോഗ്ഗിന്റെ ഈ ലക്കം എഴുതുമ്പോള്‍ ഏകദേശം 27300 പേര്‍ എന്റെ ബ്ലോഗ്‌ വായിക്കുന്നതിന്റെ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്കുവക്കട്ടെ. എന്റെ എല്ലാ നല്ലവരായ വായനക്കാര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അതോ ടൊപ്പം തന്നെ എന്റെ ബ്ലോഗ്‌ ഇത്തരത്തില്‍ പുരോഗമിച്ചാല്‍ അത് നിരോധി ക്കേണ്ടിവരുമെന്നൊരൂ ഭീഷണിയും ഉയര്‍ന്നുവന്നതിനാല്‍ എനിക്ക് അല്പം സന്തോഷമില്ലായ്മയും ഉണ്ട്.
ഞാന്‍ ബ്ലോഗ്ഗെഴുത്ത് ആരംഭിച്ചതിനുശേഷം ഇത് രണ്ടാം പ്രാവശ്യമാണ് എനിക്കെതിരെ ഭീഷണി ഉയരുന്നത്. രണ്ട് ഭീഷണികളും വിദ്യാഭ്യാസ മേഖലയില്‍ നിന്നുതന്നെ എന്നതും ശ്രദ്ധേയമാണ്.

വിദ്യാര്‍ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ്‌ വാങ്ങി സിക്കിം-മണിപ്പാല്‍ സര്‍വ്വകലാശാലയുടെ എം.ബി.എ. കോഴ്സ് നടത്തുന്ന തൃശൂരിലെ ഒരു സ്ഥാപനത്തിന്റെ മേധാവിയാണ് എന്റെ ബ്ലോഗ്ഗിനെതിരെ ആദ്യത്തെ ഭീഷണി മുഴക്കിയത്. ഈ സ്ഥാപനത്തിലെ അധ്യാപകര്‍ക്ക് മാന്യമായ ശമ്പളം കൊടുക്കാത്തതിനെക്കുറിച്ച് എഴുതിയതിനായിരുന്നു ഭീഷണി. എന്തായാലും ദൈവകൃപയാല്‍ ബ്ലോഗ്‌ ഇവിടം വരെ എത്തി.


ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഭീഷണി എന്റെ സ്ഥാപനത്തില്‍ നിന്നുതന്നെ യാണ്. എന്റെ സഹപ്രവര്‍ത്തകനായ ഒരു അധ്യാപകനാണ് എനിക്കെതിരെ ഭീഷണി ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ലക്കം ബ്ലോഗ്ഗിലെ ചില പരാമര്‍ശങ്ങ ളാണ് ഈ അധ്യാപകനെ ചൊടിപ്പിച്ചിരിക്കുന്നത്. അദ്ദേഹം എന്നോട് പറഞ്ഞ തിന്റെ മൂലത്തിന്റെ പകര്‍പ്പ് ഏതാണ്ടിങ്ങനെയാണ്:-

“പ്രൊഫസ്സര്‍ സി.രവീന്ദ്രനാഥ്, പ്രൊഫസ്സര്‍ സാവിത്രി ലക്ഷ്മണ്‍ തുടങ്ങിയവ രൊന്നും തന്നെ യഥാര്‍ത്ഥ പ്രൊഫസ്സര്‍മാരല്ല. അവരെല്ലാം അസിസ്ടന്റ്റ് പ്രൊഫ സ്സര്‍മാരാണ്. ശരിക്കുള്ള പ്രൊഫസ്സര്‍മാര്‍ ഞങ്ങളെപ്പോലെ ഉള്ളവരാണ്. മറ്റു സര്‍വ്വകലാശാല പ്രൊഫസ്സര്‍മാര്‍ ഒരു മണിക്കൂര്‍ ക്ലാസ്സെടുത്തു പോകുന്നതു പോലെയല്ല ഞങ്ങള്‍. താങ്കള്‍ എഴുതിയതുപോലെ ഞങ്ങളുടെ ശമ്പളം ഒരു ലക്ഷത്തി പതിനാലായിരം അല്ല, മറിച്ച് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം ആണ്. പിന്നെ താങ്കള്‍ക്ക് ഇങ്ങനെയൊക്കെ എഴുതാനുള്ള അവകാശം ഉണ്ടോ എന്നും പരിശോധിക്കേണ്ടതാണ്. താങ്കള്‍ എഴുതിയ ബ്ലോഗ്ഗിന്റെ പകര്‍പ്പെടുത്ത് ഞാന്‍ അധികാരികള്‍ക്ക് കൊടുത്തിട്ടുണ്ട്. താങ്കള്‍ക്കെതിരെ നടപടി ഉണ്ടാവും”.


എന്തായാലും ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ ശമ്പളം വാങ്ങുന്ന എന്റെ സഹപ്രവര്‍ത്തകനായ  പ്രൊഫസറും എന്റെ സ്നേഹംനിറഞ്ഞ വായനക്കാര്‍ക്കും വേണ്ടി ഞാന്‍ വിശദീകരിക്കട്ടെ. ‘ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍’ എന്ന എന്റെ ഈ പരമ്പര ഒരു ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടല്ല. ഇത്  ആം ആദ്മി പാര്‍ട്ടി നേതാവായ അരവിന്ദ് കെജ്രിവാള്‍ എഴുതിയ ‘സ്വരാജ്’  എന്ന പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനമോ പഠനമോ ആണ്. ദേശീയ-അന്തര്‍ദേശീയ സംഭവങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് കെജ്രിവാള്‍ ഈ പുസ്തകത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഞാന്‍ എന്റെ സൌകര്യത്തിന് എനിക്ക് ഏറ്റവും അടുത്ത് അറിയാവുന്നതും ഞാന്‍ അനുഭവിക്കുന്നതുമായ എന്റെ സ്ഥാപനത്തെ ഉദാഹരിച്ചുകൊണ്ട് എഴു തുന്നു എന്നുമാത്രം. സത്യത്തിന്റെ പ്രതിഫലനം കൂട്ടാന്‍ വേണ്ടി മാത്രമാണ് ഞാന്‍ അങ്ങനെ ചെയ്യുന്നത്.  അല്ലാതെ എന്റെ സ്ഥാപനത്തെയോ സഹപ്രവര്‍ത്തകരെയോ വിമര്‍ശിക്കുന്നതിനോ കുറച്ചുകാണിക്കുന്നതിനോ എഴുതുന്നതല്ല ഈ പരമ്പര. മറിച്ചൊരു അനുഭവം എന്റെ സ്ഥാപനത്തിനോ സഹപ്രവര്‍ത്തകര്‍ക്കോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ ഖേദിക്കുന്നു. 

കൂട്ടത്തിൽ പ്രൊഫ. സി. രവീന്ദ്രനാഥിനെ കുറിച്ച് രണ്ട് വാക്ക് പറയട്ടെ .  തൃശൂരിൽ കൊടകരയിലെ വനിതാ സംരംഭകർക്ക്  മാനേജ്മെന്റിൽ മുഖ്യ പരിശീലകനാവാനുള്ള ഒരവസരം എനിക്കുണ്ടായിരുന്നു. അന്ന് ആ പരിപാടി ഉദ്ഘാടനം ചെയ്തത്  പ്രൊഫ. സി. രവീന്ദ്രനാഥ്  ആയിരുന്നു. കേരളത്തിൻറെ വികസന കാഴ്ചപ്പാടും പ്രായോഗിക സാമ്പത്തിക സിദ്ധാന്തവും നന്നായി പഠിച്ചിട്ടുള്ള ഒരാളാണ്  പ്രൊഫ. സി. രവീന്ദ്രനാഥ് . അദേഹത്തിന്റെ അറിവിനും പാണ്ഡ്യത്തത്തിനും പ്രൊഫസർ അലങ്കാരം ഒരിക്കലും അലങ്കാരമാവില്ല. ഒരുപക്ഷേ അപവാദവുമാവാം. സാവിത്രി ടീച്ചറെ കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ല. നല്ലൊരു അധ്യാപികയാണെന്ന് കേട്ടിട്ടുണ്ട്.   

  
ഇനി നമുക്ക് മടങ്ങാം കെജ്രിവാളിന്റെ സ്വരാജിലേക്ക്.
എന്റെ സ്ഥാപനത്തിലെ പ്രൊഫസ്സര്‍ അനുഭവിക്കുന്നത് ഉത്‌ക്കണ്ടയല്ല. ഇന്നത്തെ സവ്വകലാശാല വിദ്യാഭ്യാസ രംഗം അയാളില്‍ അടിച്ചേല്‍പ്പിച്ച ഉത്‌പന്ന ബോധമാണ്. വിദ്യാഭ്യാസത്തെ അതിന്റെ സേവന ഘടനയില്‍നിന്ന്‍ വേര്‍പ്പെടുത്തി ഒരു ഉത്‌പന്ന ബോധത്തോട് ചേര്‍ത്തുവച്ചതിന്റെ വിപത്താണ് നാം ഇവിടെ കാണുന്നത്. വിദ്യാഭ്യാസം എന്നത് സേവന മേഖലയില്‍നിന്ന് വ്യാവസായിക മേഖലയിലേക്ക് രൂപപരിണാമം സംഭവിച്ചതിന്റെ ലക്ഷണമാണ് നാം ഇവിടെ കാണുന്നത്. അതുകൊണ്ടാണ് എന്റെ സ്ഥാപനത്തിലെ പ്രൊഫസ്സര്‍ അയാളുടെ വില ഒരു ലക്ഷത്തി മുപ്പത്തയ്യായിരം എന്ന്‍ വളരെ കൃത്യമായി രേഖപ്പെടുത്തുന്നതും അവകാശപ്പെടുന്നതും. ഇത് നമ്മുടെ സര്‍വ്വകലാശാല വിദ്യാഭ്യാസത്തിന്റെ മൂല്യത്തകര്‍ച്ചയാണ്. ഈ മൂല്യശോഷണത്തെ കുറിച്ച് അരവിന്ദ് കെജ്രിവാള്‍ഇങ്ങനെ എഴുതുന്നു:-  

 
“ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു വ്യവസായ പ്രമുഖന്‍ മഹാരാഷ്ട്രയില്‍ ഒരു സ്വകാര്യ യുണിവേഴ്സിറ്റി സ്ഥാപിക്കാന്‍ താല്പര്യം കാണിച്ചതായി പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. അയാള്‍ മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ മന്ത്രിയെ സന്ദ ര്‍ശിച്ചു.

സ്വകാര്യ വ്യക്തികള്‍ക്ക് മഹാരാഷ്ട്രയ്ക്കകത്ത് സര്‍വ്വകലാശാലകള്‍ നിര്‍മ്മി ക്കുന്നതിനുള്ള അനുവാദം നല്‍കിക്കൊണ്ട് സംസ്ഥാന അസ്സംബ്ലിയില്‍ ഒരു ബില്‍ കൊണ്ടുവരുന്നതില്‍ അയാള്‍ വിജയിച്ചു. നമ്മുടെ സംസ്ഥാന അസംബ്ലികള്‍ ഇത്തരം വ്യവസായ ഭീമന്മാരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഒരിക്കലും തയ്യാറാവരുത്.” (സ്വരാജ് : പുറം:16)


എന്നാല്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ക്ക് സ്വയംഭരണാധികാരം കൊടുക്കുന്ന മട്ടിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഇത് അപകടമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വിദ്യാര്‍ഥികള്‍ എന്ത് പഠി ക്കണം, എങ്ങനെ പഠിപ്പിക്കണം, ആരൊക്കെ പഠിപ്പിക്കണം, എന്തിനുവേണ്ടി പഠിപ്പിക്കണം എന്നൊക്കെ നിശ്ചയിക്കാനും നിയന്ത്രിക്കാനും രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്  കഴിയണം.


നമ്മുടെ സ്വാശ്രയ കോളജ് വിദ്യാഭ്യാസ രംഗത്തെ കലുഷിതമായ പ്രശ്നാന്ത രീക്ഷം ഇന്നും തെളിഞ്ഞുവന്നിട്ടില്ല. സുസ്ഥിരമായിട്ടില്ല.  പരിഹരിച്ചിട്ടില്ല.  നമ്മുടെ വിദ്യാഭ്യാസ മേഖല ജനങ്ങളില്‍നിന്ന് അകലുന്നതിന്റെ അടയാളങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അധ്യാപകരും ജനങ്ങളില്‍നിന്നും സംസ്കാരങ്ങളില്‍നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്നു. അവര്‍ ദേശീയതയില്‍നിന്നും അകന്ന്  ദേശീയതയെ അട്ടിമറിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് ശക്തികള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയരാവുന്നു. വിദ്യാഭ്യാസം ജനങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ ഒരു വിഘടിത സമൂഹം ഇവിടെ ഉണ്ടാവുന്നു. തീവ്രവാദത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ മേയുന്ന ഈ വിഘടിത സമൂഹമാണ് ഇന്നത്തെ നമ്മുടെ ദുരന്തവും. ആഗോളീകരണത്തിന്റെ  ദുരന്തഫലമാണ് ഇത്. ആഗോളീകരണം നമ്മുടെ തനത് സംസ്കാരത്തേയും ജനാധിപത്യ വ്യവസ്ഥകളേയും തമസ്കരിച്ചുകൊണ്ടിരിക്കുന്നു.

അരവിന്ദ് കെജ്രിവാള്‍ സ്വരാജില്‍ പറയുന്നത് കേള്‍ക്കുക:-


“ ചിലര്‍ പറയും, ജനാധിപത്യത്തെക്കുറിച്ച് നാം പഠിച്ചത് യു.എസ്സില്‍ നിന്നാ ണെന്ന്. ചിലര്‍ പറയും ഇത് ഇംഗ്ലണ്ടില്‍ നിന്നാണ് പഠിച്ചതെന്ന്. പക്ഷേ ഗൌതമ ബുദ്ധന്റെ കാലത്തുതന്നെ നമ്മുടെ രാജ്യത്ത് ജനാധിപത്യവ്യവസ്ഥിതി നിലവിലുണ്ടായിരുന്നു എന്നാതാണ് യാഥാര്‍ത്ഥ്യം. പക്ഷേ അത് ഇന്നുള്ളതിനെക്കാളും ശക്തമായിരുന്നു. ലോകത്തില്‍ ആദ്യത്തെ ജനായത്തഭരണം നിലനിന്നിരുന്നത് വൈശാലിയിലായിരുന്നു. ജനാധിപത്യ പാരമ്പര്യം നമ്മുടെ ആത്മാവിന്നുള്ളില്‍ വേരുറച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യത്തിനുശേഷം നാം ആ രീതി പിന്തുടര്‍ന്നതും. 
ഇന്ന് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നാമൊരു രാജാവിനെ തെരഞ്ഞെടുക്കുന്നു. പക്ഷേ രാജാവ് നമ്മുടെ നിയന്ത്രണത്തിലല്ലെന്നുമാത്രം. പുരാതന കാലത്ത് ജനങ്ങളല്ല രാജാവിനെ തെരഞ്ഞെടുത്തിരുന്നതെങ്കിലും, രാജാവ് അവരുടെ നിയന്ത്രണത്തിലായിരുന്നു.” (സ്വരാജ് : പുറം:36,37)


എന്നാല്‍ നമ്മുടെ പുതിയ രാജാക്കന്മാര്‍ ആര്‍ക്കും നിയന്ത്രണവിധേയമല്ല. അവര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് അവരവരുടെ കൊട്ടാരങ്ങളിലും അന്തപുരങ്ങളിലും സസുഖം വാഴുന്നു. അവരുടെ സുഖങ്ങള്‍ക്ക് തടസ്സം നേരിട്ടാല്‍ മന്ത്രി സഭകള്‍ നിലം പൊത്തും. നമ്മുടെ രാഷ്ട്രപതിയുടെ കാര്യം തന്നെ എടുക്കുക;

“നമ്മുടെ രാഷ്ട്രപതി താമസിക്കുന്നത് 340 ഏക്കറില്‍ പരന്നുകിടക്കുന്ന വിസ്താര മേറിയ ബംഗ്ലാവിലാണ്. അതേസമയം ഡല്‍ഹിയിലുള്ള 40 ശതമാനം ജനങ്ങളും ഇടുങ്ങിയ ചേരിപ്രദേശങ്ങളില്‍ തിങ്ങിപ്പാര്‍ക്കുകയാണ്. സ്വന്തമെന്നുപറയാന്‍ രണ്ട് മീറ്റര്‍ സ്ഥലം പോലുമില്ലാത്തവരാണിവര്‍. മാലിന്യത്തിലും അഴുക്കിലും പെട്ട് പുഴുക്കളെ പോലെ നിലനില്‍പ്പിന്നായി ഇവര്‍ കഷ്ടപ്പെടുന്നു. ഓരോ ചെറിയ കുടിലിന്നുള്ളിലും പത്തിലധികം ആളുകളാണ് താമസിക്കുന്നത്.” (സ്വരാജ് : പുറം: 37)


ജനങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുകയും രാജാവ് അത് നടപ്പിലാക്കുകയും ചെയ്തിരുന്ന ഒരു ജനാധിപത്യ ഭരണ സംവിധാനം ചന്ദ്രഗുപ്തന്റെ കാലഘട്ടം തൊട്ടു തന്നെ ഇവിടെ നിലനിന്നിരുന്നു. ഒരച്ചന്‍ മകനോടെന്നപോലെയുള്ള പിതൃ വാത്സല്യത്തിലധിഷ്ടിതമായ ഒരു ഭരണ സമ്പ്രദായം (Administrative Paternalism) ഇവിടെ ഉണ്ടായിരുന്നു. 1860 വരെ ഈ ഭരണ സംവിധാനം നാം തുടര്‍ന്നുവന്ന തായും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

കെജ്രിവാള്‍ സ്വരാജില്‍ പറയുന്നത് കേള്‍ക്കുക :-


“ഈ രാജ്യത്തിന്റെ അടിത്തറ ഗ്രാമസഭകളാണെന്ന്  1860ല്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരുന്ന മെറ്റ്കാഫ് പ്രഭു രേഖപ്പെടുത്തുകയുണ്ടായി. ഗ്രാമത്തിലെ ജന ങ്ങള്‍ ഒരു പൊതു ഇടത്തില്‍ സമ്മേളിക്കുകയും യോജിച്ച് തീരുമാനങ്ങള്‍ കൈ ക്കൊള്ളുകയും ചെയ്തിരുന്നു. 1860 ല്‍ ഗ്രാമസഭകളെ തകര്‍ക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഗവേര്‍മെണ്ടിന് ഒരു നിയമം കൊണ്ടുവരേണ്ടിവന്നു. കാരണം, ഈ അടിത്തറ ഇളക്കിമാറ്റുന്നതുവരെ ഫലപ്രദമായി ഭരണം നടത്താന്‍ കഴിയി ല്ലെന്ന്‍ ബ്രിട്ടീഷുകാര്‍ മനസ്സിലാക്കിയിരുന്നു.


നിര്‍ഭാഗ്യം എന്താണെന്നുവച്ചാല്‍ 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോഴും ജനങ്ങളുടെ അധികാരം അവര്‍ക്കുതന്നെ തിരികെ നല്കപ്പെട്ടില്ല. ഗ്രാമസഭകളുടെ അധികാരവും തിരികെ നല്‍കിയില്ല. ബ്രിട്ടീഷ് കളക്ടര്‍ക്ക് പകരം ഒരു ഇന്ത്യക്കാരനെ പ്രതിഷ്ടിക്കുക മാത്രമാണുണ്ടായത്.
ധാര്‍ഷ്ട്യം, അകല്‍ച്ച, ഭരണകര്‍ത്താവെന്ന മനോഭാവം തുടങ്ങിയ അവരുടെ എല്ലാ നയങ്ങളും അതുപോലെത്തന്നെ സംരക്ഷിക്കപ്പെട്ടു. ഇന്ത്യന്‍ കളക്ടര്‍ അഥവാ ബ്യുറോക്രാറ്റുകള്‍, അവര്‍ ഇപ്പോഴും പഴയ ബുറാസാഹിബ്ബുകള്‍ തന്നെ.” (സ്വരാജ് : പുറം: 39) 

                                                                    
അടുത്ത ബ്ലോഗ്ഗില്‍ തുടരും......
ഡോ. സി.ടി. വില്യം
 
                    

No comments:

Post a Comment