Monday, February 24, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-അഞ്ച്


“ഇവിടെ ഒരു പ്രക്ഷോഭം ആവശ്യമായിവന്നിരിക്കുന്നു”

മ്മുടെ രാജ്യത്തെ ബ്യുറോക്രാറ്റുകള്‍ അഥവാ ബുറാസാഹിബ്ബുകള്‍ ഈ രാജ്യത്തെയും അതിനകത്തെ ജനങ്ങളെയും കൊന്നുതിന്നുകൊണ്ടിരിക്കുകയാണ്. ദൈവകൃപയാല്‍ അവര്‍ എന്നെ കൊന്നില്ല. അതുകൊണ്ട് ബ്ലോഗ്ഗിന്റെ അഞ്ചാം ലക്കം എഴുതാനായി. സര്‍വ്വ ദൈവങ്ങള്‍ക്കും എന്റെ  സഹസ്രകോടി സ്തോത്രം. അരവിന്ദ് കെജ്രിവാളിന്റെ സ്വരാജിനും സ്തോത്രം.

ഒരു ജീവാണുവില്‍ നിന്നാണ് എല്ലാം ഉണ്ടായത്. എല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നതും ജീവാണുവില്‍ നിന്നുതന്നെ. അങ്ങനെയാണ് ജനങ്ങള്‍ ഉണ്ടായത്. ജനങ്ങളില്‍ നിന്നാണ് രാജ്യം ഉണ്ടായത്. രാജാവ് ഉണ്ടായത്. മന്ത്രിമാരുണ്ടായത്.

എന്നാല്‍ മന്ദബുദ്ധികളോ അല്പബുദ്ധികളോ ആയ നമ്മുടെ രാജാക്കന്മാരും മന്ത്രിമാരും വിചാരിക്കുന്നത് അവരില്‍ നിന്നാണ് ജനങ്ങള്‍ ഉണ്ടായതെന്നാണ്. രാജ്യം ഉണ്ടായതെന്നാണ്. നമ്മുടെ പ്രധാനമന്ത്രി വിചാരിക്കുന്നത് അയാളില്‍ നിന്നാണ് രാജ്യം ഉണ്ടായതെന്നാണ്. നമ്മുടെ മുഖ്യമന്ത്രിമാര്‍ വിചാരിക്കുന്നത് അവരില്‍ നിന്നാണ് സംസ്ഥാനങ്ങള്‍ ഉണ്ടായതെന്നാണ്. നമ്മുടെ ജഡ്ജിമാര്‍ വിചാരിക്കുന്നത് അവരില്‍ നിന്നാണ് നീതിശാസ്ത്രം ഉണ്ടായതെന്നാണ്. നമ്മുടെ വൈസ് ചാന്‍സിലര്‍മാര്‍ വിചാരിക്കുന്നത് അവരില്‍ നിന്നാണ് സര്‍വ്വകലാശാലകള്‍ ഉണ്ടായതെന്നാണ്.

ജനങ്ങള്‍ മാത്രം ഒന്നും വിചാരിക്കുന്നില്ല. അവരെ ഇവരാരും വിചാരിപ്പിക്കുന്നുമില്ല. ജനങ്ങള്‍ കഴുതകള്‍ ആണെന്ന ബ്യുറോക്രാറ്റിക്ക് സിദ്ധാന്തം ഗര്‍ഭസ്ഥശിശുവിലേക്കുകൂടി കുത്തിവക്കുന്ന ഒരു ജനവിരുദ്ധശക്തി ജനങ്ങളാല്‍ തന്നെ ഇവിടെ ബലപ്പെട്ടുവരുന്നു.  ജനങ്ങളുടെ തലച്ചോറ് സ്വതന്ത്രമാവാതിരിക്കാന്‍ തക്കവണ്ണം അവര്‍ക്ക് നിയന്ത്രണവിധേയമായി തൊട്ടുകൂട്ടാനും തൊട്ടുനക്കാനും സ്മാര്‍ട്ട് ഫോണുകളും ടച്ച്‌ പാഡുകളും യഥേഷ്ടം കൊടുത്തിരിക്കുകയാണ്. അവര്‍ അതില്‍ സുഷുപ്തി പ്രാപിച്ചി രിക്കുകയാണ്.

നമ്മളാല്‍ നമ്മേ ഭരിക്കുന്നവരുടെ കാവലാളുകളായ റിലയന്‍സും, ടാറ്റയും, ഐഡിയയും, വോഡാഫോണും, എയര്‍ടെല്ലും, ഇവയെല്ലാം കൂടിച്ചേര്‍ന്ന ബീയെസ്സെന്നലും കൂടി നമ്മേ മയക്കിക്കിടത്തിയിരിക്കുകയാണ്. നാം കടുത്ത അനസ്തേഷ്യക്ക് വിധേയമായി സുഖമുള്ള ഒരു ശസ്ത്രക്രിയക്കുവേണ്ടി അവരുടെ മുമ്പില്‍ കിടന്നുകൊടുക്കുകയാണ്. അവര്‍ നമ്മുടെ ശരീരത്തില്‍ നിന്ന് എന്തൊക്കെയോ എടുത്തുമാറ്റുകയും എന്തൊക്കെയോ ഘടിപ്പിക്കുകയും ചെയ്യുന്നു. നാം എന്താവണമെന്നും എങ്ങനെയാവണമെന്നും അവര്‍ നിശ്ചയിക്കുന്നു. ഈ സംവിധാനത്തെയാണ് 
നാം ഇന്ന്‍ ജനാധിപത്യം എന്ന് വിളിക്കുന്നത്‌.

ഇതല്ല ജനാധിപത്യം എന്ന തിരിച്ചറിവാണ് കെജ്രിവാളിന്റെ ‘സ്വരാജ്’ എന്ന പുസ്തകം നമുക്ക് തരുന്നത്. ഈ തിരിച്ചറിവ് നമുക്ക് ഉണ്ടാക്കിത്തരുവാന്‍ കെജ്രിവാള്‍ അമേരിക്കയിലേയും, ബ്രസീലിലേയും, സ്വിറ്റ്സര്‍ലണ്ടിലേയും ജനമുന്നേറ്റത്തിന്റെ കഥകള്‍ പറയുന്നുണ്ട്.

അമേരിക്കയിലെ ജനങ്ങള്‍ ആഗോള കുത്തക കമ്പനിയായ വാള്‍ മാര്‍ട്ടിനെ തുരത്തിയ കഥയും, ബ്രസീലിലെ തെരുവീഥികളില്‍ നിന്ന് ജനക്ഷേമപരമായ ബഡ്ജറ്റുകള്‍ ഉണ്ടായ കഥയും, സ്വിറ്റ്സര്‍ലന്‍ഡിലെ  ജനങ്ങളില്‍ നൂറുപേര്‍ ഒപ്പിട്ട് നിയമനിര്‍മ്മാണം നടത്തിയ കഥയും കെജ്രിവാള്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്.

അമേരിക്കക്കാര്‍ തുരത്തിയ വാള്‍ മാര്‍ട്ടിനെ ഇന്ത്യയില്‍ പരത്താന്‍ സാമ്പത്തിക വിദഗ്ദനായ ഒരു പ്രധാനമന്ത്രിയും ജനങ്ങളുടെ പ്രതിനിധി കളും  കൂടി ശ്രമിക്കുമ്പോള്‍......തെരുവീഥികളിലെ ജനങ്ങള്‍, ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ ചര്‍ച്ചചെയ്ത് തീര്‍പ്പെടുത്തുന്ന ബഡ്ജറ്റിനെ നാം കറുത്ത പെട്ടിയിലാക്കി, പാര്‍ലമെന്റില്‍ തുറന്നുവിടുമ്പോള്‍......വോട്ടുകള്‍ക്ക്  കോടികള്‍ വിലപറഞ്ഞ്‌, നാം ജനദ്രോഹപരമായ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ ........

കെജ്രിവാളിന്റെ ഈ കഥകള്‍ക്ക് എന്ത് പ്രസക്തി?  എന്ത് പ്രയോജനം? മയക്കിക്കിടത്തിയിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ നിന്ന് കെജ്രിവാളിനു കിട്ടാനുള്ളത് ഏതാനും Like അതുമല്ലെങ്കില്‍ Share. Comment കിട്ടാനിടയില്ല, കാരണം അതിന് തലച്ചോറ് സ്വതന്ത്രമാവണ്ടേ? ഉണരണ്ടേ? എഴുതാനറിയണ്ടേ? കഷ്ടം! എന്തൊരു ദുരന്ത സമൂഹമാണ് നമ്മുടേത്‌? സ്വാതന്ത്ര്യവും മോചനവും വേണ്ടാത്ത സമൂഹം! കെജ്രിവാള്‍ വേദനയോടെ എഴുതുന്നു;-

“നമ്മുടെ രാജ്യത്ത് അമ്പതിനായിരം പേര്‍ ഒപ്പിട്ട് എന്തെങ്കിലുമൊന്ന്‍ ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിലേക്ക് ഒരു നിവേദനം അയച്ചെന്നിരിക്കട്ടെ. നമ്മുടെ നിവേദനം സ്വീകരിച്ചു എന്നതിനുള്ള തെളിവായി കിട്ടേണ്ട ഒരു അക്നോളജ്മെന്റ് സ്ലിപ്പുപോലും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.” (സ്വരാജ് : പുറം :48)

ഈ സന്ദര്‍ഭത്തില്‍ എനിക്കുണ്ടായ ഒരു സര്‍ക്കാര്‍ അനുഭവം ഇവിടെ കുറിക്കട്ടെ. ജാതി-മത-സാമുദായിക-വര്‍ഗ്ഗീകരണ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ എന്നെ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരിക്കുന്ന എന്റെ ആപ്പീസ് മേധാവിക്കെതിരെ ഈയ്യിടെ ഞാനൊരു ദയാഹരജി ഉന്നതാധികാരിക്ക് കൊടുക്കാന്‍ വേണ്ടി സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ എന്റെ ദയാഹരജി മേധാവി  ഉന്നതാധികാരിക്ക് സമര്‍പ്പിച്ചില്ലെന്നുമാത്രമല്ല; അങ്ങനെയൊരു ഹരജി സ്വീകരിക്കുകപോലുമുണ്ടായില്ല. ജനാധിപത്യവിരുദ്ധമായ ഈ നടപടി ചോദ്യംചെയ്തുകൊണ്ട് കോടതിയെ സമീപിക്കാന്‍ ഞാന്‍ സമര്‍പ്പിച്ച മറ്റൊരു ഹരജിയും കഴിഞ്ഞ ഏതാനും മാസമായി വഴിയാധാരമായി കിടക്കുകയാണ് ബ്യുറോക്രാറ്റുകളുടെ സ്വേച്ഛാധിപത്യത്തിന്റെ ഇടനാഴികകളില്‍.
നമ്മള്‍ ഇവിടെ നിസ്സഹായരായ കാഴ്ചക്കാര്‍ മാത്രമാവുന്നു. കെജ്രിവാള്‍ എഴുതുന്നു;-      

“നമ്മള്‍ നിസ്സഹായരായ കാഴ്ചക്കാര്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. ഇവിടെ ഒരു പ്രക്ഷോഭം ആവശ്യമായിവന്നിരിക്കുന്നു. അതുവഴി ജനങ്ങളുടെ അധികാരങ്ങള്‍, മൂല്യാവകാശങ്ങള്‍ എന്നിവ നേടിയെടുത്ത് സ്വതന്ത്രനായ ഒരു പൌരനായി ജനാധിപത്യം കെട്ടിപ്പടുത്തുയര്‍ത്താന്‍ കഴിയും.” (സ്വരാജ് : പുറം :48)


അടുത്ത ബ്ലോഗ്ഗില്‍ തുടരും......
ഡോ. സി.ടി. വില്യം

 

No comments:

Post a Comment