Saturday, May 4, 2013

സ്വർഗ്ഗീയനരകം -10(അദ്ധ്യായത്തിന്റെ അവസാനഭാഗം)


സ്ത്രീശരീരങ്ങള്‍ ഒഴുകിനടക്കുന്ന മാംസഗംഗ 

വിടെ എല്ലാ നിശാക്ലബ്ബുകളിലും രണ്ടുതരം നൃത്തശാലാബാറുകള്‍ കാണാം .ഒന്ന്‍ പിക് അപ്പ്‌ ഡാന്‍സ് ബാര്‍ .രണ്ട് ബെല്ലി ഡാന്‍സ് ബാര്‍ .രണ്ടിടത്തും വിളമ്പുന്നത് സ്ത്രീശരീരം തന്നെ .ആദ്യത്തേത് പേര് സൂചിപ്പിക്കുന്നതുപോലെ നമുക്ക് വിഭവം കൊണ്ടുപോകാം .രണ്ടാമത്തേതില്‍ വിഭവം തത്സമയം ആസ്വദിക്കാം .ആദ്യത്തേതില്‍ കച്ചവടം ,രണ്ടാമത്തേതില്‍ പ്രദര്‍ശനം എന്ന്‍ വിശേഷ്യമായി പറയാം .

പിക് അപ്പ്‌ ബാറുകളിലെ കച്ചവടത്തെ പുത്തന്‍ സ്ത്രീപക്ഷ തത്ത്വചിന്തയോട് അടുപ്പിച്ചുനിര്‍ത്തി വേണമെങ്കില്‍ ന്യായീകരിക്കാം .എന്നാല്‍ ബെല്ലി ഡാന്‍സ് ബാര്‍ ഒരു ന്യായത്തിന്റെയും പരിധിയില്‍ ഒതുങ്ങുന്നില്ല .ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അവരുടെ അടിവയര്‍ വിറപ്പിച്ചും ,മുലകള്‍ കുലുക്കിയുമുള്ള ഈ അഭ്യാസം ഇന്ത്യന്‍ സ്ത്രീത്വത്തിന് തന്നെ അപമാനമാണ് .അവള്‍ തലയിലുറക്കാത്ത കിരീടത്തിനുവേണ്ടി അടി വയര്‍ വിറപ്പിക്കുന്നു .കഴുത്തില്‍ വീഴാത്ത മാലക്കുവേണ്ടി മുലകള്‍ കുലുക്കുന്നു .സ്ത്രീശരീരത്തിന്റെ ലാസ്യനഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഈ ആഭാസം കാണാന്‍ നമ്മുടെ മന്ത്രിമാരും തന്ത്രിമാരും കലാ കാരന്മാരും തൂലികാചാര്യന്മാരും ഇവിടെ ഇടയ്ക്കിടെ എത്തുന്നുണ്ട് .ഈ പ്രവാസാഭാസം പ്രവാസമലയാളത്തിനും മലയാളപ്രവാസത്തിനും നാണക്കേടാണ് .കേരളത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രവാസഭൂമിയെ സിംഹാസനത്തില്‍ ഇരുത്തി വിസ്താരം നടത്തുന്ന പ്രവാസമലയാളികള്‍ നാണിച്ച് തല താഴ്ത്തട്ടെ ,നാണമുണ്ടെങ്കില്‍ .
 

ദുബായ് എന്നാല്‍ ഇഴയുന്ന കുട്ടിയാണെന്നും (Crawlling Child) പിന്നീട് അവന്‍ വളര്‍ന്നുവലുതായി സമര്‍ത്ഥനായ ഒരു കച്ചവടക്കാരനായെന്നും, എന്തും നിങ്ങള്‍ക്ക് അവനില്‍ നിന്ന്‍ വാങ്ങാമെന്ന (Do Buy) അവസ്ഥയാണ് ഇന്നുള്ളതെന്നും എന്നെ പഠിപ്പിച്ചത് ദുബായിലെ ഒരു ടൂറിസ്റ്റ് ഗൈഡാണ് .


സാമിസ്സ് എന്ന ഈ വായാടിയായ പാകിസ്ഥാനി ഗൈഡിനെ ഞാന്‍ പരിചയപ്പെടുന്നത് ദുബായിലെ ഒരു സിറ്റി ടൂര്‍ ബസ്സില്‍ വച്ചാണ് .അനിതരസാധാരണമായ വാക്ക് ചാതുരിയും യവ്വനയുക്തമായ വ്യക്തിത്വവും കൊണ്ട് ശ്രദ്ധേയനായ സാമിസ്സ് അതുകൊണ്ടുതന്നെ എനിക്ക് പ്രിയപ്പെട്ടവനായി .
 

സാമിസ്സ് ദുബായില്‍ വച്ച് ഒരു മലയാളി പെണ്‍കുട്ടിയെ പ്രണയിക്കുകയും പിന്നീട് അതിസാഹസികമായി അവളെ വിവാഹം കഴിക്കുകയുമാണു ണ്ടായത്.സാമിസ്സിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ ആ പെണ്‍കുട്ടിയുടെ ധീരതക്കുമുന്നില്‍ അവളുടെ അച്ഛനും അമ്മയും കീഴടങ്ങുകയായിരുന്നു .ആ പെണ്‍കുട്ടിയും സാമിസ്സിന്‍റെ കുഞ്ഞും സുഖമായി കൊച്ചിയില്‍ കഴിയുന്നു .ഒരു ഇന്ത്യ-പാക് സൌഹൃദ കുടുംബം .


കേരളത്തെയും മലയാളത്തെയും പ്രിയതമയോടെന്നപോലെ സ്നേഹവും വാത്സല്യവും പുലര്‍ത്തുന്ന സാമിസ്സ് എന്നോടടുത്തതും അങ്ങനെതന്നെ .മൂന്നോ നാലോ മണിക്കൂര്‍ നേരത്തെ ആ ദുബായ് നഗര സന്ദര്‍ശന വേളയില്‍ സാമിസ്സ് എനിക്ക് പറഞ്ഞുതന്ന പ്രണയാനുഭവങ്ങള്‍ ധീരവും രോമാഞ്ചിതവുമായിരുന്നു .എങ്കിലും ,എപ്പോഴോ സാമിസ്സ് പറഞ്ഞു ,”മടുക്കുന്നു സര്‍ ,ദുബായ് മൊത്തം മടുക്കുന്നു .കേരളത്തിലേക്ക് മടങ്ങാമെന്ന്‍ വിചാരിക്കുകയാണ് “.
 

സാമീസ്സിനെപോലെയല്ല ഞാന്‍ .ദുബായിയില്‍ എനിക്ക് ജോലിയൊന്നു മില്ല .കാത്തിരിക്കാന്‍ കേരളത്തില്‍ ഒരമ്മയും കുഞ്ഞും ഇല്ല .എന്നിട്ടും എനിക്ക് ദുബായ് മടുക്കുന്നു ,കേവലം ഒരു മാസക്കാലം കൊണ്ട് .ദുബായിയിലെ സ്വര്‍ഗ്ഗത്തേക്കാള്‍ കേരളത്തിലെ മനുഷ്യഭൂമിയാണ് എനിക്ക് സ്വര്‍ഗ്ഗമെന്ന അതികലശലായ ഒരു അനുഭവം എന്നെ വേട്ടയാടികൊണ്ടിരുന്നു .ഇതെന്‍റെ മാത്രം പ്രശ്നമല്ല .എല്ലാ പ്രവാസികളുടെയും പ്രശ്നമാണ് .എന്‍റെ ഫേസ്ബുക്കി(Facebook) ലെ ഒരു പ്രവാസിചങ്ങാതി പ്രവാസത്തിന്റെ കിനാവും കണ്ണീരും ചേര്‍ത്ത് എഴുതിയ ആ കവിതയിലും ഞാന്‍ ഈ മടുപ്പ് കാണുന്നു .അനുഭവിക്കുന്നു .അതിങ്ങനെ .


“ദുബായ്....
ബോറടിച്ചുതുടങ്ങിയിരിക്കുന്നു ...
ദുബായ് ....
നഗരത്തിന്റെവലിപ്പംകൂടുമ്പോഴും
മനസ്സിന്‍റെവലിപ്പംകുറയുന്നു ...
മനസ്സുകള്‍ ....എത്രയോമനസ്സുകള്‍ ...
മഷിത്തണ്ടിന്റെസുഗന്ധവുംപേറി
മണല്‍ചൂടിന്‍റെമരവിപ്പില്‍കാലംകഴിക്കുന്നു !!!”


ഫേസ്ബുക്കിലെ നന്ദു എന്ന ഈ പ്രവാസകവി വളരെ ചുരുങ്ങിയ വാക്കുകളില്‍ വരച്ചിട്ടത് വലിയൊരു സത്യമായിരുന്നു .നഗരങ്ങള്‍ വലുതാവുകയല്ല മറിച്ച് ;അതുള്‍ക്കൊള്ളുന്ന മനുഷ്യമനസ്സുകളെ ചെറുതാക്കുകയാണെന്ന മഹത്തായ സത്യം .ഇത്തരത്തില്‍ ചെറുതാക്കപ്പെട്ട മനുഷ്യമനസ്സുകളിലെ മാഷിത്തണ്ടോളമുള്ള സുഗന്ധ ലേപനവും പേറി മരുഭൂമിയിലെ മണല്‍ ചൂടില്‍ കാലത്തെ കഴിക്കുകയാണവര്‍ ,അക്ഷരാര്‍ത്ഥത്തില്‍ .എന്‍റെ സൈബര്‍ പ്രയാണത്തില്‍ എവിടെയോവച്ച് കണ്ടുമുട്ടിയ ഈ പ്രവാസ കവിക്ക്‌ മലയാളത്തിന്‍റെ അഭിനന്ദനങ്ങള്‍ .

ഡോ.സി. ടി. വില്യം
തുടരും    

No comments:

Post a Comment