Friday, May 17, 2013

സ്വർഗ്ഗീയനരകം -11 (അവസാനഭാഗം)

  

അമ്മൂമയുടെ കഥ കേള്‍ക്കാന്‍ കൊതിക്കുന്ന കുട്ടി (തുടരുന്നു)

റേബ്യന്‍ നാടുകളുടെ സാംസ്കാരിക തലസ്ഥാനം എന്ന്‍ വിശേഷിപ്പിക്കുന്ന ഷാര്‍ജ ഗള്‍ഫിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു .അല്‍ കാസ്മി രാജവംശജര്‍ ഭരിച്ചുപോരുന്ന ഷാര്‍ജ കല സംസ്കാരം വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മികച്ചുനില്‍ക്കുന്നു .അതിമനോഹരങ്ങളായ ബീച്ചുകളും കടല്‍ത്തീരങ്ങളും ഇവിടെ സമൃദ്ധമാണ് .2600 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഭൂപ്രദേശത്തെ ജനസംഖ്യ ഏകദേശം എട്ടു ലക്ഷത്തില്‍ പരം വരും .കൂടുതലും മലയാളികള്‍ തന്നെ .ദുബായിയേയും അബുദാബിയേയും താരതമ്യം ചെയ്യുമ്പോള്‍ അത്രക്ക് പ്രൌഡമൊ നിറപ്പകിട്ടാര്‍ന്നതൊ അല്ല ഷാര്‍ജ .`വൃത്തിയും വെടിപ്പും പൊതുവേ കുറവാണ് .ചില മാര്‍ക്കറ്റുകളും പരിസരങ്ങളും വളരെ വൃത്തികെട്ടതായി കാണപ്പെട്ടിരുന്നു .അവിടവിടെ യൂക്കാലി മരങ്ങളും ആര്യവേപ്പ് മരങ്ങളും പച്ച മറന്നതുപോലെ തൊലി ചുളിഞ്ഞുനിന്നിരുന്നു .

ഇവിടെ കാണുന്ന നിഷ്പ്രഭമായ കെട്ടിടങ്ങളും പാതിവഴിയില്‍ നിര്‍മ്മാണം ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും ഗള്‍ഫിന്റെ ഇനിയും കാലുറക്കാത്ത സാമ്പത്തിക മാന്ദ്യം വിളിച്ചുപറയുന്നുണ്ട് .ഇവിടെ നിര്‍മ്മാണ മേഖലയില്‍ ജോലിയെടുക്കുന്ന കുറെ മലയാളി കരാറുകാരെ ഞാന്‍ പരിചയപ്പെടുകയുണ്ടായി .എല്ലാവര്‍ക്കും പറയാനുള്ളത് ഇനിയും കിട്ടാത്ത കരാര്‍ പണത്തെക്കുറിച്ചും കരാര്‍ ലംഘനങ്ങളെക്കുറിച്ചുമാണ് .

ഗള്‍ഫ് നാടുകളില്‍ കമ്പ്യുട്ടര്‍ വിപണന ശൃംഖല നടത്തുന്ന രാജേന്ദ്രന്‍ ഇങ്ങനെ പറയുന്നു ,”ഗള്‍ഫിന്റെ സാമ്പത്തിക കാലാവസ്ഥ വളരെ മോശമാണ് .കച്ചവടത്തിന്‍റെ പുതിയ അന്വേഷണങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും സാധ്യതകള്‍ കുറവാണ് .പണം ഉണ്ടാവുന്നില്ല .ഉണ്ടായ പണം ആരുംതന്നെ നിക്ഷേപിക്കുന്നുമില്ല .കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങള്‍ തെളിഞ്ഞുവരുന്നതിന്റെ പ്രത്യാശയിലാണ് ഞങ്ങളിപ്പോള്‍ .”

രാജേന്ദ്രന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് ഗള്‍ഫിലെ ബിസ്സിനസ്സല്ല ,മറിച്ച് സ്വന്തം ബംഗ്ലാവിന്‍റെ മട്ടുപ്പാവിലെ പച്ചച്ച പൂന്തോട്ടമാണ് .ഇലകള്‍ വിരിയുന്നതും തളിര്‍ക്കുന്നതും പൂമൊട്ടുകള്‍ തലയുയര്‍ത്തുന്നതും അവ പൂവായി വിരിയുന്നതും നോക്കി മൌനിയായി കഴിയുന്നു .കേരളത്തിലെ ചില പ്രവാസി ബിസ്സിനസ്സ് സംരംഭങ്ങള്‍ പൂവണിയുന്നതും കാത്ത് രാജേന്ദ്രന്‍ സ്വന്തം പൂന്തോട്ടത്തിലെ പൂക്കളെനോക്കി കാലം കഴിക്കുന്നു .

അബുദാബിയില്‍ സേഫ്ടി ഓഫീസറായ ജിജോ കാപ്പനും അധികമൊന്നും പ്രതീക്ഷകളില്ലാതെ ഇവിടെ കഴിഞ്ഞുപോരുന്നു .ഷാര്‍ജയിലെ ജിജോ കാപ്പന്റെ ഫ്ലാറ്റിലെ അത്താഴവും മദ്യപാനവും അനുഭവോഷ്മളമായിരുന്നു .കപ്പന്റെ ഭാര്യ ഷാര്‍ജയില്‍ സ്കൂളില്‍ ടീച്ചറാണ് .നന്നായി ഇംഗ്ലീഷ് പറയുന്ന രണ്ട് കൊച്ചുകുട്ടികള്‍ .അവര്‍ താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്നു .പ്രൈമറി ക്ലാസില്‍ പഠിക്കുന്ന മൂത്തവന് ഷാര്‍ജയിലെ വിദ്യാഭ്യാസം മടുത്തുപോയിരിക്കുന്നു .നല്ല ബുദ്ധിയുള്ള കുട്ടി . ഭൂമിശാസ്ത്രമാണത്രേ അവന് ഏറ്റവും പ്രിയപ്പെട്ടത് .എല്ലാ ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും ഭൂമിശാസ്ത്രമറിയാം അവന് .അവനിപ്പോള്‍ ഷാര്‍ജ വിടണം .നാട്ടില്‍ അമ്മൂമയുടെ കഥകളും കേട്ട് നാട്ടില്‍ പഠിച്ചാല്‍ മതിയെന്ന ഒരേ നിര്‍ബന്ധം .അവന്റെ തലച്ചോറ് അലക്കി വെളുപ്പിക്കാന്‍ ജിജോയും ഭാര്യയും നന്നായി ശ്രമിച്ചു .പക്ഷെ ഫലമില്ല .അവന്‍ ഉറച്ചുതന്നെ നില്‍ക്കുന്നു .ഞാന്‍ ആ കുട്ടിയോട് സംസാരിച്ചു .നല്ല ബുദ്ധിയുള്ള പക്വതയുള്ള കുട്ടി .അവന്‍ ഷാര്‍ജയിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതായി എന്നെ അറിയിച്ചു .ജിജോയും ഭാര്യയും ആശങ്കയിലാണ് .എങ്കിലും അവനെ കേരളത്തില്‍ത്തന്നെ പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് .ഈ കുട്ടിയുടെ ബുദ്ധിയെങ്കിലും നമ്മുടെ പ്രവാസികള്‍ക്ക് എന്നാണാവോ ഉണ്ടാവുക ?

മദ്യപാനം തെളിയിച്ചെടുത്ത ബോധാവസ്ഥയില്‍ ജിജോ കാപ്പന്‍ പറയുന്നു ,”ഇവിടെയൊന്നും രക്ഷയില്ല .പ്രതീക്ഷകളില്ല .സ്വന്തം നാട് തന്നെ അഭയം .എന്നാല്‍ ഞങ്ങളെപോലുള്ളവരെ പറ്റിക്കാന്‍ തക്കം നോക്കുന്നവരും ഉണ്ടവിടെ .ഈയ്യിടെയായി അവര്‍ ഇവിടെവന്നും പറ്റിക്കാന്‍ തുടങ്ങിയിരിക്കുന്നു .”

അടുത്തിടെ തൃശൂരിലെ ഒരു കുറിക്കമ്പനിക്കാരന്‍ കുറിയും ഓഹരിയും ചേര്‍ത്ത് പറ്റിച്ചുവത്രേ .അതില്‍ ദുഖിതനാണ് ജിജോ .തനിക്ക് ചെന്നുചേരാനുള്ള നാടിന്റെ ദുരവസ്ഥയില്‍ വേവലാതിയുമുണ്ട് ജിജോ കാപ്പന് .ജിജോ കാപ്പന്‍ മദ്യപിച്ചുകൊണ്ടെയിരുന്നു .ഷാര്‍ജ മടുത്ത ജിജോയുടെ കുട്ടി എന്നോടൊപ്പം സോഫയില്‍ ഉറങ്ങിക്കൊണ്ടിരുന്നു .

എന്നാല്‍ കഥകള്‍ ഉറങ്ങുകയായിരുന്നില്ല .ഷാര്‍ജയില്‍ അരിക്കച്ചവടക്കാരനായ രാജന്റെ കഥകള്‍ തികച്ചും വ്യത്യസ്തമായിരുന്നു .ഗള്‍ഫിന്റെ മുഴുവന്‍ കമ്പോളങ്ങളിലും അരി എത്തിക്കുന്നത് രാജനാണ് .രാജനും കുടുംബവും ഷാര്‍ജയിലുണ്ട് .രണ്ട് കുട്ടികള്‍ .ആണ്‍കുട്ടിയും പെണ്‍കുട്ടിയും .ഷാര്‍ജ സ്കൂള്‍ കലോത്സവങ്ങളില്‍ ഇവര്‍ സ്ഥിരം കലാപ്രതിഭയും കലാതിലകവുമാണ് .പ്രതിഭയും തിലകവും നാള്‍ക്കുനാള്‍ തെളിച്ചമേറിവരുന്നു .രാജനും ഭാര്യയും അതില്‍ സന്തോഷിക്കുന്നു .

ഗള്‍ഫിനെക്കുറിച്ച് പ്രതീക്ഷകളേറെയില്ലെന്ന് രാജനും പറയുന്നു .സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ അറബികള്‍ ഗുണ്ടാപിരിവും തുടങ്ങിയിരിക്കുന്നുവെന്ന് രാജന്റെ സാക്ഷ്യം .ഭരണത്തിലിരിക്കുന്ന അറബികളുടെ ആള്‍ക്കാര്‍ യാതൊരു മുന്നറിയിപ്പും കൂടാതെ കടകളില്‍ വന്ന് അതുമിതും പറഞ്ഞ് പണം പിരിക്കുന്നു .ഇവിടെ ചോദ്യങ്ങളില്ല .പോലീസില്ല .കോടതിയില്ല .നീതിന്യായമില്ല .

മലയാളികള്‍ നാട്ടിലെതുപോലെതന്നെ ഗള്‍ഫിലും പണിയെടുക്കാതായി .തൊഴുത്തില്‍കുത്തും കുതികാല്‍ വെട്ടും ഗള്‍ഫിലും തുടങ്ങിയിരിക്കുന്നു .രാജന്റെ കടയിലെ പാക്കിസ്ഥാനികളാണ് മിടുക്കര്‍ എന്ന് രാജന്‍ .അതുകൊണ്ട് മലയാളികളെ എല്ലാവരും ഒഴിവാക്കിവരുന്നു .സാമ്പത്തിക മാന്ദ്യവും തൊഴില്‍ രംഗത്തെ ഇത്തരം മാന്ദ്യവും കൂടിയായപ്പോള്‍ ഗള്‍ഫ് പുരോഗമിക്കാതായി .
രാജന്റെ ഫ്ലാറ്റ് ഒരു കലാക്ഷേത്രമാണ് .അകങ്ങള്‍ നിറയെ സംഗീതോപകരണങ്ങള്‍ .ഭിത്തികള്‍ നിറയെ കലാപ്രതിഭയും കലാതിലകവുമായ മക്കള്‍ നേടിക്കൊടുത്ത ട്രോഫികള്‍ ,മെഡലുകള്‍ ,ശില്പങ്ങള്‍ ,അവാര്‍ഡുകള്‍ ,സാക്ഷ്യപത്രങ്ങള്‍ .രാജന്‍ അഭിമാനപൂര്‍വ്വം മക്കളെ പരിചയപ്പെടുത്തി .പുരസ്കാരങ്ങളെയും .

ലളിതസുന്ദരമായ അത്താഴം കഴിക്കുമ്പോള്‍ രാജന്‍ വീണ്ടും വീണ്ടും മക്കളുടെ കലാരംഗത്തെ നേട്ടങ്ങളെക്കുറിച്ചുമാത്രം സംസാരിച്ചു .ഏറെ വിദ്യാഭ്യാസമില്ലാത്ത രാജന്‍ കേരളത്തിലെ പല നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രധാന നിക്ഷേപകനാണ് .രാജന്‍ കേരളത്തിലേക്ക് തിരിച്ചുവരാന്‍ ഉദ്യേശിക്കുന്ന നിക്ഷേപമേഖലയും അതായിരിക്കണം .

റാസല്‍ഖൈമ ബാങ്കില്‍ (RAK BANK)ജോലിയുള്ള ഉല്ലാസും ഭാര്യ ആനിയും എനിക്ക് നല്ല സുഹൃത്തുക്കളായിരുന്നു . ഗള്‍ഫ് മടുത്ത ഉല്ലാസ് നാട്ടിലേക്ക് യാത്ര തിരിക്കാനുള്ള തിരക്കിലാണ് .ഷാര്‍ജയിലെ ഫ്ലാറ്റില്‍ ഇപ്പോള്‍ ഒന്നുമില്ല .എല്ലാംതന്നെ ഡിസ്പോസ് ചെയ്തു .ഒരു കാറും ഒരു ചാരുകസാലയും മാത്രം ബാക്കി വച്ചിട്ടുണ്ട് .കാര്‍ ഏതാണ്ട് കച്ചവടം ഉറപ്പിച്ച മട്ടിലാണ് .ഇനി ബാങ്കിന്റെ കുറച്ച് ഫോര്‍മാലിറ്റികള്‍ മാത്രമേ ഉള്ളൂ .അതുകഴിഞ്ഞാല്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കേരളത്തിലെത്താം .മക്കള്‍ക്കും ഭാര്യ ആനിക്കും വിഷമമുണ്ട് ഗള്‍ഫ് വിടാന്‍ .പക്ഷെ ഉല്ലാസിന് കേരളം തന്നെ സ്വര്‍ഗ്ഗം .എന്നും ഗള്‍ഫ് ഇഷ്ടപ്പെടുന്നവര്‍ അമ്മയും കുട്ടികളുമാണ് .അവര്‍ക്ക് പുരുഷന്‍ മരുഭൂമിയില്‍ ബലികൊടുക്കുന്നത് എന്താണെന്ന നിശ്ചയമില്ലല്ലോ .ഗള്‍ഫിലെ ഓരോ പ്രവാസപുരുഷന്റെയും ബലിയുടെ പെരുന്നാള്‍ ആഘോഷിക്കുന്നവരാണ് അമ്മമാരും കുട്ടികളും .ഉല്ലാസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒരു ബലിപെരുന്നാളിന്റെ അവസാനമാണ് .

ഷാര്‍ജയിലെ കഥാപാത്രങ്ങള്‍ അവസാനിക്കുന്നില്ല .സാന്‍ജോ വിന്‍സെന്റ്‌ ,ജിജി ,സരൂപ് ,വിന്‍സെന്റ്‌ പണമാടന്‍ ,അബുബക്കര്‍ ...പട്ടിക നീളുന്നു .എല്ലാവര്‍ക്കും പക്ഷെ ഇതൊക്കെത്തന്നെയാണ് പറയാനുള്ളത് .അതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല . 

ഗള്‍ഫ് നാടുകളില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട് .ഞാന്‍ പഠിപ്പിച്ച കുറെ വിദ്യാര്‍ഥികളുമുണ്ടവിടെ .അതുകൊണ്ടുതന്നെ ഞാന്‍ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ്‌ വഴി എന്റെ സന്ദര്‍ശന സമയവും ഉദ്യേശ്യവും അവരെ അറിയിക്കുകയുണ്ടായി .ഒന്നോ രണ്ടോ വിദ്യാര്‍ഥികള്‍ മാത്രമാണ് എന്റെ പോസ്റ്റിനോട് പ്രതികരിച്ചത് .ഗള്‍ഫിലെത്തിയപ്പോള്‍ ആ വിവരവും അവരെ അറിയിച്ചിരുന്നു .എങ്കിലും കാര്യമായി ആരും പ്രതികരിച്ചില്ല .

ഇന്ത്യയിലായാലും കേരളത്തിലായാലും ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ കിട്ടിയാല്‍ നാം അവര്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും കൊടുക്കുമല്ലോ .അതാണ്‌ ശരാശരി ഭാരതീയന്റെ കേരളീയന്റെ ഒരു സാംസ്കാരിക മര്യാദ .ഈ മര്യാദ നാമിന്നും അനുഷ്ടിച്ചുപോരുന്നു .

എന്നാല്‍ എന്തുകൊണ്ടാണ് പ്രവാസികള്‍ ഈ മര്യാദ മറന്നുപോകുന്നത് .ഈയൊരു വിഷയത്തെ ഞാന്‍ ഈ യാത്രാകുറിപ്പില്‍ ചര്‍ച്ചക്ക് എടുക്കുന്നത് ആരോടുമുള്ള പരിഭവം കൊണ്ടല്ല ,മറിച്ച് ഈ വിഷയത്തെ സാമൂഹ്യശാസ്ത്രപരമായും മനശാസ്ത്രപരമായും പരിശോധിക്കണമെന്നതുകൊണ്ടാണ്  .എന്തുകൊണ്ടാണ് നമുക്ക് പ്രിയപ്പെട്ടവര്‍ ഈ സാംസ്കാരിക മര്യാദ ലംഘിക്കുന്നത് ?കാരണങ്ങള്‍ പലതാണ് .

ഒന്ന്‍ : പ്രവാസികള്‍ അവിടെ ചെയ്യുന്ന ജോലി ,ജോലി സംബന്ധമായ പ്രയാസങ്ങള്‍ ,സാമ്പത്തികമായ പ്രാരാബ്ദങ്ങള്‍ ,പരാധീനതകള്‍ ഇതൊന്നും നാട്ടില്‍ നിന്ന്‍ വരുന്നവര്‍ അറിയരുത് .അതവരുടെ മാത്രം സ്വകാര്യതയാവണം എന്ന നിര്‍ബന്ധം .

രണ്ട് : നാട്ടില്‍ നിന്ന്‍ വരുന്ന അതിഥികള്‍ക്കൊപ്പം ചെലവഴിക്കാന്‍ അവര്‍ക്ക് സമയമില്ല .ജോലി ഭാരവും ജോലി അവരില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദ്ദവും വളരെ കൂടുതലായിരിക്കും .

മൂന്ന്‍ : നാട്ടില്‍ നിന്ന് വരുന്ന അതിഥിയെകൂടി ഉള്‍കൊള്ളാവുന്ന സ്ഥല-കാല-സാമ്പത്തിക വിഭവങ്ങള്‍ അവര്‍ക്കുണ്ടാവില്ല .

നാല് : അവര്‍ സാമൂഹ്യപരവും സ്വത്തപരവുമായ വിചാരണകള്‍ക്ക് തയ്യാറല്ല .അവര്‍ ഊതിവീര്‍പ്പിച്ചുവച്ചിരിക്കുന്ന അന്തസ്സും അഭിമാനവും പൊട്ടിച്ചുകളയാന്‍ തയ്യാറല്ല .

ഈ നാല് കാരണങ്ങള്‍ അഥവാ കണ്ടെത്തലുകള്‍ എന്റെമാത്രം നിരീക്ഷണങ്ങളല്ല .എന്റെ ഗള്‍ഫിലുള്ള സുഹൃത്തുക്കള്‍ അവരുമായുള്ള സ്വകാര്യ ചര്‍ച്ചകളില്‍ സമ്മതിച്ചുതന്ന കാരണങ്ങളും കണ്ടെത്തലുമാണ്‌ .പ്രവാസികളിലെ തൊണ്ണൂറു ശതമാനവും ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നു അവശേഷിക്കുന്ന പത്ത് ശതമാനം പ്രവാസികള്‍ നമുക്ക് അപ്രാപ്യരുമാണ് .അവരൊക്കെ ഗള്‍ഫിലെ സമ്പന്നരായ പ്രവാസികളായിരിക്കണം .

മേല്‍ സൂചിപ്പിച്ച കാരണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും പൂര്‍ണ്ണമായും വിധേയത്തം പുലര്‍ത്തിക്കൊണ്ട് എന്നെ കാണാന്‍ വന്ന രണ്ട് വിദ്യാര്‍ഥികളെ കൂടി ഇവിടെ പരാമര്‍ശിക്കട്ടെ .
അവരില്‍ ഒരാളെ ഞാന്‍ കണ്ടുമുട്ടുന്നത് ഒരു ഷോപ്പിംഗ്‌ മാളില്‍ വച്ചാണ് .കുശലാന്വേഷണങ്ങള്‍ക്കുശേഷം അയാള്‍ എന്നോട് ഇങ്ങനെ പറഞ്ഞു ,”മാഷേ മാഷിന്റെ ഗള്‍ഫിലെ സ്വാധീനം പ്രയോഗിച്ച് എനിക്ക് ഒരു ജോലി വാങ്ങിത്തരാമോ ?”

എന്റെ നിസ്സഹായത മറച്ചുവക്കാതെ ഞാന്‍ പറഞ്ഞു ,:ശ്രമിക്കാം” അല്ലാതെന്തുപറയാന്‍ .

സ്വന്തം ജോലിത്തിരക്കിലും എന്നെ കാണാനെത്തിയ രണ്ടാമന്‍ അല്‍ കസ്ബയിലെ ഒരു ഹോട്ടലിലെക്കാണ് വന്നത് .ഒരു കനാലിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഹോട്ടലിനോട് ചേര്‍ന്ന്‍ ഒരു പോട്ടെറ്റോ ഹട്ടുണ്ട്(Pottetto Hut) .വലിയ ഉരുളക്കിഴങ്ങ് തൊണ്ടോടെ പുഴുങ്ങി അതിനുള്ളില്‍ തൈരും പച്ചക്കറികളും പഴങ്ങളും അരിഞ്ഞു ചേര്‍ത്ത് ഉണ്ടാക്കുന്ന വ്യത്യസ്തമായ ഒരു വിഭവം .താരതമ്യേന വിലക്കുറവാണ് .അത്തരമൊരു വിഭവത്തോടൊപ്പം ഓരോ ഗ്ലാസ് ജ്യൂസും വാങ്ങി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ക്ക് ബോസ്സിന്റെ ഫോണ്‍ വന്നു .പച്ചത്തെറിയായിരിക്കണം അയാളുടെ ബോസ്സ് പറഞ്ഞതെന്ന്‍ അയാളുടെ മുഖഭാവം പറയുന്നുണ്ട്  .അയാള്‍ ക്ഷമ ചോദിച്ചുകൊണ്ട് പറഞ്ഞു ,”മാഷേ നമുക്ക് ഈ ജ്യൂസ് കാറിലിരുന്നു കഴിക്കാം .ബോസ്സ് വല്ലാതെ തിരക്ക് കൂട്ടുന്നു .”

കാര്‍ ഓടിക്കൊണ്ടിരുന്നു .ഞാന്‍ ജ്യൂസ് കഴിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞു .യാന്ത്രികമായി മൂളിക്കൊണ്ട് അയാള്‍ കാറോടിച്ചുകൊണ്ടിരുന്നു .വഴിയിലെ തിരക്കിനേയും സിഗ്നല്‍ പോസ്റ്റുകളെയും ശപിച്ചുകൊണ്ട് അയാള്‍ കാര്‍ ഓടിക്കുകയായിരുന്നു .ജ്യൂസ് കഴിക്കാന്‍ അയാള്‍ക്ക് കഴിയില്ലായിരുന്നു .ഷാര്‍ജയില്‍ എവിടെയോ വച്ച് അയാള്‍ എന്നെ ക്ഷമാപണത്തോടെ ഇറക്കിവിട്ടു .കാര്‍ പാഞ്ഞു പോയി .അയാള്‍ക്ക് ജോലി നഷ്ടപ്പെടുമോ ?അയാള്‍ ആ ജ്യൂസ് കഴിച്ചുകാണുമോ ?എന്തൊരു തിരക്കുള്ള നാടാണിത് .
ഡോ.സി. ടി. വില്യം 
തുടരും 

No comments:

Post a Comment