Wednesday, January 5, 2011

ശ്രീ . കാവാലം ശ്രീകുമാര്‍ ലജ്ജിച്ചു തല താഴ്ത്തുക ..

ഞാന്‍  ശുദ്ധ സംഗീതത്തിന്റെ ഒരാരാധകനാണ് . അത്യാവശ്യം പാടുകയും ചെയ്യും . സ്വര-രാഗ-താള-ലയ ബോധമുള്ള ആളുമാണ് . എന്നെ ശാസ്ത്രീയ സംഗീതത്തിന്റെ വ്യാകരണം പഠിപ്പിച്ചത് പരേതനായ വിദ്വാന്‍ കെ .കെ. രാമപ്രസാദ്‌ ആണ് . ഒരു കാഥികന്‍ കൂടിയായ അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു . ഭൂമിയില്‍ സംഗീതം മരിച്ചാല്‍ അദ്ദേഹത്തിനു പുല കുളിക്കാനുള്ള ബന്ധം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്  . ഏതാണ്ട് അത്തരം ഒരു ബന്ധം എനിക്കും സംഗീതത്തിനോട് ഉണ്ട് .


ശാസ്ത്രീയ സംഗീതത്തിന്റെ ശുദ്ധ സംസ്കൃതിയോടൊപ്പം മലയാണ്മയുടെ നാടന്‍ ശീലുകള്‍ ചേര്‍ത്ത്‌ അതീവ ഹൃദ്യമായി സംഗീതത്തെ ആവിഷ്കരിക്കാന്‍ കഴിവുള്ള ഒരു അപൂര്‍വ്വ പ്രതിഭയാണ് ശ്രി . കാവാലം ശ്രീകുമാര്‍ . ആ സംഗീത പ്രതിഭയുടെ മുന്നില്‍ തല കുനിച്ചു കൊണ്ടുതന്നെ ഇതെഴുതുന്നു .


2011 ജനുവരി 3   ന്‌ സൂര്യ ടി വി യുടെ സംഗീത മഹാ യുദ്ധം എന്ന പരിപാടിയില്‍ ശ്രീ . കാവാലം ശ്രീകുമാറും ജോര്‍ജ്  പീടറും അവതരിപ്പിച്ച "ഫ്യുഷന്‍ " എന്നെ അങ്ങേയറ്റം വേദനിപ്പിച്ചു . ഈ ഫ്യുഷനിലെ ശ്രീ. കാവാലം ശ്രീകുമാറിന്റെ ട്രാക്ക് മാത്രമെടുത്താല്‍ കുറച്ചുദൂരം വരെ സന്ഗീതമുണ്ടായിരുന്നെന്നു പറയാം . ശ്രീ. ജോര്‍ജ്  പീടറിന്റെ സ്ഥിതി ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ . എന്നാല്‍ പകുതിക്ക് ശേഷം ഇവ ഫ്യുസു ചെയ്തപ്പോള്‍ സംഗീതത്തിന്റെ ഫ്യുസാണ് പോയത് .


സാധാരണ ഗതിയില്‍ ഫ്യുസു കത്തിപോകുമ്പോള്‍ ഉണ്ടാകാറുള്ള "കരിയും" "പൊഹയും" പോലെയായിപ്പോയി ഈ ഫ്യുഷന്‍ . ഇങ്ങനെ ഒരു ഗതികേടില്‍ ഈ ഫ്യുഷന്‍ എത്തിയെന്ന നഗ്നസത്യം ഇതിന്റെ ഫ്യുസു കത്തിച്ച രണ്ടു പേര്‍ക്കും അറിയാമെന്ന യാഥാര്‍ത്ഥ്യം ഞാനും പ്രേക്ഷകരും  മനസ്സിലാക്കുന്നു . 


കാശിനും മാധ്യമാകര്‍ഷണത്തിനും വേണ്ടി എന്ത് കൊപ്രാട്ടിയും കാണിക്കാം . പക്ഷെ ശ്രീ . കാവാലം ശ്രീകുമാറിന് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല . 


ഈ ഫ്യുഷന്‍ തൃശ്ശൂര്‍ക്കാരുടെ  മദ്യപാന സദസ്സുകളെ ഓര്‍മിപ്പിക്കുന്നു . ഇതുപോലെയോ ഇതിനേക്കാള്‍ നന്നായോ അവര്‍ പാടാറുണ്ട് . ശ്രീ . കാവാലം ശ്രീകുമാറിന് സംഗീതത്തിനോടു ആദരവ് ഉണ്ടെങ്കില്‍ ലജ്ജിച്ചു തല താഴ്ത്തുക .



സി . ടി . വില്യം     

No comments:

Post a Comment