ഗബ്രിയേല്‍ ഗാര്‍ഷ്യ
മാര്‍ക്കേസിന്‍റെ അതിമനോഹരമായ ഒരു കഥയുണ്ട്. “ഞാന്‍ ഒരു ടെലിഫോണ്‍ ചെയ്യാന്‍
വന്നതാണ്” എന്നാണ് ആ കഥയുടെ പേര്. കഥയിങ്ങനെ:-
തികച്ചും
സ്വാഭാവികമായി ഒരു സ്ത്രീ നഗരത്തിലേക്ക് ഷോപ്പിങ്ങിന് ഇറങ്ങുന്നു. അന്നവളുടെ ഭര്‍ത്താവിന്
അവളോടൊപ്പം വരാനായില്ല. എന്നാല്‍ അവളെ കൊണ്ടുപോകാന്‍ അയാള്‍ വരുമെന്നും
പറഞ്ഞിരുന്നു.
ഷോപ്പിങ്ങിന്റെ
ലഹരിയാവാം ഷോപ്പിംഗ് തീര്‍ന്നപ്പോള്‍ സമയം വൈകിപ്പോയിരുന്നു. ഇന്നത്തെപോലെ
മൊബൈല്‍ഫോണ്‍ ഉള്ള കാലമായിരുന്നില്ല അത്. അവള്‍ പലവട്ടം അവളുടെ ഭര്‍ത്താവിനെ
ഫോണില്‍ വിളിച്ചു. എന്നാല്‍ ജോലിത്തിരക്കുകൊണ്ടോ എന്തോ ഭര്‍ത്താവ് ഫോണ്‍
എടുക്കുന്നില്ല. സമയം ഇരുട്ടി ത്തുടങ്ങി. രാത്രിയുടെ ഇരുട്ട് അവളെ ഭയപ്പെടുത്താന്‍
തുടങ്ങി. അവള്‍ ശരിക്കും പരിഭ്രമിച്ചു.
നിരത്തില്‍
വാഹനങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു. അവള്‍ വഴിയരികില്‍ ഭയാശങ്കയോടെ അവളുടെ ഭര്‍ത്താവിന്‍റെ
വാഹനം കാത്തുനിന്നു. ഭര്‍ത്താവിന്റെ വാഹനം കാണാതായപ്പോള്‍ അവള്‍ മറ്റു പല
വാഹനങ്ങള്‍ക്കും കൈ കാട്ടി. ഒന്നും നിര്‍ത്തിയില്ല.
അവസാനം ഒരു വാഹനം
അവള്‍ക്കുമുമ്പില്‍ കൈ കാണിക്കാതെ തന്നെ നിര്‍ത്തി. അവള്‍ ആ വാഹനത്തില്‍ കയറി.
വാഹനത്തിനകത്ത് നിറയെ ഭ്രാന്തന്മാരും ഭ്രാന്തികളും ഉണ്ടായിരുന്നു. ആ വാഹനം ഒരു
മാനസിക ആശുപത്രിയുടെ വാഹനമായിരുന്നു. അവളുടെ പരിഭ്രമം കൂടിക്കൂടിവന്നു. അവള്‍ ആ
വാഹനത്തില്‍ നിന്ന് പലപ്രാവശ്യം ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല.
വാഹനം ഭ്രാന്താശുപത്രിയിലെത്തി. അവള്‍ ആ രാത്രി മുഴുവനും ആ ഭ്രാന്താശുപത്രിയില്‍
ഉറങ്ങാതെ കിടന്നു.
കാലങ്ങള്‍
കടന്നുപോയി. എന്നോ ഒരിക്കല്‍ അവളുടെ ഭര്‍ത്താവ് അവളെ കാണാന്‍ വന്നെങ്കിലും അവളെ
അയാള്‍ വീട്ടിലേക്ക് കൊണ്ടുപോയില്ല. അവള്‍ ഭ്രാന്തിയാണെന്ന് അവളുടെ ഭര്‍ത്താവും
വിശ്വസിച്ചു. അയാള്‍ അവളെ ഉപേക്ഷിച്ചു.
മാര്‍ക്കേസിന്റെ
ഈ കഥ മലയാളത്തില്‍ ഒരു ഹ്രസ്വചലചിത്രമായിട്ടുണ്ട്. “അറി യാതെ” എന്ന പേരില്‍ ഈ
ചലച്ചിത്രം സംവിധാനം ചെയ്തത് കുക്കൂ പരമേശ്വരനാണ്. ഈ ചലച്ചിത്രത്തിന്റെ അണിയറ ശില്‍പ്പികളില്‍
ഞാനും ഉണ്ടായിരുന്നു.
മാര്‍ക്കേസിന്റെ
ഈ കഥ പോലെ ഒരു സംഭവം എന്‍റെ ജീവിതത്തിലും ഉണ്ടായി എന്നുപറയാനാണ് ഞാന്‍ ഈ കഥ ഇവിടെ
പറഞ്ഞത്.
അന്ന് ഒരു
വെള്ളിയാഴ്ചയായിരുന്നു. ഞാന്‍ കൊച്ചിയിലുള്ള എന്‍റെ ഒരു ഗുരുവും സുഹൃത്തുമായ ഡോ.
മോഹന്‍ദാസ് സാറിനെ വിളിക്കുകയായിരുന്നു.
കുറെ തവണ വിളിച്ചിട്ടും സാര്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. അല്പം സമയം
കഴിഞ്ഞ് വിളിക്കാമെന്ന തീരുമാനത്തില്‍ ഫോണ്‍ മേശമേല്‍ വക്കാന്‍ ശ്രമിക്കുമ്പോഴാണ്
ഫോണിന്‍റെ കോണ്ടാക്റ്റ് ലിസ്റ്റിലെ അടുത്ത പേര് ശ്രദ്ധയില്‍ പെട്ടത്. അങ്ങനെയാണ്
ഡോ. നിസ്സാം റഹ്മാനെ വിളിക്കുന്നത്. ഡോ. നിസ്സാമും എന്‍റെ ഒരു നല്ല സുഹൃത്താണ്.
എന്നാല്‍ ഡോ. നിസ്സാമും ഫോണ്‍ എടുത്തില്ല. ഞാന്‍ പതിവുപോലെ എന്‍റെ വായനയിലേക്കും
എഴുത്തിലേക്കും മടങ്ങി.
ഞാന്‍ എന്‍റെ
വായനയിലും എഴുത്തിലുമായി കഴിയുമ്പോള്‍ ഡോ. നിസ്സാം തിരിച്ചുവിളിച്ചു. ഞാന്‍
എന്തെങ്കിലുമൊക്കെ അങ്ങോട്ട് പറയും മുമ്പേ ഡോ. നിസ്സാം ഇങ്ങോട്ട് പറഞ്ഞുതുടങ്ങി.
അദ്ദേഹം എന്നെ വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ഞാന്‍ അദ്ദേഹത്തെ
വിളിച്ചതെന്നും വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു. സമഗ്രമായ
ഒരു നവോത്ഥാനത്തിന് വഴിയൊരുക്കാന്‍ പ്രാപ്തമായ ഒരു പ്രസ്ഥാനം കൊച്ചിയില്‍ നിന്ന്
രൂപംകൊണ്ടു വരികയാണെന്നും ഞാന്‍ അതില്‍ സഹകരിക്കണമെന്നുമാണ് ഡോ. നിസ്സാം പറഞ്ഞത്. മാത്രമല്ല,
അടുത്തുവരുന്ന ഞായറാഴ്ച എറണാകുളത്തെ ലോട്ടസ് ക്ലബ്ബില്‍ എത്തണമെന്നും പറഞ്ഞു.
പ്രസ്ഥാനങ്ങളൊക്കെ മടുത്തു കഴിയുമ്പോഴാണ് ഡോ. നിസ്സാമിന്റെ ഈ ക്ഷണം. പക്ഷെ
അതെക്കുറിച്ചൊക്കെ എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോഴത്തെക്കും ഡോ. നിസ്സാം
ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിരുന്നു.
ഇവിടെയാണ് മാര്‍ക്കേസിന്റെ
കഥയുടെ പ്രസക്തി. മാര്‍ക്കേസിന്റെ നായിക ഒരു ടെലിഫോണ്‍ കാളില്‍ നിന്നും
ദുരന്തത്തിലേക്കാണ് സഞ്ചരിച്ചതെങ്കില്‍ ഞാന്‍ സഞ്ചരിച്ചത് മറ്റൊരു കര്‍മ്മമണ്ഡലത്തിലേക്കായിരുന്നു.
ജീവിതത്തില്‍ അനിവാര്യമായ ഒരു ദിശാമാറ്റം. ജീവിതത്തില്‍ ഇങ്ങനേയും സംഭവങ്ങള്‍
ഉണ്ടാകാം എന്നതും മാജിക്കല്‍ റിയലിസത്തിന്റെ ഭാഗമാണ്.
ഞാന്‍ ലോട്ടസ്
ക്ലബ്ബില്‍ എത്തുമ്പോള്‍ മുറ്റം നിറയെ വെളുത്ത പ്രാവുകളെപോലെ ഖദര്‍ ധാരികളായ ചിലര്‍
കയ്യില്‍ ഫയലും കഴുത്തില്‍ ബാഡ്ജും തൂക്കി നില്‍പ്പുണ്ടായിരുന്നു. അവരുടെ മുഖത്ത്
രാഷ്ട്രീയേതരമായ ഒരു നിഷ്കളങ്കമായ ആനന്ദം പ്രാകാശിച്ചിരുന്നു. ഈ വെളുത്ത
പ്രാക്കൂട്ടത്തിലെക്കാണ് ഡോ. നിസ്സാം
എന്നെ ക്ഷണിച്ചിരുന്നത്. എന്‍റെ മുഖഭാവവും വസ്ത്രധാരണവും ആ പ്രാവിന്‍ കൂട്ടത്തില്‍
ഒറ്റപ്പെട്ടുനിന്നു.
സമയം രാവിലെ
പത്തര ആയിക്കാണും. പിന്നീട് ലോട്ടസ് ക്ലബ്ബിലെ ഒരു കൂട്ടില്‍ പ്രാവുകളെല്ലാം
പറന്നെത്തി. കൂട്ടത്തില്‍ ഒറ്റപ്പെട്ട വെള്ളയല്ലാത്ത ഒരു പ്രാവായി ഞാനും അവര്‍ക്കൊപ്പം
കുറുകി. ഈ പ്രാക്കൂട്ടത്തിന്റെ പേരാണ് ജി.ആര്‍.ഐ. അഥവാ ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യുട്ട്.
ഈ പ്രാവിന്‍ കൂട്
വളരെ പെട്ടെന്ന് ഒരു ആശ്രമമാവുകയായിരുന്നു. സാക്ഷാല്‍ മഹാത്മാഗാന്ധിയുടെ സബര്‍മതി
ആശ്രമം. ഈ ഭുമിയില്‍ മനുഷ്യന്‍ എന്ന സുന്ദരമായ പദവും രൂപവും ഭാവവും അന്യംനിന്നു
പോവുന്ന ഒരു ദുരന്ത ഘട്ടത്തിലാണ് ഈ ആശ്രമത്തിലെ നല്ല മനുഷ്യരുടെ കൂട്ടത്തില്‍ ഞാന്‍
എത്തുന്നത്. മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസം പോലെ ഒരു എത്തിപ്പെടല്‍.
ചരിത്രത്തിലെവിടെയോ
വച്ച് കെട്ടുപോയ ഒരു വിളക്കിനെ കത്തിക്കുകയാണ് ഈ മനുഷ്യരുടെ ചെറുകൂട്ടം.
മഹാത്മാഗാന്ധിയുടെ ആത്മാവിലൂടെ...മനസ്സിലൂടെ... ഹൃദയത്തിലൂടെ...ഒരു നവോഥാന
യാത്രക്ക് തയ്യാറെടുക്കുകയാണ് ഈ മനുഷ്യര്‍. ജി.ആര്‍.ഐ. അഥവാ ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യുട്ട്
എന്ന ചലിക്കുന്ന സബര്‍മതി ആശ്രമത്തിലെ മനുഷ്യര്‍.
രാവിലെ മുതല്‍
വൈകും വരെ ഒരു പ്രാര്‍ഥനായോഗം പോലെ സബര്‍മതി ആശ്രമം പരിശുദ്ധ മന്ത്രങ്ങളില്‍
ലയിച്ചു. കേരളത്തില്‍ മാത്രമല്ല ഭാരതം മുഴുവന്‍ ഒരു നവോഥാനത്തിന്റെ ശംഖൊലി
മുഴങ്ങുകയായിരുന്നു ഈ സബര്‍മതിയില്‍. ദിശാബോധമുള്ള, നിശ്ചയബോധമുള്ള ഇവിടെത്തെ
വെളുത്ത സംന്യാസിമാര്‍ ജാഗരൂകരാണ്. നന്മ നിറഞ്ഞൊരു ജനതയുടെ പുനര്‍നിര്‍മ്മിതിക്കുവേണ്ടി
ആത്മീയമായും മാനസികമായും കായികമായും അവര്‍ സജ്ജരാണ്. അവര്‍ക്കൊപ്പം ഇതാ ഞാനും
അണിചേരുന്നു. നന്മ നിറഞ്ഞൊരു നവോഥാനത്തിനുവേണ്ടി......നന്മ നിറഞ്ഞൊരു ഭൂമിയുടെ
വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിടുന്നതിനുവേണ്ടി.....
ഗബ്രിയേല്‍ ഗാര്‍ഷ്യ
മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസം അവസാനിക്കുന്നില്ല. ഏതു സമയത്തും നിങ്ങളുടേയും
ഫോണുകളിലേക്ക് നവോഥാനത്തിന്റെ വിളി വരാം. കാതോര്‍ത്തിരിക്കുക.
ഡോ. സി.ടി. വില്യം
No comments:
Post a Comment