പത്ത്
ഈ സന്ധ്യാനേരത്ത് മനസ്സിലാവാത്ത പ്രസംഗം കേള്‍ക്കുന്നതിനെക്കാള്‍ നല്ലത് മനസ്സിലാവുന്ന മറ്റെന്തെങ്കിലും ശ്രദ്ധിക്കുന്നതായിരിക്കും . സഹദേവന്‍ ചുറ്റും നോക്കി .
അപ്പോഴാണ് തൊട്ടപ്പുറത്തെ വീടിന്റെ ജാലക പഴുതിലൂടെ തന്നെ മാത്രം നോക്കുന്ന രണ്ടു കണ്ണുകള്‍ സഹദേവന്‍ കാണുന്നത് .
ആ കണ്ണുകള്‍ക്ക് സുമിത്രയുടെ കണ്ണുകളുടെ ചന്തവും തിളക്കവുമുണ്ടായിരുന്നു .
അത് സുമിത്ര തന്നെയാവുമോ ? ആവില്ല . ആയിരക്കണക്കിന് നാഴികക്കിപ്പുറം ഈ മഹാനഗരത്തില്‍ സുമിത്രയുടെ സാന്നിധ്യം പ്രതീക്ഷിക്കാവുന്നതല്ലല്ലോ .
പാവം സുമിത്ര ! ഒന്ന് യാത്ര ചോദിക്കാന്‍ പോലും സമയം കിട്ടിയില്ല . ഭര്‍തൃഗൃഹത്തില്‍ അവള്‍ക്കു സുഖമാണോ ആവോ . പെണ്‍കുട്ടികളുടെ ജീവിതം പെരുവഴിയില്‍ എന്ന് മുത്തശി ഇപ്പോഴും പറയുന്നത് സഹദേവന്‍ ഓര്‍ത്തു .
ഇപ്പോള്‍ എവിടെയാവും സുമിത്ര . എവിടെയായാലും ഇപ്പോള്‍ സന്ധ്യയാണല്ലോ . വിളക്കുവക്കും സമയം. സന്ധ്യക്ക് വിളക്കുവക്കുന്നത് അവള്‍ തെറ്റിക്കാരില്ല . മുത്തശി അത് സമ്മതിക്കാറുമില്ല.
സുമിത്ര വിളക്ക് വക്കുന്നത് കാണാന്‍ നല്ല ചന്ദമാണ് . കുളിച്ച് കുറിതൊട്ട് ഭക്തിപുരസ്സരം കണ്ണടച്ച് ധ്യാനിച്ച് വിളക്ക് തൊട്ടു വണങ്ങുന്ന സുമിത്ര നിഷ്കളങ്കമായ അഴകാണ് . സഹദേവന്റെ മനസ്സിലെ സുമിത്രയുടെ മയാത്ത ചിത്രവും അതുതന്നെ.
മഞ്ഞ പാവാടയും കറുത്ത ബ്ലൌസും ധരിച്ച് ദീപം ...ദീപം ..ദീപം.. എന്ന് ചെറുനിശ്വാസത്തില്‍ ശബ്ദിക്കുന്ന സുമിത്രയെ മഞ്ഞക്കിളിയെന്നു കളിയാക്കി ചിരിക്കാറുള്ളതും പതുങ്ങിയിരുന്ന് പേടിപ്പിക്കാറുള്ളതും ഓര്‍ത്തു സഹദേവന്‍ .
പെട്ടെന്നാണ് കീശയിലെ റിമോട്ട് ശബ്ദിച്ചത് .
ഒരു അജ്ഞാനുവര്‍ത്തിയെപോലെ സഹദേവന്‍ 10 അടി മുന്നോട്ട് കുതിച്ചു . ഏതോ അനിയന്ത്രിതമായ പ്രേരണയില്‍ അയാളുടെ കൈവിരലുകളിലേതോ ഒന്ന് റിമോട്ടിലെ ചുവന്ന ബട്ടണില്‍ അമര്‍ന്നു .
പിന്നെയൊരു സ്ഫോടനമായിരുന്നു . പൊട്ടിച്ചിതറിയ നിലവിളക്കിലെ എണ്ണ തിരികള്‍ അഗ്നിസര്‍പങ്ങളായി നിലത്ത് ഫണം വിരിച്ചാടി ഇഴഞ്ഞു .
മാംസം കത്തുന്നതിന്റെയും മുടി കരിയുന്നതിന്റെയും ഗന്ധമുണ്ടായിരുന്നു അവിടം നിറയെ.
സുമിത്രയുടെ മഞ്ഞപ്പാവാട പോലെ അഗ്നി ആളിപ്പടര്‍ന്നു . സഹദേവന്‍ നിലത്തുരുണ്ട് തീ അണക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു . കത്തുന്ന എണ്ണയുടെയും തിളച്ചാവിയാവുന്ന വിയര്‍പ്പിന്റെയും ഗന്ധം സഹദേവന്‍ അറിഞ്ഞു.
അകത്തിരുന്ന് കാലും തിരുമ്മിയ മുത്തശിയുടെ കാര്‍ക്കശ്യമുള്ള ശാസന അയാള്‍ കേട്ടു . " എന്താ കുട്ടി വിളക്ക് നിലത്തു ഇട്ട് പൊട്ടിച്ചു ല്ലേ . ശിവ ശിവ ! എന്താ ഈ കാണണേ ..കാലക്കേട് എന്തോ വരണ്ണ്ടല്ലോ കുട്ട്യേ ...."
"ഈ സഹദേവേട്ടന്‍ പേടിപ്പിച്ചിട്ടാ മുത്തശി .." സുമിത്ര പേടിച്ചുപറഞ്ഞു .
"കുട്ട്യോളാന്നാ വിചാരം . വിളക്ക് വക്കണ നേരത്താ കളി ....കാലക്കേട് വിളിച്ചു വരുത്ത്വാ ...സഹദേവാ .......ഇതുപോലെ പൊട്ടിച്ചിതറി ഇല്ല്യാണ്ടാവും സൂക്ഷിച്ചോ ..." മുത്തശിയുടെ ശാസന നീണ്ടു .
സഹദേവന്‍ ആല്‍ത്തറയില്‍ വിയര്‍ത്തുകൊണ്ടിരുന്നു .
അവസാനിച്ചു .
ഡോ .സി.ടി. വില്യം .
No comments:
Post a Comment