Saturday, January 31, 2015

സീതമാര്‍ കരയുകയാണ് ........3



പതിനൊന്ന്         
  
ഇവള്‍ മറ്റൊരു സീത
തിരുവിഴാം കുന്നിറങ്ങിവന്ന  സീത
ഒക്കത്ത് കുശന്‍
ഓടിക്കൊണ്ട്‌, ലവന്‍ പിന്നാലെ
ഈ സീത ഓടിക്കൊണ്ടിരിക്കുന്നു....
കാലങ്ങളോളം.....
തിരുവിഴാം കുന്നിലെ
കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം മുതല്‍
മണ്ണാര്‍കാട് ചന്ത വരേയും
ഈ സീത ഓടിക്കൊണ്ടേയിരിക്കുന്നു.....
ഒന്നല്ല; ദിവസത്തില്‍ അനവധി തവണ.... 
അതും കാലങ്ങളോളം....
അവള്‍ ആരെയോ തേടുകയാണ്
രാമനേയോ.....രാവണനേയോ......
ഇന്നാട്ടുകാര്‍ക്കൊന്നും അത് നിശ്ചയമില്ല.
അവളുടെ ലവകുശന്മാരെ ഏറ്റെടുക്കാന്‍
രാമരാവണന്മാര്‍ ഇല്ലായിരുന്നു.
പാണന്റെ പാട്ടുപോലെ
അവള്‍ പായുകയായിരുന്നു....
ഇടയ്ക്ക് മഹാത്മാ വായനശാലയുടെ
മുറ്റത്ത് ഇത്തിരിനേരം വിശ്രമം....
അവളുടെ പാണപ്പാട്ടിന്
തിരുവിഴാം കുന്നിനേയോ
മണ്ണാര്‍കാടിനേയോ ഉണര്‍നായില്ല
അവരെല്ലാം ഉറക്കം നടിക്കുകയായിരുന്നു....
തിരുവിഴാം കുന്നിലെ ഒരു രാമന്‍
കൃത്യമായിപ്പറഞ്ഞാല്‍
കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ഒരു ഗോപാലന്‍
ബീജദാനം നടത്തിയതാണത്രേ
അവളുടെ ലവകുശന്മാരെ...
രാമഗോപാലന്‍ പിന്നീട്
തിരുവിഴാം കുന്നിന്റെ രാജാവായി
രാജാവിന്ന് പിന്നീട് രാജ്ഞിയുമായി.....
അപ്പോള്‍ കുന്നിറങ്ങിയതാണത്രേ ഈ സീത
തിരുവിഴാം കുന്നിന്റെ സീത
കിതയ്ക്കാതെ ഓടുന്ന സീത
ആരും കേള്‍ക്കാതെ കരയുന്ന സീത.
സീതമാര്‍ കരയുകയാണ്.....
ആരും കേള്‍ക്കാതെ......  

പന്ത്രണ്ട്

ഇവള്‍ തികച്ചും വ്യത്യസ്തയായ മറ്റൊരു സീത
ഭാരതത്തിലെ ഒട്ടുമിക്കവാറും
സര്‍വ്വകലാശാലകളില്‍ ഈ സീതയുണ്ട്
എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രജ്ഞന്മാര്‍ക്ക്
ഡോക്ടര്‍ പട്ടം കൊടുത്തവള്‍ ഈ സീത
സ്വന്തമായി ഡോക്ടര്‍ പട്ടമില്ലാത്തവള്‍ ഈ സീത.
കേരളത്തിലെ വരശ്രേഷ്ടന്മാരായ
നമ്പൂതിരിമാര്‍ ഈ സീതയെ വരഞ്ഞിട്ടുണ്ട്.
ഏകദേശം ആറടിയോളം പൊക്കം
നീണ്ടുവിടര്‍ന്ന പരല്‍മീന്‍ കണ്ണുകള്‍
തൊണ്ടിപ്പഴത്തിന്റെ ചേലുള്ള ചുണ്ടുകള്‍
സമൃദ്ധമായ നിതംബവും മാറിടവും
ആകാരവടിവുകളില്‍ സ്ത്രീസൌന്ദര്യം
കരകള്‍ കവിഞ്ഞൊഴുകുന്നു....
ആടയാഭരണങ്ങളാല്‍ സമൃദ്ധം
ഇവള്‍, എനിക്ക് പരിചിതയായ സീത...
കേരളത്തിനും ഭാരതത്തിനും പ്രിയപ്പെട്ടവള്‍....
അന്നൊരിക്കല്‍ പ്രതിശ്രുത രാമന്‍
അവളോട് പ്രണയാര്‍ദ്രമായി അപേക്ഷിച്ചു....
“ഇനി നീ വിചാരിക്കണം
ഈ ഗവേഷണ പ്രബന്ധം ഒപ്പുവച്ചുകിട്ടാന്‍.”
പ്രതിശ്രുത രാമനല്ലേ,
സീത മനസ്സുകൊണ്ടും ശരീരം കൊണ്ടും വിചാരിച്ചു...
പ്രതിശ്രുത രാമന്‍ ഡോക്ടറായി
അതോടെ അവള്‍ക്ക്
രാമന്റെ ശ്രുതിയും പ്രതിശ്രുതിയും നഷ്ടമായി.
പിന്നീടങ്ങോട്ട് സീത പ്രതികാരാഗ്നിയായി
ഗവേഷണ പ്രബന്ധങ്ങള്‍ തുരുതുരെ ഒപ്പുവച്ചു....
ഡോ. രാമന്മാരുടെ പ്രളയമായി....
അവര്‍ സ്വയംവര പന്തലില്‍
പുതിയ സീതമാരെ തേടി.....
അപ്പോഴും രാമഭക്തിയില്‍
ഈ സീത കരയുകയായിരുന്നു......
ആരും കേള്‍ക്കാതെ......   

പതിമൂന്ന്‍
             
ഇവള്‍.... നമുക്ക് പ്രിയപ്പെട്ട സീതമോള്‍
വെളുത്ത ചിത്രശലഭത്തെ പോലെ
നമുക്ക് ചുറ്റും പാറിപ്പറന്ന മാലാഖ കുട്ടി
നല്ല നമസ്കാരം പഠിച്ച്
ആദ്യകുര്ബ്ബാന സ്വീകരിച്ചവള്‍.
ഇളം നെറ്റിയിലും  നെഞ്ചിലും
പിന്നെ അരക്കുമുകളിലും
കുരിശുവരച്ചു പഠിച്ചവള്‍.
ദൈവത്തിന്റെ പ്രതിപുരുഷന്റെ
പ്രകാശവലയത്തിനുച്ചുറ്റും
നിഷ്കളങ്കമായി ഡാന്‍സ് ചെയ്തവള്‍.
പട്ടക്കാരന്റെ പരിശുദ്ധ സ്പര്‍ശം കൊണ്ട്
ദേവകന്യകയായവള്‍.
ആത്മാതിരേകം കൊണ്ട്
നിര്‍ന്നിമേഷരായ
അവളുടെ അച്ഛനും അമ്മയും
അവളെ അകം നിറയെ ആനന്ദിച്ചു.
അവരുടെ ആനന്ദം
പക്ഷേ നീണ്ടുനിന്നില്ല.
പട്ടക്കാരന്റെ നെറ്റിപ്പട്ടം ഊര്‍ന്നുവീണു
ദേവകന്യയുടെ നാവില്‍
പറ്റിച്ചേര്‍ന്ന  പരിശുദ്ധ അപ്പം
പതിയെ അലിഞ്ഞുടഞ്ഞു.
പട്ടക്കാരന്റെ ത്രീത്വം
അവളുടെ നേര്‍ത്ത ആഴങ്ങളില്‍
കറുത്ത നിറമുള്ള പട്ടം പറത്തി.
അവള്‍ സീതയായി
നിഷ്കളങ്കമായി ഉപേക്ഷിക്കപ്പെട്ട സീത...
ദേവപരാഗണം കൊണ്ട്
തിരസ്കരിക്കപ്പെട്ട സീത...
കരയാനറിയാത്ത അവളുടെ കണ്ണുകള്‍
കലങ്ങിച്ചുവന്നിരുന്നു...
അവള്‍ക്കുവേണ്ടി
സീതമ്മമാര്‍ കരയുകയാണ്....
ആരും കേള്‍ക്കാതെ....... 

പതിനാല്
                     
ഇവള്‍ അറിയപ്പെടാത്ത സീത
ആദരിക്കപ്പെടാത്ത സീത
ആരും അനുഭവിക്കാത്ത സീത
രണ്ടായിരത്തില്‍ പിറന്നവള്‍
ഉഴവുചാലില്‍ ജനിക്കാത്തവള്‍
രാമരാജ്യത്തിന്റെ തണുത്ത താഴ്വാരങ്ങളില്‍
വേട്ടക്കാര്‍ പൊട്ടിച്ച തോക്കിന്‍ കുഴലിലെ
ഗന്ധകപ്പുകയില്‍  നിന്ന് ജനിച്ചവള്‍.
നിരായുധരും നിരാലംബരും നിഷ്കളങ്കരുമായ
പത്തുപേരെയാണ്
ആ തണുത്ത താഴ്വാരങ്ങളില്‍
വേട്ടക്കാര്‍ കൊന്നിട്ടത്
കൊല്ലപ്പെട്ടവരില്‍
ഒരു പാവം വൃദ്ധ.....
ധീരതയ്ക്ക് അവാര്‍ഡ് നേടിയ
ഒരു പാവം പെണ്‍കുട്ടി.....
അവരുടെ ചോരപ്പൂക്കളില്‍ നിന്നും
പിടഞ്ഞുവേര്‍പ്പെട്ട ആത്മാവ്
വെടിപ്പുകയുടെ കുഞ്ഞോളങ്ങളില്‍
ഒരു സീതയെ ജനിപ്പിക്കുകയായിരുന്നു....
രാമരാജ്യത്തില്‍ ജനിച്ച പുതിയ സീത
പുതിയ ഭഗവത്‌ഗീതയുടെ ശില്പി.
വേട്ടക്കാരില്ലാത്ത
വെടിപ്പുകയില്ലാത്ത
നിരായുധരും നിരാലംബരും നിഷ്കളങ്കരുമായ
മനുഷ്യരുടെ ചോര തെറിക്കാത്ത
രാമരാജ്യത്തിന്നായി അവള്‍ ഉപവസിക്കുന്നു
ഉണ്ണാതെ
ഉറങ്ങാതെ
ഉമിനീരിറക്കാതെ
പതിനഞ്ചു വര്‍ഷത്തെ പരിത്യാഗം
സാക്ഷാല്‍ സീതാപരിത്യാഗം.
കെട്ടുപോവാത്ത പ്രണയം
നട്ടുനനക്കാത്ത കവിതകള്‍
സീത ജീവിച്ചുമരിക്കുകയാണ്
അല്ല, മരിച്ചുജീവിക്കുകയാണ്.
ജനാധിപത്യത്തിന്റെ ഭരണഘടന
അവള്‍ക്ക് വോട്ടു നിഷേധിച്ചെങ്കിലും
സ്ഥാനാര്‍ഥിത്വം നിഷേധിച്ചില്ല.
അതുകൊണ്ട് വോട്ടവകാശമില്ലാത്ത
സ്ഥാനാര്‍ഥിത്വം അവള്‍ തിരസ്കരിച്ചു.
കണ്ണുകളില്‍ തീ പടര്‍ത്തി
ഉണ്ണാതെ
ഉറങ്ങാതെ
ഉമിനീരിറക്കാതെ
വേട്ടക്കാരില്ലാത്ത
വെടിപ്പുകയില്ലാത്ത
നിരായുധരും നിരാലംബരും നിഷ്കളങ്കരുമായ
മനുഷ്യരുടെ ചോര തെറിക്കാത്ത
രാമരാജ്യത്തിന്നായി അവള്‍ ചുടുകണ്ണീരൊഴുക്കുന്നു....
അതെ...സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ...... 
  
 പതിനഞ്ച്

ഞാന്‍ സീത
രാമനില്ലാത്തവള്‍
രാമനുപേക്ഷിച്ചവള്‍
പാതിവ്രത്യത്തിന്റെ പരിശുദ്ധി
വിളംബരം ചെയ്യാന്‍
അഗ്നിസാക്ഷിയായവള്‍.
ഞാന്‍ മണ്ണില്‍ പിറന്ന രാജപത്നി
രാമനാല്‍ ഉപേക്ഷിച്ചവള്‍
രാവണനാല്‍ മോഷ്ടിക്കപ്പെട്ടവള്‍
തന്ത്രിക്കും മന്ത്രിക്കും സ്വാമികള്‍ക്കും
വിഷയമായവള്‍.
തന്ത്രസ്ഥലികളിലും
മന്ത്രിമന്ദിരങ്ങളിലും
ശ്രീകോവിലുകളിലും
എന്നെ പൂജക്കെടുത്തിരുന്നു
ഞാനവിടങ്ങളിലെ
വിഭവവും വിഷയവും വിവാദവുമായിരുന്നു.
എന്റെ ശരീരവും ശൃംഗാരവും
തന്ത്രസ്ഥലികളിലും
മന്ത്രിമന്ദിരങ്ങളിലും
ശ്രീകോവിലുകളിലും
ചിത്രപ്പെട്ടികളില്‍ പകര്‍ത്തപ്പെട്ടിരുന്നു.
എനിക്കുവേണ്ടി
ചോദിക്കാനും പറയുവാനും
ആരുമില്ലായിരുന്നു.
രാമനും രാവണനും
എന്നെ പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
പിതൃശൂന്യരായ ലവകുശന്മാരും
എന്നെ എപ്പോഴോ ഉപേക്ഷിച്ചിരുന്നു.
ഞാന്‍ രാജവീഥികളില്‍
നിര്‍ദയം ഉപേക്ഷിക്കപ്പെട്ട രാജപത്നി.
രാമരാജ്യപ്രമാണിമാര്‍
രാമനെ വീണ്ടും രാജാവാക്കി
രാവണനെ നിരുപാധികം വിട്ടയച്ചു.
പ്രതിക്കൂട്ടില്‍
കൂപ്പിയ കയ്യുമായി
കുനിഞ്ഞ ശിരസ്സുമായി
മണ്‍പ്രതിമ കണക്കേ നിന്ന
എന്നിലവശേഷിച്ച സീതയെ
ഏകാന്ത തടവിന്
എന്നേക്കുമായി ശിക്ഷിച്ചു.
മരച്ചുറ്റികയുടെ മുഴക്കത്തില്‍
ആരും കേള്‍ക്കാതെ
സീത കരഞ്ഞുകൊണ്ടിരിക്കുന്നു.....  

തുടരും.....

No comments:

Post a Comment