Monday, February 23, 2015

സീതമാര്‍ കരയുകയാണ് ........4


പതിനാറ്

അവള്‍ പറഞ്ഞു, “ഞാനാണ് യഥാര്‍ത്ഥ സീത...
എന്റെ കഥയാണ് എഴുതേണ്ടത്....”
ഞാന്‍ എഴുതുമെന്നും
എഴുതില്ലെന്നും പറഞ്ഞില്ല.
അവളോട്‌ കഥ പറയണമെന്നും
പറയേണ്ടെന്നും പറഞ്ഞില്ല.
ഉപേക്ഷിക്കപ്പെട്ട മുത്തശ്ശിയേപോലെ
തെരുവോരത്തെ പുരയുടെ
ഉമ്മറത്തെ ചിതലെടുത്ത തൂണ്‌ചാരി
അവള്‍ പാഞ്ചാലിയെപോലെ
കഥയഴിക്കുകയായിരുന്നു..... 
എത്ര നനച്ചിട്ടും
വളരാത്ത, തളരാത്ത
മുറ്റത്തെ പ്രിന്‍സ് ചെടി കണക്കെ
ഞാനവിടെ നിലയുറപ്പിച്ചിരുന്നു.....
“ഞങ്ങളെപോലുള്ളവര്‍ക്ക്
ഗതിയില്ല, യതിയില്ല....ദുര്‍ഗതി മാത്രം.
എന്റെ രാമന്‍, രാമനായിരുന്നില്ല;
രാമക്കുപ്പായം ധരിച്ച
സാക്ഷാല്‍ രാവണനായിരുന്നു.
അയാള്‍ അച്ഛനൊപ്പം
മദോന്മത്തനാവുന്നതും
അച്ഛന്റെ മാത്രം മാംസവിഹിതമായ
അമ്മയോടൊപ്പം
മദിരോത്സവമാവുന്നതും
ഞങ്ങള്‍ കണ്ടിട്ടുണ്ട്.
മദോന്മാദവും  മദിരോത്സവവും
എന്നിലേക്കെത്തും മുമ്പ്
അമ്മ എന്നെ
അയാളിലേക്ക് എത്തിക്കുകയായിരുന്നു.....
ഞാന്‍ ഒരു അഭയാര്‍ഥി മാത്രം....
നിയമപരമായി
ആര്‍ക്കും മാനഭംഗപ്പെടുത്തവുന്ന അഭയാര്‍ഥി.
എന്റെ മുലഞ്ഞെട്ടിലും
നാഭിക്കുഴിയിലും
യോനീമുഖത്തും
വേഷപ്രച്ചന്നനായ രാമന്‍
കത്തുന്ന സിഗരറ്റ് കെടുത്തിക്കൊണ്ടിരുന്നു....
എന്റെ രാമന്റെ ചവിട്ടേറ്റ്
അഹല്യാ ശരീരത്തിന്റെ
നെഞ്ചും ഗര്‍ഭവും കലങ്ങി....പലവട്ടം....
ഞാന്‍ ശാപമോക്ഷമില്ലാത്ത അഹല്യ....
എന്റെ മക്കളും....അമ്മയും.....
തനിയാവര്‍ത്തനം ആഗ്രഹിക്കാത്ത-
ഞങ്ങള്‍ അഹല്യമാരാണ്,
സാക്ഷാല്‍ ശാപമോക്ഷത്തിനായ്  
വേഷപ്രച്ചന്നനായ രാമന്റെ കഴുത്തറത്തത്.”
രക്ത നക്ഷത്രങ്ങളെ ശരീരത്തിലണിഞ്ഞ്
അഹല്യമാര്‍ പോലീസ് വണ്ടിയില്‍ പോകുമ്പോള്‍
നേര്‍ത്ത തേങ്ങലുകള്‍ കേള്‍ക്കാം....
സീതമാര്‍ കരയുകയാണ് .......
ആരും കേള്‍ക്കാതെ......

പതിനേഴ്‌

ഞാന്‍ കൊലക്കത്തിയേന്തിയ സീത
രാമനെ വെട്ടിക്കൊലപ്പെടുത്തിയവള്‍
ഞാന്‍ നിങ്ങള്‍ അംഗീകരിക്കാത്ത
പരിശുദ്ധ കൊലയാളി, വിശുദ്ധ സീത.
അമ്പത്തിമൂന്നുമണി ജപം
അനന്തമായി ഉരുട്ടിയവള്‍ ഞാന്‍
അമ്പത്തിമൂന്നുമണി ഉരുട്ടിയുരുട്ടി
അഞ്ചുവിരലിലും ചോര പൊടിഞ്ഞവള്‍.
ഞാന്‍ പിഴയാളി പാതി ചൊല്ലി
കുമ്പസാരക്കൂട്ടില്‍ കരഞ്ഞവള്‍
പിന്നെ മറുപാതി ചൊല്ലി
പ്രായശ്ചിത്തം ചെയ്തവള്‍
എന്നിട്ടും രാമനെ കൊല്ലേണ്ടിവന്നവള്‍.
രാമന്‍ നിഷ്കളങ്കനാണ്
നിരപരാധിയാണ്
പരിശുദ്ധനാണ്‌
പക്ഷേ എനിക്ക് പ്രാപ്യമല്ലായിരുന്നു.
രാമന്‍ പാര്‍ട്ടിക്കാരനല്ലായിരുന്നു
എന്നിട്ടും രാമനെ അവര്‍ പാര്‍ട്ടിക്കാരനാക്കി
എന്നാല്‍ രാമന്‍ പാര്‍ട്ടി ആപ്പീസിലുണ്ടാവാറില്ല
അതുകൊണ്ട് പ്രത്യയശാസ്ത്രം പഠിച്ചില്ല
ആയോധനശാസ്ത്രം ആവോളം പഠിച്ചു. 
രാമന്‍ എന്നും ജയിലിലായിരുന്നു.
പ്രതിയോഗികളെ വെട്ടിയും കുത്തിയും കൊന്നും
രാമന്‍ പേരുകേട്ട പാര്‍ട്ടിക്കാരനായി.
രാമന്‍ എന്റെ ഭര്‍ത്താവാണെന്ന് അറിഞ്ഞിട്ടും
അവര്‍ രാമനെ സഖാവാക്കി.
എനിക്കെന്റെ രാമനെയാണ് വേണ്ടിയിരുന്നത്
സഖാവ് രാമനെയായിരുന്നില്ല.
ഓരോ ജയില്‍വാസത്തിനുശേഷവും
രാമന്‍ എനിക്കോരോ കുഞ്ഞിനെ തന്നു
എന്റെ കുഞ്ഞുങ്ങള്‍ക്കെന്നും
രാമന്‍ അച്ഛനായിരുന്നില്ല
രാമന്‍ അവര്‍ക്കും എനിക്കും
എന്നും അതിഥിയായിരുന്നു.
എനിക്കെന്റെ രാമനേയും
കുഞ്ഞുങ്ങളുടെ അച്ചനേയുമാണ് വേണ്ടത്
അതിഥിയായ സഖാവ് രാമനെയല്ല.
രാമനും ഇതൊക്കെ അറിയാം
പക്ഷേ രാമനെന്നും തടവറയിലായിരുന്നു
രാമന്റെ മാത്രം തടവറ.
രാമനറിയാത്ത രാമന്റെ യാത്ര
എന്നും, ഹിംസയില്‍ നിന്നും 
ഹിംസയിലേക്കായിരുന്നു.
ചോരയും ചോരബന്ധവും രാമനെന്നും,
കൊലക്കത്തിയുടെ  ചുവന്ന വിസര്‍ജ്ജ്യമായിരുന്നു.
എന്റെ കാലങ്ങളില്‍ ഞാന്‍ ചിന്തിയ ചോര
രാമന്‍ അറിഞ്ഞിരുന്നില്ല.
രാമന്‍ അതറിയണം
അതുകൊണ്ടാണ്
ഞാന്‍ രാമനെ കൊന്നത്.
സുവിശേഷകാരന്‍ പറഞ്ഞ
ഫലം തരാത്ത രാമവൃക്ഷത്തെയാണ്
ഞാന്‍ കൊല ചെയ്തത്
സഖാവ് രാമനെയല്ല.
അതുകൊണ്ടുതന്നെ
പാര്‍ട്ടിക്ക് സന്തോഷിക്കാം
ഓരോ വര്‍ഷവും പൂക്കുന്ന
രക്തസാക്ഷി മണ്ഡപവും രണഭേരിയും ഒഴിവാക്കാം.
പക്ഷേ സീതയ്ക്ക് ഒഴിവാക്കാനെന്തുണ്ട്
അറിയാതെ ഒഴുകുന്ന കണ്നീരല്ലാതെ......
സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ.......   

പതിനെട്ട്

1919 ഏപ്രില്‍ 13
രണ്ട് ഇന്ത്യന്‍ സമരഭടന്മാരായ
ഡോ. സത്യപാലിന്റെയും ഡോ. സൈഫുദീന്റെയും
അറസ്റ്റില്‍ പ്രതിഷേധിച്ച്
സുവര്‍ണ്ണ ക്ഷേത്രത്തിന്നരികെ
ജാലിയന്‍ വാലാ ബാഗ്ഗില്‍
സമാധാനപരമായി തടിച്ചുകൂടിയ
ഇന്ത്യന്‍ ജനതക്കുനേരെ ബ്രിട്ടീഷ് പട്ടാള മേധാവി
ജനറല്‍ ഡയര്‍ നിറയൊഴിച്ചു
വെടിമരുന്ന് തീരുംവരെ.
ജനറല്‍ ഡയര്‍ കൊന്നിട്ടത് ആയിരം പേരെ
മുറിവേല്‍പ്പിച്ചിട്ടത് ആയിരത്തിലധികം പേരെ.
സംഭവത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍
അന്വേഷണത്തിന്ന് ഉത്തരവിട്ടു.
1920 ല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ജനറല്‍ ഡയര്‍ കുറ്റക്കാരന്‍; ശിക്ഷയില്ല.
ജനറല്‍ ഡയറും രക്തസാക്ഷികളും
ജാലിയന്‍ വാലാ ബാഗും
ചരിത്രത്തിലെ സ്മാരക ശിലകളായി.

1991 ഫെബ്രുവരി 23
ഇല്ലാത്ത തീവ്രവാദികളെ വേട്ടയാടാന്‍
രജപുത്തന്‍ സൈനിക ശ്രേണിയിലെ
125 ഇന്ത്യന്‍ പട്ടാളക്കാര്‍
കാശ്മീരിലെ കുപ്വാര താഴ്വാരങ്ങളിലെ
കുനോന്‍ പൊഷ്പോറ ഗ്രാമങ്ങളില്‍ അഴിഞ്ഞാടി
ഗ്രാമങ്ങളിലെ ആണുങ്ങളെ മുഴുവന്‍ ബന്ദികളാക്കി
രേതസ്സ് നിറച്ച തോക്കുകളുമായി പട്ടാളം 
അമ്പത്തിമൂന്നു പെണ്ണുങ്ങളുടെ മാനം കെടുത്തി.
അവരില്‍ പതിമൂന്നുകാരിയും
പൂര്‍ണ്ണ ഗര്‍ഭിണിയും
എഴുപത് തികഞ്ഞ മുത്തശ്ശിയുമുണ്ടായിരുന്നു
ഒരൊറ്റ തീവ്രവാദിയേയും പിടികൂടിയില്ല.
ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല പോലെ
കുനോന്‍ പൊഷ്പോറ കൂട്ടമാനഭംഗവും
ഇന്ത്യാ ചരിത്രത്തിലെ കറുത്ത ലിപികളായി.
ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍
ഒരു വര്‍ഷത്തിന്നുള്ളില്‍ അന്ത്യവിധി വന്നു
എന്നാല്‍ കുനോന്‍ പൊഷ്പോറ കൂട്ട മാനഭംഗത്തില്‍
കാല്‍ നൂറ്റാണ്ട് കഴിഞ്ഞും വിധിയില്ല.
ആദ്യത്തേത് നൂറ്റാണ്ടിലേക്ക് നീളുന്ന ഭ്രാതൃഹത്യ
രണ്ടാമത്തേത് കാല്‍ നൂറ്റാണ്ടിലെത്തിയ മാതൃഹത്യ.
ജനറല്‍ ഡയര്‍ കൊന്നിട്ടത് ശത്രുവിനെ
രജപുത്തന്‍ പട്ടാളം കൊന്നിട്ടത്
ഭാരത സംസ്കാരത്തെ! ഭാരത സ്ത്രീത്വത്തെ!       
പതിമൂന്നുകാരിയും
പൂര്‍ണ്ണ ഗര്‍ഭിണിയും
എഴുപത് തികഞ്ഞ മുത്തശ്ശിയുമടക്കം
അമ്പത്തിമൂന്ന് സീതാത്മാക്കളെ!
ഇന്ത്യന്‍ പട്ടാളക്കാരന്റെ കാമാസ്ത്രം തറച്ച
കാശ്മീരി പെണ്‍കുട്ടി പ്രസവിച്ച
കുഞ്ഞിന്റെ കയ്യോടിഞ്ഞിരുന്നു
ഇന്ത്യന്‍ പട്ടാളത്തിന്റെ കനത്ത കാലുറ
അവളുടെ ഗര്‍ഭം കലക്കിയിരുന്നു
കുഞ്ഞിന്റെ ചെറുത്തുനില്‍പ്പില്‍
ഇളംകൈ ഒടിഞ്ഞതാവാം.
വേട്ടക്കാരന്‍, രാജ്യത്തിന്റെ പട്ടാളവും
ഇര, രാജ്യത്തിന്റെ സ്ത്രീത്വവുമായാല്‍
അന്വേഷണം ഉണ്ടാവാന്‍ പാടില്ല.
അതുകൊണ്ട് അഭ്യന്തര-ആഗോളാന്തര
മനുഷ്യാവകാശം മുട്ടുകുത്തി പ്രാര്‍ഥിച്ചു
ഭാരതമാത അവരുടെ പ്രാര്‍ത്ഥന കേട്ടു
അന്ത്യവിധി വന്നു
ഫെബ്രുവരി 23, കാശ്മീരി പെണ്ണുങ്ങളുടെ
ചെറുത്തുനില്‍പ്പിന്റെ ദിനമായ് ആചരിക്കും.
ഭാരത മാതാവിന്റെ കാരുണ്യത്തില്‍
സീതാത്മാക്കള്‍ക്ക് കരയാന്‍
ഓര്‍ത്തോര്‍ത്ത് നെടുവീര്‍പ്പിടാന്‍
ഒരു ദിവസം കൂടി, ഫെബ്രുവരി 23.
സീതമാര്‍ ഇന്നും കരയുകയാണ്
ഇന്നലേയും കരയുകയായിരുന്നു....
ആരും കേള്‍ക്കാതെ .........   


പത്തൊമ്പത്

ഭാരതത്തിന്‍റെ മകളെ കുറിച്ച് ബ്രിട്ടന്‍റെ മകള്‍
ഇംഗ്ലീഷില്‍ എഴുതിയ ഹ്രസ്വ ചിത്രം കണ്ടു.
‘മെയ്ഡ് ഇന്‍ ബ്രിട്ടന്‍’  എന്നുമാത്രം പറയാവുന്ന ഒരു ശരാശരി ഉല്പന്നം. ഉല്പന്നത്തിന്‍റെ വിപണി അപകടപ്പെടുമെന്ന ഭയാശങ്കയില്‍ കഴിഞ്ഞിരുന്ന
മദാമ സംവിധായികയെ രക്ഷിച്ചതും ഭാരതം തന്നെ.

വിദേശ ഉല്പന്നങ്ങളെ സ്വന്തം മണ്ണില്‍ വിറ്റുകാശാക്കുന്ന
ഭാരതീയ കച്ചവട സ്വഭാവത്തിന്ന്‍
യാതൊരുവിധ മാറ്റവുമുണ്ടായിട്ടില്ലെന്ന്‍
ഈ ചിത്രത്തിന്‍റെ നിരോധന കഥകള്‍ വ്യക്തമാക്കുന്നു.

‘ഭാരതത്തിന്‍റെ മകള്‍’ ഒരു കച്ചവട ചരക്കാണ്.
ഇതിന്റെ നിര്‍മ്മിതിയില്‍ പ്രത്യേകിച്ചൊരു സാമൂഹ്യശാസ്ത്രമോ സൌന്ദര്യശാസ്ത്രമോ ഗവേഷണമോ കാണാനാവില്ല.
നമ്മുടെ പത്രങ്ങള്‍ പള്ളിപ്പെരുന്നാളിന്നും
അമ്പല പറമ്പിലെ ഉത്സവങ്ങള്‍ക്കും മറ്റും
തയ്യാറാക്കുന്ന ഒരു സചിത്ര സപ്ലിമെന്‍റ് പോലൊരു മാധ്യമ മാലിന്യം.

സത്യസന്ധമായി അന്വേഷിച്ചാല്‍ ഒരുപക്ഷേ
ലക്ഷങ്ങളുടെയോ കോടികളുടെയോ
മാധ്യമ ദല്ലാള്‍ പണമൊഴുക്കിയതിന്‍റെ കഥകള്‍ പുറത്തെടുക്കാം.
ഭാരതത്തിന്‍റെ ടിവി ചാനലുകളില്‍ നിന്ന്‍ വിലകൊടുത്ത് വാങ്ങിയ ദൃശ്യാവശിഷ്ടങ്ങളും, പണം കൊടുത്ത് പറയിപ്പിച്ച
സാമൂഹ്യശാസ്ത്ര-നീതിശാസ്ത്ര-മനശാസ്ത്ര ജല്പനങ്ങളും,
ചിത്രത്തിന്‍റെ തിരശീലക്ക് അപ്പുറത്ത്
അണിയിച്ചൊരുക്കിയ അവിശുദ്ധമായ അശരീരിയും
അവിദഗ്ദമായി തുന്നിച്ചേര്‍ത്തുണ്ടാക്കിയ
ഒരു കണ്ടം വച്ച കോട്ടാണ് ‘ഭാരതത്തിന്‍റെ മകള്‍’.

ഏതൊരു പ്രേക്ഷക സമൂഹവും
യാതൊരുവിധ ശങ്കയും കൂടാതെ തള്ളി ക്കളയുമായിരുന്ന
ഈ ചിത്രത്തിന്‍റെ നിരോധനത്തിന്‍റെ പിന്നില്‍
അതിഗൂഡവും അവിശുദ്ധവുമായ ഭാരതീയ രാഷ്ട്രീയ കച്ചവട തന്ത്രമുണ്ട്. ഇത്തരം കച്ചവട തന്ത്രങ്ങളില്‍
എക്കാലത്തും വിജയിച്ചുപോന്ന ബ്രിട്ടന്‍
ഇവിടെയും വിജയിച്ചു. അത്രമാത്രം.

‘ഭാരതത്തിന്‍റെ മകള്‍’ എന്ന വികലകലാരൂപത്തില്‍ ഇല്ലാതെ പോയത്
ഭാരതവും ഭാരതത്തിന്റെ മകളുമാണ്.
ചിത്രം മുഴുവനും നിറഞ്ഞുനില്‍ക്കുന്നത് ബ്രിട്ടന്‍റെ മകളാണ്.
കപടവേഷം കെട്ടിയ സാമൂഹ്യശാസ്ത്രത്തിന്റെയും നീതിശാസ്ത്രത്തിന്റെയും സൌന്ദര്യശാസ്ത്രത്തിന്റെയും പൊയ്മുഖങ്ങളാണ്. 
മുഖം നഷ്ടപ്പെട്ട അഭിമുഖങ്ങളുടെ ശ്മശാന നിശബ്ദതയാണ്.

വേട്ടക്കാര്‍ വീരാരാധനാ മൂര്‍ത്തികളാവുന്ന
ഈ ആഭിചാരക്രിയയില്‍
ഇരകള്‍ക്ക് കാര്യമായ സ്ഥാനമുണ്ടായിരുന്നില്ല.
വേട്ടക്കാര്‍ ശിവപ്രതിഷ്ഠ അലങ്കരിക്കുന്ന ക്ഷേത്രാങ്കണങ്ങളില്‍
പിച്ചിയിട്ട പൂവിതളുകള്‍ മാത്രമായിരുന്നു ഇവിടെ ഇരകള്‍.

ബ്രിട്ടീഷ് നിര്‍മ്മിതിയിലുള്ള ഈ കച്ചവട ശില്‍പ്പത്തില്‍
ചൈതന്യം തുളുമ്പുന്ന ഒരേയൊരു ഭാവം
ഇരയുടെ അമ്മയുടെ തേങ്ങലുകളും
വറ്റിയുണങ്ങിയ കണ്ണീര്‍ തടങ്ങളില്‍ നിന്ന്‍
വിങ്ങിയൊഴുകുന്ന കണ്നീരുമായിരുന്നു.
സാക്ഷാല്‍ സീതമ്മയുടെ കണ്ണീര്‍.
സീതമാര്‍ കരയുകയാണ്. ഇന്നും. ആരും കേള്‍ക്കാതെ.
നമ്മുടെ മാധ്യമങ്ങള്‍ കാണാതെ പോവുന്നതും
കേള്‍ക്കാതെ പോവുന്നതും ഈ ഭാരതീയഭാവമായിരുന്നു.
ഭാരതീയ രോദനമായിരുന്നു.
മാധ്യമങ്ങള്‍ ദല്ലാള്‍ പണി നടത്തുമ്പോള്‍ ഇത്തരം ഭാവങ്ങള്‍ക്കും രോദനങ്ങള്‍ക്കും എന്ത് പ്രസക്തി?
എല്ലാവര്‍ക്കും  പ്രിയപ്പെട്ടത്
പതിവ് മാര്‍ച്ച് എട്ടിന്‍റെ പണിതന്നെ.
കേവലം മാധ്യമ പണി. 


ഇരുപത്

ആര്‍ത്തനാദങ്ങള്‍ അണയുന്നില്ല
അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല
സീതമാര്‍ കരഞ്ഞുകൊണ്ടേയിരിക്കുന്നു....
ഇവള്‍ മറ്റൊരു സീത
ഹൃദ്രോഗിയായ സീത
മരണം കാത്തുകഴിയുന്ന
മറ്റൊരു സീത.
ഇവളുടെ പ്രിയരാമനും രോഗശയ്യയിലാണ്
അച്ഛനും അമ്മയും മരണശയ്യയിലാണ്
പ്രാരബ്ദങ്ങളുടെ നടുക്കടലില്‍
ഇവളുടെ മക്കള്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇവള്‍ ദിവസക്കൂലിക്ക് വന്നതാണിവിടെ
എന്റെ സര്‍വ്വകലാശാലയില്‍
അമ്പത്തൊമ്പത് ദിവസത്തെ
തൊഴിലായുസ്സ് കല്പിച്ചിട്ടുണ്ട് ഇവള്‍ക്ക് ഇവിടെ.
ശീതീകരിച്ച മുറിയില്‍
കമ്പ്യുട്ടറുകളുടെ ഊഷ്മാവില്‍
അവളുടെ ഹൃദയമിടിപ്പ്‌
കൂടിക്കൂടി വരുന്നത്
അവള്‍ അറിഞ്ഞിരുന്നു.
ഒരു ശാസ്ത്രജ്ഞനാണ്
അവള്‍ക്ക് തൊഴിലായുസ്സ് കല്പിക്കുന്നത്.
അയാള്‍ക്ക് അവളുടെ ആയുസ്സിനോടൊപ്പം
തൊഴിലായുസ്സും കൂട്ടാം കുറയ്ക്കാം.
അയാളുടെ കണ്ണുകളില്‍, കരചരണങ്ങളില്‍
അവളുടെ ആയുസ്സ്
പെന്‍ഡുലം പോലെ ആടിക്കൊണ്ടിരുന്നു.
അയാള്‍ കസേലക്ക് പിറകില്‍ വരുമ്പോള്‍
അവളുടെ ഹൃദയമിടിപ്പ്‌ കൂടും.
അന്നൊരു ദിവസം
അങ്ങനെ അവളുടെ ഹൃദയം മുറിഞ്ഞു.
ഒരു ശാസ്ത്രജ്ഞന്റെ
പൌരുഷത്തിന്റെ മാംസ കഷണം
അവളുടെ പിന്‍കഴുത്തില്‍
രവിവര്‍മ്മ ചിത്രം വരഞ്ഞു.
അവളുടെ ശബ്ദം പുറത്തുവന്നില്ല
അവള്‍ക്കുവേണ്ടി മറ്റാരുടെയോ
ശബ്ദം പുറത്തുവന്നു.
അവളുടെ തൊഴിലായുസ്സിന്റെ പുസ്തകം
താനേ അടഞ്ഞു.
പിന്നെ അന്വേഷണങ്ങള്‍.....
റിപ്പോര്‍ട്ടുകള്‍....ചര്‍ച്ചകള്‍.....
ഇംഗ്ലീഷ് അറിയാത്ത അവള്‍ക്കുവേണ്ടി
ഇംഗ്ലീഷില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ഇങ്ങനെ.....
The scientist was standing beside her chair
And indulged in some actions;
Brushing his private masculine parts on her shoulder
After opening the zip of the trouser,
This charged heavy sexual harassment
And was unbearable.
She was suffering from crucial mental agony
Because of wide publicity through mass media.
The committee recommends the institution
To take appropriate disciplinary action
So that similar incidents should not be repeated in future.
ഇംഗ്ലീഷ് അറിയാത്ത സീതയുടെ
ഹൃദയം കൂടുതല്‍ മുറിഞ്ഞില്ല.
അന്വേഷണങ്ങളില്‍ നിന്ന്
അന്വേഷണങ്ങളിലേക്ക്
മാസങ്ങളും പിന്നെ വര്‍ഷവും കടന്നുപോയി.
അവളുടെ ഹൃദയമിടിപ്പിനൊപ്പം
പ്രിയരാമന്റെ ചങ്കിടിപ്പും
അച്ഛന്റേയും അമ്മയുടേയും
മരണശയ്യയിലെ രോദനങ്ങളും
ക്ലാസ് മുറിയില്‍ നിന്നുള്ള
കുട്ടികളുടെ നെടുവീര്‍പ്പുകളും
മരണ രഥത്തിന്‍റെ ചക്രങ്ങള്‍ പോലെ കരഞ്ഞു.
അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും
അവസാനിച്ചിരുന്നില്ല.
സുപ്രീംകോടതിയുടെ  വിശാഖ കേസ്സിന്റെ
ജാഗ്രതയില്‍ റിപ്പോര്‍ട്ട് തടഞ്ഞുനിന്നു.
ഇംഗ്ലീഷ് അറിയാത്ത അവള്‍ക്കുവേണ്ടി
ഇംഗ്ലീഷില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ഇങ്ങനെ.....
In an academic environment, such allegations of
Misbehavior cannot be viewed lightly.
Hence recommended that
In the light of the Vishakha case of Supreme Court,
Which clearly applicable to all institutions,
Pursuant to the Article 12 of the constitution of India,
There is dire need for an institution level
Apex committee to decide upon such situation.
ഒടുവില്‍ ശാസ്ത്രജ്ഞന്‍ തിരിച്ചെത്തി
ശീതീകരിച്ച മുറിയില്‍
പൌരുഷത്തിന്റെ വിജയാഹ്ലാദമുണ്ടായി
കമ്പ്യുട്ടറുകളുടെ ഊഷ്മാവില്‍
മറ്റൊരു സീത വെന്തു നീറാനെത്തി....
ആര്‍ത്തനാദങ്ങള്‍ അണയുന്നില്ല
അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല
സീതമാര്‍ കരഞ്ഞുകൊണ്ടേയിരിക്കുന്നു....
ആരും കേള്‍ക്കാതെ...........    
 

തുടരും.....  

No comments:

Post a Comment