Friday, March 6, 2015

മാര്‍ച്ച് എട്ടിന്‍റെ പണി


എല്ലാവര്‍ക്കും  പ്രിയപ്പെട്ടത് മാര്‍ച്ച് എട്ടിന്‍റെ പണിതന്നെ.
കേവലം മാധ്യമ പണി.

ഭാരതത്തിന്‍റെ മകളെ കുറിച്ച് ബ്രിട്ടന്‍റെ മകള്‍ ഇംഗ്ലീഷില്‍ എഴുതിയ ഹ്രസ്വ ചിത്രം കണ്ടു. ‘മെയ്ഡ് ഇന്‍ ബ്രിട്ടന്‍’  എന്നുമാത്രം പറയാവുന്ന ഒരു ശരാശരി ഉല്പന്നം. ഉല്പന്നത്തിന്‍റെ വിപണി അപകടപ്പെടുമെന്ന ഭയാശങ്കയില്‍ കഴിഞ്ഞിരുന്ന മദാമ സംവിധായികയെ രക്ഷിച്ചതും ഭാരതം തന്നെ.

വിദേശ ഉല്പന്നങ്ങളെ സ്വന്തം മണ്ണില്‍ വിറ്റുകാശാക്കുന്ന ഭാരതീയ കച്ചവട സ്വഭാവത്തിന്ന്‍ യാതൊരുവിധ മാറ്റവുമുണ്ടായിട്ടില്ലെന്ന്‍ ഈ ചിത്രത്തിന്‍റെ നിരോധന കഥകള്‍ വ്യക്തമാക്കുന്നു.

‘ഭാരതത്തിന്‍റെ മകള്‍’ ഒരു കച്ചവട ചരക്കാണ്. ഇതിന്റെ നിര്‍മ്മിതിയില്‍ പ്രത്യേകിച്ചൊരു സാമൂഹ്യശാസ്ത്രമോ സൌന്ദര്യശാസ്ത്രമോ ഗവേഷണമോ കാണാനാവില്ല. നമ്മുടെ പത്രങ്ങള്‍ പള്ളിപ്പെരുന്നാളിന്നും അമ്പല പറമ്പിലെ ഉത്സവങ്ങള്‍ക്കും മറ്റും തയ്യാറാക്കുന്ന ഒരു സചിത്ര സപ്ലിമെന്‍റ് പോലൊരു മാധ്യമ മാലിന്യം.

സത്യസന്ധമായി അന്വേഷിച്ചാല്‍ ഒരുപക്ഷേ ലക്ഷങ്ങളുടെയോ കോടികളുടെയോ മാധ്യമ ദല്ലാള്‍ പണമൊഴുക്കിയതിന്‍റെ കഥകള്‍ പുറത്തെടുക്കാം. ഭാരതത്തിന്‍റെ ടിവി ചാനലുകളില്‍ നിന്ന്‍ വിലകൊടുത്ത് വാങ്ങിയ ദൃശ്യാവശിഷ്ടങ്ങളും, പണം കൊടുത്ത് പറയിപ്പിച്ച സാമൂഹ്യശാസ്ത്ര-നീതിശാസ്ത്ര-മനശാസ്ത്ര ജല്പനങ്ങളും, ചിത്രത്തിന്‍റെ തിരശീലക്ക് അപ്പുറത്ത് അണിയിച്ചൊരുക്കിയ അവിശുദ്ധമായ അശരീരിയും അവിദഗ്ദമായി തുന്നിച്ചേര്‍ത്തുണ്ടാക്കിയ ഒരു കണ്ടം വച്ച കോട്ടാണ് ‘ഭാരതത്തിന്‍റെ മകള്‍’.

ഏതൊരു പ്രേക്ഷക സമൂഹവും യാതൊരുവിധ ശങ്കയും കൂടാതെ തള്ളി ക്കളയുമായിരുന്ന ഈ ചിത്രത്തിന്‍റെ നിരോധനത്തിന്‍റെ പിന്നില്‍ അതിഗൂഡവും അവിശുദ്ധവുമായ ഭാരതീയ രാഷ്ട്രീയ കച്ചവട തന്ത്രമുണ്ട്. ഇത്തരം കച്ചവട തന്ത്രങ്ങളില്‍ എക്കാലത്തും വിജയിച്ചുപോന്ന ബ്രിട്ടന്‍ ഇവിടെയും വിജയിച്ചു. അത്രമാത്രം.

‘ഭാരതത്തിന്‍റെ മകള്‍’ എന്ന വികലകലാരൂപത്തില്‍ ഇല്ലാതെ പോയത് ഭാരതവും ഭാരതത്തിന്റെ മകളുമാണ്. ചിത്രം മുഴുവനും നിറഞ്ഞുനില്‍ക്കുന്നത് ബ്രിട്ടന്‍റെ മകളാണ്. കപടവേഷം കെട്ടിയ സാമൂഹ്യശാസ്ത്രത്തിന്റെയും നീതിശാസ്ത്രത്തിന്റെയും സൌന്ദര്യശാസ്ത്രത്തിന്റെയും പൊയ്മുഖങ്ങളാണ്.  മുഖം നഷ്ടപ്പെട്ട അഭിമുഖങ്ങളുടെ ശ്മശാന നിശബ്ദതയാണ്.

വേട്ടക്കാര്‍ വീരാരാധനാ മൂര്‍ത്തികളാവുന്ന ഈ ആഭിചാരക്രിയയില്‍ ഇരകള്‍ക്ക് കാര്യമായ സ്ഥാനമുണ്ടായിരുന്നില്ല. വേട്ടക്കാര്‍ ശിവപ്രതിഷ്ഠ അലങ്കരിക്കുന്ന ക്ഷേത്രാങ്കണങ്ങളില്‍ പിച്ചിയിട്ട പൂവിതളുകള്‍ മാത്രമായിരുന്നു ഇവിടെ ഇരകള്‍.

ബ്രിട്ടീഷ് നിര്‍മ്മിതിയിലുള്ള ഈ കച്ചവട ശില്‍പ്പത്തില്‍ ചൈതന്യം തുളുമ്പുന്ന ഒരേയൊരു ഭാവം ഇരയുടെ അമ്മയുടെ തേങ്ങലുകളും വറ്റിയുണങ്ങിയ കണ്ണീര്‍ തടങ്ങളില്‍ നിന്ന്‍ വിങ്ങിയൊഴുകുന്ന കണ്നീരുമായിരുന്നു. സാക്ഷാല്‍ സീതമ്മയുടെ കണ്ണീര്‍. സീതമാര്‍ കരയുകയാണ്. ഇന്നും. ആരും കേള്‍ക്കാതെ. നമ്മുടെ മാധ്യമങ്ങള്‍ കാണാതെ പോവുന്നതും കേള്‍ക്കാതെ പോവുന്നതും ഈ ഭാരതീയഭാവമായിരുന്നു. ഭാരതീയ രോദനമായിരുന്നു. മാധ്യമങ്ങള്‍ ദല്ലാള്‍ പണി നടത്തുമ്പോള്‍ ഇത്തരം ഭാവങ്ങള്‍ക്കും രോദനങ്ങള്‍ക്കും എന്ത് പ്രസക്തി? എല്ലാവര്‍ക്കും  പ്രിയപ്പെട്ടത് പതിവ് മാര്‍ച്ച് എട്ടിന്‍റെ പണിതന്നെ. കേവലം മാധ്യമ പണി.

ഡോ. സി.ടി. വില്യം         


                                                                                                         

1 comment:

  1. Hi Williams,
    I think and understand from the reports that it's a true story depicted in reality of what has happened in India. Since I could not watch the pic i can't say anything more. Anyways thanks for your view. Have a happy weekend. :-)
    ~philp

    ReplyDelete