Saturday, March 14, 2015

എന്താണ് ബജറ്റ്? കൌടില്യന്‍ എഴുതിവച്ച അര്‍ത്ഥശാസ്ത്രമാണ് അത്.



ഒരു ജനതയുടെ എല്ലാ ദുരന്തങ്ങള്‍ക്കും ഉത്തരവാദി ഭരണകൂടമാണെന്ന് പറയുമ്പോഴും ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കണക്കാണെന്ന് പറയുമ്പോഴും നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്ന ഒന്നുണ്ട്. കുറ്റാരോപിതമായ ഭരണകൂടത്തിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അസ്ഥി ക്കൂട മാവുന്ന ജനത തന്നെ എന്ന സാര്‍വ്വലൌകികമായ സത്യം.

ഈ കുറിപ്പെഴുതുന്ന ഞാനടക്കമുള്ള ജനത സത്യസന്ധമായി അവരുടെ സത്യാ-ധര്‍മ്മ-നീതിബോധത്തിന്ന്‍ അനുസൃതമായി ജീവിക്കുന്നുണ്ടോ എന്ന അവരവരോട് തന്നെ  ചോദിക്കേണ്ട ചോദ്യം വേണ്ടും വിധത്തില്‍ ചോദിക്കു ന്നുണ്ടോ? ഉത്തരം കണ്ടെത്തുന്നുണ്ടോ? കണ്ടെത്തുന്ന ഉത്തരത്തിന്ന്‍ അനു യോജ്യമായ വിധത്തില്‍ ജീവിതത്തെ പ്രാവര്‍ത്തികമാക്കുന്നുണ്ടോ? ഇല്ലെ ന്നതുതന്നെയാണ് ശരി. അതു തന്നെയാണ് വസ്തുതയും.

എഴുത്തുകാരെ സംബന്ധിച്ചിടത്തോളം അവര്‍ ഇതൊക്കെ എഴുതുന്നുണ്ടെ ങ്കിലും വായനക്കാരനെകൊണ്ട്  അതൊക്കെ വായിക്കാതിരിപ്പിക്കാനുള്ള ഭരണകൂട ഉപരോധങ്ങള്‍ ബോധപൂര്‍വ്വം തീര്‍ക്കുന്നുണ്ട്. വായിക്കുന്നതിനേ ക്കാള്‍ ഉത്തമം കാണുന്നതും കേള്‍ക്കുന്നതുമാണെന്ന് ഭരണകൂടം ജനതയെ അടിച്ചേല്‍പ്പിക്കുന്നുമുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ വഴി വിവര സാങ്കേതികത യുടെ തികച്ചും ഉപരിപ്ലവമായ മാസ്മരികതയും വിസ്മയങ്ങളും ഉയര്‍ത്തി ക്കാണിച്ചു കൊണ്ട്‌  ഭരണകൂടം ജനതയുടെ ചെറുത്തുനില്‍പ്പ് സ്വഭാവത്തെ കാല്പനികമായ സുഖതൃഷ്ണകളില്‍ കുരുക്കിയിടുന്നുമുണ്ട്. വിഡ്ഢിപ്പെട്ടി യെന്ന്‍ പണ്ട് നാം വിളിച്ചിരുന്ന ടീവിയെന്ന ആധുനിക ശവപ്പെട്ടിയുടെ മുമ്പില്‍ അവര്‍ സുഖദുഖ സമ്മിശ്ര ഭാവങ്ങളില്‍ കരഞ്ഞുതീരുന്നു.

ഇത്രയും ആമുഖമായി പറഞ്ഞത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ ആരും കേള്‍ക്കാതെ പറയാതെ പറഞ്ഞുവച്ച കേരള ബജറ്റിനെക്കുറിച്ച് പറയാനായിരുന്നു. ഞാന്‍ നേരത്തെ സൂചിപ്പിച്ച ശവപ്പെട്ടിയുടെ മുമ്പില്‍ ശേഷക്രിയാസാന്നിധ്യം അനുഭവിച്ച നാമോരുരുത്തരും കണ്ടതും കേട്ടതും എന്താണ്? കണ്ടതും കേട്ടതും തന്നെയാണല്ലോ വായിക്കാന്‍ വിധിക്കപ്പെട്ടതും എന്നതുകൊണ്ട്‌ നമുക്ക് തല്‍ക്കാലം വായനയെ വിസ്മരിക്കാം. ഉപേക്ഷിക്കാം.

നാമോരുരുത്തരുടേയും കയ്യില്‍നിന്ന് പിരിച്ചെടുത്ത നികുതിപ്പണം ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നത് നമ്മുടെ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയാണ്. സഹസ്ര കോടികളാണ് ഓരോ തെരഞ്ഞെടുപ്പുകളിലും നാം ചെലവഴിക്കു ന്നത്. ഇത്തരം ചെലവുകള്‍ക്ക്‌ മാത്രം കാര്യമായ ഓഡിറ്റ് സംവിധാനങ്ങള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.

ഇത്തരത്തില്‍ കോടികള്‍ ചെലവഴിച്ച് നമ്മുടെ ഓരോരുത്തരുടേയും ചൂണ്ടു വിരലുകളില്‍ കരിയെഴുതിക്കൊണ്ട് ഭരണ സിരാകേന്ദ്രങ്ങളിലേക്ക് പറഞ്ഞ യിക്കുന്നവരെയാണ് നാം സാമാജികര്‍ എന്ന്‍ വിളിക്കുന്നത്‌. അവര്‍ ഒരു ജനതയുടെ ജനാധിപത്യ പരിച്ചേദമാണ്. വിശ്വാസമാണ്. ശബ്ദമാണ്. ധര്‍മ്മ മാണ്. ജനാധിപത്യത്തേയും ജനതയേയും ഉള്‍ക്കൊള്ളേണ്ട ഈ സാമാജിക ശ്രേഷ്ടര്‍ അതിനുപകരം ജനാധിപത്യത്തേയും ജനതയേയും തള്ളിക്കളയു കയും തള്ളിപ്പറയുകയും കൊഞ്ഞനം കുത്തുകയും ചെയ്‌താല്‍ നാം എന്തുചെയ്യണം? അവരെ തെരഞ്ഞെടുക്കാന്‍ കരിമഷിയെഴുതിയ അതേ ചൂണ്ടുവിരലുകള്‍ കൊണ്ട് അവര്‍ക്കുനേരെ ചൂണ്ടി ചോദ്യം ചെയ്യാനുള്ള അധികാരം ഈ ജനതക്ക് ഇല്ലേ? ഉണ്ടെന്നാണ് എന്റെ വിശ്വാസം. അതിന് ആദ്യം ചെയ്യേണ്ടത് ആ ശപിക്കപ്പെട്ട ശവപ്പെട്ടിയിലൂടെ നാം കണ്ടും കേട്ടും വായിക്കുന്നതിനുപകരം മനസ്സുകൊണ്ട് കണ്ടും കേട്ടും വായിക്കാന്‍ പഠിക്കണം എന്നതാണ്.

എന്താണ് ബജറ്റ്? ഒരു ജനതയുടെ സര്‍വ്വതല സ്പര്‍ശിയായ ശാസ്ത്രമാണ് അത്. ലോകത്ത് ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച കൌടില്യന്‍ എഴുതിവച്ച അര്‍ത്ഥശാസ്ത്രമാണ് അത്. അത് അക്കങ്ങളുടെ ശാസ്ത്രമല്ല. ഒരു ജനതയുടെ സാമൂഹ്യശാസ്ത്രമാണ്. ധര്‍മ്മശാസ്ത്രമാണ്. നീതിശാസ്ത്രമാണ്. അതുകൊണ്ടു തന്നെ ബജറ്റിന് ഒരു രാഷ്ട്രീയേതര പരിശുദ്ധി ഉണ്ടാവണം. ബജറ്റിന്റെ തച്ചുശാസ്ത്രത്തെ കുറിച്ച് പറഞ്ഞ് സമയവും സ്ഥലവും കളയുന്നതില്‍ അര്‍ത്ഥമില്ല. അതെല്ലാം അറിയേണ്ടുന്ന, അറിയിക്കേണ്ടുന്ന; പഠിക്കേണ്ടുന്ന, പഠിപ്പിക്കേണ്ടുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി ഇവിടെ ഉണ്ട്. പക്ഷേ അതെല്ലാം നിര്‍ജ്ജീവമാണെന്ന് മാത്രം.


എന്നാല്‍ കേരള നിയമസഭയില്‍ നാം എന്താണ് കണ്ടത്? രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ചോദിക്കുന്നതും ഇതേ ചോദ്യം തന്നെ. പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞതുപോലെ കഥകളി മുദ്ര കൊണ്ട് ആടിക്കളിച്ചുതീര്‍ക്കാവുന്ന ഒന്നല്ല ബജറ്റ്. നവ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങളും ഹ്രസ്വചലച്ചിത്രങ്ങളും കണ്ടാല്‍ ബജറ്റ് എന്നത് ഒരു നീലച്ചിത്രമാണോ എന്ന്‍ ന്യായമായും സംശയിക്കേണ്ടി വരും. പിടിയും കടിയും കൂടിച്ചേര്‍ന്ന് രതിമൂര്‍ച്ചയുടെ കടിപിടി കൂടുന്ന സാമാജിക മിഥുനങ്ങള്‍ നമ്മുടെ ഇളം തലമുറയുടെ ഞരമ്പുകളെ ഇക്കിള്‍പ്പെടുത്തിയെങ്കില്‍ അതില്‍ അത്ഭുതമില്ലതന്നെ. സെക്സും സ്ടണ്ടും കലാപവും പാട്ടും കൂത്തും നാടകവും സമഞ്ജസമായി സമ്മേളിക്കുന്ന മസാല ചലച്ചിത്രമായി ബജറ്റ് എന്ന ഭരണപ്രക്രിയ അധ:പതിക്കുമ്പോള്‍, യഥാര്‍ത്ഥ ത്തില്‍ അധ:പതിക്കുന്നത് നമ്മുടെ ജനാധിപത്യ സംസ്കാരമാണ്.

ആരുടെ പണമാണ് ഇവിടെ രണ്ടുനാള്‍ കൊണ്ട് ധൂര്‍ത്തടിച്ച് കളഞ്ഞത്? ആരുടെ നിരുത്തരവാദിത്തം കൊണ്ടാണ് ഇവിടെ പൊതുമുതല്‍ നശിപ്പിച്ചുകളഞ്ഞത്? നിയമസഭാ മന്ദിരം സാമാജികര്‍ക്കുള്ള സുഖവാസ കേന്ദ്രമാണോ? സെക്സും സ്ടണ്ടും കലാപവും പാട്ടും കൂത്തും നാടകവും ഷൂട്ട്‌ ചെയ്യാന്‍ നിയമസഭാ  മന്ദിരം അവരുടെ ഫിലിം സിറ്റിയാണോ? ബജറ്റ് എന്ന ഈ അപഹാസ്യ നാടകത്തിന് രണ്ട് ദിവസം കൊണ്ട് എത്ര കോടികള്‍ ചെലവായി? ചെലവാക്കിയത് ആരുടെ പണമാണ്? ജനങ്ങളുടെ നികുതിപ്പണമല്ലേ? അപ്പോള്‍ ഈ നഷ്ടം ആരുടെ കയ്യില്‍നിന്ന് വസൂല്‍ ചെയ്യണം? ആരാണ് ഈ അപഹാസ്യ നാടകത്തിന്റെ ശില്‍പ്പികള്‍? ഇതൊന്നും അന്വേഷിച്ചുകണ്ടെത്താന്‍ സി.ബി.ഐ യോ ഇന്റര്‍ പോളോ ഒന്നും വേണ്ടല്ലോ? നിയമസഭക്കകത്തെ ക്യാമറ ദൃശ്യങ്ങള്‍ മാത്രം പോരെ? രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഗവര്‍ണര്‍ കസേരയില്‍ ഇരിക്കുന്ന ആരാധ്യനായ ഗവര്‍ണര്‍ക്ക്‌ ഇതില്‍ വിധി എഴുതാന്‍ അധികം സമയം വേണ്ടി വരുമെന്ന് തോന്നുന്നില്ല.


ഡോ. സി.ടി. വില്യം                                              

3 comments: