Friday, June 5, 2015

സീതമാര്‍ കരയുകയാണ് ........5


ഇരുപത്തൊന്ന്                      

ഇതൊരു വിലാപകാവ്യാണ്
സീതമാരുടെ കണ്ണീരില്‍
ചോര ചാലിച്ചെഴുതിയ വിലാപകാവ്യം.
ഇവിടെ രാമനും സീതയും
യാഥാര്‍ത്ഥ്യത്തെ തൊട്ടുകിടക്കുന്ന
കാല്പനിക ഭാവങ്ങളാണ്.
രാമനില്‍ പുതിയ പുരുഷനും
സീതയില്‍ പഴയ സ്ത്രീയും
പുതിയ കാലത്തിന്റെ അവസ്ഥാന്തരങ്ങളില്‍
ഇവിടെ സംഗമിക്കുകയാണ്.
എത്ര പറഞ്ഞാലും തീരാത്ത കഥയും
എത്ര കരഞ്ഞാലും തീരാത്ത വിലാപവും
ഈ വിലാപ കാവ്യത്തിലുണ്ട്.
ഇനിമുതല്‍ പറയുന്ന കഥകളും
പാടുന്ന കവിതകളും
സീതക്കുട്ടികളെ കുറിച്ചുള്ളവയാണ്.
ഇവളെന്റെ പ്രിയമുള്ള സീതക്കുട്ടി
പഠിക്കാന്‍ അതിമിടുക്കിക്കുട്ടി.
ബാല്യത്തില്‍ അച്ഛനെ നഷ്ടപ്പെട്ടവള്‍
പെണ്മനം പകുത്തുവക്കാന്‍
ഇവള്‍ക്ക് സഹോദരിമാരില്ല
പെണ്‍രക്ഷക്ക് കാവലിരിക്കാന്‍
ഇവള്‍ക്ക് സഹോദരന്മാരില്ല
ഇവള്‍ അമ്മയുടെ മാത്രം സീതക്കുട്ടി.
ഇവള്‍ ഈ കലാശാലയില്‍ വന്നത്
സസ്യങ്ങളുടെ ഉല്പാദനവും
ജനിതകവും പഠിക്കാന്‍.
സസ്യോല്പാദനം പഠിപ്പിക്കാന്‍ വന്ന
അവളുടെ അദ്ധ്യാപകന്റെ  ജനിതകം
മൃഗതുല്യമായിരുന്നെന്ന്‍
അവള്‍ വളരെ പെട്ടെന്ന്‍ പഠിച്ചു.
ജനിതകം പിഴച്ച സസ്യോല്പാദകാദ്ധ്യാപകന്‍
അവളെ പഠിപ്പിക്കുകയായിരുന്നില്ല;
പീഡിപ്പിക്കുകയായിരുന്നു.
അദ്ധ്യാപകന്റെ മൃഗീയ ജനിതകത്തിനുമുന്നില്‍
അവള്‍ പഠനം നിര്‍ത്താന്‍ തീരുമാനിച്ചു.
അവളുടെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ വിശ്വസിച്ച
കൂട്ടുകാരികള്‍ അവളെ തിരിച്ചു വിളിച്ചു.
ജനിതകം പിഴച്ച അദ്ധ്യാപകനെതിരെ
അവള്‍ പരാതി കൊടുത്തു.
അവളുടെ പരാതിയിന്മേല്‍
ലേലംവിളികളും ഒത്തുകളികളും നടന്നു.
സസ്യമന്ത്രി ലേലം വിളിച്ചു
പിന്നെ ഒത്തുകളിച്ചു.
കലാശാലയും ലേലം ഏറ്റുവിളിച്ചു
പിന്നെ ഒത്തുകളിക്ക് കൂട്ടാളിയായി.
അവസാനം സീതക്കുട്ടി വേട്ടക്കാരിയും
ജനിതകം പിഴച്ചവന്‍ ഇരയുമായി.
ആടിനെ പട്ടിയാക്കി
പട്ടിയെ ആടാക്കി
മുഖ്യന്‍റെ ഭരണം വേഷം കെട്ടി.
ജനിതകം പിഴച്ചവന്‍
വീണ്ടും സസ്യോല്പാദകാദ്ധ്യാപകനായി.
അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോള്‍
എന്റെ സീതക്കുട്ടിക്ക്
ഭ്രാന്തെന്ന് വിധിച്ചു.
വിധി ഉറപ്പിക്കാന്‍ പുനരന്വേഷണം നടന്നു
കാമ ഭ്രാന്തെന്ന് അന്ത്യ വിധിയുണ്ടായി.
അവള്‍ പിന്നെ ആര്‍ക്കും വേണ്ടി കാത്തുനിന്നില്ല
മാനസിക രോഗാശുപത്രിയുടെ
ആംബുലന്‍സ് വന്നു
അവള്‍ ആ ഭ്രാന്താലയത്തില്‍ കയറുമ്പോള്‍
അവളുടെ അമ്മ കരയുന്നുണ്ടായിരുന്നു....
ആംബുലന്‍സ് അലമുറയിട്ട് കരഞ്ഞു നീങ്ങി
ഒപ്പം എന്റെ സീതക്കുട്ടിയും തേങ്ങി
ഭാരതത്തിന്റെ പെണ്മക്കള്‍ കരയുകയാണ് .....
സീതമാര്‍ കരയുകയാണ് .......
ആരും കേള്‍ക്കാതെ ........

ഇരുപത്തിരണ്ട്

സീതാവിലാപങ്ങളുടെ
ഇരുപത്തിരണ്ടാം വിലാപം കുറിക്കുന്ന
ഇന്ന്‍ ദുഃഖ വെള്ളിയാഴ്ചയാണ്.
യേശുദേവന്‍റെ ആത്മബലിയുടെ
ഓര്‍മ്മക്കുരിശുകളുമേന്തി
ലോകം മുഴുവന്‍ വിലപിക്കുന്ന ഇന്ന്‍,
ചോരയുടെ വിയര്‍പ്പുചാലൊഴുക്കുന്ന
ആ തിരുമുഖത്തെ തൂവാലയില്‍ പകര്‍ത്തിയ
മറ്റൊരു സീതയെകൂടി
ഓര്‍മ്മിപ്പിക്കുന്ന ദുഃഖ വെള്ളിയാഴ്ചയാണ്.
എന്നാല്‍ ഇന്നത്തെ സീതമാര്‍
അവരുടെ തൂവാലയില്‍
ഒപ്പിയെടുക്കുന്ന തിരുമുഖം യേശുദേവന്റേതല്ല;
അവരെ കല്‍ക്കുരിശില്‍ കിടത്തി
പീഡിപ്പിച്ചവന്‍റെ ഭീകരമുഖമാണ്.
ചരിത്രത്തെ സാക്ഷിനിര്‍ത്തി
ഇന്നും സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ....
സീതക്കുട്ടികളുടെ ചരിത്രം ആവര്‍ത്തിക്കുന്നു....

ഇവള്‍ കാലാവസ്ഥാ വ്യതിയാനം
പഠിക്കാനെത്തിയ സീതക്കുട്ടി.
കാലാവസ്ഥയുടെ നൈമിഷിക വ്യതിയാനങ്ങള്‍
നഷ്ടപ്പെടാതിരിക്കാന്‍ ഇവള്‍
പഠിപ്പും കിടപ്പും കോളെജിലാക്കി.
ഉറക്കമൊഴിച്ചു പഠിക്കുന്ന നേരം
ഉറക്കത്തെ കഴുകിക്കളയാനാണ്
അവള്‍ അന്നേരം കുളിപ്പുരയില്‍ വന്നത്.
ഞരമ്പുരോഗിയായ അദ്ധ്യാപകന്‍
അവളെ വേട്ടയാടാന്‍ കുളിപ്പുരക്കപ്പുറം
തഞ്ചത്തില്‍ തമ്പടിച്ചു.
അയാള്‍ ഇടമതിലില്‍ കണ്ണാടിയുറപ്പിച്ചതും
അവളുടെ നഗ്നതയെ പ്രതിബിംബിപ്പിച്ച്
മൊബൈല്‍ ഫോണില്‍ വീഴ്ത്തിയതും
അവള്‍ ഞെട്ടലോടെ അറിഞ്ഞു.
അവളുടെ അദ്ധ്യാപകന്‍
ഗുരുത്തം നഷ്ടപ്പെട്ട വേട്ടക്കാരന്‍
മാത്രമാണെന്നും അവള്‍ അറിഞ്ഞു.
പീഡനങ്ങളില്‍ വച്ച് അതിനിന്ദ്യമായ
ആ അവിശുദ്ധ പീഡനം
അവള്‍ അധികാരികളെ അറിയിച്ചു.
അന്വേഷണങ്ങളുടെ പരമ്പരകള്‍ കളിച്ചുജയിച്ചു
അദ്ധ്യാപകന്‍ രക്ഷപ്പെടുകയായിരുന്നു.
അവളുടെ കൂട്ടുകാരികളും കൂട്ടുകാരന്മാരും
കണ്ണാടിയും മൊബൈല്‍ ഫോണും തൊണ്ടിയാക്കി
പോലീസിന്നും കോടതിക്കും പരാതി നല്‍കി.
കുറ്റവിചാരണകളില്‍ ന്യായം ജയിച്ചു
സത്യവും നീതിയും തോറ്റുപോയി.
കാലാവസ്ഥാ വ്യതിയാനങ്ങള്‍
പഠിക്കാനെത്തിയ അവള്‍
നിയമ വ്യവസ്ഥാ വ്യതിയാനങ്ങള്‍ പഠിച്ചു.
അവളും കൂട്ടുകാരികളും കൂട്ടുകാരന്മാരും
നിയമം കയ്യിലെടുത്തു...തൊണ്ടി പിടിച്ചു 
അദ്ധ്യാപകന്‍റെ മനുഷ്യാവകാശം ധ്വംസിക്കപ്പെട്ടു
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി
തീര്‍ന്നില്ല, അധ്യാപകന് കളങ്കം ചാര്‍ത്തി
അന്ത്യവിധി വന്നു...അവള്‍ കുറ്റവാളി.
പ്രതിക്കൂടിന്‍റെ പടിയിറങ്ങുമ്പോള്‍
അവളും കൂട്ടുകാരികളും കരയുകയായിരുന്നു.
അതെ സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ..... 

ഇരുപത്തിമൂന്ന്

അനന്ത വിലാപങ്ങള്‍ തുടരുകയാണ് 
അനന്തമായി സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ ......
ഓരോ വിലാപവും
വിരാമത്തെ ഓര്‍മ്മിപ്പിക്കുന്നെങ്കിലും
വിട്ടൊഴിയാതെ തുടരുകയാണ് ......
ഇവള്‍ സിസ്റ്റര്‍ സീത
ദൈവത്തിന്‍റെ മണവാട്ടി 
ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ മണവാട്ടി.
വിശുദ്ധ അഗത പുണ്യവതിയുടെ
വിശുദ്ധ പാദങ്ങളെ പിന്തുടര്‍ന്നവള്‍.

വിശുദ്ധ അഗത രക്തസാക്ഷിയാണ്
ദൈവവിശ്വാസത്തിന്റെ രക്തസാക്ഷി.
ക്വിന്റാനസ് പുരോഹിതനാണ്
അഗതയുടെ ആദ്യ വേട്ടക്കാരന്‍
കുരിശുതൂങ്ങിയ ജപമാലമണികളില്‍
അവള്‍ ചാരിത്ര്യത്തെ കോര്‍ത്തിട്ടു.
ഉറച്ച വിശ്വാസത്തിന്‍റെ പരിചകളില്‍
അവള്‍ പീഡനങ്ങളെ തടുത്തിട്ടു.
എന്നിട്ടും ഫണം താഴ്ത്താത്ത പരോഹിത്യ പൌരുഷം
അവളെ തടവറയിലടച്ച് അഗ്നിക്ക് സമര്‍പ്പിച്ചു
പക്ഷെ പ്രകൃതി ആ തീ കെടുത്തി.
അവള്‍ മുലകള്‍ മുറിച്ച് താലത്തിലാക്കി
പുരോഹിതന് കുര്‍ബ്ബാന അര്‍പ്പിച്ചു
വിശുദ്ധ അഗത രക്തസാക്ഷിയായി
പീഡിതകളുടെ പുണ്യവതിയായി
സ്തനാര്‍ബുദ രോഗികളുടെ പുണ്യവതിയായി
പ്രകൃതി ദുരന്തങ്ങളുടെ പ്രതിരോധ രാജ്ഞിയായി.     

സിസ്റ്റര്‍ സീത വിശുദ്ധ അഗതയുടെ വഴി സ്വീകരിച്ചത്
ക്വിന്റാനസ് പുരോഹിതനെ ഇരയാക്കാനും
വിശുദ്ധ അഗതയെ വേട്ടക്കാരിയാക്കാനുമായിരുന്നു.
എന്നാല്‍ ദേവഗണിതം പിഴച്ചു
ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.....
അവളെ ക്വിന്റാനസ് പുരോഹിതന്മാര്‍
കന്യാമഠത്തിലെ വെളുത്ത മെത്തയിലെ
ഇതളടര്‍ന്ന ചുവന്ന പുഷ്പമാക്കി.
അവള്‍ മുലകള്‍ മുറിച്ചില്ല
പകരം മുലകള്‍ മുറുക്കിക്കെട്ടി
ക്വിന്റാനസ് പുരോഹിതന്മാരുടെ മുന്നിലെ 
വെളുത്ത, കറുത്ത ചോദ്യചിഹ്നമായി.
ഫണം താഴ്ത്താത്ത പരോഹിത്യ പൌരുഷം
അവളെ ഇറ്റലിയിലേക്ക് നാടുകടത്തി പീഡിപ്പിച്ചു.
ഇറ്റലിയിലെ തെരുവോരങ്ങള്‍ അവളെ ഏറ്റുവാങ്ങി
പരോഹിത്യ പൌരുഷം ഫണം താഴ്ത്തി.
അവള്‍ വീണ്ടും നാടുകടത്തപ്പെട്ടു
പീഡനങ്ങളുടെ ഏദന്‍തോട്ടമായ
ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക്.
ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ കന്യാമഠം
അവള്‍ക്കുനേരെ വാതിലുകള്‍ കൊട്ടിയടച്ചു.
അവള്‍ കന്യാമഠത്തിന്‍റെ കന്മതിലില്‍ ഉറപ്പിച്ച
കാരിരുമ്പഴികളില്‍ കുരിശുരൂപമായി പ്രതിഷേധിച്ചു.
സര്‍വ്വകക്ഷി സമന്വയമുണ്ടായി
പുതിയ ഉടമ്പടികളുണ്ടായി
അവളുടെ കന്യകാസ്ത്രീത്വത്തിന്ന്‍
പന്ത്രണ്ട് ലക്ഷം വിലപറഞ്ഞു
ആ പണം വാങ്ങരുതെന്ന്
പ്രതിഷേധത്തിന്റെ ആമേന്‍
എഴുതിയ അമ്മ പറഞ്ഞെങ്കിലും
അവള്‍ക്ക് ആ പണം വാങ്ങാതിരിക്കാനായില്ല
കാരണം, മുലകള്‍ മുറിക്കാതെ
തിരുവസ്ത്രങ്ങള്‍ അഴിച്ചുവേണം
ഇനിയവള്‍ക്ക് ജീവിക്കാന്‍
പീഡനങ്ങളുടെ പറുദീസയില്‍ വിലക്കപ്പെടാത്തത്
അവളുടെ കന്യകാസ്ത്രീത്വം മാത്രമാണല്ലോ.
എന്‍റെ പ്രിയപ്പെട്ട സീതമാര്‍ക്കൊപ്പം
സിസ്റ്റര്‍ സീതയും കരയുകയാണ് .......
ആരും കേള്‍ക്കാതെ ........

                 
ഇരുപത്തിനാല്

കഥകള്‍ കഥയില്ലായ്മയിലേക്കും
വാര്‍ത്തകള്‍ വാര്‍ത്തയില്ലായ്മയിലേക്കും
സംക്രമിക്കുന്ന ഈ കാലത്ത്
ഈ നിലവിളികളും കേള്‍ക്കാതെ പോകാം.
പക്ഷേ നിലവിളികളെന്നും
ചരിത്രത്തിലേക്ക് ചേക്കേറിയിട്ടുണ്ട് .
സീതമാരുടെ ഈ നിലവിളികളും
ചരിത്രത്തിലേക്ക് ചേക്കേറുകയാണ്.
ഇവള്‍ മറ്റൊരു സീത
മറ്റാരും കേള്‍ക്കാതിരുന്ന സീത.
സാക്ഷാല്‍ രാമനും സീതക്കും
പിറക്കാതെ പോയവള്‍.
ആയിരം രാമന്മാരുടെയും സീതമാരുടെയും
മുറിവുണക്കാന്‍ വിധിക്കപ്പെട്ടവള്‍.
സാന്ത്വനത്തിന്റെ വെളുത്ത ചിറകടിയില്‍
സങ്കടങ്ങളെ വീശിത്തണുപ്പിച്ചവള്‍.
വേദനിക്കുന്നവര്‍ക്കായി മാറ്റിവച്ച
അപ്പവും ആശ്വാസവും കവര്‍ന്നവനെ
പകല്‍ വെളിച്ചത്തില്‍ കൊണ്ടുവന്നവള്‍.
മാനിഷാദയുടെ മറവില്‍
കപട വാല്‍മീകം ചമഞ്ഞവനെ
പൊതുസമൂഹത്തില്‍ വിചാരണ ചെയ്തവള്‍ .
കാലത്തിന്റെ മര്യാദകേടില്‍
നിശ്ചല നിശബ്ദതയുടെ തൂക്കിലേറിയവള്‍.
ശംഖുപോലെ ശേലുള്ള ചങ്കില്‍
ശ്വാന ചങ്ങല മുറുകി അസ്തമിച്ചവള്‍.
കപട വാല്‍മീകങ്ങള്‍
പാപത്തിന്റെ നാലു പതിറ്റാണ്ടുകള്‍
മാനിഷാദ പാടി തിമിര്‍ത്തു.
മുള്‍ മെത്തയില്‍ ഒട്ടിച്ചേര്‍ന്ന
ചോരക്കുഞ്ഞിനെപ്പോലെ
അവള്‍ ആ മാനിഷാദകള്‍ നുണഞ്ഞുകിടന്നു
ഇളം ചുണ്ടുകള്‍ ഉണങ്ങുവോളം.
സീതമാര്‍ കരയുകയാണ് .......
ആരും കേള്‍ക്കാതെ ......

തുടരും.....       
         

No comments:

Post a Comment