ഇന്നലെ
പുലര്‍ച്ചെയാണത്രെ
ഞാന്‍
മരിച്ചത്.
രാവിലെതന്നെ നഗരത്തിലേക്കിറങ്ങി
പാകത്തിനൊരു
ശവപ്പെട്ടി വാങ്ങാന്‍.
പള്ളി
സിമിത്തേരിയും കടന്ന്,
രണ്ട്
വളവും കഴിഞ്ഞ്,
തട്ടിന്‍
പുറത്തായിരുന്നു
ശവപ്പെട്ടി
കച്ചവടക്കാരന്‍.
മോക്ഷത്തിലേക്കുള്ള
മോങ്ങുന്ന
മരപ്പടികളിലൂടെ
തട്ടിന്‍പുറത്തെത്തിയപ്പോള്‍
തേങ്ങലൊഴിഞ്ഞ
ശവപ്പെട്ടികള്‍ കണ്ടു.
ശവപ്പെട്ടികളത്രയും
എനിക്ക്
പാകമല്ലായിരുന്നു.
ഒന്നുകില്‍
തല പുറത്ത്
അല്ലെങ്കില്‍
കാലുകള്‍ പുറത്ത്.
മോക്ഷത്തിന്‍റെ
പടിയിറങ്ങി
റോഡിലെത്തിയപ്പോള്‍
കയ്യിലൊരു
കുറിപ്പുമായി
അവള്‍
നില്‍ക്കുന്ന കണ്ടു.
അവള്‍:
“ നീയെന്താ ഇവിടെ ?”
ഞാന്‍:
“ പുലര്‍ച്ചെ മരിച്ചതാ, ശവപ്പെട്ടി വാങ്ങാന്‍...”
അവള്‍:
“എന്നിട്ട് ...”
ഞാന്‍:
“ ഒന്നും എനിക്ക് പാകമാവുന്നില്ല. നീ ഇവിടെ... ”
അവള്‍:
“ അത്ഭുതം! ഈ കുറി തരാന്‍....”
അവള്‍
പ്രണയപൂര്‍വ്വം തന്നത്
എന്‍റെ
മരണക്കുറിയായിരുന്നു.
സ്ഫടികക്കിനാവുടയും
പോലെ
ഘടികാരം
എന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു.
No comments:
Post a Comment