Wednesday, June 24, 2015

നാം കാണാതെ പോവുന്ന അരുവിക്കര


ലാളനകള്‍ നിഷേധിക്കപ്പെട്ട റബ്ബര്‍ മരങ്ങള്‍. റോഡേത് തോടേത് എന്ന്‍ വേര്‍തിരിക്കാനാവാത്ത വിധം താറുമാറായി കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍. ഇനിയൊരിക്കലും പുനര്‍ജ്ജനി സ്വപ്നം കാണാനാവാത്ത കൊച്ചു കൊച്ചു കുടിലുകള്‍. ഓടും, ഓലയും, നീലനിറത്തിലുള്ള പ്ലാസ്റ്റിക്കും, പരസ്യമെഴുതിയ ഫ്ലക്സ് പാളികളും കൊണ്ടും മേഞ്ഞ; വീടെന്ന് തോന്നിപ്പിക്കുന്ന മനുഷ്യാലയങ്ങള്‍. മാലിന്യം കെട്ടിക്കിടക്കുന്ന, മലിനജലം ഒഴുക്കുന്ന; ഓടകള്‍, ചാലുകള്‍, കനാലുകള്‍, തടയണകള്‍. പ്രതീക്ഷയും പ്രത്യാശയും മോഹങ്ങളും അസ്തമിച്ച മനുഷ്യരൂപങ്ങള്‍. ഈ ദൃശ്യങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് വായിച്ചാല്‍ കിട്ടുന്ന ഭൂമികയെയാണ് നാം അരുവിക്കര എന്ന് വിളിക്കുന്നത്‌.

മനുഷ്യവിഷാദങ്ങളുടെയും പ്രാരബ്ദങ്ങളുടെയും പരിദേവനങ്ങളുടെയും ഈ കഷ്ടഭൂമിയില്‍ ഇന്ന് ചാനലുകളുടെ കുട ചൂടിയ വാഹനങ്ങളും, ത്രികാലുകളും ക്യാമറകളും തോളിലേറ്റി സാഹസികയാത്ര നടത്തുന്ന മാധ്യമ പ്രവര്‍ത്തകരും, കേരള നിയമ സഭാംഗങ്ങളും, രാഷ്ട്രീയ കേരളം മുഴുവനും തമ്പടിച്ചിരിക്കുന്നു.

കരയുദ്ധം, കരയങ്കം, കരകയറ്റം തുടങ്ങിയ അലങ്കാര തലക്കെട്ടുകളില്‍ ഈ അഭിനവ മാധ്യമ ന്യായാധിപന്മാര്‍ നാളിതുവരെ വിധിച്ചു തള്ളിയത് കേവലം ജല്പനങ്ങള്‍ ആയിരുന്നെന്ന് അരുവിക്കരയുടെ നേര്‍കാഴ്ച നമ്മെ ബോധ്യപ്പെടുത്തും. എന്തുകൊണ്ടാണ് ഈ കുടചൂടിയ വാഹനങ്ങളും ത്രികാലുകളില്‍ മേയൂന്ന ക്യാമറ ജീവികളും യഥാര്‍ത്ഥ അരുവിക്കരയെ കണ്ടില്ലെന്ന് നടിക്കുന്നത്? മാധ്യമ ദുരന്തം അല്ലാതെ എന്തുപറയാന്‍?

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ ആക്ടിവിസ്റ്റുകളുടെ ഒരു ചെറു സംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞാന്‍ അരുവിക്കര മുഴുവനും. ഏതു ചെറുവഴികളിലൂടെയും കടന്നുപോകാനും കുടുങ്ങാതെ തിരിച്ചുവരാനും പ്രാപ്തമായ ഒരു നാനോ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. എന്നിട്ടും ഞങ്ങളുടെ നാനോ കാര്‍ അക്ഷരാര്‍ഥത്തില്‍ കിതച്ചു. വെള്ളം കുടിച്ചു. ഇവിടെ തോല്‍ക്കുന്നത് നാനോ കാറോ ടാറ്റയോ അല്ല; മറിച്ച് കേരളം ഭരിച്ചുതുലച്ച ഇടതു-വലതു ഭരണകൂടങ്ങള്‍ തന്നെയാവണം. ഇടതു-വലതു ഭരണകൂടങ്ങള്‍ ദയനീയമായി പരാജയപ്പെട്ട ഒരു മനുഷ്യാധിവാസ ഭൂമിയാണ്‌ അരുവിക്കര. ഇവിടുത്തെ ജനങ്ങള്‍ ഇനിയും ഗൃഹപാഠം ചെയ്യാതെ വോട്ടിംഗ് യന്ത്രത്തിന്‍റെ പച്ചയും ചോപ്പും വെളിച്ചങ്ങള്‍ തെളിയിച്ചുകൊണ്ട് നീട്ടി മൂളിയാല്‍ ദുരന്തം ഇന്നവര്‍ അനുഭവിക്കുന്നതിന്റെ ഇരട്ടിയാവും തീര്‍ച്ച.

തിരുവനതപുരം റെയില്‍വേ സ്റ്റേഷനിറങ്ങി ഓട്ടോ പിടിച്ച് താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ എന്‍റെ തെരഞ്ഞെടുപ്പ് കുശലാന്വേഷണത്തിന് മറുപടിയായി പറഞ്ഞു, “ഞങ്ങള്‍ ഈ നാട്ടുകാരാണ് സാര്‍. പക്ഷെ ഞങ്ങള്‍ ടീവിയിലും പത്രങ്ങളിലും കാണുന്നതൊന്നും ഞങ്ങളുടെ നാടല്ല സാര്‍. അത് വേറേതോ ഭൂപ്രദേശമാണ്. അവര്‍ എഴുതുന്നതും പറയുന്നതും ഞങ്ങളുടെ നാടിനെ കുറിച്ചല്ല.” 

ഏതോ അപരിചിതനായ ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് ശരിവക്കാന്‍ എനിക്ക് അധികം പാടുപെടേണ്ടി വന്നില്ല. അരുവിക്കരയിലെ അരദിവസത്തെ യാത്ര പൂര്‍ത്തിയാകി മോഹനന്‍റെ തട്ടുകടയില്‍ നിന്ന്‍ ഊണ് കഴിച്ചിറങ്ങിയപ്പോഴേക്കും എനിക്ക് അരുവിക്കര മനപാഠമായി.

പൊട്ടിപ്പൊളിഞ്ഞതും ചെളിവെള്ളം നിറഞ്ഞ ചെറുകുഴികളാല്‍ അലങ്കരിച്ചതുമായ ഇടനാഴികള്‍ പോലത്തെ വഴികള്‍ പലേടത്തും നേര്‍ത്തുപോയിരുന്നു. അതിനിടെ ചുവപ്പും ത്രിവര്‍ണ്ണവും കാവിയും നിറങ്ങളില്‍ കൊടികളും തോരണങ്ങളും വഴിയോരങ്ങളില്‍ ചാര്‍ത്തിയപ്പോള്‍ വഴികള്‍ ശരിക്കും അപ്രത്യക്ഷമായെന്നുതന്നെ പറയാം. അങ്ങനെ പൂവ്വച്ചലില്‍ ഒരിടത്തുവച്ച് വാഹനങ്ങളാല്‍ വീര്‍പ്പുമുട്ടിയ ഞങ്ങളുടെ വഴിയും തല്‍ക്കാലത്തേക്ക് അടഞ്ഞു.

വഴിയരികിലെ പഴകടക്കാരനില്‍ നിന്ന് കപ്പപഴം വാങ്ങി കഴിച്ചു. നൂറുരൂപ നോട്ട് കൊടുത്തപ്പോള്‍ ആ പാവം ആ പ്രദേശം മുഴുവന്‍ ചില്ലറക്കായ് ഓടിനടന്നു. അവസാനം നിരാശനായി മടങ്ങി. ഞങ്ങള്‍ ആ പാവത്തിന് ചില്ലറ കൊടുത്ത് സന്തോഷിപ്പിച്ചു. ഇവിടെയാണ്‌ സര്‍ക്കാര്‍ ഭരണ തുടര്‍ച്ച, വികസന തുടര്‍ച്ച എന്നൊക്കെ വീരവാദം പുലമ്പുന്നത്.

പിരിയാന്‍ നേരത്ത് ആ പാവം പഴകടക്കാരനോട് ചോദിച്ചു, “തെരഞ്ഞെടുപ്പ് എങ്ങനെ? ആര് ജയിക്കും? ആര്‍ക്ക് വോട്ടുചെയ്യും? എന്തിനാണ് വോട്ടുചെയ്യുന്നത്?”
താടി മുറിക്കാന്‍ മറന്നുപോയ-ജീവിക്കാന്‍ മറന്നുപോയ ആ പഴകടക്കാരന്‍ പറഞ്ഞു, “എന്ത് തെരഞ്ഞെടുപ്പ് സാറേ....രാജഗോപാല്‍  ജയിക്കും.... രാജഗോപാലിന് വോട്ടുചെയ്യണം.....”

എന്‍റെ അവസാനത്തെ ചോദ്യത്തിന് ആ പഴകടക്കാരന്‍ ഉത്തരം തന്നില്ല. പകരം രണ്ട് കുഴികളില്‍ തളച്ചിട്ട കൃഷ്ണമണികള്‍ ഈറനണിയാതെ വെറുതെ ഒന്നുരണ്ടു വട്ടം ഉരുണ്ടു. അരുവിക്കരയിലെ മുഴുവന്‍ മനുഷ്യരുടെയും വിഷാദത്തിന്റെ വിശ്വരൂപം ഞാന്‍ ആ പഴകടക്കാരന്റെ കണ്ണുകളില്‍ കണ്ടു.

മുറിവുകളില്‍ പൊറ്റ വീണ റബ്ബര്‍ മരങ്ങള്‍ വഴിയരികില്‍ മിഴിച്ചുനിന്നു. റബ്ബര്‍ മരങ്ങള്‍ക്ക് പാല്‍ ചുരത്തുവാനുള്ള ചിരട്ട മുലകള്‍ പോലും കാണാനില്ലായിരുന്നു. മുറിവായില്‍ ചുറ്റിക്കെട്ടാനുള്ള പ്ലാസ്ടിക്കിന്റെ മഴക്കാല രക്ഷയും കാണാനായില്ല. റബ്ബര്‍ തോട്ടത്തിന്‍റെ ഓരങ്ങളില്‍ തോട്ടം തൊഴിലാളികളുടെ കുടിലുകള്‍ പട്ടിണി അറിയിച്ച് ചോരയൊലിച്ചുകിടന്നു.
ആര്യനാട് പ്രദേശത്തെ ഒരു ജങ്ങ്ഷനില്‍ വണ്ടി നിര്‍ത്തി. ഉച്ചഭാഷിണികള്‍ ഉച്ചത്തില്‍ ജനാധിപത്യം കൂവുന്നുണ്ടായിരുന്നു. 

അവിടെ കണ്ട രണ്ട് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോട് വെറുതെ തെരഞ്ഞെടുപ്പ് കുശലം അന്വേഷിച്ചു. “തെരഞ്ഞെടുപ്പ് എങ്ങനെ?”

അരികെ കിടന്ന്‍ കൂവുന്ന ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനം ചൂണ്ടി ചെറുപ്പക്കാര്‍ നിസ്സഹായരായി പറഞ്ഞു, “കണ്ടില്ലേ.....കേട്ടില്ലേ....ഒരു മാസക്കാലമായി ഞങ്ങളിത് സഹിക്കാന്‍ തുടങ്ങിയിട്ട്.....കടുത്ത ശബ്ദമലിനീകരണം...... ജനാധിപത്യം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിച്ച ശബ്ദമലിനീകരണം....ഇത് ജനാധിപത്യമോ? പാരിസ്ഥിതിക ദുരന്തമോ?”
“ശരി കൂട്ടുകാരെ....ആരിവിടെ ജയിക്കും?” ചോദ്യം തുടര്‍ന്നു....
“ഞങ്ങള്‍ക്ക് അത് പറയാനാവില്ല...എല്ലാവരും ഒപ്പത്തിനൊപ്പം കട്ടക്ക് കട്ട നില്‍ക്കുന്നു..”

ആരുടേയും ജയവും തോല്‍വിയും ഇവിടുത്തെ ജനങ്ങള്‍ക്ക് പറയാനാവില്ല. ഞാന്‍ ചുറ്റും നോക്കി. തെരഞ്ഞെടുപ്പ് ബിംബങ്ങള്‍ എനിക്ക് ചുറ്റും നില്‍ക്കുന്നു. വരാത്ത ചിരിയുമായി ശബരീനാഥന്‍ അച്ഛന്റെ പ്രേതത്തിന്നരികെ നില്‍ക്കുന്നു. ചിരിക്കണോ വേണ്ടയോ എന്ന ശങ്കയാല്‍ വിജയകുമാര്‍ വിഷമിച്ചുനില്‍ക്കുന്നു. സാത്വികനായ ഒരു വന്ദ്യ വയോധികനെപ്പോലെ രാജഗോപാല്‍ യാചിച്ചുനില്‍ക്കുന്നു. ഏതോ പരസ്പര സഹായ സഹകരണ സംഘത്തിലെ ഡയറക്ടര്‍മാരെപ്പോലെ അവര്‍ പരസ്പരം ബഹുമാനിച്ചും ആദരിച്ചും നില്‍ക്കുന്നു.

അഭ്യസ്തവിദ്യരായ ആ ചെറുപ്പക്കാര്‍ പറഞ്ഞത് ശരിയാണ്. ഇവിടെ ഒരു പാരിസ്ഥിതിക പ്രവര്‍ത്തകനായ ഒരാളുടെ ചിരിക്കാത്ത ചിത്രത്തിന്‍റെ കുറവുണ്ട്.

അരുവിക്കരയില്‍ മഴ പെയ്യുന്നില്ല. ചൂട് മഴയെ വെല്ലുവിളിക്കുന്നു. നാനോ കാറിന്റെ ശീതീകരണി ചൂടിന് മുന്നില്‍ തോറ്റുകൊടുത്തു. വിരണകാവ് പ്രദേശത്തുകൂടി കാര്‍ വിയര്‍ത്തോടി. അവിടെ ഒരു ജങ്ങ്ഷനില്‍ കുറച്ച് സ്ത്രീകള്‍ നില്‍ക്കുന്നു. കാര്‍ നിര്‍ത്തി. തെരഞ്ഞെടുപ്പ് കുശലം അന്വേഷിച്ചു. അവര്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വീക്ഷണം പത്രം വിളമ്പി.

“ആരാണ് ഇവിടെ ജയിക്കുക?” ഞങ്ങള്‍ ചോദിച്ചു.
“ശബരീനാഥന്‍”. ഉത്തരം പൊടുന്നനെ വന്നു.
“അതെന്താ...?”
“ഞങ്ങള്‍ക്ക് സമാധാനം വേണം.” പഠിച്ചുറപ്പിച്ച ഉത്തരം വന്നു.
“അതെന്താ ഇവിടെ വല്ല രാഷ്ട്രീയ കൊലപാതകങ്ങളും അടുത്ത് നടന്നോ?”
“അതൊന്ന്വല്ല ഞങ്ങള്‍ക്ക് സമാധാനം വേണം.” ഉത്തരം ആവര്‍ത്തിച്ചു.
ഞങ്ങള്‍ പിന്നേയും എന്തൊക്കെയോ ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു.
“ഉപദ്രവിക്കണ്ട....ആ കുട്ടിയങ്ങ് ജയിച്ചുപോട്ടെ സാര്‍....”ഉത്തരം തീര്‍പ്പായി.

ഞങ്ങള്‍ യാത്ര തുടര്‍ന്നു. അരുവിക്കര മുഴുവന്‍ കൊടികളാണ്. തോരണങ്ങളാണ്. ഇടതും വലതും ബിജെപിയും അക്ഷരാര്‍ഥത്തില്‍ “പരസ്യ”യുദ്ധം തന്നെയാണ് നടത്തുന്നത്.

മുസ്ലീം വോട്ടുപ്രദേശങ്ങള്‍ എത്തുമ്പോള്‍ പരസ്യത്തിന്റെ സ്വഭാവം മാറുന്നുണ്ട്. ഇടതിന്റെ ചുവപ്പ് നിറം പച്ചയിലേക്ക് സംക്രമിക്കുന്നത് കാണാം. പച്ചയില്‍ കുളിച്ചുനില്‍ക്കുന്ന വലതിനെ കാണാം. പച്ച താമരകള്‍ വിരിഞ്ഞുനില്‍ക്കുന്നത് കാണാം. എന്തൊരു രാഷ്ട്രീയാബദ്ധങ്ങളാണ് ഇതൊക്കെ? അരുവിക്കരയിലെന്നല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങളും പുച്ഛമായി കാണില്ലേ ഇതിനെയൊക്കെ? നമ്മുടെ രാഷ്ട്രീയവിവേകം അസ്തമിക്കുന്നതിന്റെ നേര്‍കാഴ്ചകള്‍ അല്ലെ ഇതൊക്കെ?

അതിനിടെ വിരണകാവ് പ്രദേശത്ത്‌ ജനങ്ങള്‍ ഒഴുകിയെത്തുന്നത് കണ്ടു. നടന്‍ സുരേഷ് ഗോപി വരുന്നുണ്ടത്രേ. രാജഗോപാലിനെ പ്രതിരോധിക്കാന്‍; അല്ല വിജയിപ്പിക്കാന്‍. വിരണകാവിലെ ഒരു മൈതാനത്ത് ആയിരത്തിലധികം കസേരകള്‍ സമ്മതിദായകരെ കാത്തുകിടന്നു. ബിജെപിയുടെ മുഴുവന്‍ നേതാക്കളും ആ മൈതാനത്ത് നിരന്നു. ഉച്ചക്ക് മൂന്ന് മണിക്കായിരുന്നു ആക്ഷന്‍ ഹീറോ വരേണ്ടിയിരുന്നത്. എന്നാല്‍ മുഹൂര്‍ത്തത്തില്‍ തന്നെ മഴ പെയ്തുതകര്‍ത്തു. മൈതാനവും കസേരകളും കുളിച്ചുകിടന്നു. ശോഭ സുരേന്ദ്രന്‍ ഇടതും വലതും വാക്കത്തി വീശി ജനങ്ങളെ പിടിച്ചുവച്ചു. ഒടുവില്‍ നടന്‍ എത്തി. ആയിരം സിനിമാ ഭക്തരെ സാക്ഷിനിര്‍ത്തി ഗുരുവന്ദനം നടത്തി. രാജഗോപാലിന് വിജയം നേര്‍ന്നു. അപ്പുറത്തെവിടെയോ നടന്‍ ഇന്നസെന്റ് ഹാസ്യവെടി പൊട്ടിച്ച് വിജയകുമാറിനെയും ആനന്ദിപ്പിച്ചു.

ഒരു നിമിഷം ഞാന്‍ സംശയിച്ചുനിന്നു. ഞാനിപ്പോള്‍ അരുവിക്കരയിലോ അതോ തമിഴന്‍റെ കോടാമ്പക്കത്തോ?

യാത്രാനുഭവം

അരുവിക്കര ഒരു രാഷ്ട്രീയാവര്‍ത്തനമാണ്. ഇടതിന്റെയും വലതിന്റെയും ബിജെപിയുടെയും തനിയാവര്‍ത്തനം. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയ പ്രവാചകനുമല്ല. എന്‍റെ രാഷ്ട്രീയാവബോധം വച്ചുപറയുകയാണ്. അരുവിക്കരയിലെ ജനങ്ങളുടെ തീന്മേശമേല്‍ മൂന്ന് വിഭവങ്ങളാണ് ഉള്ളത്. അവയില്‍ ഒന്നില്‍ പാറ്റ വീണിരിക്കുന്നു. രണ്ടാമത്തേതില്‍ പല്ലി വീണിരിക്കുന്നു. മൂന്നാമത്തേതില്‍ മഞ്ഞളിന്റെ മഞ്ഞയും മുളകിന്റെ ചുവപ്പും കലര്‍ന്ന്‍ കാവി നിറം പകര്‍ന്നിരിക്കുന്നു. അരുവിക്കരയിലെ ജനങ്ങള്‍ക്ക് ഇവയിലൊന്ന് ഭക്ഷിച്ചേ തീരൂ.               

            

                    

No comments:

Post a Comment