Friday, September 2, 2011

മഹാബലിക്ക് ബദല്‍ അണ്ണാ ബലി

 
കര്‍ത്താവും, ക്രിയയും, കര്‍മവുമെല്ലാം സമഞ്ജസമായി സമന്വയിപ്പിച്ചെടുത്ത ഒരു നാമരൂപമാണ് ഓണം . അത് ഒരു ക്ഷേമ രാഷ്ട്രത്തെയും ക്ഷേമരാഷ്ട്ര കര്‍ത്താവിനെയും, അതിന്റെ ക്രിയാ - കര്‍മ രൂപഭാവങ്ങളെയും ഓര്‍മിപ്പിയ്ക്കുന്നു.

മഹാബലി എന്ന ചവിട്ടിത്താഴ്ത്തപ്പെട്ട ക്ഷേമരാഷ്ട്ര കര്‍ത്താവ് നാട് കാണാന്‍ വരുന്നതുമുതല്‍ പ്രജാക്ഷേമാന്വേഷണങ്ങള്‍ നടത്തി തിരിച്ചു പോകുന്നതുവരെയുള്ള ഒരു ഹ്രസ്വ കാലമാണ് ഓണത്തിന്റെ ഉത്സവായുസ്സ്.

അത്തം മുതല്‍ പത്ത് പകലിരവുകള്‍ പൂക്കളമെഴുതി തിരുവോണന്നാളില്‍ പൂവിളിയുമായി മാവേലിത്തമ്പുരാനെ വരവേല്‍ക്കുന്ന പ്രസന്നമായ പ്രകൃതിയുടെയും പ്രജകളുടെയും ഗതകാല സ്മരണകളുടെ അയവിറക്കലാണ് ഓണം.

സത്യനിഷ്ഠമായ ജനാധിപത്യമര്യാദകളും, സഹജീവികളോടുള്ള സഹാനുഭൂതിയും, സഹവര്‍ത്തിത്വവും തികച്ചും സത്യസന്ധമായി പരിപാലിക്കപ്പെട്ട ഒരു ക്ഷേമരാഷ്ട്രത്തിന്റെ ഓര്‍മപ്പെടുത്തലാണ് ഓണം.

കള്ളവും ചതിയുമില്ലാത്ത ; എള്ളോളമെങ്കിലും പൊളിവചനമില്ലാത്ത ; മാനുഷരെല്ലാരും ഒന്നുപോലെ കഴിയുന്ന സുഖശീതളമായ ഒരോര്‍മയാണ് ഓണം.

മഹാബലിയുടെത്‌ കുലീനമായ ഒരു കീഴടങ്ങലായിരുന്നു. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ യേശുക്രിസ്തുവിനെ പോലെ ഭൂമിയിലെ പാപഭാരങ്ങള്‍ക്ക് പ്രായശ്ചിത്തമായി അനുഷ്ടിച്ച ഒരാത്മബലി എന്നും പറയാം. നേരെയാവാത്ത ഒരു ജനതയുടെ കളങ്കിതമായ അള്‍ത്താരയില്‍ അര്‍പ്പിയ്ക്കപ്പെട്ട ആത്മബലി. ഇന്ത്യയില്‍ മഹാത്മാഗാന്ധി നമ്മെ ഓര്‍മിപ്പിക്കുന്നതും ഇതേ ആത്മബലി തന്നെയാണ്.

എന്നാല്‍ സല്‍ക്രിയകളുടെയും സല്‍കര്‍മങ്ങളുടെയും തിരുസ്വരൂപങ്ങളായ മഹാബലിക്കും, ക്രിസ്തുവിനും , മഹാത്മാഗാന്ധിക്കും വികലമായ പകര്‍ത്തെഴുത്തുകളുണ്ടായി. അവരൊക്കെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-അധ്യാത്മീക മണ്ഡലങ്ങളില്‍ കാലാകാലങ്ങളില്‍ ജനങ്ങ ള്‍ക്കിടയില്‍ അസ്ഥിരപ്രതിഷ്ഠ നേടി വന്നു.

ഇവിടെ ചരിത്രവും യാഥാര്‍ത്യവും പരസ്പരം നുണ പറയുന്നു . നേരത്തെ ഉണ്ടായിരുന്ന തിരുസ്വരൂപങ്ങള്‍ എല്ലാംതന്നെ ആള്‍രൂപങ്ങളായി തിരുസ്വരൂപങ്ങളെ അഭിനയിച്ചു കാണിക്കുന്നു. ഏറ്റവുമൊടുവില്‍ അണ്ണാ ഹസാരെ നമ്മുടെ മുന്നില്‍ അഭിനയിച്ചു കാണിച്ചുതന്നതും നിര്‍ജീവമായ പാവക്കൂത്തുതന്നെ.

അതുകൊണ്ടുതന്നെ മഹാബലിക്ക് ബദലായി നമുക്ക് അണ്ണാ ഹസാരെയേ അണിയിച്ചൊരുക്കാം . മറ്റൊരു മിത്ത് പോലെ .മഹാബലിക്ക് ബദല്‍ അണ്ണാ ബലി .

ഓണാശംസകളോടെ...
സി. ടി. വില്യം