Friday, November 22, 2013

ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ !പശ്ചിമഘട്ടം തല കുനിക്കുന്നു


രോഗ്യകരങ്ങളായ വിചാരങ്ങളുടെ ആരോഗ്യപരമായ വിനിമയങ്ങളുണ്ടായിരുന്നു പണ്ട്, നമുക്കിവിടെ . നമ്മുടെ കലയും സാഹിത്യവും മാധ്യമവും അങ്ങനെയായിരുന്നു, അന്ന്‍ . പിന്നീട്, ടെക്നോളജി അധിനിവേശം നടത്തിയ പ്പോള്‍ നാം വിചാരങ്ങളില്‍ നിന്ന് വികാരങ്ങളിലേക്ക് കൂടുമാറുകയായിരുന്നു . വികാരങ്ങളുടെ വികാരവും ടെക്നോളജി അപഹരിച്ചപ്പോള്‍ പിന്നെ വിവാദങ്ങ ളിലേക്കുള്ള ഒരു മത്സരപ്രയാണമായി നമ്മുടേത്‌ . കലയും സാഹിത്യവും മാധ്യമവും ഈ മത്സരപ്രയാണത്തിന്റെ മുന്‍നിരയില്‍ ദീപശിഖയുമായി കുതിക്കുന്നു .ചുരുക്കത്തില്‍ ,രക്തവും മജ്ജയും മാംസവും നഷ്ടപ്പെട്ട ; ടെക്നോളജിക്ക് മാത്രം നിയന്ത്രിക്കാവുന്ന അകലത്തില്‍ കൊച്ചുകൊച്ചു യന്ത്രസാമഗ്രികളായി നാം, മനുഷ്യര്‍ അധ:പതിച്ചിരിക്കുന്നു .
കല ,കമ്പ്യുട്ടറിലേക്കും ക്യാമറയിലേക്കും ;സാഹിത്യം ,സോഫ്റ്റ്‌വെയറിലേക്കും ;മാധ്യമം, കുത്തക കമ്പോളങ്ങളിലേക്കും കൂപ്പുകുത്തുകയായിരുന്നു നാമറിയാതെ . നാടക–കലാരൂപങ്ങള്‍ യന്ത്രവല്‍കൃത ദൃശ്യവിസ്മയങ്ങളായും ,സാഹിത്യം സൈബര്‍ സാമ്രാജ്യങ്ങളിലെ ബൌദ്ധിക സ്വത്തുവകകളായും ,മാധ്യമം കുത്തക കമ്പോള രാജാക്കന്മാരുടെ പണിയായുധങ്ങളായും ഇന്ന് അധ:പതിച്ചിരിക്കുന്നു . 


ലൈംഗികതയെ രാഷ്ട്രീയമായും രാഷ്ട്രീയതയെ ലൈംഗീകമായും പരസ്പരം വെച്ചുമാറുന്ന ഒരുതരം സഹകരണ വ്യായാമം ഇന്ന് നിലവില്‍ വന്നിരിക്കുന്നു . ഇത് വിവാദങ്ങളോടുള്ള നമ്മുടെ നവ അഭിനിവേശം കൊണ്ടാണ് . സോഷ്യല്‍ മീഡിയ എന്ന നവ മാധ്യമം നമ്മുടെ ബുദ്ധിയെ കയ്യാമം വച്ചതും നാം സോഫ്റ്റ്‌വെയര്‍ രാജാക്കന്മാരുടെ പറമ്പിലെ കുടിയാന്മാരും അടിയന്മാരുമൊക്കെ ആയതും വിചാരങ്ങള്‍ പണയപ്പെട്ടതുകൊണ്ടും വിവാദങ്ങള്‍ സ്വന്തമാക്കിയതുകൊണ്ടുമാണ് .


‘പകരത്തിനുപകരം’ എന്ന കാടത്ത സിദ്ധാന്തത്തെ ന്യായീകരിച്ചുകൊണ്ട് നാം ലൈംഗികതയെ രാഷ്ട്രീയമായും രാഷ്ട്രീയതയെ ലൈംഗീകമായും ആദരിക്കാന്‍ തുടങ്ങി .ഗൌരിയമ്മ മുതല്‍ സരിത വരേയും ;വിമോചനസമരം മുതല്‍ ഉപരോധസമരം വരേയും ;മത്തായി മാഞ്ഞൂരാന്‍ മുതല്‍ കസ്തൂരിരംഗന്‍ വരേയും കാര്യങ്ങള്‍ പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നതും കാലം തെളിയിച്ചു കാണിക്കുന്നതും ഒന്നാണ് ;വിവാദങ്ങളോട് നമുക്കുള്ള ഒടുങ്ങാത്ത പ്രണയാവേശം .
ഉപരോധസമരത്തിന്റെ പ്രതിരോധ വ്യാകരണവും ,അമ്പത്തൊന്നു വെട്ടിന്റെ രാഷ്ട്രീയ ഗണിതവും ,പാമോലിന്റെ പെട്ടെന്ന്‍ കുറഞ്ഞുവന്ന സാന്ദ്രതയും , ലാവലിന്റെ ലോലാവസ്ഥയും ,ഇപ്പോഴത്തെ പശ്ചിമഘട്ടത്തിന്റെ ലോലാതിലോല തുലന ഘടനയും  നമ്മോടു പറയുന്ന ഒരേയൊരു സത്യവും അതാണ്‌ - വിവാദങ്ങള്‍ വെച്ചുമാറുന്നതിലുള്ള  നമ്മുടെ രാഷ്ട്രീയ വൈദഗ്ധ്യം . കൌശലം .


പശ്ചിമഘട്ടത്തിന്റെ ഒരറ്റത്ത് ഗാദ്ഗിലും മറ്റേ അറ്റത്ത് കസ്തൂരിയും നിലയുറപ്പിക്കുമ്പോള്‍ മധ്യമഘട്ടങ്ങളില്‍ രാഷ്ട്രീയ വിലപേശലുകളും കുതിരക്കച്ചവടവും തകൃതിയായി നടക്കുന്നു .മധ്യമഘട്ടങ്ങളിലെ കമ്പോളനിലവാരം ഉറപ്പിച്ചെടുക്കുന്ന വസ്തുതയെന്തെന്നാല്‍ ;പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാത്ത രണ്ടുപേര്‍ മാധവ് ഗാദ്ഗിലും കസ്തൂരിരംഗനുമെന്നാണ് .കോടതികള്‍ ധ്വനിപ്പിക്കുന്നതും അതു തന്നെ , “ആരെങ്കിലും ഇവരെ വായിച്ചിട്ടുണ്ടോ ?”


ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ ! അടിയന്‍ ഇത് രണ്ടും വായിച്ചുനോക്കി . ഉള്ള ബുദ്ധികൊണ്ട് അളന്നുനോക്കി . മന്ത് ഇടതുകാലിലേക്കും വലതുകാലിലേക്കും മാറ്റിയപ്പോഴത്തെ അവസ്ഥയാണ് അടിയന് ഇത് വായിച്ചപ്പോള്‍ മനസ്സിലായത്‌ . ഒരാള്‍ രാഷ്ട്രീയത്തിന്റെ ധാര്‍മ്മിക രക്ഷാകവചവും മറ്റേയാള്‍ രാഷ്ട്രീയത്തിന്റെ അധാര്‍മ്മിക രക്ഷാകവചവും അണിഞ്ഞിരിക്കുന്നു . രണ്ടും ഒന്നുതന്നെ . 


പശ്ചിമഘട്ടം എന്നുപറയുന്നത് ഇന്നോ ഇന്നലേയോ ഉണ്ടായതുപോലെയാണ് ഇവരൊക്കെ എഴുതുന്നത്‌ .പറയുന്നത് . ഏഷ്യാ ഭൂപ്രദേശം രൂപം കൊള്ളുന്നതിനു മുമ്പുതന്നെ പശ്ചിമഘട്ടം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നുണ്ട് . സാമൂഹ്യപാഠം നന്നായി പഠിക്കാത്തതിന്റെ കുറവ് എല്ലാവരിലും ഒരുപോലെ .

എന്തായാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് നമുക്ക് പശ്ചിമഘട്ടത്തെ ഉപയോഗിക്കാം .പ്രയോഗിക്കാം .പക്ഷേ ഇനിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നാം ഏത് പശ്ചിമഘട്ടത്തെ ഉപയോഗിക്കും , പ്രയോഗിക്കും എന്നതാണ് നമ്മുടെ വരാനിരിക്കുന്ന പ്രതിസന്ധി . 


“ആരെങ്കിലും ഇതൊക്കെ വായിച്ചിട്ടുണ്ടോ ?” എന്ന്‍ ചോദിക്കുന്ന ബഹുമാനപ്പെട്ട കോടതിയെങ്കിലും ഇതൊന്ന് വായിച്ച് ബോധ്യപ്പെടുത്തിയെങ്കില്‍ എന്ന ആശങ്കയില്‍ ഞാന്‍ ബഹുമാനപ്പെട്ട കോടതി മുമ്പാകെ തല കുനിക്കട്ടെ .

ഡോ.സി.ടി.വില്യം