കുതിരാന്‍ തുരങ്കം തുറക്കുന്നത് വികസനത്തിലേക്കോ അതോ
പാരിസ്ഥിതിക-സാംസ്കാരിക സങ്കോചത്തിലേക്കോ ? ഹൈന്ദവ വിശ്വാസത്തേയും സംസ്കാരത്തേയും
ഉയര്‍ത്തിപ്പിടിക്കുന്ന നരേന്ദ്ര മോദിയും വികസനത്തിന്‍റെ പേരില്‍ കുതിരാനിലെ
അശ്വാരൂഡനായ ശാസ്താവിനെ കയ്യൊഴിഞ്ഞു. എന്നാല്‍ കവിഹൃദയമുള്ള പൊതുമരാമത്ത് മന്ത്രി
സുധാകരന്‍ മാത്രം കുതിരാനിലെ ശാസ്താവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന്
ക്ഷേത്ര ഭരണ സമിതിക്കും അയ്യപ്പ ഭക്തര്‍ക്കും രേഖാമൂലം വാക്കുകൊടുത്തിട്ടുണ്ട്.
സി.ടി.വില്യം
കുതിരാന്‍ തുരങ്കം തുറക്കുന്നത് വികസനത്തിലേക്കോ അതോ പാരിസ്ഥിതിക-സാംസ്കാരിക
സങ്കോചത്തിലേക്കോ ? 2016 ജൂണ്‍ മാസം
ആരംഭിച്ച തൃശൂര്‍ ജില്ലയിലെ കുതിരാന്‍ ഇരട്ട തുരങ്ക നിര്‍മ്മാണം ഏതാണ്ട് തീര്‍ന്നു.
ഇവയില്‍ ഒരു തുരങ്കം ഫെബ്രുവരി മാസം അവസാനം നാടിന് സമര്‍പ്പിക്കുമെന്നാണ് ഏറ്റവും
ഒടുവില്‍ കിട്ടുന്ന വിവരം. രണ്ടാം തുരങ്കം മാര്‍ച്ച് അവസാനത്തോടെയും.
ഏകദേശം 200 കോടിയുടെ കുതിരാന്‍ തുരങ്കങ്ങള്‍ തുറക്കുമ്പോള്‍ അത് നാടിന്
വലിയ വികസനങ്ങള്‍ കൊണ്ടുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഏറണാകുളത്തുനിന്ന്
കോയമ്പത്തൂര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ മൂന്നു കിലോമീറ്ററിന്റെ സമയലാഭം മാത്രമാണ്
ഈ തുരങ്ക നിര്‍മ്മാണം കൊണ്ട് ഉണ്ടാവുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്.
എന്നാല്‍ കുതിരാന്‍ കയറ്റങ്ങളും വളവുകളും ദുരന്തങ്ങള്‍ ഉണ്ടാക്കുന്ന
പശ്ചാത്തലത്തിലും വര്‍ഷക്കാലത്തെ മലയിടിച്ചലും കണക്കിലെടുക്കുമ്പോള്‍ കുതിരാന്‍
തുരങ്കങ്ങള്‍ പൊതുജനത്തിന്റെ സന്മനസ്സില്‍ സ്ഥാനം പിടിക്കുമെന്നും പറയാം.
അതോടൊപ്പം തന്നെ പ്രകൃതി ഭംഗിയും ആസ്വദിച്ചുകൊണ്ട് കുതിരാന്റെ കയറ്റിറക്കങ്ങളും
ആസ്വദിച്ചുകൊണ്ട് കുതിരാന്‍ മലയിലെ ആശ്വാരൂഡനായ ശാസ്താവിനെ വണങ്ങി കാണിക്കയിട്ട്
യാത്ര ചെയ്യുന്നതിന്റെ ഒരു സുഖവും നമുക്ക് ഇവിടെ നഷ്ടമാവുന്നുണ്ട്. ഇപ്പോള്‍
കുതിരാന്‍ തുരങ്കങ്ങള്‍ക്ക് ചെലവഴിച്ച 200 കോടികൊണ്ട് കുതിരാന്‍ കുന്നുകളെ നമ്മുടെ
സാങ്കേതിക വിദ്യകള്‍ കൊണ്ട് സംരക്ഷിക്കാമായിരുന്നില്ലേ എന്ന യുക്തിഭദ്രമായ
ചോദ്യവും അവശേഷിക്കുന്നുണ്ട്.
അപ്പോള്‍പിന്നെ ആര്‍ക്കുവേണ്ടിയാണ് കുതിരാന്‍ തുരങ്കങ്ങള്‍ പണിതീര്‍ക്കുന്നതെന്നും
ന്യായമായൊരു ചോദ്യം ചോദിക്കാവുന്നതാണ്. ആറുവരിപ്പാത നിര്‍മ്മാണത്തിന് മാത്രം
ഏകദേശം 760 കോടി രൂപയാണ് നിലവില്‍ വകയിരുത്തിയിരിക്കുന്നത്. ഇതില്‍ കുതിരാന്‍
തുരങ്ക നിര്‍മ്മാണത്തിനുമാത്രം 200 കോടി വകയിരുത്തിക്കാണുന്നു. എന്നാല്‍ രണ്ടു
കിലോമീറ്റര്‍ ദൂരത്തെ കുതിരാന്‍ കരിങ്കല്‍ മലകള്‍ പൊട്ടിച്ചെടുത്ത പാറകളുടെ മൂല്യം
ആരെങ്കിലും കണക്കെടുത്തുവോ എന്ന കാര്യം സംശയമാണ്. ഈ ആറുവരിപ്പാതയുടെ നിര്‍മ്മാണത്തിന്റെ
മുഴുവന്‍ ആവശ്യത്തിനും വേണ്ടിവരുന്ന; ഒരുപക്ഷെ ആവശ്യത്തില്‍ കൂടുതലും പാറയാണ്
ഇവിടെ നിന്ന് കരാറുകാര്‍ പൊട്ടിച്ചെടുത്തത്. ഈ പാറകള്‍ അവിടെത്തന്നെ നിര്‍മാണാവശ്യത്തിനുതകും
വിധം മെറ്റലും കരിങ്കല്‍ പൊടിയുമായി സംസ്കരിച്ചെടുക്കുകയാണ് കരാറു കമ്പനികള്‍.
ഇവിടെയാണ് ആറുവരിപ്പാത നടത്തിപ്പുകാരായ നാഷണല്‍ ഹൈവേ അതോറിറ്റിയും, അവരുടെ
കരാര്‍ കൂട്ടുകെട്ടായ ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി. കരാറു കമ്പനിയും, തൃശൂര്‍
എക്സ്പ്രസ്സ് വേ ലിമിറ്റഡ് എന്ന കമ്പനിയും, പ്രഗതി എഞ്ചിനീയറിംഗ് റെയില്‍വേ
പ്രൊജക്റ്റ് എന്ന കമ്പനിയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഈ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ എല്ലാം തീരുന്ന മുറക്ക് ജനങ്ങളെ പിഴിയുന്നതിന്നായി മറ്റൊരു ടോള്‍
പിരിവുകേന്ദ്രം കൂടി മണ്ണുത്തി-വടക്കാഞ്ചേരി ആറുവരിപ്പാതയില്‍ പിടിമുറുക്കുന്നുണ്ടെന്ന
വസ്തുത നാമാരും വിസ്മരിച്ചുകൂട. ഇവരൊക്കെ കൂടി കടലാസ്സില്‍ ചെലവഴിച്ച ഏകദേശം ആയിരം
കോടിക്ക് പകരം തൃശൂര്‍ ജില്ലയിലെ പാല്യേക്കര ടോള്‍ പ്ലാസ്സയിലേതുപോലെ ആറായിരം കോടിയെങ്കിലും
ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കും.
ഇവിടെയാണ് കുതിരാന്‍ തുരങ്കങ്ങള്‍ വികസനത്തിലേക്കോ പാരിസ്ഥിതിക-സാംസ്കാരിക
സങ്കോചത്തിലേക്കോ എന്ന ചോദ്യമുയരുന്നത്. ഇപ്പോള്‍തന്നെ കുതിരാന്‍ തുരങ്കങ്ങള്‍ക്ക്
അരികിലുള്ള, പീച്ചി ഡാമില്‍ ചെന്നവസാനിക്കുന്ന ഇരുമ്പുപാലം തോട് ഏതാണ്ട്
മാലിന്യങ്ങള്‍ കൊണ്ട് മൂടിക്കഴിഞ്ഞു. കേരളത്തിന്‍റെ ചരിത്രത്തിനും അപ്പുറം
ചരിത്രമായ കുതിരാന്‍ ശാസ്താ ക്ഷേത്രവും ഇനി ഓര്‍മ്മയാവും. ഈ ക്ഷേത്രത്തിലേക്കുള്ള
വഴിയും സര്‍ക്കാര്‍ സ്പോണ്‍സര്‍മാരായ കരാറുകമ്പനികള്‍ ഭാവിയില്‍ കൊട്ടിയടക്കും.
നാടിന്റെ രക്ഷയ്‌ക്കായി പണ്ട് പരശുരാമന്‍ 108 ശാസ്‌താക്ഷേത്രങ്ങള്‍
നിര്‍മ്മിച്ചതായാണ് ഐതീഹ്യം പറയുന്നത്. പല സങ്കല്‍പ്പങ്ങളിലായി പ്രതിഷ്‌ഠിച്ചിട്ടുള്ള
ശാസ്‌താവിനെ ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ് കുടിയിരിത്തിയിരിക്കുന്നത്.
ശബരിമലയിലെ ധര്‍മ്മശാസ്‌താവായ കലിയുഗ വരദ ഭാവം മുതല്‍ കുളത്തൂപ്പുഴയിലെ ബാലഭാവവും,
അച്ഛന്‍കോവിലിലെ കൗമാരഭാവവും, ആര്യങ്കാവിലെ പൂര്‍ണ പുഷ്‌കല സമേതന്‍റെ ഭാവവും, ചമ്രവട്ടത്തെ
വില്ലാളി ഭാവവും, കുതിരാനിലെ ആശ്വാരൂഡഭാവവും
പ്രത്യേകം എടുത്തുപറയത്തക്കതാണ്.
പുരാതന കേരളത്തിലെ 64 ഗ്രാമങ്ങളില്‍ വച്ച് പേരുകേട്ട പെരുവനം ഗ്രാമമാണ് നാല്
ശാസ്താവിനാല്‍ കാത്തുസംരക്ഷിക്കുന്നതത്രേ. കിഴക്ക് തൃശൂര്‍ - പാലക്കാട് റൂട്ടില്‍
വടക്കഞ്ചേരിക്കടുത്തുള്ള കുതിരാന്‍ മല ശാസ്‌താവ്, പടിഞ്ഞാറ്
ഇരിങ്ങാലക്കുട എടമുട്ടം റൂട്ടില്‍ കാട്ടൂരിനടുത്തുള്ള എടത്തുരുത്തി ശാസ്‌താവ്,
വടക്ക് തൃശൂര്‍ ഷൊര്‍ണൂര്‍ റൂട്ടില്‍ വടക്കാഞ്ചേരിക്കടുത്തുള്ള
അകമല ശാസ്‌താവ്, തെക്ക് കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ പടാകുളത്തുള്ള
ഉഴുവത്ത് ശാസ്‌താവ്.
അശ്വാരൂഢനായി വേട്ടയ്ക്കു പുറപ്പെടുന്ന രൂപത്തിലാണ് ശാസ്‌താവിനെ കുതിരാനില്‍
കുടിയിരിത്തിയിരിക്കുന്നത്. ഈ പ്രദേശം മുമ്പ് അറിയപ്പെട്ടിരുന്നത് കുതിരകേറാത്ത
മല എന്നായിരുന്നു. പിന്നീട് അത് ലോപിച്ച് കുതിരകേറാ മലയായി. പിന്നീട് കുതിരാന്‍
മലയുമായി. അങ്ങനെയാണത്രേ ഈ പ്രദേശത്തിന് കുതിരാന്‍ എന്ന പേര് ലഭിച്ചത്.
ഒരുകൈയില്‍ അമ്പും വില്ലും മറുകൈയില്‍ കടിഞ്ഞാണുമായി രക്ഷക ഭാവത്തിലാണ് ശാസ്‌താവ്
ഇവിടെ വസിക്കുന്നത്.
ഈ വഴി കടന്നുപോകുന്ന അനേകം യാത്രക്കാരും ശബരിമലയ്‌ക്കു പോകുന്ന അയ്യപ്പഭക്തന്മാരും
ഈ അശ്വാരൂഡന് അര്‍പ്പിക്കുന്ന വഴിപാടുകള്‍ക്ക് കയ്യും കണക്കുമില്ല. ശാസ്താവിന്
രക്ഷകഭാവം ഉള്ളതുകൊണ്ടായിര്‍ക്കണം ഈ വാഹനമോടിക്കുന്ന എല്ലാവരും കാണിക്ക സമര്‍പ്പിക്കും.
ഇങ്ങനെ കിട്ടുന്ന വരുമാനം കൊണ്ട് ദിവസവും അന്നദാനം നടക്കുന്നുണ്ട്. പിന്നെ
ഭക്തജനങ്ങള്‍ക്കുള്ള സഹായങ്ങളും നല്കിപ്പോരുന്നു. ഒരുപക്ഷെ കേരളത്തിലെ സാമാന്യം ഭേദപ്പെട്ട
വരുമാനമുള്ള ഒരു ക്ഷേത്രമാണ് കുതിരാനിലെ ഈ ശാസ്താ ക്ഷേത്രം. വികസനത്തിന്റെ
തുരങ്കങ്ങള്‍ തുറക്കുന്നതോടെ അശ്വാരൂഡനായ ശാസ്താവിന് അടുത്തൊരു വനവാസം കൂടി സര്‍ക്കാര്‍
പതിച്ചുകൊടുക്കും.
കുതിരാനിലെ ക്ഷേത്ര ഭരണ സമിതിയും
ഭക്തരും ചേര്‍ന്ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും
പരാതികള്‍ സമര്‍പ്പിച്ചിട്ട് രണ്ടുമൂന്നു വര്‍ഷങ്ങളായി. ഹൈന്ദവ വിശ്വാസത്തേയും
സംസ്കാരത്തേയും ഉയര്‍ത്തിപ്പിടിക്കുന്ന നരേന്ദ്ര മോദിയും വികസനത്തിന്‍റെ പേരില്‍
കുതിരാനിലെ അശ്വാരൂഡനായ ശാസ്താവിനെ കയ്യൊഴിഞ്ഞു.
എന്നാല്‍ കവിഹൃദയമുള്ള പൊതുമരാമത്ത്
മന്ത്രി സുധാകരന്‍ മാത്രം കുതിരാനിലെ ശാസ്താവിനെ എന്തുവിലകൊടുത്തും
സംരക്ഷിക്കുമെന്ന് ക്ഷേത്ര ഭരണ സമിതിക്കും അയ്യപ്പ ഭക്തര്‍ക്കും രേഖാമൂലം വാക്കുകൊടുത്തിട്ടുണ്ട്.
ആ രേഖയുടെ ബലത്തില്‍ കേരള ഹൈക്കോടതിയില്‍ ഒരു കേസും നിലനില്‍ക്കുന്നുണ്ട്. ഇന്നോ
നാളെയോ വിധി പറയാനിരിക്കുന്ന ആ കേസ്സില്‍ കുതിരാനിലെ ശാസ്താവിന് ഒരു പക്ഷെ ഒരു സര്‍വ്വീസ്
റോഡ് തുറന്നുകിട്ടാം. അതിന്നായി കുതിരാനില്‍ ശരണം വിളികള്‍ ഉയരുന്നു.
സി.ടി.വില്യം