Sunday, August 5, 2018

വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിപ്പാനില്ലത്രെ എന്നത് സാര്‍ത്ഥകമാകുന്നത് മലമ്പുഴ അണക്കെട്ട് പ്രദേശത്താണ്.

വെള്ളം വെള്ളം സര്‍വ്വത്ര; തുള്ളി കുടിപ്പാനില്ലത്രേ. ഇതാണ് മലമ്പുഴയിലെ ഇന്നത്തെ അവസ്ഥ. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് കുടിക്കാന്‍ വെള്ളം കിട്ടില്ല. കൃത്രിമ നിറങ്ങളും മധുരവും ചേര്‍ത്ത പ്ലാസ്റ്റിക്ക് കുപ്പികളിലെ വിഷപാനീയങ്ങളും ഭക്ഷ്യ വസ്തുക്കളും മാത്രമേ ഇവിടെ കിട്ടൂ. അതുമാത്രം വില്‍ക്കാനെ അധികൃതര്‍ ഇവിടെ അനുവദിക്കുള്ളൂ.

തൃശൂര്‍: കേരളത്തിലെ വലിയ അണക്കെട്ടുകളില്‍ ഒന്നായ മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു. കഴിഞ്ഞ ബുധനാഴ്ച മൂന്നു സെന്റിമീറ്ററും ശനിയാഴ്ച ഒമ്പത് സെന്റിമീറ്ററുമാണ് ഷട്ടറുകള്‍ തുറന്നത്.
അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 115.06 മീറ്ററാണ്. കഴിഞ്ഞ ബുധനാഴ്ച ജലനിരപ്പ്‌ 114.88 എത്തിയപ്പോഴാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.

ഏറ്റവും അവസാനം ഈ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത് 2014-നായിരുന്നു. അന്ന് ജലനിരപ്പ്‌ 115.76 എത്തിയപ്പോഴായിരുന്നു ഷട്ടറുകള്‍ തുറന്നത്.
മലമ്പുഴ അണക്കെട്ട് തുറന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ഒരു പ്രധാനപ്പെട്ട ഫീഡര്‍ വഴിയെത്തുന്ന വൈദ്യുതി ഈ അണക്കെട്ടിന്റെതാണ്. മാത്രമല്ല,  സമീപപ്രദേശങ്ങളിലെ ചെറുപുഴകള്‍ കടന്ന് ഭാരതപ്പുഴയില്‍ വെള്ളമെത്തി. നിള സമൃദ്ധമായി.

ഇക്കുറി മലമ്പുഴയുടെ വൃഷ്ടിപ്രദേശത്ത് 52 എം.എം. മഴ കിട്ടിയതായാണ് ഡാം അധികൃതര്‍ പറയുന്നത്.

ഡാം ആദ്യമായി തുറന്ന ബുധനാഴ്ച സന്ദര്‍ശകരില്‍ നിന്ന് മൂന്നര ലക്ഷം രൂപയുടെ ഗേറ്റ് കളക്ഷന്‍ ഉണ്ടായതായാണ് അറിയാന്‍ കഴിയുന്നത്‌. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക് കൂടുതലായിരുന്നു. കൂടുതലും പാലക്കാട് നിന്നുള്ള സന്ദര്‍ശകരാണ്‌ ഡാം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.

കുതിരാനിലെ യാത്രാക്ലേശം നിമിത്തം തൃശൂര്‍ ഭാഗത്തുനിന്നുള്ള സന്ദര്‍ശകര്‍ വളരെ കുറവാണ്. കുതിരാനിലെ ഗതാഗതക്കുരുക്കില്‍ രണ്ടും മൂന്നും മണിക്കൂറുകളാണ് ഇതുവഴിയുള്ള യാത്രക്കാര്‍ കുരുങ്ങിക്കിടക്കുന്നത്‌.

ഡാം നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമ്പോഴും ഡാമിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും അധികൃതര്‍ കൊടുക്കുന്നില്ല. മലമ്പുഴ ഡാമിനകത്ത് കുടിവെള്ളം അധികൃതര്‍ നിരോധിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാനാണ് ഈ നിരോധനം എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്ലാസ്റ്റിക്ക് കുപ്പികളില്‍ വരുന്ന മറ്റു മധുര പാനീയങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.

കുപ്പിവെള്ളം വില്‍ക്കുന്ന മില്‍മയുടെ ഔട്ട്‌ ലെറ്റുകളില്‍ പോലും കുപ്പിവെള്ളം ഒഴിവാക്കി മധുര പാനീയങ്ങള്‍ സന്ദര്‍ശകരെ കുടിപ്പിക്കുന്നു. കുപ്പിവെള്ളം വില്‍ക്കുമ്പോള്‍ കിട്ടുന്ന കമ്മീഷന്‍ കുറവായതുകൊണ്ടാണ് കുപ്പിവെള്ളം വില്‍ക്കാത്തതെന്നാണ് സന്ദര്‍ശകരുടെ ആരോപണം. മില്‍മ പോലും അവരുടെ കുപ്പിവെള്ളം സന്ദര്‍ശകര്‍ക്ക് നിഷേധിക്കുന്നതില്‍ സന്ദര്‍ശകര്‍ക്ക് ആക്ഷേപമുണ്ട്.

അതേസമയം മില്‍മയുടെ കുപ്പിവെള്ളം എവിടെയും നിരോധിച്ചിട്ടില്ലെന്ന് മില്‍മ അധികൃതര്‍ പറയുന്നു. മില്‍മ ഔട്ട്‌ ലെറ്റ് കരാര്‍ എടുത്തവരാണ് വെള്ളം നിരോധിച്ചതെന്നും മില്‍മ അധികൃതര്‍ പറയുന്നു. മാത്രമല്ല, മില്‍മയുടെ കുപ്പിവെള്ളം ഡാമിന് പുറത്തും പരിസരങ്ങളിലും വില്‍പ്പനക്ക് വച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മലമ്പുഴ ഡാം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് പരാതികളെറെയാണ്. ഇവിടുത്തെ പല ലഘു ഭക്ഷണ ശാലകളും അടഞ്ഞുകിടക്കുകയാണ്. വിശ്രമകേന്ദ്രങ്ങളും വേണ്ടത്ര പരിപാലനമില്ലാതെ വിശ്രമയോഗ്യമല്ലാതായിട്ട് നാളുകളേറെയായി. രണ്ടു രൂപയ്ക്കും അഞ്ചുരൂപയ്ക്കും മൂത്ര-മല വിസര്‍ജ്ജന സൌകര്യങ്ങള്‍ ഒരുക്കിയ മൂത്രപ്പുരകളിലും വെള്ളവും വെളിച്ചവുമില്ല. മലമ്പുഴ ഉദ്യാനവും പരിചരണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു.

കാനായി കുഞ്ഞിരാമന്റെ പ്രസിദ്ധമായ ശില്‍പം യക്ഷിയേയും അധികൃതര്‍ വെറുതെ വിടുന്നില്ല. ഈ യക്ഷിയുടെ അവസ്ഥയും പരിതാപകരമാണ്. യക്ഷിയുടെ അംഗോപാംഗങ്ങള്‍ എല്ലാതന്നെ അപകടത്തിലാണ്. യക്ഷിയുടെ മുടിയെല്ലാം ആരോ പറിച്ചെടുത്തിരിക്കുന്നു. എല്ലാവരുടേയും മുന്നില്‍ നിസ്സഹായയായി തലകുനിച്ച് ഈ യക്ഷിയും തല ഉയര്‍ത്തിപിടിച്ച മറ്റൊരു കാലത്തെ അയവിറക്കുന്നത് കാണാം.

ലക്ഷങ്ങള്‍ മുടക്കി പ്രധാന കവാടത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക് പ്രവേശന കവാടം ഇവിടെ ഘടിപ്പിച്ചതിനുശേഷം നാളിതുവരെ പ്രവര്‍ത്തിക്കുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. ഡാമിനകത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സുരക്ഷാബോട്ടുകളില്‍ പലതും അവിടവിടെ ഉപയോഗശൂന്യമായി കിടക്കുന്നത് കാണാം.

സഞ്ചാരികള്‍ ഉപയോഗിക്കുന്ന റോപ് വെ സംവിധാനങ്ങളും കുറ്റമറ്റതല്ല. ഇരിപ്പിടങ്ങളും മറ്റും തുരുമ്പെടുത്തതായി കാണാവുന്നതാണ്. ഇരിപ്പിടങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഫൈബര്‍ ഗ്ലാസ്സുകളും പുറം കാഴ്ചയ്ക്ക് കൊള്ളില്ല.

ഇവിടെ ആകെക്കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് ഗേറ്റിലെ പണപ്പിരിവും അശാസ്ത്രിയമായ വാഹന പാര്‍ക്കിങ്ങിലൂടെ നടത്തുന്ന കൊള്ളയുമാണ്.

മലമ്പുഴയിലെ മരാമത്തുകള്‍ക്കായി ഈ വര്‍ഷം 27 കോടി പാസ്സായിട്ടുന്ടെന്നും എല്ലാം ശരിയാവുമെന്നാണ് അധികൃതരുടെ പക്ഷം.