ഒരു
എഴുത്തുകാരന്‍ എന്ന നിലയിലും സമൂഹ മാധ്യമങ്ങളില്‍ സജീവമായ സാന്നിധ്യമുള്ള ഒരാളെന്ന
നിലയിലും ഒരുപാട് പേര്‍ ആവശ്യപ്പെടുന്നതുകൊണ്ടാണ് സീറ്റി സ്കാനില്‍ ഒരുവട്ടം കൂടി
പൊതു തെരഞ്ഞെടുപ്പ് പ്രാദേശികമായി സ്കാന്‍ ചെയ്യേണ്ടി വരുന്നത്. സദയം പൊറുക്കുക.
തെരഞ്ഞെടുപ്പ്
സമാഗതമായി. സ്ഥാനാര്‍ത്ഥികള്‍ക്ക് വിഹിതം വയ്ക്കാവുന്ന അത്രയും തെരഞ്ഞെടുപ്പു സര്‍വ്വേകളും
ഫലപ്രഖ്യാപനങ്ങളും നടന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പു സര്‍വ്വേകള്‍ നിക്ഷ്പക്ഷമല്ലെന്ന്
അത് നടത്തുന്നവര്‍ക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കും അത് കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും
വളരെ കൃത്യമായിതന്നെ അറിയാം. എങ്കിലും പണം കായ്ക്കുന്ന ഈ ഏര്‍പ്പാട് നമ്മുടെ
മാധ്യമങ്ങള്‍ ഒഴിവാക്കില്ല. ജനാധിപത്യ ഭൂമിയല്ലേ, അതും നടക്കട്ടെ. ജനങ്ങള്‍
അതുകൂടി സഹിക്കട്ടെ.
ഇതെഴുതുന്ന
ഞാന്‍ ഒരു കന്നിവോട്ട് രേഖപ്പെടുത്തിയതിനുശേഷം പിന്നീട് ഒരിക്കലും ചൂണ്ടുവിരലില്‍
കറുത്ത മഷി പുരട്ടിയിട്ടില്ല. ജനാധിപത്യ വിരോധം കൊണ്ടല്ല. കഴിഞ്ഞ നാല് പതിറ്റാണ്ട്
രാഷ്ട്രീയ പഠനം നടത്തിയ എനിക്ക് ഒരിക്കല്‍കൂടി ചൂണ്ടുവിരലില്‍ കറുത്ത മഷി
പുരട്ടാന്‍ മാത്രം യോഗ്യതയുള്ള ഒരു ജനാധിപത്യവാദിയെ കണ്ടുകിട്ടിയില്ലെന്നതുകൊണ്ടാണ്.
അതുകൊണ്ടുതന്നെയാണ് എന്റെ ഈ രാഷ്ട്രീയ മൌനവും.
തെരഞ്ഞെടുപ്പു
കാലത്ത് എന്റെ വീട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ടിടുന്ന കടലാസ് മാലിന്യം
ഞാന്‍ നേരെ കുപ്പത്തൊട്ടിയിലിട്ടു കത്തിക്കുകയാണ് പതിവ്. കാരണം, ആ
കടലാസിലുള്ളതെല്ലാം കാലങ്ങളായി ഇക്കൂട്ടര്‍ എന്നെക്കൊണ്ട് ചര്‍വിതചര്‍വ്വണം ചെയ്യിപ്പിച്ചിട്ടുള്ളവയാണ്.
എന്നാല്‍
ഇക്കുറി തൃശൂരില്‍ മത്സരിക്കുന്ന സുരേഷ് ഗോപിയുടെ ഒരു നോട്ടീസ് പതിവുപോലെ
കുപ്പത്തൊട്ടിയില്‍ നിക്ഷേപിക്കുന്നതിന്നിടെ എന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി.
ഇന്ത്യയില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി അവകാശപ്പെടുന്ന 24 ഇനം വികസനങ്ങളും നേട്ടങ്ങളുമാണ്
അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതൊക്കെ സത്യമാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍
പറയുന്നുമുണ്ട്. മാത്രമല്ല അദ്ദേഹത്തിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥികളായ ടി.എന്‍.
പ്രതാപനും രാജാജി മാത്യു തോമസും അതൊന്നും ഖണ്ഡിക്കുന്നുമില്ല. അത്തരമൊരു
സാഹചര്യത്തില്‍ ജനങ്ങള്‍ അയാള്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതില്‍ തെറ്റുണ്ടെന്നും
തോന്നുന്നില്ല.
തൃശൂരില്‍
മത്സരിക്കുന്ന മറ്റു രണ്ടു പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രതാപനും രാജാജിയും എന്റെ
വീട്ടില്‍ ഉപേക്ഷിച്ചുപോയ നോട്ടീസുകളില്‍ ഒന്നുംതന്നെ സുരേഷ് ഗോപി അവകാശപ്പെടുന്ന
തരത്തിലുള്ള ദേശീയ വികസനങ്ങള്‍ ഇനം തിരിച്ച് പ്രസിദ്ധപ്പെടുത്തിയും കണ്ടില്ല. കേരള
സര്‍ക്കാരിന്റെ ചില പ്രാദേശിക വികസനങ്ങള്‍ രാജാജി അവകാശപ്പെടുന്നുണ്ടെങ്കിലും
ദേശീയ വികസനങ്ങളുടെ അഭാവം ശക്തമായിരുന്നു.
പ്രതാപനാണെങ്കില്‍
അത്രയും പറയാനില്ലായിരുന്നു. രാജാജിയോടൊപ്പം ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങള്‍
മുഴക്കുക മാത്രമാണ് പ്രതാപന്‍ ചെയ്തത്. പിന്നെ പൊട്ടാതെപോയ ചില പതിവുപടക്കങ്ങള്‍ ചെറുശബ്ദത്തോടെ
പൊട്ടിച്ചുപോവുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ ഈ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍
ജനങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ രാജാജിക്കും പ്രതാപനും ഒന്നുംതന്നെ
ഉണ്ടായിരുന്നില്ലെന്നും പറയേണ്ടിവരുന്നു.
ദേശീയതലത്തില്‍
സുരേഷ് ഗോപി ജനങ്ങളെ ബോധ്യപ്പെടുത്തുന്ന 24 ഇനം ദേശീയ വികസനങ്ങളോട് രാജാജിയും
പ്രതാപനും ഏറ്റുമുട്ടുന്നതായും കണ്ടില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സുരേഷ്
ഗോപി ജനങ്ങളുടെ മുന്നില്‍ വയ്ക്കുന്ന 24 ഇനം ദേശീയ വികസനങ്ങള്‍ രാജാജിയും
പ്രതാപനും ശരി വക്കുകയായിരുന്നുവെന്നും പറയേണ്ടിവരും.
(ഈ ലേഖനത്തിന്റെ വീഡിയോ കാണാന്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക }