Saturday, July 15, 2023

ഭാരതീയം-1- ലഡാക്കിന് ഒരാമുഖം

ഇതാണ് ലേ. ബിസി 9000 മുതലുള്ള ചരിത്രമുണ്ട് ഈ ഭൂമികക്ക്. ഇപ്പോൾ കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന്റെ തലസ്ഥാന നഗരിയാണ്. എന്നിരുന്നാലും എല്ലാവരും പറയും ലേ ലഡാക്ക്, ലേ ലഡാക്ക്.

ഹിമാലയ പർവ്വതനിരകളെ തൊട്ടുതലോടിനിൽക്കുന്ന കാഷ്മീർ താഴ്വരയിലെ തർക്കഭൂമിയായിരുന്നു പണ്ട് ലഡാക്ക്. ഇന്ത്യയും പാക്കിസ്താനും ചൈനയും ഒരുപോലെ അവകാശപ്പെട്ട ലാസ്യവതിയായ പർവ്വതഭൂമിയാണ് ലഡാക്ക്. ഉയരം കടൽനിരപ്പിൽ നിന്ന് 11483 അടി.വീഡിയോ കാണാൻ

ലഡാക്കിന് കിഴക്ക് ടിബറ്റും, തെക്ക് ഹിമാചലും, പടിഞ്ഞാറ് കാഷ്മീരും പാക്കിസ്താൻ ഭരണപ്രദേശമായ ബാൾടിസ്ഥാനും, വടക്ക് ചൈനയും നിലയുറപ്പിച്ചിരിക്കുന്നു. വളരെ പണ്ട് ചൈനയും പാക്കിസ്ഥാനും പിന്നീട് ജമ്മു-കാഷ്മീറും കയ്യടക്കിയ ഈ പ്രദേശം ലോകരാഷ്ട്രങ്ങളെ കൊതിപ്പിക്കുന്ന അന്താരാഷ്ട്ര വാണിജ്യഗിരിനിരകളായിരുന്നു.

പിന്നീട് ഏറെ വിവാദം സൃഷ്ടിച്ച ജമ്മു-കാഷ്മീർ പുനസംഘടനാ ബിൽ വഴി 2019 ഒക്ടോബർ 31-നാണ് ലഡാക്ക് കേന്ദ്രഭരണ പ്രദേശമാവുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ വച്ച് ഏറ്റവും വലതും കുറഞ്ഞ ജനസംഖ്യയുമുള്ള പ്രദേശമാണ് ലഡാക്ക്. വിസ്തീർണ്ണം ഏകദേശം 60000 ചതുരശ്ര കിലോമീറ്റർ. ജനസംഖ്യ ഏകദേശം 3 ലക്ഷം. അവരുടെ എടുപ്പിലും ഉടുപ്പിലും ഊരിലും ഉടലാകമാനവും ഭാരതീയത തെളിഞ്ഞുകാണാം. ജനസംഖ്യയിൽ പകുതിയോളം പട്ടാളക്കാരാവാനാണ് സാധ്യത. ഇന്ന് ഇന്ത്യയിലെ സാഹസിക പരിവേഷമുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ലഡാക്ക്.

പാക്കിസ്ഥാൻ-ചൈന-ടിബറ്റ്-മുഗൾ സംസ്കാരങ്ങൾ ഇണചേർന്നുരമിച്ച ഇവിടെ ബുദ്ധിസം, ഹൈന്ദവ-ഇസ്ശാമിക സംസ്കാരവുമായി കൈകോർത്ത് കിടക്കുന്നു. അവിടവിടെ ബൌദ്ധ പ്രാർത്ഥനാചക്രങ്ങൾ കറങ്ങുന്ന ബൌദ്ധസ്തൂപങ്ങൾ കാണാം. ഇവിടങ്ങളിലെ മനുഷ്യരും വാസ്തുവിദ്യയും പ്രകൃതിയും സംസ്കൃതിയും അതുകൊണ്ടുതന്നെ ബൌദ്ധ-ഹൈന്ദവ-ഇസ്ശാമിക പരിവേഷങ്ങളാൽ പ്രകാശിതരാണ്.

ടിബറ്റ് ഭാഷയിൽ ലഡാക്ക് എന്നാൽ ചുരങ്ങളുടെ നാട് എന്നാണ് അർത്ഥം. 19023 അടി ഉയരത്തിലുള്ള ഏറ്റവും ഉയരം കൂടിയ ഉമ്ലിങ്ങ് ലാ ചുരവും 18379 അടി ഉയരത്തിലുള്ള രണ്ടാമത്തെ ഉയരം കൂടിയ കർദുങ്ങ് ലാ ചുരവുമടക്കം ഒമ്പത് ചുരങ്ങളാണ് ഇവിടെയുള്ളത്. അവയിൽ തന്നെ സോജിലാ ചുരവും ചാങ്ങ്ലാ ചുരവും റോതാങ്ങ് ചുരവും പ്രധാനപ്പെട്ടവയാണ്. അതേ ആരേയും അതിശയിപ്പിക്കുന്ന ഭയാനക ചുരങ്ങളുടെ നാടാണ് ലഡാക്ക്.

ചുറ്റും പർവ്വതനിരകളാണ്. അവിടവിടെ താഴ്വരകളിൽ കൊച്ചുകൊച്ചു ഗ്രാമസ്ഥലികൾ കാണാം. ബൌദ്ധ സംന്യാസിമാരുടെ ആശ്രമങ്ങൾ കാണാം. പർവ്വത പാതയോരങ്ങളിൽ നിറയേ ബൌദ്ധസ്തൂപങ്ങൾ കാണാം. ഗുദ്വാരകൾ കാണാം. രോമാവൃതമായ പശുക്കളേയും ആടുകളേയും പട്ടികളേയും യാക്കുകളേയും  ഇരട്ടമുതുകുള്ള ഒട്ടകങ്ങളേയും കാണാം. ഇവയൊക്കെ കണ്ടും കാണാതേയും സൈക്കിൾ-ബൈക്ക്-നാലുചക്ര വാഹനങ്ങൾ ഓടിക്കുന്ന സാഹസികരായ സഞ്ചാരികളേയും കാണാം.

ഇടയ്ക്കിടെ സിന്ധുനദീതടങ്ങളും അവയുടെ കൈവഴികളും കാണാം. ഷ്യോക്ക് നദിയും സാൻസ്കർ നദിയും നുബ്ര നദിയും കാണാം. പർവ്വതങ്ങളിൽ നിന്ന് ഒഴുകിയിറങ്ങുന്ന പേരറിയാത്ത അസംഖ്യം അരുവികൾ കാണാം. ഈ നദികളിൽ പലതും നമ്മേ അവിടവിടെ പിൻതുടരുന്നതും കാണാം. അവിടവിടെ ഈ നദികളിൽ പലതും നാദ-വർണ്ണ വിസ്മയങ്ങളിൽ ഇണചേർന്നു ഒഴുകുന്നതും കാണാം. അവിടവിടെ മലകളിലെ മഞ്ഞുരുകി കവിഞ്ഞൊഴുകുന്ന ഈ നദികളും അരുവികളും പലപ്പോഴും നമ്മുടെ യാത്രകളെ തടസ്സപ്പെടുത്തുന്നതും കാണാം. മറ്റുചിലപ്പോൾ പാതയോരങ്ങളിലെ പർവ്വതശിഖരങ്ങൾ നമ്മുടെ സഞ്ചാരപാതകൾ ഇല്ലാതാക്കുന്നതും കാണാം. ഇന്ത്യൻ പട്ടാളം അതൊക്കെ ഞൊടിയിടയിൽ പരിഹരിക്കുന്നതും കാണാം.

അവിടവിടെ മരുപ്പച്ച പോലെ പച്ചകൾ കാണാം. കൂടുതലും വില്ലോസ് മരങ്ങൾ. വീപ്പിങ്ങ് വില്ലോസ് മരങ്ങൾ. കരയുന്ന വില്ലോസ് മരങ്ങൾ. മഞ്ഞുകാലങ്ങളിൽ ഇലത്തുമ്പുകളിൽ മഞ്ഞിൻ കണ്ണീർകണം സൂക്ഷിക്കുന്നതുകൊണ്ടാവാം ഇവക്ക് കരയുന്ന വില്ലോസ് എന്ന പേരു വീണത്. ആപ്രിക്കോട്ടും ആപ്പിളും ഗോതമ്പും പിന്നെ ധാരാളം പേരറിയാത്ത പഴച്ചെടികളും പൂച്ചെടികളും ഗ്രാമസ്ഥലികളിൽ കാണാം. ഇവിടങ്ങളിലെ നിഷ്കളങ്കരായ ഗിരിസുന്ദരികൾ അവയെല്ലാം നിങ്ങൾക്കായി ഈ തെരുവോരങ്ങളിൽ കാഴ്ചവക്കുന്നത് കാണാം. അപ്പോഴും അവർ പർവ്വതങ്ങളിലെ ജീവനുള്ള പട്ടുനൂലുകൊണ്ട് നാളത്തെ സ്വപ്നങ്ങൾ നെയ്തുകൊണ്ടിരിക്കും.

ഇതൊക്കെയാണെങ്കിലും ഒന്ന് പറയാതിരിക്കാൻ വയ്യ. പല വ്ളോഗ്ഗർമാരും അവകാശപ്പെടുന്നതുപോലെ, വിനോദസഞ്ചാര കമ്പനികൾ സോഷ്യൽ മീഡിയകളിൽ പരസ്യപ്പെടുത്തുന്നതുപോലെ ഇതൊരു സുഖവാസ വിനോദകേന്ദ്രമല്ല, മധുവിധു പറുദീസയുമല്ല. അവരെല്ലാം പറയുന്നത് ഏകദേശ നുണകളാണ്, ഭാഗികമായ സത്യങ്ങളാണ്. ഇതൊരു സാഹസിക സഞ്ചാരകേന്ദ്രമാണ്. ഉള്ളിൽ 50 ശതമാനമെങ്കിലും സാഹസികത വേണം ഈ സാഹസിക സഞ്ചാരകേന്ദ്രം അനുഭവിക്കാൻ. കൂടുതലും സാഹസിക ഡ്രൈവിങ്ങ് ഇഷ്ടപ്പെടുന്നവർക്കുള്ള പർവ്വതഭൂമിയാണ് ഇത്. സീറ്റി സ്കാൻ സബ്സ്ക്രൈബ് ചെയ്യുക. ഭാരതത്തെ അറിയാൻ, ബെൽ ബട്ടൻ ക്ലിക്ക് ചെയ്ത് ഉറപ്പുവരുത്തുക.

സ്ത്രീകളും കുട്ടികളും പിന്നെ വൃദ്ധജനങ്ങളും ഇങ്ങോട്ട് വരാതിരിക്കുന്നതാണ് നല്ലത്. മഞ്ഞുമൂടിയ പർവ്വതങ്ങളുടെ  ഉയരങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴത്തെ അസുഖകരമായ അനുഭവങ്ങൾ ഒട്ടും നന്നല്ല. വേണ്ടത്ര പ്രാണവായു ഇവിടെ സുലഭമല്ല. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം. ഏതെങ്കിലും തരത്തിൽ അസുഖമുള്ളവരും ലഡാക്ക് യാത്ര ഉപേക്ഷിക്കുന്നത് നന്നായിരിക്കും. കാരണം, ഇവിടെ ചികിത്സാ സൌകര്യങ്ങൾ ലഭിക്കുക പ്രയാസമാണ്. ഉയരങ്ങളിൽ നിന്ന് കിലോമീറ്ററുകളോളം താഴെയിറങ്ങുമ്പോൾ മാത്രമായിരിക്കും അപൂർവ്വമായ പ്രാഥമിക ചികിത്സാ സൌകര്യങ്ങൾ ലഭിക്കുക.

ഇത്രയും ലഡാക്കിന് ആമുഖമായി നിൽക്കട്ടെ. അടുത്ത എപ്പിസോഡ് മുതൽ നമുക്ക് കാഴ്ചകളിലേക്ക് പോകാം.

Saturday, February 4, 2023

ഇടശ്ശേരി പറയുന്നു- വെറുതെ നാമെന്തിന് പേടിക്കണം


                മലയാള സാഹിത്യത്തെ കാല്പനികതയുടെ ശീതളിമയിൽ നിന്ന് സാമൂഹ്യ പ്രതിബദ്ധതയുടെ ആധുനികോഷ്മളതയിലേക്ക് നയിച്ച സാഹിത്യത്തിന്റെ പൊന്നാനി കളരിയാശാനാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. 1906 ഡിസംബർ 23-ന് ജനനം. 1974 ഒക്ടോബർ 16-ന് മരണം.


        മണ്ണിന്റെ മണമുള്ള ചകിരിയുടെ പിരിമുറുക്കമുള്ള കയറിന്റെ കെല്പുള്ള അടിമുടി സാഹിത്യകാരനായ പ്രതിഭാശാലി ഇങ്ങനെ പാടിനടന്നു-

ഇക്കയർ പണിയും സോദരിമാരുടെ
ദു:ഖം പാടിനടപ്പൂ ഞാൻ

                അഹംഭാവവും ആത്മാഭിമാനവും രണ്ടാണെന്നു മനസ്സിലാക്കിത്തന്ന കവി. അതിന്റെ തിരിച്ചറിവിനെയാണ് ഇടശ്ശേരിക്കവിത എന്ന് കാലം വിളിച്ചുപോരുന്നത്.  'താൻ മരിച്ചിട്ടു ഇരുപത്തിയഞ്ചു കൊല്ലം കഴിഞ്ഞാലേ അനുവാചകർ തന്റെ കവിതയുടെ പരമ സത്തയിലേക്ക് പ്രവേശിക്കുകയുള്ളു.' എന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച കവി.

അഹങ്കാരം എന്നു പറയുന്നതു പരമാത്മാവിനെ ജീവാത്മാവ് വെല്ലുവിളിക്കലാണെന്ന് പറഞ്ഞ കവി. ആത്മാഭിമാനം എന്നുപറയുന്നത്, ജീവാത്മാവു തന്നെയാണെന്ന് മനസ്സിലാക്കിയ കവി. അങ്ങനെ പരമാത്മാവിന്റെ പ്രത്യക്ഷീഭാവത്തെ ആത്മാവ് കൊണ്ട് തൊട്ടറിഞ്ഞ കവി.

കുനിഞ്ഞെങ്കിലൊരു പുലാവില പെറുക്കാൻ
കുടിച്ചിട്ടുണ്ടൊരു കിണ്ണം കൊഴുത്ത കഞ്ഞി.

                എന്ന് ദാർശനികമായി സുവിശേഷം പാടിയ കവി. സൂര്യനപ്പുറം ഭൂമിയെ പ്രകാശമാനമാക്കിയ സത്യത്തെ അറിഞ്ഞ കവി. ഭൂമിയെ തേജോമയമാക്കിയ മനുഷ്യനെ കണ്ടെത്തിയ കവി. മനുഷ്യാ നീ സുന്ദരനാണ് എന്ന് പ്രപഞ്ചത്തോട് പ്രഖ്യാപിച്ച കവി.

   സാമൂഹ്യ പ്രതിബദ്ധതയുടെ എഴുത്തിന്റെ പ്രകാശം കണ്ടെത്തിയ കവിയാണ് ഇടശ്ശേരി.. സ്വന്തം ദുഃഖത്തെ പാടി നടക്കുന്നതല്ല കവിതയെന്ന് തിരിച്ചറിഞ്ഞ കവി. മലയാള കവിതക്ക് പുതുമുഖം സമ്മാനിച്ച കവി. മണ്ണിന്റെ മണമുള്ള മലയാള കാവ്യഭാഷയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ വിപ്ലവാത്മകമായി പരീക്ഷിച്ചറിഞ്ഞ കവി.  എഴുത്തിന്റെ ആ ഭാഷ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചവരുടെ കണ്ണുകൾ തുറപ്പിച്ച കവി. കൈരളിയോട് ദാ ഇതിലെ വരൂഎന്ന് ദിശാഫലകം എഴുതിക്കാണിച്ച കവി.

                അകക്കണ്ണുകൾ കൊണ്ട് സർഗ്ഗപ്രതിഭയെ പുതുക്കിപ്പണിത  എന്നത്തേയും പുതുകവിയാണ് ഇടശ്ശേരി. 'ജീവിതം എന്നത് ജീവികളും പ്രപഞ്ചവും തമ്മിലുള്ള പാരസ്പര്യമാണ്. അതിന്റെ തുടിപ്പുകൾ കവിത, കഥ, ഗീതം, നൃത്തം, നാടകം എന്നിവയിൽ മാത്രമല്ല ഓരോരുത്തരും ചെയ്യുന്ന കർമ്മത്തിൽ പോലും പുനഃസൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയ കവി കൂടിയാണ് ഇടശ്ശേരി.

                നാടകാന്തം കവിത്വം എന്നതിനെ സാർത്ഥകമാക്കിയ എഴുത്തുകാരനാണ് ഇടശ്ശേരി. അതുകൊണ്ടുതന്നെ ഇടശ്ശേരിക്കവിതകളിലെ നാടകീയഭാവം എടുത്തുപറയത്തക്കതാണ്, 'അരിയില്ല, തിരിയില്ല ദുരിതമാണെന്നാലും നരി തിന്നാൻ നന്നോ മനുഷ്യന്മാരെ!' എന്ന അത്ഭുതപ്രസ്താവനയിലൂടെ വായനക്കാരിൽ ഉൽകണ്ഠയുടെ വിസ്മയം വിരിയിച്ച കവിയാണ് ഇടശ്ശേരി.

                'നരി തിന്നാൻ നന്നോ മനുഷ്യന്മാരെ' എന്ന ലളിതമായ ചോദ്യത്തിലൂടെ തത്ത്വചിന്ത യുടെ പ്രായോഗിക-ദാർശനിക തലങ്ങളിലേയ്ക്കുള്ള ആനവാതിൽ തുറക്കുകയായിരുന്നു ഇടശ്ശേരി.

                മറ്റൊരിടത്ത്, ആത്മസംയമനത്തിന്റെ, മോഹരാഹിത്യത്തിന്റെ, ത്യാഗത്തിന്റെ പ്രതീകമായ ബുദ്ധനെ നോക്കിയുള്ള കാവ്യവ്യാഖ്യാനത്തിൽ 'ഇടയുള്ളോർ വാദിപ്പിൻ മാർഗ്ഗവും ലക്ഷ്യവുമിടറിയോ, ഞാനൊന്നു തല ചായ്ക്കട്ടെ', എന്ന് പാടിയ ഇടശ്ശേരി യേയും നമുക്ക് കാണാം.

                എഴുത്തിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ആഴത്തിൽ നിന്നുകൊണ്ട് കവി പറയുന്നത് കേൾക്കുക- കവിത ഗർഭം ധരിക്കുന്നതു കവിയുടെ അന്തഃകരണത്തിലാണെങ്കിലും അത് വളർന്നു വികസിക്കേണ്ടതും, വികസിക്കേണ്ടതും, അനുവാചകന്റെ മനസ്സിലാണ്.

                ഒപ്പം എളിമയുടെ എഴുത്തിന്റെ സുവിശേഷവും നമുക്ക് ഇടശ്ശേരിയിൽ വായിച്ചെടുക്കാം. അതിങ്ങനെ- 'പാണ്ഡിത്യം വർദ്ധിക്കുന്തോറും വിനയവും വർദ്ധിക്കണം. ഫലവൃക്ഷങ്ങളെ നോക്കൂ. ഫലങ്ങൾ വർദ്ധിക്കുമ്പോൾ അവയുടെ ശിഖരങ്ങൾ താഴുന്നു'. ഈയൊരു വേദവ്യാഖ്യാനം ഇടശ്ശേരിയുടെ പൂർവ്വജന്മങ്ങളിലെന്നോണമോ അതോ അദ്ദേഹം തന്നെയോ എന്ന് ഇടശ്ശേരിക്കവിതകൾ നമ്മേ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. വെറും എട്ടാം ക്ലാസ്സോടുകൂടി ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്ന ഇടശ്ശേരി എങ്ങനെയാണ് വേദങ്ങളുടെ സംസ്‌കൃതത്തിലും ദർശനങ്ങളുടെ ഇംഗ്ലീഷിലും ഇത്രമാത്രം പാണ്ഡിത്യം നേടിയെന്നതും നമ്മേ വിസ്മയിപ്പിക്കുന്നുണ്ട്.

                സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽ നിന്നും ഒരുപാട് മൊഴിമാറ്റം നടത്തിയ ഈ കവി, ഇരുപത്തെട്ടാം വയസ്സിലാണ് 'Home They Brought Her Warrior Dead' എന്ന ആംഗലകവിത മലയാളത്തിലേയ്ക്കു മൊഴിമാറ്റിയത് (ഫെബ്രുവരി 12, 1934). ആ കവിതയ്ക്ക് കവി കൊടുത്ത 'നിനക്കുവേണ്ടി' എന്ന തലക്കെട്ടും കവിതയുടെ അന്തസ്സത്ത മുഴുവനായും ഒഴുക്കിത്തരുന്നുണ്ട്. കൂടാതെ, ആൽഫ്രഡ് ലോർഡ് ടെന്നിസന്റെ 'Sir Galahad' എന്ന കവിതയും ഹെന്റി ലോങ്ങ്‌ഫെല്ലോയുടെ 'The Pslam of Life' - എന്ന കവിതയും കവി അതിമനോഹരമായി മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

                ഷേക്‌സ്പിയർ-കാളിദാസകൃതികളും അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തെ വളരെയധികം ദീപ്തമായി സ്വാധീനിച്ചിട്ടുണ്ട്. ഇടശ്ശേരിയിലെ കാളിദാസകവിതകളുടെ തിരതല്ലലും സ്വാധീനവും അപാരമാണെന്ന് മഹാകവി അക്കിത്തം ഒരിക്കൽ പറയുകയുണ്ടായി. കുട്ടികൃഷ്ണമാരാരാണ് അദ്ദേഹത്തെ സംസ്‌കൃത സാഹിത്യത്തിന്റെ ഉള്ളറകളിലേക്ക് കൂട്ടികൊണ്ടുപോയത്. നാലപ്പാട്ട് നാരായണമേനോനും പൊന്നാനി ബാസൽ മിഷൻ സ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്ന ഇ.പി. സുമിത്രനുമാണ് കവിക്ക് ഇംഗ്ലീഷ് വശമാക്കിക്കൊടുത്തത്. അതേസമയം, പ്രതിഭാ സമ്പന്നരുടെ കൂട്ടും സഹായവും കൊണ്ടുമാത്രമല്ല, സ്വന്തമായ ശ്രമവും സാധനയും കൊണ്ടുകൂടിയാണ് ഈ കഴിവുകളെല്ലാം സ്വായത്തമാക്കിയതെന്നും ഇടശ്ശേരി നമുക്ക് കാണിച്ചുതരുന്നുണ്ട്.

                താനൊരു പണ്ഡിതനല്ല എന്നാണ് ഇടശ്ശേരി സ്വയം വിലയിരുത്തുക. ഒരിക്കൽ ഇടശ്ശേരി പറഞ്ഞു, 'പാണ്ഡിത്യമില്ല. സംസ്‌കൃതം  പഠിച്ചിട്ടില്ല. മലയാള ഭാഷയുടെ ഗ്രന്ഥപാഠ ങ്ങൾ പോലും വായിച്ചിട്ടുമില്ല. ചുരുങ്ങിയത് വിദ്വാൻ പരീക്ഷയെങ്കിലും പാസ്സാവാതെ ഒരാൾക്കും കവിയാകാൻ വയ്യ എന്നാണു ഞാൻ മനസ്സിലാക്കിയിരുന്നത്'

                സ്വയം മന്ദപ്രജ്ഞൻ എന്ന് പറയാൻ മടി കാണിക്കാത്തവൻ കൂടിയാണ് ഇടശ്ശേരി. 'ഈ മന്ദപ്രജ്ഞന്റേതാം പൂജകൾ കൈക്കൊണ്ടാലും' എന്ന് 'ഹനുമൽ സേവ തുഞ്ചൻ പറമ്പിൽ' എന്ന കവിതയിൽ അദ്ദേഹം പറയുന്നു. 

ഉണ്ടായിരിക്കാമെനിക്കെന്റേതാം കുറവുകൾ;
ഉണ്ടാവില്ലെങ്കിലതാണാക്ഷേപാർഹം
-മാവിൻചോട്ടിലെ നാടകം- (1943)

                ഇങ്ങനേയും ഒരിക്കൽ ഇടശ്ശേരി പറഞ്ഞു. താൻ വെറും സാധാരണ മനുഷ്യനാണ്. നാടൻ കൃഷിക്കാരന്റെ ചേരിയിൽ നിൽക്കാനാണാഗ്രഹിക്കുന്നവനെന്നും ഇടശ്ശേരി നമ്മേ ഓർമ്മിപ്പിക്കാറുണ്ട്.

                തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചില്ലായിരുന്നെങ്കിൽ; അദ്ധ്യാത്മ രാമായണം, മഹാഭാരതം, മഹാഭാഗവതം എന്നീ മഹാഗ്രന്ഥങ്ങൾ രചിച്ചില്ലായിരുന്നെങ്കിൽ, താൻ ഏതെങ്കിലും ജന്മിഗൃഹത്തിൽ കന്നുകാലി മേയ്ക്കലുമായി ജീവിക്കേണ്ടി വന്നേനെയെന്നു ഇടശ്ശേരി ഒരു കവിതയിൽ എഴുതിയിട്ടുണ്ട് (പ്രണാമം, 1955).

                ഇടശ്ശേരി ജനിച്ചതും ജീവിച്ചതും ഒരു പരിവർത്തന കാലഘട്ടത്തിലാണ്. ആ കാലത്തെ കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമുണ്ടായിരുന്ന ആശകളും ആശങ്കകളും അദ്ദേഹത്തിന്റെ കൃതികളിൽ നിന്ന് നമുക്ക് വായിച്ചെടുക്കുവാൻ കഴിയും.

                അക്കാലത്തെ തകരുന്ന നാലുകെട്ടുകൾ, തേർവാഴ്ച നടത്തുന്ന ദാരിദ്ര്യദു:ഖം, സ്വാത ന്ത്ര്യപ്രസ്ഥാനത്തിന്റെ വീറും വെളിച്ചവും, ചുറ്റുപാടും അനാഥമായിക്കിടക്കുന്ന ജനജീവിതം, തീക്ഷ്ണമായ സാമൂഹിക പ്രശ്‌നങ്ങൾ, വികസനത്തിന്റെ തിളക്കം, ആഹ്ളാദം, ഉൽകണ്ഠ, രാഷ്ട്രത്തിന്റെ ഭാവിസ്വപ്‌നങ്ങൾ, തത്ത്വശാസ്ത്രത്തിന്റെ പ്രയോഗക്ഷമത, ജീവിതത്തിന്റെ കലയും ശാസ്ത്രവും എന്നിങ്ങനെ പ്രതിഫലിപ്പിച്ചിരുന്നു, ഇടശ്ശേരിക്കവിത. ചുരുക്കത്തിൽ കവി തുറന്നത് കേരളത്തിന്റെ-ഇന്ത്യയുടെ സാമൂഹിക ചരിത്രത്തിലേക്കുള്ള ആരും തുറക്കാത്ത വാതിലായിരുന്നു.

                ഇടശ്ശേരിക്കൃതികളെപ്പറ്റി അറിയാൻ ഏറ്റവും നല്ല പഠനസഹായി അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. ജീവിതത്തിൽ താൻ ആചരിക്കാത്തതൊന്നും അദ്ദേഹം കവിതയിൽ പറഞ്ഞുവച്ചിട്ടില്ല. കവിതയിൽ പറഞ്ഞതെല്ലാം അദ്ദേഹം ജീവിതത്തിൽ ആചരിച്ചിട്ടുമുണ്ട്. കൃതിയിലൂടെ കർത്താവിനെ അറിയുക, കർത്താവിന്റെ ജീവിതത്തിലൂടെ കൃതിയിലേയ്ക്കു പ്രവേശിക്കുക – ഈയൊരു സത്യത്തിന്റെ നേർക്കാഴ്ചയായിരുന്നു ഇടശ്ശേരി.

                പുതിയ എഴുത്തുകാരോട് ഇടശ്ശേരി ഇങ്ങനേയും പറഞ്ഞു- 'പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കിലേ എഴുതാവു'. മുറ്റള്ളവർ പറഞ്ഞു വച്ച കാര്യങ്ങൾ രൂപാന്തരം വരുത്തി വീണ്ടും വീണ്ടും പറയുന്നത് അക്ഷരനിന്ദയാണ്.'

                   കടത്തു തോണിയിൽ ഇരുന്ന് പുഴയെ നെഞ്ചേറ്റി നിളാനദിയെ പ്രമേയമാക്കി ഇടശ്ശേരി അഞ്ചു കവിതകൾ രചിച്ചിട്ടുണ്ട്. ഒറ്റക്കവിതയിലും, കാമനകളുണ്ടായിട്ടും, കാമുകന്റെ അനുരാഗവൈവശ്യം വർണ്ണനാവിഷയമാക്കിയില്ല ആ കവി. അഞ്ചു വ്യത്യസ്ത സന്ദർഭ ങ്ങളെയാണ് കവി അവയിൽ അവതരിപ്പിക്കുന്നത്. ഓരോ സന്ദർഭത്തിലും മനുഷ്യൻ നേരിടുന്ന ആത്യന്തിക പ്രശ്‌നത്തെപ്പറ്റിയുള്ള വിചാരമാണ് കവിയെ ദീപ്തമാക്കിയത്.

                പുതുലോകത്തിനു തീർത്തൊരുമ്മറപ്പടിയാകുന്ന കുറ്റിപ്പുറം പാലത്തിന്മേൽ കവി നിൽക്കുമ്പോൾ ശാസ്ത്രപുരോഗതി മനുഷ്യനു സമ്മാനിക്കുന്ന നന്മയോടൊപ്പം അതു അടിച്ചേൽപ്പിക്കുന്ന തിന്മയും നമ്മേ ഓർമ്മിപ്പിക്കുന്നുണ്ട്. ഇല്ലാതാവുന്ന ഗ്രാമങ്ങൾ, ഇല്ലാതാവുന്ന പേരാറ്, പിന്നെ പാലം മനുഷ്യർക്കിടയിൽ തീർക്കുന്ന ജാതീയവും മത പരവുമായ ചുമരുകൾ.

                'അണയുകയല്ലോ ചിലതു വേറെ' എന്ന കവിയുടെ ക്രാന്തദർശിത്വം നമുക്കൊരു ചൂണ്ടുപലകയാണ്. മഹാത്മജിയുടെ ഗ്രാമഭാരതചിന്തയായിരിക്കണം കവിയെ ഈ ചൂണ്ടുപലകയിലേക്ക് എത്തിച്ചത്. പരിസ്ഥിതിപ്രശ്‌നത്തെ ഗൗരവപൂർവ്വം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള കവി ഒരുപക്ഷേ, ഇടശ്ശേരിയായിരിക്കും. 'ഒരു കവിത ആഹ്ളാദത്തിൽ ആരംഭിക്കുന്നു, ആലോചനയിൽ അവസാനിക്കുന്നു' (A poem begins in delight and ends in wisdom) എന്ന ഫ്രോസ്റ്റിന്റെ (Frost) നിരീക്ഷണത്തിനുള്ള ഒരു ദൃഷ്ടാന്തം കൂടിയാണ് ഈ കവിത.

               ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' എന്ന നാടകം കാണാൻ കഴിഞ്ഞത് തനിക്ക് എത്ര മാത്രം ഹൃദ്യമായ ഒരനുഭവമായിരുന്നു എന്ന് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി ഒരു പ്രബന്ധത്തിൽ വിവരിക്കുന്നുണ്ട്. 'എവിടെയും ഒരു മണിക്കൂർ പോലും തികച്ചിരിക്കാൻ കഴിയാത്ത എന്നെ പൊന്നാനിയിലെ സ്‌കൂൾ മൈതാനത്ത് മൂന്നു മണിക്കൂർ എല്ലാം മറന്നു പിടിച്ചിരുത്തി ആ നാടകം'.

            അദ്ധ്യാപനത്തെ ഒരുപാട് സ്നേഹിച്ചിരുന്ന കവിയാണ് ഇടശ്ശേരി. 'അദ്ധ്യാപനം ഇപ്പോൾ വെറും വാചാലമായിരിക്കുന്നു. അർത്ഥം പറഞ്ഞു കൊടുക്കലേ എവിടേയും നടക്കു ന്നുള്ളു; അനുഭവിപ്പിക്കലില്ല' ഒരിക്കൽ ഇടശ്ശേരി പറഞ്ഞു. പ്രകൃതിയിൽ നിന്ന് അകന്നു പോകുന്ന ജീവിതം. പ്രകൃതിയിൽ നിന്നും ജീവിതത്തിൽ നിന്നും അകന്നു പോകുന്ന വിദ്യാഭ്യാസം. ഇവയ്ക്കിടയിൽ ലക്ഷ്യബോധമില്ലാതെ അലയുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും- ഇടശ്ശേരിയുടെ വിദ്യാഭ്യാസ ചിന്ത പ്രോജ്വലിക്കുന്നു.

അനുഭൂതികളില്ലാതെത്രയോ പഠിച്ചു നാ-
മനുഭൂതികൾക്കല്ലാതെത്രയോ പഠിപ്പിച്ചൂ.

            ഇടശ്ശേരിക്കവിതയിലെ വാക്ക്ചാതുരി പ്രശംസനീയമാണ്. 'അമ്പാടിയിലേയ്ക്ക് വീണ്ടും' എന്ന കവിതയിലെ 'വ്രീളാവിവശതയാലേ മിഴിയുംപൂട്ടി ഞങ്ങൾ കിടക്കുമ്പോൾ' എന്ന വരികൾ 'വ്രീളാവിവശതയാലേ ഞങ്ങൾ മിഴിയുമടച്ചു കിടക്കുമ്പോൾ' എന്നായാലല്ലേ കേൾക്കാൻ കൂടുതൽ സുഖമെന്ന് ചോദിച്ചപ്പോൾ, ഇടശ്ശേരി പറഞ്ഞു, 'കവിതയ്ക്കു സുഗേയത ഒരു ധർമ്മം തന്നെ. അതിനേക്കാളേറെ പ്രധാനം പദങ്ങൾ സംവഹിക്കുന്ന അർത്ഥത്തിനാണ്. 'പദങ്ങളോടുള്ള സത്യസന്ധത' എന്ന് അതിനെ വിളിക്കാം. 'പൂട്ടി' എന്ന പദം നമ്മുടെ ഉള്ളിലുണ്ടാക്കുന്ന അർത്ഥതലം 'അടച്ചു' എന്ന പദം കൊണ്ടുണ്ടാക്കാൻ കഴിയില്ല. 'വാഗർത്ഥ പ്രതിപത്തി' എന്താണെന്നറിയാലോ?' പദപ്രയോഗത്തി ലുള്ള സൂക്ഷ്മത ഇടശ്ശേരിക്കവിതകളുടെ മാത്രം ഒരു സവിശേഷ ഘടകമാണ്.

           സംവേദനക്ഷമതയിലുള്ള നിർബ്ബന്ധബുദ്ധി കവിക്ക് എപ്പോഴുമുണ്ടായിരുന്നു. പ്രചാരത്തിൽ വിരളമായ സംസ്‌കൃത പദങ്ങളും തനിനാടൻ പദങ്ങളും അദ്ദേഹം ധാരാളം പ്രയോഗിക്കുന്നു. അവയുടെ മർമ്മം അനുവാചകന് ബോദ്ധ്യപ്പെടാൻ ചിലപ്പോൾ അധികസമയം വേണ്ടിവരും. ഇതുകൊണ്ടാക്കെയാണ് ഇടശ്ശേരിയുടെ കവിതകൾ മനസ്സിലാക്കുവാൻ സ്വൽപ്പം ആയാസം വേണം എന്നു സാഹിത്യ നിരൂപകർ പറയുന്നത്. അതുകൊണ്ടാണ് ഇടശ്ശേരി 'ഇടയ്ക്കു കണ്ണീരുപ്പുപുരട്ടാതെന്തിനു ജീവിത പലഹാരം?' എന്നു പാടിയത്.

        സമകാലികപ്രശ്‌നങ്ങളോട് ഉടൻ പ്രതികരിക്കുന്ന മനസ്സാണ് ഇടശ്ശേരിയുടേത്. ഇന്ത്യ എന്നത് അദ്ദേഹത്തിന്ന് ഒരു വികാരം കൂടിയായിരുന്നു. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ കവി ഇങ്ങനെ പാടി.

മുറ്റത്തിനൻ പെരുമ്പായ
വിരിച്ചൂ; തൊട്ട വീട്ടുകാർ
ഉണക്കുന്നൂ വെടിമരു-
ന്നെന്തേ, ഞാൻ നെല്ലുചിക്കണോ?

        'മതത്തിന്റെ വിജ്ഞാനത്തിലും നടത്തിപ്പിലും നമ്മൾക്ക് കൂട്ടുകൃഷി വേണം. പക്ഷേ, നിലം പാകപ്പെട്ടില്ലല്ലോ. കൃഷിക്കാരൻ എറങ്ങിയാൽ ആ നിലവും പാകപ്പെടും', എന്നു 'കൂട്ടുകൃഷി' എന്ന നാടകത്തിൽ വർഷങ്ങൾക്ക് മുമ്പു താൻ പ്രകടിപ്പിച്ച ശുഭപ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റല്ലോ എന്ന് ഇടശ്ശേരി വേദനിച്ചതു സ്വാഭാവികം മാത്രം. അപ്പോഴും കവി പുതുതലമുറയെ ഓർമ്മിപ്പിച്ചു,-

എന്തു നേടീ, അറിയില്ലെ-
ന്നിളം തലമുറ, പക്ഷേ
എന്തുനഷ്ടപ്പെടാനുണ്ടെ-
ന്നറിഞ്ഞേ പറ്റൂ!

        ഒരുപക്ഷേ, സ്ത്രീപീഡനത്തിന്നെതിരെ ആദ്യഗർജ്ജനം നടത്തിയ കവി ഇടശ്ശേരി യായിരിക്കണം. ഈ വിഷയത്തിൽ സ്ത്രീകളെ ഉദ്ബോധിപ്പിച്ച ഇടശ്ശേരിയോട് ഒരിക്കൽ ശ്രീമതി ബാലാമണിയമ്മ ചോദിച്ചു. 'ഇതൊക്കെ നിങ്ങൾ ഞങ്ങളോട് പറഞ്ഞിട്ടെന്താ? നിങ്ങളുടെ സഹോദരന്മാരോടു സ്ത്രീപീഡനം നിർത്തണമെന്നു നിങ്ങൾക്ക് ഉറപ്പിച്ചു പറഞ്ഞു കൂടെ?' ഇടശ്ശേരി പറഞ്ഞു, 'അവരോട് എത്ര ഉറപ്പിച്ചു പറഞ്ഞിട്ടും കാര്യമില്ല. സ്ത്രീകൾ എന്ന്, തങ്ങൾ അബലകളല്ല എന്നു പുരുഷന്മാരെ ബോദ്ധ്യപ്പെടുത്തുകയും സ്വന്തം ശക്തികൊണ്ട് തങ്ങളെ പ്രതിരോധിക്കാൻ തയ്യാറാവുകയും ചെയ്യുന്നുവോ, അന്നേ ഇതിനൊരു പരിഹാരമുണ്ടാവൂ.' 'വരദാനം' എന്ന കവിതയിൽ (മെയ് 18, 1958), കവി പാടി-

കുന്നിനെക്കുടയാക്കീടാം
കുബ്ജയെസ്സുകുമാരിയും
ദാസിയെ - ദൈവവും തോറ്റൂ
ദാസിയല്ലാതെയാക്കുവാൻ

        എന്നു ഇടശ്ശേരി നിരീക്ഷിക്കുന്നുണ്ട്. സ്ത്രീകൾ ഈ ദാസ്യഭാവം കൈവെടിയുമ്പോഴേ സ്ത്രീവിമോചനം ഒരു യാഥാർത്ഥ്യമാവു എന്നാണ് കവി പറഞ്ഞത്.

        എല്ലാ പ്രതിസന്ധികളേയും മുൻകൂട്ടി കണ്ടിരുന്ന ഇടശ്ശേരി തന്റെ മരണവും മുൻകൂട്ടി കണ്ടിരുന്നു. അവസാനകാല കവിതകളിലൊക്കെ അദ്ദേഹം അതു സൂചിപ്പിക്കുന്നുണ്ട്. എങ്കിലും 'പാൽക്കടൽ കടയുമ്പോൾ', 'ഉറങ്ങണം' എന്നീ കവിതകൾ അദ്ദേഹത്തിന്റെ യാത്രാമൊഴികൾ ആയിത്തന്നെ രൂപപ്പെട്ടവയാണ്.

        'അപ്പരം പൊരുളിനെ കെട്ടിപ്പിടിക്കൂ, ദൃഢം' എന്നാണ് ഇടശ്ശേരി കവിതാ രൂപത്തിൽ അവസാനമെഴുതിയ അക്ഷരങ്ങൾ.

            അധികം താമസിയാതെ അദ്ദേഹം 'ഉറങ്ങണം' എന്ന കവിത രചിച്ചു. അതു വരും തല മുറയോടു നേരിട്ടുള്ള വിടവാങ്ങലാണ്. തന്റെ ജീവിതാനുഭവങ്ങളിൽനിന്ന് താൻ നേടിയ ഒരു വലിയ അനുഭവപാഠം അവസാനം ഒരു ഉപദേശമായി അദ്ദേഹം അവർക്കു നൽകുന്നുമുണ്ട്. -ഉറങ്ങണം- (1974)

നിഴലിൽനിന്നെങ്ങാനപസ്വരങ്ങൾ
നീളുന്നുവെങ്കിൽ ഭയപ്പെടേണ്ട
വളരെനാളത്തെപ്പരിചയത്താൽ-
പ്പറയുന്നു, മുത്തച്ഛൻ, കേട്ടുകൊള്ളൂ:
ചെറുമനുഷ്യന്മാരെ പ്പേടിയാർക്കും
വെറുതെ നാമെന്തിനെപ്പേടിക്കണം?

            ഇടശ്ശേരി മുറുകെ പിടിച്ചിരുന്ന തത്ത്വശാസ്ത്രമാണ് 'വെറുതെ നാമെന്തിനെപ്പേടിക്കണം?' അതേ നാമെന്തിന് പേടിക്കണം, ഇടശ്ശേരി ഗോവിന്ദൻ നായരുള്ളപ്പോൾ. കാരണം അയാൾ മഹാകവിയാണ്, മഹാപ്രവാചകനാണ്.

അവലംബം-ഇടശ്ശേരി കവിതയും ജീവിതവും, പഠനം, 2011, പി. കൃഷ്ണവാരിയർ

Wednesday, January 4, 2023

വരാതിരിക്കില്ല വഴിതെറ്റിയവർ

 


നിനക്കറിയില്ലയീ എന്നെ

എനിക്കറിയില്ലയീ നിന്നെ

നമുക്കറിയില്ലയീ പ്രണയത്തെ

പ്രണയത്തിന്നറിയില്ലയീ നമ്മേ.

 

വഴിവിളക്കുകളണഞ്ഞുപോയ്

വഴിയറിയാതെ നിശ്ചലം ഞാൻ

നീ പോയ വഴിയുമജ്ഞാതം

നിന്നെയിനി തേടുകയുമസാധ്യം.

 

വരാമൊരാൾ ഒരുനാൾ ഈവഴി

വരാതിരിക്കില്ല വഴിതെറ്റിയവർ

ഉൾവെളിച്ചമായി വഴികാട്ടാൻ

ഉൾവിളിയോടെ പുതുവഴി തേടി.

 

അന്നെന്റെ കൈ പിടിക്കുമൊരാൾ

അന്നെന്റെ ഊന്നുവടിയാവാമയാൾ

പിന്നെയാവുമെൻ കർമ്മപഥങ്ങൾ

പിന്നെയാവണമെൻ ശേഷക്രിയയും.

 

അന്നും നാം കാണാമറയത്താവാം

അന്നത്തെ കാണാചക്രവാളങ്ങളിൽ

അന്നുമാ മാനത്തഴയിൽ നാമിഴയാം

അന്നോളം തെളിയാത്തൊരു മഴവില്ലായ്.