Tuesday, May 31, 2011

ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആശയവൈരുധ്യങ്ങള്‍..നിറഭേദങ്ങള്‍

ആശയവൈരുധ്യങ്ങള്‍ കൊണ്ട് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ അതി ഭീകരമായ മുഴക്കങ്ങള്‍ സൃഷ്ടിച്ച ഡോ. സുകുമാര്‍ അഴീക്കോടിന് ഇത് സാംസ്കാരിക പര്‍വ്വത്തിലെ മൂന്നാം ഊഴം .

പിതൃശൂന്യമായ സാഹിത്യ വിമര്‍ശം കൊണ്ട് ജി. ശങ്കരകുറുപ്പെന്ന മഹാകവിയെ ഇല്ലാതാക്കിയ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആദ്യ ഊഴമായിരുന്നു "ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതിയുടെ ഊഴം. ഒരുപക്ഷെ ഈ കാലഘട്ടമായിരിക്കും ഡോ . സുകുമാര്‍ അഴീക്കോടിനെ മലയാള സാഹിത്യ ചരിത്രം അടയാളപ്പെടുത്തിയ ഒന്നാം ഊഴം. ഇത് വിഗ്രഹ ധ്വംസനത്തിന്റെ (Iconoclasm) ഒരു കാലഘട്ടമായിരുന്നു.

സാഹിത്യം ദര്‍ശനങ്ങള്‍ക്ക് നിര്‍ബന്ധിതമായി കീഴടങ്ങിയ മറ്റൊരു കാലഘട്ടവും ഡോ. സുകുമാര്‍ അഴീക്കോടിന് ഉണ്ടായിരുന്നു. "തത്ത്വമസി" എഴുതിയ ഈ കാലഘട്ടത്തിലാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ രണ്ടാം ഊഴം വന്നെത്തുന്നത്. കുറച്ചു പുരസ്കാരങ്ങളുടെ സഹവാസം ഈ കാലഘട്ടത്തില്‍ അഴീക്കോടിന് വന്നു ചേര്‍ന്നുവെങ്കിലും കാര്യമായ ഫലസിദ്ധി ഈ ഊഴത്തില്‍ ഉണ്ടായില്ല.ആധ്യാല്മീക ഭ്രാമാവസ്തയുടെ (Spiritual Fervor)  മറ്റൊരു കാലഘട്ടമായിരുന്നു ഇത്.

സാഹിത്യവും ദര്‍ശനവും ഉന്നം പിഴച്ചപ്പോള്‍ ഡോ. സുകുമാര്‍ അഴീക്കോട് കണ്ടെത്തിയ മറ്റൊരു വഴിയാണ് സാമൂഹ്യ വിമര്‍ശനം. ശബ്ദാഘോഷത്തിന്റെ നാള്‍വഴികള്‍ കണ്ടെത്തിയ ഈ  ഊഴമാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ മൂന്നാം ഊഴം. അഴീക്കോടിന്റെ ശബ്ദം ജനകീയവല്കരിക്കപ്പെട്ടത്‌ ഇവിടെ വച്ചാണ്. തന്റെ ശബ്ദത്തിന്റെ സൌകുമാര്യം കൊണ്ട് സ്വന്തം പേരിന്റെ പൂര്‍വാംശത്തെ സ്വാര്‍ത്ഥകമാക്കിയ ഒരു വസന്തകാലമായിരുന്നു ഇത് . അതുകൊണ്ടുതന്നെ ആശയവൈരുധ്യങ്ങള്‍ കൊണ്ട് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ നിറഭേദങ്ങള്‍ വിരിയിച്ച അഴീക്കോടിന്റെ അവസാനത്തെ ഊഴമായി ഇതിനെ കാണാവുന്നതാണ്. തികച്ചും ആത്മരതിയുടെ (Narcissism) ഒരു കാലഘട്ടമാണ് ഇത്.

സാധാരണ ജനപക്ഷത്തിന്റെ സ്വാധീനം കൊണ്ട് ഗുരുത്ത്വം അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ഊഴമായിരുന്നു എന്തുകൊണ്ടും ഈ മൂന്നാം ഊഴം. രാഷ്ട്രീയ വൈചിത്ര്യം കൊണ്ടും തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഗുരുത്ത്വത്തെ നിലനിര്‍ത്തേണ്ടതുകൊണ്ടും ആശയവൈരുധ്യങ്ങളാല്‍ നിറസമ്പുഷ്ടമായിരുന്നു ഈ മൂന്നാം ഊഴം.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇടതുപക്ഷത്തിനുവേണ്ടി വോട്ടുപിടിക്കുകയും, കോണ്‍ഗ്രസ്സിനെ തെറി വിളിക്കുകയും ചെയ്ത അഴീക്കോട് , തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ മനസ്സിലാക്കിയശേഷം വോട്ട് എണ്ണുന്നതിന് മണിക്കൂറ് മുന്‍പ്  താന്‍ കമ്മ്യുണിസ്റ്റ് അല്ലെന്ന് പ്രഖ്യാപിച്ച് ആശയവൈരുധ്യങ്ങളുടെ നിറപ്പൊലിമ കൂട്ടി.

ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മൂന്നാം തരം രാഷ്ട്രീയക്കാരും പ്രസംഗകരും ആണെന്നും ദിനം പ്രതി പത്രത്തിലെ വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്നവരാണെന്നും തെരഞ്ഞെടുപ്പിന്നു മുന്‍പ് പറഞ്ഞ ഡോ. സുകുമാര്‍ അഴീക്കോട് ,തെരഞ്ഞെടുപ്പിന്നു ശേഷം " ഉമ്മന്‍ ചാണ്ടി -ഒരു കര്‍മയോഗിയുടെ കാല്‍പ്പാടുകള്‍" എന്ന കോണ്ഗ്രസ് പ്രസിദ്ധീകരണം അനന്തപുരിയിലെ ഇന്ദിര ഭവനില്‍ വച്ച് ജൂണ്‍ ഒന്നിന് പ്രകാശിപ്പിച്ചു. അതും മൂന്നാം തരം രാഷ്ട്രീയക്കാരും പ്രസംഗകരുമായ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും അലങ്കരിക്കുന്ന അതെ വേദിയില്‍ . എന്നിട്ട് പറഞ്ഞതോ അതി ഗംഭീരം . അതിങ്ങനെ , കേരളം കണ്ടത്തില്‍ വച്ച് ഏറ്റവും അതിവേഗമുള്ള മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി എന്ന് .പ്രശംസയുടെ തോരാമഴ ഈ ബ്ലോഗില്‍ പെയ്തുകൂട എന്നതുകൊണ്ട്‌ വിരാമം. ആശയവൈരുധ്യങ്ങളുടെ നിറഭേദസാന്നിധ്യമായി ഡോ. സുകുമാര്‍ അഴീക്കോടിന്റെ അവസാന ഊഴം സമൃദ്ധമായി തന്നെ തുടരുകയാണ്.

കേട്ടുകേള്‍വി : "പ്രസംഗം ഒരു സുകുമാര കലയാണെന്ന്" പറഞ്ഞ വി.കെ.എന്‍ ഒരിക്കല്‍ പറഞ്ഞത്രേ , " തത്വമസി ഇന്ഗ്ലീഷില്‍ എഴുതണമെന്ന് കലശലായ ആഗ്രഹമുണ്ട് പക്ഷെ അതൊരാള്‍ ഇന്ഗ്ലീഷില്‍ നിന്ന് നേരത്തെ മൊഴിമാറ്റം വരുത്തിയതുകൊണ്ട് വേണ്ടെന്നു വച്ചു." വി.കെ.എന്‍.  അല്ലെ നാവ് പിഴയ്കില്ല.

 

സി.ടി.വില്യം

Tuesday, May 10, 2011

ശിഷ്യന്റെ പിറന്നാള്‍ സമ്മാനം ഗുരു തിരസ്കരിച്ചു.

എന്റെ "ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ " എന്ന കൃതിയുടെ പ്രകാശനത്തിന് എത്തിച്ചേര്‍ന്ന എല്ലാ സഹൃദയരോടും നന്ദി പറയുന്നു. തനിക്കു താത്പര്യമില്ലാത്ത ഒരാള്‍ എന്റെ പുസ്തകത്തിന് അവതാരിക എഴുതി എന്ന ഒറ്റ കാരണത്തിന്മേല്‍ പുസ്തകം ഏറ്റുവാങ്ങാതിരുന്ന ഡോ. അഴീക്കോടിന്റെ നിലപാടിനോട് എനിക്ക് വിയോജിപ്പുണ്ട് .വേദനയുണ്ട്. എങ്കിലും ഒരു പുസ്തകം ഹൃടയാര്‍പ്പണം നടത്താന്‍  ഡോ. അഴീക്കോടിന്റെ സമ്മതം വേണ്ടല്ലോ . അഴീക്കോട് എനിക്ക് ഗുരു മാത്രമല്ല ; ഗുരുദേവന്‍ കൂടിയാണ് . ഗുരുവിനു ശിഷ്യന്‍ സമ്മാനിക്കുന്നത് ഗുരു തിരസ്കരിക്കുമ്പോള്‍ അവിടെ ഗുരുവിന്റെ ഗുരുത്വവും ഗുരുവിലെ ദേവഗുണവും നഷ്ടമാവുന്നു. എന്റെ എല്ലാ നല്ല സുഹൃത്തുക്കളെയും സാക്ഷി നിര്‍ത്തി ഞാന്‍ ഈ പുസ്തകം  അഴീക്കോടിന് സമര്‍പ്പിക്കുന്നു. വന്ദ്യ ഗുരുദേവന്റെ എന്പത്തഞ്ചാം ജന്മദിന സമ്മാനമായി. അവതാരികാകാരന്റെ പോലെ തന്നെ അഴീക്കോടിനും രാഷ്ട്രീയമുണ്ട് എന്ന വസ്തുത ഡോ. അഴീക്കോട് മറക്കരുത്. എഴുത്തുകാരന് രാഷ്ട്രീയമില്ലെന്നതും ഡോ. അഴീക്കോട് മറക്കരുത്.എന്നാല്‍ തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് താന്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് അഴീക്കോട് പത്രങ്ങളോട് പറയുന്നു. ഇത് പച്ച ക്കള്ളമാണ്. ഡോ. അഴീക്കോട് നുണ പറയരുത് . സത്യമാണ് തന്റെ ഏക ബലമെന്ന് എന്റെ ഈ പുസ്തകത്തില്‍ തന്നെ അഴീക്കോട് പറയുന്നുണ്ട് . പറയുന്നത് പ്രവര്‍ത്തിക്കാനുള്ള തന്റേടവും ആര്‍ജവവും അഴീക്കോട് കാണിക്കണം . ഒരു പുസ്തകം കൊണ്ട് എന്റെ എഴുത്തും ഒരു പ്രഭാഷണം കൊണ്ട് അഴീക്കോടിന്റെ ആശയവും തീരുന്നില്ല . ഇതുകൂടി അഴീക്കോട് മനസ്സിലാക്കണം. 

സി. ടി. വില്യം

Monday, May 2, 2011

സി. .ടി. വില്യമിന്റെ പുസ്തക പ്രകാശനം

സുഹൃത്തെ ,

തത്ത്വചിന്തയെ ഗദ്യരൂപത്തിലും  കാവ്യരൂപത്തിലും ആവിഷ്കരിച്ച്, " മാനവ വിഭാവവികസന തത്ത്വചിന്തയും അര്‍ത്ഥശാസ്ത്രവും " "ഇതുവരെ " എന്നീ രണ്ടു പുസ്തകങ്ങള്‍ക്കുശേഷം ശ്രി.സി.ടി. വില്യം പുതിയൊരു വിമര്‍ശനവഴി സ്വീകരിച്ചുകൊണ്ടെഴുതിയ നിരൂപണ ഗ്രന്ഥമാണ് " ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ " സാഹിത്യ വിമര്‍ശനത്തിന്റെ ആചാര്യനും സാമൂഹ്യ വിമര്‍ശനത്തിന്റെ വിപ്ലവകാരിയുമായ ഡോ. സുകുമാര്‍ അഴീക്കോടിന്റെ "അഴീക്കോട് മുതല്‍ അയോധ്യ വരെ " എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി എഴുതിയതാണ് ഈ നിരൂപണ ഗ്രന്ഥം . ഇത്തരത്തിലൊരു ഗ്രന്ഥം ഇതാദ്യമായാണ് ഒരു എഴുത്തുകാരന്‍ ഡോ . സുകുമാര്‍ അഴീക്കോടിന് സമര്‍പ്പിക്കുന്നത് . അതുകൊണ്ടുതന്നെ ഈ പുസ്തകം പ്രകാശിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഈ പുസ്തകത്തിന്റെ പ്രകാശനം 2011 മെയ്‌ 6 ന് 5 .30   ന് കേരള  സാഹിത്യ അക്കാദമി , വൈലോപ്പിള്ളി ഹാളില്‍ വച്ച്  പ്രൊഫ. പി. എ. വാസുദേവന്‍ നിര്‍വ്വഹിക്കുന്നതാണ്. ശ്രി .എന്‍. എം. പിയെഴ്സന്‍ മുഖ്യ പ്രഭാഷണം നടത്തും. തദവസരത്തില്‍ താങ്കളുടെ സാന്നിധ്യം സവിനയം പ്രതീക്ഷിക്കുന്നു. 
സി.ടി. വില്യമിന് വേണ്ടി 
സുഹൃദ്  സംഘം