അനാഥമാവുന്ന ഒരു കുളത്തിന്റെ കഥ. വിസ്മ്രുതമാവുന്ന ചരിത്രത്തിന്റേയും.
പതിനെട്ടാം നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ത്രിശ്ശിവപേരൂരിലെ വടക്കേച്ചിറ അനാഥമാവുന്നു. സാംസ്കാരിക തലസ്ഥാനത്തിന്റെ തലവന്മാര്‍ക്കൊന്നും ഇന്ന് വടക്കേച്ചിറ വേണ്ട .അവര്‍ക്കൊക്കെ കൂറ്റന്‍ കെട്ടിടങ്ങളും കെട്ടിട സമുച്ചയങ്ങളും മതി. കാരണം പണം കായ്ക്കുന്നത് അവിടെയാണല്ലോ?
ഒരു വിളിപ്പാടകലെ സാംസ്കാരിക നായകന്മാര്‍ മേയുന്ന കേരള സാഹിത്യ അക്കാദമിയുണ്ട് . പബ്ലിക് ലൈബ്രറി ഉണ്ട്. റീജിയണല്‍ തീയറ്റര്‍ ഉണ്ട്. നേരെമുമ്പില്‍ കുളത്തിലേക്ക് നോക്കി ജീവിക്കുന്ന ഫ്ലാറ്റ് സംസ്കാരത്തിന്റെ ആഡ്യന്‍മാരുണ്ട്. തൊട്ടരികെ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമാണിമാര്‍ വാഴുന്ന ഇന്ദിരാഭവന്‍ ഉണ്ട്. അവര്‍ക്കൊക്കെ വടക്കേച്ചിറ പ്രദാനം ചെയ്യുന്ന കുളത്തിന്റെ കാല്‍പ്പനിക ഭാവങ്ങള്‍ മാത്രം മതി. കുളം അവര്‍ക്ക് ദാഹം തീര്‍ക്കാന്‍ കൊടുക്കുന്ന ദാഹജലം മാത്രം മതി. ഇതൊക്കെ അനുഭവിക്കുമ്പോഴും പാവം കുളം നഗരത്തിന്റെ അഴുക്കും വിഴുപ്പും നെഞ്ചേറ്റി നിശ്ചലയായി നിസ്സഹായയായി ഒഴുകാതെ നിറഞ്ഞുതന്നെ നില്‍ക്കുന്നു.
പഴയ കൊച്ചി മഹാരാജ്യത്തിലെ ശക്തന്‍ തമ്പുരാന്‍ (1751-1805) തൃശൂര്‍ നഗരത്തിന് സമ്മാനിച്ചതാണ് വടക്കേച്ചിറയും പടിഞ്ഞാറേച്ചിറയും കിഴക്കേ ച്ചിറയും തെക്കേച്ചിറയും. ഈ ചിറകളാണ് തൃശൂര്‍ നഗരത്തിന്റെ പ്രധാന ജലശ്രോതസ്സുകളും ജലവിതരണ സംവിധാനങ്ങളും. കൊട്ടാരത്തിലെ രാജാവും രാജ്ഞിയും തോഴിമാരും നീരാടിയിരുന്നത് ഇവിടെയാണ്. സമീപത്തെ അശോകേശ്വരം ക്ഷേത്രത്തിലെ തന്ത്രിമാരും പൂജാരിമാരും മറ്റു പുരോഹിതന്മാരും ഇവിടെയാണ് സ്നാനകര്‍മ്മങ്ങളും പൂജാകര്‍മ്മങ്ങളും നടത്തിയിരുന്നത്. ഇന്നതെല്ലാം മങ്ങിയ ഓര്‍മ്മകള്‍ മാത്രം.
1983 ല്‍ ജലവിഭവമന്ത്രിയായിരുന്ന എം.പി.ഗംഗാധരനാണ് ആദ്യം വടക്കേച്ചിറ നവീകരിച്ചതും ശുദ്ധീകരിച്ചതും. അങ്ങനെയാണ് വടക്കേച്ചിറ തൃശൂരിന്റെ ദാഹജലമായി മാറിയത്. എന്നാല്‍ പിന്നീട് വന്നവര്‍ ആരുംതന്നെ വടക്കേച്ചിറയെ വേണ്ടുവിധം പരിരക്ഷിച്ചില്ല. ഇടക്കാലത്ത് മേയര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് അല്‍പ്പം മോഡി കൂട്ടുകയുണ്ടായി. പിന്നീട് അതും മങ്ങിപ്പോയി.
ഇപ്പോള്‍ അശോകേശ്വരം ക്ഷേത്രത്തിലെ ക്ഷേത്ര സംരക്ഷണ സമിതിക്കാര്‍ വടക്കേച്ചിറ ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. സേവനത്തിന്റെ ഭാഗമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ രാവിലെയും വൈകീട്ടും ഈ കുളത്തിലെ വിഴുപ്പും അഴുക്കും നീക്കുകയാണ്. ചെറിയ ചെറിയ കുട്ടകളില്‍ അഴുക്കും വിഴുപ്പും കോരിനിറച്ച് അവര്‍ നീക്കുകയാണ്.ജെ സി ബി അടക്കമുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പാട് ചെയ്‌താല്‍ വളരെ പെട്ടെന്ന്‍ ഇതൊക്കെ ചെയ്തുതീര്‍ക്കാം. പക്ഷെ ആര്‍ക്കു വേണം ഈ കുളം. ചരിത്രം.
ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി വിമലും ട്രഷറര്‍ രാജേഷും കൂട്ടുകാരും കൂടി വടക്കേച്ചിറയെ കുളിപ്പിച്ചെടുക്കുന്നു . ഇതൊരു സന്നദ്ധ സേവനമാണ്. ആരും അവര്‍ക്ക് ഒന്നും കൊടുക്കുന്നില്ല. നേരെ മുമ്പിലെ ഫ്ലാറ്റില്‍ താമസിക്കുന്ന ആഡ്യന്‍മാരും അരികെയുള്ള കോണ്‍ഗ്രസ് പ്രമാണിമാരും അതുകണ്ട് രസിക്കുന്നു.
“പത്രക്കാരും ചാനലുകാരും ഈ വഴിക്ക് വരുന്നില്ല. അവര്‍ വരണമെങ്കില്‍ ഇനി ഇവിടെ ഏതെങ്കിലും സിനിമാ നടി കുളിക്കണം അല്ലെങ്കില്‍ ചോരോട്ടം നടത്തുന്ന ബോബി ചെമ്മണ്ണൂര്‍ ഈ കുളത്തില്‍ ചാടി മറിയണം സര്‍.” ചെറുപ്പക്കാരില്‍ ഒരാള്‍ പരിഹാസത്തോടെ പറഞ്ഞു.
“കേരളത്തിന്റെ മാവേലി കേന്ദ്രങ്ങളില്‍ അരിയില്ലെങ്കില്‍ എന്താ കേരളത്തിന്റെ ചോര ബാങ്കുകളില്‍ ചോര നിറഞ്ഞു കവിയുകയല്ലേ സര്‍.” മറ്റൊരു ചെറുപ്പക്കാരനും പരിഹസിച്ചു.
ആരാണ് വടക്കേച്ചിറ സംരക്ഷിക്കേണ്ടത് ? കൊച്ചി ദേവസ്വം അധികൃതരോ കോര്‍പ്പറേഷന്‍ അധികൃതരോ ? ടൂറിസം അധികൃതരോ ? പൈതൃക സംരക്ഷകാരോ ? സാംസ്കാരിക വകുപ്പോ? പരിസ്ഥിതി സംരക്ഷകാരോ ? അതോ ചരിത്രപ്രസിദ്ധമായ പൂരവും പൂരപ്പറമ്പും പ്രദര്‍ശിപ്പിച്ചു കാശുവാങ്ങുന്ന പൂരം കമ്മറ്റിയോ? ആര്‍ക്കും ഒന്നുമറിയില്ല.
ഉത്തരം അന്വേഷിച്ചു മിനക്കെടാതെ ഈ ചെറുപ്പക്കാര്‍ മാത്രം ഈ ചരിത്ര സ്മാരകം ഊതിക്കാച്ചിയെടുക്കുന്നു. അത്യപൂര്‍വ്വമായി ഇവിടെ പറന്നെത്തി നീരാടുന്ന പക്ഷിക്കൂട്ടങ്ങളും ഈയ്യിടെ അപ്രത്യക്ഷമായി. അവയ്ക്ക് മനസ്സിലായിക്കാണണം പൂരത്തിന്റെ വെടിക്കെട്ടിന് സമയമായെന്ന്‍. അല്ലെങ്കില്‍ ഒരുപക്ഷെ ഈ ചെറുപ്പക്കാര്‍ക്ക് ശാന്തമായി പണി ചെയ്യാനുള്ള വഴി ഒരുക്കിയതാവാം ആ സ്നേഹപ്പക്ഷികള്‍. പാവം ഈ പക്ഷിക്കൂട്ടങ്ങളുടെ വിവേകമെങ്കിലും തൃശൂരിലെ മനുഷ്യര്‍ക്കുണ്ടായിരുന്നെങ്കില്‍!
അതുകൊണ്ട് നമുക്കും ഈ പക്ഷിക്കൂട്ടങ്ങളോടൊപ്പം ഈ ചെറുപ്പക്കാരെ പിന്തുണക്കുക. അഭിനന്ദിക്കുക.
ഡോ.സി.ടി.വില്യം