Wednesday, April 16, 2014

പൊന്‍കുരിശുപ്രാഞ്ചി ചോദിക്കുന്നു....


” പ്രാര്‍ഥിക്കാന്‍ എന്തിനാണ് കോടികളുടെ പുതുപ്പള്ളികള്‍?”

ഴുതണമെന്ന അതിശക്തമായ ഒരു ആഹ്വാനം എന്നിലെ എന്നില്‍നിന്ന് ഉണ്ടാകുമ്പോള്‍ മാത്രമാണ് ഞാന്‍ എഴുതുക. ഇത്തരത്തിലൊരു ആത്മ ബന്ധിതമായ ആഹ്വാനമില്ലാതെ നാളിതുവരെ ഞാന്‍ എഴുതിയിട്ടില്ല. എന്നാല്‍ ബ്ലോഗ്ഗിന്റെ ഈ ലക്കം കുറിക്കുമ്പോള്‍ എന്റെ ഒരു വായനക്കാരന്റെ വിനയാന്വിതമായ നിര്‍ബന്ധമായ അപേക്ഷ കൂടിയുണ്ട് എന്റെ ആന്തരികമായ ആഹ്വാനത്തെ ഒന്നുകൂടി ബലപ്പെടുത്താന്‍.
ശ്രീമാന്‍ ടി.പി. ഫ്രാന്‍സീസ് എന്നൊരു പ്രവാസി വായനക്കാരനാണ് ആ വിനയാന്വിതനായ അപേക്ഷകന്‍ എന്ന് ആരംഭത്തിലെ കുറിക്കുന്നത് ടിയാനോടുള്ള എന്റെ കടപ്പാട് രേഖപ്പെടുത്തുന്നതിന് ഉപകരിക്കുമെന്ന് തോന്നുന്നു.


ശ്രീമാന്‍ ടി.പി. ഫ്രാന്‍സീസിന്റെ പ്രശ്നം ഗുരുതരമാണ്. സങ്കീര്‍ണ്ണമാണ്. മാരകമാണ്. പെരുവിരലിനു പകരം കൈപ്പത്തി ഹോമിക്കേണ്ടിവന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ അവസ്ഥാന്തരങ്ങളെ പ്രാപിക്കാവുന്ന പ്രശ്നമാണ് പ്രവാസി ഫ്രാന്സീസിന്റേത്.  അതുകൊണ്ടുതന്നെ ആ പ്രശ്നം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പ്രശ്നം വച്ചുനോക്കി ആത്മരക്ഷ ഉറപ്പാക്കിയതിനുശേഷം മാത്രം കൈകാര്യം ചെയ്യേണ്ടതാണെന്നാണ്  എന്റെ വിശ്വാസം.


പൊന്‍കുരിശുതോമയുടെ  കഥ പറഞ്ഞുതന്ന പഴയ കഥാകാരന്‍ ഉന്നയിച്ച ചോദ്യം തന്നെയാണ് ശ്രീമാന്‍ ടി.പി. ഫ്രാന്സീസും ഉന്നയിക്കുന്നത്. “കര്‍ത്താവിന് എന്തിനാണ് പൊന്‍ കുരിശ് “ എന്ന തികച്ചും ന്യായമായ ചോദ്യം ഉന്നയിച്ച പൊന്‍കുരിശുതോമയുടെ  അനന്തിരവനായ ത്രുശൂര്‍ക്കാരന്‍ പൊന്‍കുരിശുപ്രാഞ്ചി അഥവാ ടി.പി. ഫ്രാന്‍സീസ് ചോദിക്കുന്നത് ,”പ്രാര്‍ഥിക്കാന്‍ എന്തിനാണ് കോടികളുടെ പുതുപ്പള്ളികള്‍?” എന്നാണ്. പൊന്‍കുരിശുപ്രാഞ്ചിയുടെ ഇടവക പള്ളി പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് അഞ്ചര കോടിയുടെ പുതുപ്പള്ളി പണിയേണ്ട ആവശ്യമുണ്ടോ എന്നാണ് പൊന്‍കുരിശുപ്രാഞ്ചി ചോദിക്കുന്നത് ? നിലവിലുള്ള ദേവാലയത്തില്‍ തന്നെ ഭക്തര്‍ നിറഞ്ഞുകാണുന്നത് പെരുന്നാളിന് മാത്രമാണെന്നിരിക്കെ എന്തിനീ അഞ്ചരക്കോടി പള്ളി? ഈ പണം ഇടവകയിലെ അവിവാഹിതരായി പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കിടാങ്ങളെ വിവാഹം ചെയ്തു കൊടുക്കുന്നതിനോ വീടില്ലാത്തവര്‍ക്ക് വീട് വച്ചുകൊടുക്കുന്നതിനോ രോഗാതുരരായവര്‍ക്ക് ശുശ്രൂഷ കൊടുക്കുന്നതിനോ ഉപയോഗിച്ചുകൂടെ ? പൊന്‍കുരിശുപ്രാഞ്ചിയുടെ ചോദ്യങ്ങള്‍ തികച്ചും ന്യായമാണ്. ഒരു പീലാത്തൂസിനുപോലും കൈകഴുകാന്‍ സംശയിച്ചു നില്‍ക്കേണ്ടിവരാത്ത ചോദ്യങ്ങള്‍.


പൊന്‍കുരിശുപ്രാഞ്ചിയുടെ  പ്രശ്നം ഇവിടം കൊണ്ട് തീരുന്നില്ല. പുതുപ്പള്ളിക്ക് വട്ടം കൂട്ടിയപ്പോള്‍ ഒരു ഭക്തന്റെ സ്വന്തം കിടപ്പാടം പോലും പള്ളി നിഷ്കരുണം മുതല്‍ക്കൂട്ടിയത്രേ. കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയല്ലേ ഇത് , പൊന്‍കുരിശുപ്രാഞ്ചി ചോദിക്കുന്നു. ഇത്തരം ഗൗരവമുള്ള ചോദ്യങ്ങളെല്ലാം പൊന്‍കുരിശുപ്രാഞ്ചി ഉന്നയിക്കുന്നത് തന്റെ പ്രവാസഭൂമിയായ ദുബായിയില്‍ ഇരുന്നുകൊണ്ടാണ് എന്നതും ശ്രദ്ധേയമാണ്. ഇതൊന്നും ചോദിക്കാന്‍ സ്വന്തം ഇടവകയില്‍ പ്രാഞ്ചിമാര്‍ ഇല്ലാതെപോയത്തിലും പൊന്‍കുരിശുപ്രാഞ്ചിക്ക് കടുത്ത വേദനയും അമര്‍ഷവും രോഷവും ഉണ്ട്. അത് നമ്മെ എല്ലാവരേയും നൊമ്പരപ്പെടുത്തുന്നുണ്ട്. ഈ ബ്ലോഗ്ഗര്‍ പൊന്‍കുരിശുപ്രാഞ്ചിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.


ഉള്ളത് പറയണമല്ലോ, ഈയ്യിടെയായി തൃശൂരിലെ പല പഴയ പള്ളികളും പൊളിച്ചുപണിയുകയാണ്. യാതൊരു കേടുമില്ലാത്ത ഈ പഴമ്പള്ളികള്‍ പുതുപ്പള്ളികളാവുമ്പോള്‍ അഞ്ചും പത്തും കോടികളാണ് ധൂര്‍ത്തടിക്കുന്നത്. പാവം ഭക്തരെ പിഴിഞ്ഞെടുക്കുന്ന കോടികളാണ് പള്ളി ധൂര്‍ത്തടിക്കുന്നത്. ദൈവകോപം പേടിച്ച് ഭക്തര്‍ മിണ്ടാതിരിക്കുന്നു. ഒരുപാട് ഭക്തരുടെ ദുഖങ്ങളുടെ മേലാണ് ഈ പുതുപ്പള്ളികള്‍ പണിയുന്നത്.


മനുഷ്യന് മനുഷ്യാലയവും ദേവന് ദേവാലയവും ഭക്തര്‍ക്ക്‌ പ്രാര്‍ഥനാലയവും എന്നതത്രേ വാസ്തുവിചാരം. ഈ വാസ്തുവിദ്യാവിനയങ്ങള്‍ അട്ടിമറിച്ചുകൊണ്ട് എന്തിനാണ് ഈ കൊട്ടാരങ്ങള്‍ പണിയുന്നത്. കൊട്ടാരങ്ങള്‍ രാജാക്കന്മാര്‍ക്കുള്ളതല്ലേ? കൊട്ടാരങ്ങളില്‍ ദൈവങ്ങള്‍ പോകാറില്ലല്ലോ? ഭക്തരും കൊട്ടാരങ്ങളില്‍ പോകാറില്ല. കൊട്ടാരങ്ങള്‍ പ്രജകള്‍ള്ളതാണ്.  പ്രജകള്‍ക്ക് നിയന്ത്രണ വിധേയരായി കടന്നുചെല്ലാനുള്ളതാണ് കൊട്ടാരങ്ങള്‍.
ഈയൊരര്‍ത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിച്ചുണ്ടാക്കുന്ന ഈ കൊട്ടാരപ്പള്ളികള്‍ പുരോഹിതന്‍ എന്ന രാജാവിന്നും ഭക്തര്‍ എന്ന പ്രജകള്‍ക്കും അവരുടെ ശക്തി തെളിയിക്കുന്നതിനുള്ള അങ്കക്കളരിയാവില്ലേ? നമുക്ക് വേണ്ടത് ശക്തികേന്ദ്രങ്ങളോ? ഭക്തികേന്ദ്രങ്ങളോ ?


നമുക്കാവശ്യം ദേവാലയങ്ങളാണ്. ദേവചൈതന്യമുള്ള പുരോഹിതര്‍ക്ക് പൌരോഹിത്യം നിര്‍വ്വഹിക്കാനുള്ള ലളിത ദേവാലയങ്ങള്‍. യാതൊരു ഭയവും നിയന്ത്രണവും ഇല്ലാതെ ഭക്തര്‍ക്ക് സങ്കടങ്ങളുണര്‍ത്തിക്കാന്‍ ഏതുസമയത്തും കടന്നുവരാനുള്ള പ്രാര്‍ഥനാലയങ്ങള്‍. പൊന്‍കുരിശുപ്രാഞ്ചി ഉന്നയിക്കുന്ന ചോദ്യങ്ങളും ഇതുതന്നെ.


ഭക്തര്‍ അധിവസിക്കുന്ന അവരുടെ മനുഷ്യാലയങ്ങളെല്ലാം തന്നെ ഒരര്‍ഥത്തില്‍ ദേവാലയങ്ങളാണ്. ഇത്തരം മനുഷ്യാലയങ്ങളെ ദേവാലയങ്ങളാക്കുക... മനുഷ്യരെ പുരോഹിത തുല്യരാക്കുക എന്നതാണ് പുരോഹിതന്റെ പ്രധാന ധര്‍മ്മം. അങ്ങനെ മുഴുവന്‍ മനുഷ്യാലയങ്ങളും ദേവാലയങ്ങളാവുമ്പോള്‍.....മുഴുവന്‍ മനുഷ്യരും  പുരോഹിത തുല്യരാവുമ്പോള്‍ ഈ പള്ളികള്‍ തന്നെ ഇല്ലാതാവും. ഓരോ മനുഷ്യമനസ്സിലും പുതുപ്പള്ളികള്‍ നിര്‍മ്മിക്കപ്പെടും. ഓരോ മനുഷ്യനിലും പൌരോഹിത്യം അവരോധിക്കപ്പെടും. ഈയൊരു പരിസരത്തുനിന്ന്‍ ചിന്തിക്കുമ്പോള്‍ നമുക്കും പൊന്‍കുരിശുപ്രാഞ്ചി ചോദിക്കുന്നതുപോലെ ചോദിക്കാം, “പ്രാര്‍ഥിക്കാന്‍ എന്തിനാണ് കോടികളുടെ പുതുപ്പള്ളികള്‍?”


ഡോ.സി.ടി. വില്യം    

No comments:

Post a Comment