Monday, March 24, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-ഒമ്പത്

 
“സ്വരാജ്” ഇത് രണ്ടാം സമാധാന വിപ്ലവത്തിനുള്ള ആഹ്വാനം

ആം ആദ്മി എന്ന പ്രസ്ഥാനത്തിന്റെ സ്വരഭാവവും സ്വത്തരൂപവും ഭാരതത്തില്‍ മാത്രമല്ല; ലോകത്തെവിടേയും നാമ്പെടുത്തുകഴിഞ്ഞു.

കോണ്‍ഗ്രസ് ബിജെപി കമ്മ്യുണിസ്റ്റ് എന്നൊക്കെയുള്ള ജീര്‍ണ്ണവും നിര്‍ജ്ജീവവുമായ അശ്ലീല പദങ്ങള്‍ക്കപ്പുറം ആം ആദ്മി എന്ന നന്മയുടെ സ്വരൂപം വളര്‍ന്നുകഴിഞ്ഞു. അത് വളര്‍ന്നു പന്തലിക്കുമോ എന്നൊക്കെയുള്ള ആശങ്ക ആം ആദ്മി എന്ന ജനപക്ഷ പ്രസ്ഥാനത്തിനോ ആം ആദ്മി എന്ന സധാരണക്കാരനോ ഇല്ല.


പതിറ്റാണ്ടുകളുടെ രാഷ്ട്രീയക്കളരിയില്‍ മലിനമാക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥായിയായ അഴുക്കിന്റെ വഴക്കമോ ഒഴുക്കോ കേവലം ഒരുവര്‍ഷം പ്രായമായ ആം ആദ്മിക്കുണ്ടാവണം എന്ന ദുരുദേശ്യം ആരെങ്കിലും വച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ അത് ന്യായീകരിക്കാവുന്നതോ നീതീകരിക്കാവുന്നതോ അല്ല. കാരണം, ആം ആദ്മി പച്ചയായ സാധാരണ മനുഷ്യന്റെ പ്രസ്ഥാനമാണ്. നിലനില്‍ക്കുന്ന രാഷ്ട്രീയ ദുരവസ്ഥയോട് പൊരുതിയും പൊരുതാതെയും  തോറ്റുകൊടുക്കേണ്ടിവന്ന സാധാരണ ജനങ്ങളുടെ വികാരമാണ് ഈ പ്രസ്ഥാനം. ഇവിടെ സിംഹാസനങ്ങളില്ല. അതുകൊണ്ടുതന്നെ രാജാവും മന്ത്രിയുമില്ല. മനുഷ്യര്‍ മാത്രം. മനുഷ്യരെ മനുഷ്യര്‍ സ്നേഹിക്കുന്ന സേവിക്കുന്ന ഭരിക്കുന്ന പച്ചയായ മനുഷ്യര്‍.


വകതിരിവിന്നാവശ്യമായ വിചാരങ്ങളും മനുഷ്യരെ തിരിച്ചറിയുന്നതിനുള്ള വികാരങ്ങളും കൈമുതലായുള്ള ശുദ്ധ മനുഷ്യരാണ് ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്‌. അവര്‍ കസേരകള്‍ സ്വപ്നം കണ്ടു നടക്കുന്ന  രാഷ്ട്രീയ ഇരുകാലികളല്ല. ഒരു ജനതക്കവകാശപ്പെട്ട ഭൂമിയിലെ ചപ്പും ചവറും മാലിന്യങ്ങളും തൂത്തുവാരാന്‍ കൈകളില്‍ ചൂലുകളുമായി എത്തുന്ന ശുചിത്വപാലകരാണ് അവര്‍.


കാരശ്ശേരി മാഷ്‌ പറഞ്ഞതുപോലെ ജീര്‍ണ്ണിച്ച രാഷ്ട്രീയാവസ്ഥകളുടെ മുമ്പില്‍ തോറ്റുകൊടുക്കേണ്ടിവന്ന  ഒരു അഭിശപ്ത ജനതയുടെ അപമാനിതമായ അവസ്ഥയാണ് ആം ആദ്മിക്ക് ജന്മം കൊടുത്തത്. നിലവിലിരിക്കുന്ന രാഷ്ട്രീയ നപുംസഹങ്ങളോട് തോറ്റ് തൊപ്പിയിട്ടവരാണവര്‍. എല്ലാവരും ആ തൊപ്പി ധരിക്കുന്ന ഒരു സാമൂഹിക സാഹചര്യമെത്തുമ്പോള്‍ തൊപ്പിക്ക്‌ വിജയകിരീടത്തിന്റെ അന്തസ്സുണ്ടാവും.


ഇന്ദ്രപ്രസ്ഥത്തിന്റെ ഗോപുരമുകളില്‍ ജനങളുടെ മനവും മണവും അറിയാതെ സിംഹാസനങ്ങളിലിരുന്നു ഗര്‍ജ്ജിക്കുന്ന രാഷ്ട്രീയ തമ്പുരാ ക്കന്മാരോട് “അങ്ങയുടെ രാജ്യം വരേണമേ” എന്ന്‍ നിസ്സഹായരായി പ്രാര്‍ഥിക്കുന്ന ഒരു ദുരന്ത ജനതയുണ്ടിവിടെ. രാഷ്ട്രീയാന്ധതയില്‍ കാലങ്ങളോളമായി അര്‍ത്ഥമറിയാതെ ഈ വിഡ്ഢിത്തം പ്രാര്‍ഥിക്കുന്ന ആ ജനതയെ ആം ആദ്മി തിരുത്തുകയാണ്. “സ്വരാജ്” അഥവാ എന്റെ രാജ്യം അഥവാ ഞങ്ങളുടെ രാജ്യം എന്ന ജനാധിപത്യ സുവിശേഷം പ്രചരിപ്പിക്കുന്ന ആം ആദ്മി പ്രാര്‍ഥിക്കുന്നത്-പ്രയത്നിക്കുന്നത്‌, “ഞങ്ങളുടെ രാജ്യം വരേണമേ” എന്നാണ്. ഒരു ജനതയുടെ പ്രാര്‍ത്ഥനയേയും പ്രയത്നത്തെയും വിപ്ലവകരമായി നവീകരിക്കുകയാണ്, പൊളിച്ചെഴുതുകയാണ് ആം ആദ്മി.
ഉയരങ്ങളിലിരുന്ന്‍ പ്രസാദാവശിഷ്ടങ്ങള്‍ നിഷ്കരുണം നമുക്ക് എറിഞ്ഞുതരുന്ന ഈ കപട രാഷ്ട്രീയ തമ്പുരാക്കന്മാരുടെ “വിശുദ്ധ നരകത്തെ” ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് അരവിന്ദ് കെജ്രിവാള്‍ “സ്വരാജ്” എന്ന പുസ്തകത്തിലൂടെ. കാര്യനിര്‍വ്വഹണം, നീതിന്യായനിര്‍വ്വഹണം, നിയമനിര്‍വ്വഹണം എന്നീ മൂന്ന്‍ പരിശുദ്ധ അള്‍ത്താരകളാല്‍  നിര്‍മ്മിക്കപ്പെട്ടതാണ്  അവരുടെ “വിശുദ്ധ നരകം” എന്ന കുപ്രചരണത്തെ  പൊളിച്ചെഴുതുകയാണ് കെജ്രിവാള്‍. 


ഈ കപട രാഷ്ട്രീയ തമ്പുരാക്കന്മാര്‍ എങ്ങനെയാണ് ഈ പരിശുദ്ധ അള്‍ത്താരകളും വിശുദ്ധ നരകവും സ്വന്തമാക്കിയത്? എന്തുകൊണ്ടാണ് കാലങ്ങളോളമായി  അവര്‍ ഈ വിശുദ്ധ നരകം അടക്കി വാഴുന്നത്? ആര്‍ക്ക് അവകാശപ്പെട്ട സിംഹാസനങ്ങളിലാണ് അവര്‍ ഇരിക്കുന്നത്? അവര്‍ എറിഞ്ഞുതരുന്ന പ്രസാദാവശിഷ്ടങ്ങള്‍ക്കുവേണ്ടി ഇനിയും ഈ ജനത ഇരുന്നുകൊടുക്കണോ? ആം ആദ്മി അഥവാ സാധാരണ ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളാണ് ഇതൊക്കെ.


അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രം ഈ കപട രാഷ്ട്രീയ തമ്പുരാക്കന്മാര്‍ നമ്മുടെ മുമ്പില്‍ കൈകൂപ്പിനിന്ന്‍ വോട്ടുകള്‍ വാങ്ങുന്നു. അതിനുശേഷം അഞ്ചുവര്‍ഷം നാം അവരുടെ മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്നു. അവര്‍ ഇന്ദ്രപ്രസ്ഥത്തിന്റെ മുകളിലിരുന്ന് അവരുടെ ഉച്ചിഷ്ടങ്ങളെ പ്രസാദമാക്കി നമുക്ക് എറിഞ്ഞുതരുന്നു. നമ്മളില്‍ ചിലര്‍ക്ക് അത് കിട്ടാം. കിട്ടാതിരിക്കാം. നാം പ്രതികരണവും പ്രതിഷേധവും നഷ്ടപ്പെട്ട അവരുടെ വിധേയരായ ഭക്തര്‍.


അവര്‍ നമ്മുടെ പ്രാര്‍ഥനകളെ കേള്‍ക്കുന്നുവെന്ന് അഭിനയിക്കുന്നു. അവര്‍ നമ്മള്‍ക്കുവേണ്ടി കോടികളുടെ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. അവരുടെ കാവലാളുകളായ സ്വന്തം യുദാസുകള്‍ നമ്മേ മുപ്പത് വെള്ളിക്കാശിന് കോര്‍പറേറ്റുകള്‍ക്ക് ഒറ്റിക്കൊടുക്കുന്നു. നമ്മുടെ പേരിലുള്ള കോടികള്‍ അവരുടെ പേരിലുള്ള സ്വിസ് ബാങ്ക് അകൌണ്ടുകളില്‍ നിക്ഷേപമായി കുമിഞ്ഞുകൂടുന്നു. നമുക്ക് അവരെ ചോദ്യം ചെയ്യാന്‍ അവകാശമില്ല. അവരെ കോടതി കയറ്റാനും അവകാശമില്ല. കാരണം, കോടതികള്‍ അവരുടെ സ്വന്തം സ്ഥാപനങ്ങളാണ്.


കോടതികള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഉള്ളതല്ല. കാശുകാര്‍ക്ക് ഉള്ളതാണ്. കുറഞ്ഞ കാശിന് കുറഞ്ഞ നീതി. കൂടുതല്‍ കാശിന് കൂടിയ നീതി. വിശപ്പടക്കാന്‍ അപ്പം കട്ടവനെ ശിക്ഷിക്കും. രാജ്യം കട്ടുമുടുപ്പിച്ചവനെ രക്ഷിക്കും. അതാണ്‌ പുതിയ നീതിശാസ്ത്രം. നീതിദേവതയുടെ കണ്ണുകള്‍ കെട്ടിയത് ഇതിനൊക്കെ വേണ്ടിയോ?


ജില്ലാ കോടതി മുതല്‍ രാഷ്ട്രപതിയുടെ മന:സാക്ഷിയുടെ കോടതിവരെയും അസംഖ്യം കേസ്സുകള്‍ കെട്ടിക്കിടക്കുകയാണ്. ന്യായവും നീതിയും കാത്തുകഴിയുന്നവര്‍ തടവറകളുടെ ഇരുട്ടില്‍ തെളിയാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചുതീര്‍ക്കുകയാണ്. രാഷ്ട്രീയ കുറ്റവാളി കള്‍ക്ക് തടവറകള്‍ തടവുകേന്ദ്രങ്ങളല്ല; മറിച്ച് അടവുകേന്ദ്രങ്ങളാണ്. അവര്‍ അവിടെയിരുന്ന് രാജ്യം ഭരിക്കും. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കും. പിന്നേയും രാജ്യം ഭരിക്കും. പാവപ്പെട്ട കുറ്റവാളികള്‍ അവിടെക്കിടന്ന് മരിക്കും.
അതുകൊണ്ട് സ്വരാജില്‍ ആം ആദ്മി പ്രഖ്യാപിക്കുന്നു:-


ഒന്ന്: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ മടക്കിവിളിക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് കൊടുക്കുക.
രണ്ട്: എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ പ്രവര്‍ത്തികളിലൂടെ ഉണ്ടാക്കുന്ന വീഴ്ചകള്‍ക്ക് സമാധാനം പറയുക.
മൂന്ന്: ജനങ്ങള്‍ക്കുള്ള അധികാര വികേന്ദ്രീകരണവും വിതരണവും താഴെ തലങ്ങളില്‍ നിന്നാകണം. അതായത് ഗ്രാമാസഭാതലങ്ങളില്‍ നിന്നും പട്ടണങ്ങളിലെ റസിഡന്റ്റ് വെല്‍ഫയര്‍ അസോസിയേഷനുകളില്‍ നിന്നും.
നാല്: നിയമങ്ങളും പദ്ധതികളും നടപ്പാക്കുന്നത്  ഗ്രാമാസഭാതലങ്ങളിലേയും പട്ടണങ്ങളിലെ റസിഡന്റ്റ് വെല്‍ഫയര്‍ അസോസിയേഷനുകളുടെയും അഭിപ്രായം കണക്കിലെടുത്തുകൊണ്ടാവണം.
അഞ്ച്: സര്‍ക്കാര്‍ ഫണ്ടുകളുടെ ഒഴുക്കും ഉപയോഗവും നിയന്ത്രണ വിധേയമാക്കുക.
ആറ്: ദേശീയ സമ്പത്തായ വനം ഭൂമി ധാതുക്കള്‍ മുതലായവയുടെ ഉടമസ്ഥര്‍ ജനങ്ങളാണ് എന്ന് പ്രഖ്യാപിക്കുക.


ഇതൊക്കെ നടപ്പില്‍ വരുത്തുന്നതിനും “അഴിമതികളിലെ ചുരുളുകള്‍ അഴിക്കുന്നതിനും വേണ്ടിയാണ് ലോക്പാല്‍ ബില്‍ ആവിഷ്കരിച്ചിട്ടുള്ളത്. ലോക്പാല്‍ ഒരു സ്വതന്ത്ര നിയമസ്ഥാപനമാണ്‌. ഭരണനിര്‍വ്വഹണ സമിതിയിലെയും നിയമനിര്‍മ്മാണ സഭയിലെയും നീതിന്യായ വകുപ്പുകളിലെയും അഴിമതികള്‍ അന്വേഷിക്കുന്നതിനാണ് ലോക്പാല്‍ നിലകൊള്ളുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതികള്‍ക്കെതിരെ ലോക്പാലും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതികള്‍ക്കെതിരെ ലോകായുക്ത്തും പ്രവര്‍ത്തിക്കുന്നു”.
( സ്വരാജ്: പുറം:119)

“നമ്മള്‍  സ്വപ്നം കാണുന്ന അനിവാര്യമായ മാറ്റങ്ങളാണ് സ്വരാജ് എന്ന വീക്ഷണത്തിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് നീതി, സമത്വം, അഭിവൃദ്ധി എന്നിവ ഉറപ്പുവരുത്തുക എന്ന വളരെ ലളിതമായ ആവശ്യമാണ്‌ അവകാശപ്പെടുന്നത്. അഴിമതിക്കെതിരെയാണ് ഞങ്ങളുടെ യുദ്ധം. അത് ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ മാത്രമല്ല; എല്ലായിടത്തും പരന്നുകിടക്കുന്ന നമ്മുടെ സമ്പത്ത് ഊറ്റിയെടുക്കുന്ന എല്ലാവര്‍ക്കുമെതിരെയാണ്. ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല. ഞങ്ങള്‍ മത സംഘടനകള്‍ക്കോ വ്യവസായ കുത്തകകള്‍ക്കോ വിദേശ രാഷ്ട്രങ്ങള്‍ക്കോ എതിരല്ല. സാമുദായിക-വര്‍ഗ്ഗീയ താല്‍പ്പര്യങ്ങളും ഞങ്ങ ള്‍ക്കില്ല. ഞങ്ങള്‍ സ്വയം പ്രഖ്യാപിത ജനപ്രതിനിധികളുമല്ല. ഞങ്ങള്‍ മനുഷ്യര്‍ മാത്രം.
ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണുകള്‍ അടക്കുന്നു. അഴിമതി തടയുന്നതിനായി പ്രബലമായ നിയമങ്ങള്‍ കൊണ്ടുവരാനുള്ള ജനങ്ങളുടെ അലമുറ സര്‍ക്കാര്‍ കേള്‍ക്കാന്‍ തയാറാവുന്നില്ല.


ജനവികാരം സര്‍ക്കാര്‍ തിരിച്ചറിയണം. അവര്‍ സ്വാതന്ത്രത്തിനുവേണ്ടിയുള്ള രണ്ടാം സമാധാന വിപ്ലവത്തിലേക്ക് നീങ്ങുകയാണ്. സത്യാഗ്രഹ ങ്ങള്‍ ഡല്‍ഹിയില്‍ മാത്രമല്ല നടക്കുന്നത്. അത് രാജ്യമൊട്ടാകെ വ്യാപിച്ചിരിക്കുന്നു. അഴിമതിയുടെ പിടിയില്‍ നിന്ന്‍ നാം സ്വാതന്ത്ര്യം നേടണം.”
( സ്വരാജ്: പുറം:120)                                                           
                         
അവസാനിച്ചു 
ഡോ. സി.ടി. വില്യം
 

No comments:

Post a Comment