Tuesday, March 4, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-ആറ്
‘ജനങ്ങള്‍ക്കുവേണ്ടി’ എന്നത് എവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു.

നങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ ഭരിക്കുന്ന ഭരണസന്പ്രദായത്തെയാണ് നാം ജനാധിപത്യം എന്ന്‍ വിളിക്കുന്നത്‌. ഇന്ത്യ അത്തരമൊരു ജനാധിപത്യ രാജ്യമാണെന്ന് നാം തെറ്റിദ്ധരിച്ചു പോരുന്നു. നമ്മുടെ ഈ തെറ്റിദ്ധാരണക്ക് ഏതാണ്ട് ആറര പതിറ്റാണ്ടിന്റെ പഴക്കം അവകാശപ്പെടാവുന്നതാണ്. ചില തെറ്റിദ്ധാരണകള്‍ കാലപ്പഴക്കം കൊണ്ട് ശരി ധാരണകളായി രൂപാന്തരം പ്രാപിക്കാറുണ്ട്. അത്തരത്തി ലുള്ള ഒരു തെറ്റിദ്ധാരണയാണ് നമ്മുടെ ജനാധിപത്യം.

ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം ബ്രിട്ടീഷുകാരോട് നിരായുധമായ സമരം ചെയ്ത് നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 67 വര്‍ഷം കഴിഞ്ഞിട്ടും യഥാര്‍ത്ഥ സ്വാതന്ത്ര്യവും ജനാധിപത്യവും നാം ആസ്വദിക്കാതെ അനുഭവിച്ചു പോരുന്നു.

ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഒഴിവുവന്ന ബ്രിട്ടീഷ് രാജ്ഞിയുടെ സിംഹാസനത്തില്‍ ഇന്ദിരാ പ്രിയദര്‍ശിനിയെ അവരോധിച്ചുകൊണ്ടാണ്‌ നാം മറ്റൊരു ഇന്ത്യന്‍ രാജവാഴ്ചക്ക് തുടക്കം കുറിച്ചത്. പിന്നീടുവന്ന രാജ കുമാരന്മാര്‍ക്ക് സിംഹാസനം ഉറക്കാതെവന്നപ്പോള്‍ ഒരു ഇറ്റലിക്കാരിയെ നാം കടം വാങ്ങി സിംഹാസനത്തില്‍ വാഴിക്കുകയായിരുന്നു, മറ്റൊരു രാജകുമാരനോടൊപ്പം. അങ്ങനെ സ്വാതന്ത്ര്യവും ജനാധിപത്യവും രാജവാഴ്ചക്ക് വഴിമാറി. സ്വാതന്ത്ര്യവും ജനാധിപത്യവും നമുക്ക് വിലക്കപ്പെട്ട കനികളായി. അതിന്നും തുടരുന്നു. 


ജനാധിപത്യത്തിന്റെ ആചാരാനുഷ്ടാനങ്ങളിലൂടെ നാം തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ജനപ്രാതിനിധ്യം ഉറപ്പുവരുന്നതോടെ അവര്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളായി മാറുന്നു.  വോട്ടുചോദിക്കാന്‍ രണ്ടോമൂന്നോ പ്രാവശ്യം ഓരോ വോട്ടറെയും നേരില്‍ കാണുന്ന ഇവര്‍ തെരഞ്ഞെടുക്കപ്പെടുന്നതോടെ നമ്മെ കാണാന്‍ വരാതാവുന്നു. അവര്‍ ജയിച്ചുകഴിഞ്ഞാല്‍ പോലും നമുക്ക് അവരെ കാണണമെങ്കില്‍ അവരുടെ വിജയഘോഷയാത്രയെ അനുഗമിക്കേണ്ടിവരും. പിന്നീട് ഈ ജനപ്രതിനിധികള്‍ നമുക്ക് അപ്രാപ്യരാവുന്നു. ചുവരുകളില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന അവരുടെ പോസ്റ്റര്‍ മുഖങ്ങളോട് വേണം പിന്നെ നമുക്ക് കാര്യ ങ്ങള്‍ പറയാനും പരാതി അറിയിക്കാനും. ചിലപ്പോഴെങ്കിലും നമുക്ക് മൂത്രമൊഴിച്ചു പ്രതിഷേധിക്കാനും ഈ ചുവര്‍ ചിത്രങ്ങള്‍ നിന്നുതരാറുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുരവസ്ഥയാണ് ഇത്. 

കേജ്രിവാള്‍ സ്വരാജില്‍ എഴുതുന്നു:-

“അഞ്ചുവര്‍ഷം കൂടുമ്പോള്‍ നമ്മള്‍ ജനങ്ങള്‍ നമ്മുക്കിടയില്‍ നിന്നും ഒരു പ്രതിനിധിയെ തെരഞ്ഞെടുത്ത് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായുള്ള എല്ലാ അധികാരവും ‘നമ്മള്‍ ജനങ്ങള്‍’ അദ്ദേഹത്തിന് നല്‍കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നേരെ പാര്‍ലെമെന്റില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ അധികാരം അവരുടെ തലയെ മത്തു പിടിപ്പിക്കുകയും, ധാര്‍ഷ്ട്യം നിറഞ്ഞ ഏകാധിപതിയായി മാറുകയും ചെയ്യുന്നു. നമ്മള്‍ ജനങ്ങള്‍ അദ്ദേഹത്തിന് സമ്മാനിച്ച ജീവിതവും വിശേഷാധികാരങ്ങളും മുഴുവനായി ദുരുപയോഗം ചെയ്യപ്പെടുന്നു. നമ്മുടെ പ്രതിനിധി നമുക്ക് വേണ്ടിയല്ല തീരുമാനങ്ങള്‍ എടുക്കുക, എല്ലാം സ്വന്തം വളര്‍ച്ചക്ക് വേണ്ടി മാത്രം. 

ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനതത്വം പോലും അതിലംഘിക്കപ്പെട്ടിരിക്കുന്നു. ‘ജനങ്ങളില്‍നിന്ന് ജനങ്ങളാല്‍’ എന്നത് നിലനില്‍ക്കുന്നുണ്ടെങ്കിലും ‘ജനങ്ങള്‍ക്കുവേണ്ടി’ എന്നത് എവിടെയോ നഷ്ടപ്പെട്ടുപോയി രിക്കുന്നു.ഇതാണ് നമ്മള്‍ മാറ്റിയെടുക്കേണ്ടത് “. (സ്വരാജ് : പുറം : 49)
 
ഇവിടെയാണ്‌ പ്രക്ഷോഭങ്ങള്‍ ആവശ്യമായി വരുന്നത്. ഗ്രാമസഭകളിലൂടെയാണ് പ്രക്ഷോഭങ്ങള്‍ സാധ്യമാക്കേണ്ടത്. ഗ്രാമസഭകളിലൂടെയാണ് സ്വരാജ് യാഥാര്‍ത്ഥ്യമാക്കേണ്ടത്. ഗ്രാമസഭകള്‍ എന്നാല്‍ പഞ്ചായത്തല്ല. ഗ്രാമസഭകള്‍ ആ ഗ്രാമത്തിലെ ജനങ്ങളുടെ തുറന്ന കൂട്ടായ്മയാണ്. ഒന്നിച്ചുള്ള ഈ കൂട്ടായ്മയിലാണ് തദ്ദേശീയമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. അല്ലാതെ, ഗ്രാമങ്ങളില്‍ നിന്ന്‍ വിദൂരസ്ഥമായ സംസ്ഥാന-കേന്ദ്ര തലസ്ഥാനങ്ങളില്‍ ഇരുന്നല്ല ഗ്രാമങ്ങളുടെ കാര്യങ്ങള്‍ തീരുമാനിക്കുക.

നാം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ ഭരണ സംവിധാനം ജനങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും വളരെ അകന്നാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന അസ്സംബ്ലിയും കേന്ദ്ര പാര്‍ലെമെന്റും അതുള്‍ക്കൊള്ളുന്ന ജനതയെയും വിലക്കുവാങ്ങിയ ചില കോര്‍പ്പറേറ്റ് ശക്തികള്‍ക്കുവേണ്ടിയാണ് നമ്മുടെ ജനപ്രതിനിധികള്‍ ഭരണം ഏറ്റെടുത്തിരിക്കുന്നത്. ജനപക്ഷത്തുനിന്ന്‍ ഭരിക്കുന്നതിനുപകരം അവര്‍ മേല്‍പ്പറഞ്ഞ കോര്‍പ്പറേറ്റ് പക്ഷത്തുനിന്നാണ് ഭരിക്കുന്നത്‌. 

ഗ്രാമീണരുടെ-ഗ്രാമത്തിന്റെ-ഗ്രാമസഭകളുടെ ശബ്ധമാണ് നാം തിരിച്ചുപിടിക്കേണ്ടത്. സര്‍ക്കാരിന്മേലും സര്‍ക്കാര്‍ ഉദ്യോഗസ്തരിന്മേലും സര്‍ക്കാര്‍ പണത്തിന്മേലും ഗ്രാമസഭകള്‍ക്ക് നിയന്ത്രണാധികാരം വേണം.  സര്‍ക്കാര്‍ ഉണ്ടാക്കാനും ജനങ്ങള്‍ക്ക് ഗുണമില്ലാത്ത സര്‍ക്കാര്‍ ഇല്ലാതാക്കാനും ഗ്രാമസഭകള്‍ക്ക് അധികാരം വേണം. ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവരെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്ക് അധികാരം വേണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും; ജനക്ഷേമപരമായല്ല അവര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവരുടെ നിയമനം റദ്ദ് ചെയ്യുന്നതിനും ജനങ്ങള്‍ക്ക് അധികാരം വേണം.

സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതും അദ്ധ്യാപകര്‍ ക്ലാസെടുക്കുന്നതും പദ്ധതികള്‍ നടപ്പിലാക്കുന്നതും ജനങ്ങളുടെ അംഗീകാരത്തോടെ ആയിരിക്കണം. സര്‍വ്വകലാശാലകള്‍ വേണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നതും ജനങ്ങള്‍ ആയിരിക്കണം. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല സര്‍വ്വകലാശാലകളും ജനങ്ങളുടെ അംഗീകാരത്തോടെ മാത്രമേ ആരംഭിക്കാവൂ എന്നൊരു നിയമം പ്രാബല്യത്തിലുണ്ടായിരുന്നെങ്കില്‍, ഇന്നത്തെ പല സര്‍വ്വകലാശാലകളും ഇന്ന് ഉണ്ടാകുമായിരുന്നില്ല. അതുപോലെത്തന്നെ നമ്മുടെ പല പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങള്‍ക്കും ശമ്പള പരിഷ്കരണങ്ങള്‍ക്കും ജനങ്ങളുടെ അംഗീകാരം നിര്‍ബന്ധമായിരുന്നെങ്കില്‍ നമ്മുടെ പല പദ്ധതികളും ഉദ്യോഗസ്ഥരും ഭീമമായ ശമ്പളാനുകൂല്യങ്ങളും ഇന്നുണ്ടാകുമായിരുന്നില്ല. അങ്ങനെയൊക്കെ സംഭവിച്ചിരുന്നെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ ഖജനാവ് ഇത്രമേല്‍ ധൂര്‍ത്തടിച്ച് നശിക്കില്ലായിരുന്നു. 

കെജ്രിവാള്‍ എഴുതുന്നു:-

“അധികാരത്തിന്റെ പടച്ചട്ട അണിഞ്ഞ ഗ്രാമസഭ രാജ്യത്തുടനീളം തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ദിവസം, പാര്‍ലെമെന്റിനുമേല്‍ ജനങ്ങള്‍ക്ക് നേരിട്ട് നിയന്ത്രണമുള്ള ദിനമായി മാറും. ഇതര്‍ത്ഥമാക്കുന്നത് ജനങ്ങള്‍ക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിന്മേലും നിയന്ത്രണ മുണ്ടായിരിക്കുമെന്നാണ്. അഴിമതിക്കാരായ നേതാക്കന്മാര്‍ക്കുമേലും അഴിമതി പാര്‍ട്ടികള്‍ക്കുമേലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടിഞ്ഞുകിടക്കുന്ന കുറ്റവാളികള്‍ക്കുമേലും ജനങ്ങള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഉണ്ടായി രിക്കും. ജനങ്ങള്‍ നമ്മുടെ രാജ്യത്തെ രാഷ്ട്രീയത്തെയും സര്‍ക്കാറിനെയും നിയന്ത്രിക്കുന്നതിന് തുടക്കം കുറിക്കും. തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ദാരിദ്ര്യം ഉന്മൂലനം ചെയ്യപ്പെടും.

ജനങ്ങളില്‍ നേരിട്ട് അധികാരം എത്തുന്നതിലൂടെ മാത്രമേ നമ്മുടെ രാജ്യത്ത് ശരിയായ ജനാധിപത്യം ഉദയം ചെയ്യുകയുള്ളൂ. ഇത് സംഭവിച്ചുകഴിഞ്ഞാല്‍ വിദ്യാഭ്യാസ നിലവാരം ഉയരും. റോഡുകള്‍ ഇനിയും മനോഹരമാകും. ജലലഭ്യത വര്‍ദ്ധിക്കും. വിദ്യുച്ഛക്തി മേഖല സമൃദ്ധിയിലെത്തും.ആരോഗ്യ മേഖല മെച്ചപ്പെടും. ദാരിദ്ര്യം ഇല്ലാതാകും. കൂടാതെ നക്സലിസം എന്ന പ്രശ്നവും ഇല്ലാതാകും”. (സ്വരാജ് : പുറം : 62)

       
അടുത്ത ബ്ലോഗ്ഗില്‍ തുടരും......
ഡോ. സി.ടി. വില്യം

No comments:

Post a Comment