Tuesday, March 11, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-ഏഴ്


ജനങ്ങള്‍ അധികാരം പിടിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനമെന്നും വിളനിലമെന്നും പെരുമയുള്ള ഒരു ഭൂപ്രദേശമാണ് തൃശിവപേരൂര്‍. ശക്തിയില്‍ കേമം ശിവശക്തി യാണെന്നിരിക്കിലും, തൃശൂര്‍ പെരുമക്ക് ഒരു ശിവന്റെ ശക്തി പോരാ എന്നതുകൊണ്ടാവാം മൂന്ന്‍ ശിവശക്തിസ്വരൂപങ്ങളില്‍ ഈ ഭൂപ്രദേശം തൃശിവപേരൂര്‍ ആയത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ വ്യക്തിപരമായ വീക്ഷണത്തില്‍ തൃശിവപേരൂര്‍ സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനമോ വിളനിലമോ അല്ല, മറിച്ച് ; സാംസ്കാരിക കേരളത്തിന്റെ അസ്ഥാനമോ ചതുപ്പ് നിലമോ ആണ്.


മൂന്ന്‍ ശിവശക്തിസ്വരൂപങ്ങളുടെ ധാരാളിത്തം പോലെ തന്നെ ഇവിടെ സാംസ്കാരിക ശക്തിസ്വരൂപങ്ങളുടെ ധാരാളിത്തവും പ്രകടമാണ്. ഇവിടു ത്തെ ഓരോ സാംസ്കാരിക സ്ഥാപനത്തിനകത്തും ഒട്ടേറെ കൊച്ചു കൊച്ചു സ്ഥാപനരൂപങ്ങള്‍ കാണാവുന്നതാണ്. ‘ഒന്നില്‍ പിഴച്ചാല്‍ മൂന്ന്‍’ എന്ന്‍ പറയുംപോലെ ഇവിടെ എന്തിനും ഏതിനും ഒന്നിലേറെ സ്ഥാപനങ്ങള്‍ ഉണ്ടാവുക പതിവാണ്. ഒരു സാംസ്കാരിക നായകന്‍ മരണപ്പെട്ടാല്‍ കുറഞ്ഞത്‌ മൂന്ന്‍ അനുസ്മരണം, മൂന്ന്‍ സ്മാരകം, മൂന്ന്‍ പുരസ്കാരങ്ങള്‍, മൂന്ന്‍ ഫൌണ്ടേഷനുകള്‍, മൂന്ന് വാര്‍ഷികാചരണങ്ങള്‍ എന്നിങ്ങനെയൂള്ള ധാരാളിത്തവും കാണാം. ഇതിനൊക്കെയായി ഒരു സ്ഥിരം കമ്മറ്റി സംവിധാനവും ഇവിടെയുണ്ട്.


“ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍” എന്ന ഈ കുറിപ്പുകള്‍ എഴുതുമ്പോള്‍ എന്തിനാണ് തൃശിവപേരൂരിലെ സാംസ്കാരിക ശക്തിസ്വരൂപ ങ്ങളെകുറിച്ച് പറയുന്നതെന്ന് വായനക്കാര്‍ സംശയിക്കുന്നുണ്ടാവും. ആ സംശയം സ്വാഭാവികമായും ന്യായവുമാണ്‌. എന്നിരുന്നാലും ഒരു ചെറിയ-വലിയ ബന്ധമുണ്ട് ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തിനും തൃശിവപേരൂരിന്റെ സാംസ്കാരിക പെരുമക്കും തമ്മില്‍.


ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അരവിന്ദ് കെജ്രിവാളിനോട് സാമ്യപ്പെടുത്താവുന്ന മറ്റൊരു കെജ്രിവാള്‍ തൃശിവപേരൂരിലെ സാംസ്കാരിക രംഗത്തുണ്ട്. അയാള്‍ക്ക് കെജ്രിവാളിന്റെ ആം ആദ്മി പോലെ ഒരു പ്രസ്ഥാനവുമുണ്ട് തൃശൂരില്‍.


അരവിന്ദ് കെജ്രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുത്തകകളോട് കലഹിച്ച് സാധാരണ ജനങ്ങള്‍ക്ക് ജനാധിപത്യം ഉറപ്പുവരുത്തുന്നു. തൃശിവപേരൂരിലെ സാംസ്കാരിക കെജ്രിവാള്‍ പക്ഷെ, കേരളത്തിലെ സാംസ്കാരിക കുത്തകകളോട് കലഹിച്ച് സാധാരണ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അരങ്ങ് ഉറപ്പുവരുത്തുന്നു. കെജ്രിവാള്‍ അംബാനിയോടെന്നപോലെ തൃശിവ പേരൂരിലെ സാംസ്കാരിക കെജ്രിവാള്‍ സാംസ്കാരികരംഗത്തെ ഡോ. സുകുമാര്‍ അഴീക്കോട്‌ തുടങ്ങിയ  അംബാനിമാരോട് പോരാടിയ ചരിത്രവുമുണ്ട്‌. രണ്ടുപേരും അടിസ്ഥാനപരമായി കോണ്‍ഗ്രസ് തറവാട്ടുകാര്‍ തന്നെ.
ഡോ.സുകുമാര്‍ അഴീക്കോട്‌ മരണപ്പെട്ടതിനെ തുടര്‍ന്നും ലോകസഭ തെരഞ്ഞെടുപ്പ് സമാഗതമായതുകൊണ്ടും സാംസ്കാരിക കെജ്രിവാളിന് പുതിയൊരു സാംസ്കാരിക കുത്തകയെ ദത്തെടുക്കേണ്ടതുകൊണ്ടും തൃശിവപേരൂരില്‍ ഒരു സമരാങ്കണം ഒരുക്കി. ചാനല്‍ ഗര്‍ജ്ജകരായ അഡ്വ. ജയശങ്കറും  എന്‍.എം.പിയേഴ്സനും കോണ്‍ഗ്രസ് നിരൂപകനായ വടക്കേടത്തും കുറച്ച് കോണ്‍ഗ്രസ്സുകാരും സന്നിഹിതരായി. സമരാങ്കണം ഉന്നം വച്ചത് സാറ ടീച്ചറെയും കാരശ്ശേരി മാഷിനേയും ആയിരുന്നു. കാരണം, ടീച്ചറും മാഷും ആം ആദ്മി ആയത് സാംസ്കാരിക കെജ്രിവാളിന് തീരെ ഇഷ്ടപ്പെട്ടില്ല. എന്തായാലും ഒരു മുന്‍വിധിയെന്നോണം ടീച്ചറും മാഷും സാംസ്കാരിക കുത്തകക്കാരായി മുദ്ര ചാര്‍ത്തപ്പെട്ടു.


സാഹിത്യം പോലെത്തന്നെ രാഷ്ട്രീയവും ഇടതും വലതുമായിത്തന്നെ നിലനില്‍ക്കണമെന്ന രാഷ്ട്രീയ അജണ്ട വടക്കേടത്ത് മുന്നോട്ടുവച്ചു. പക്ഷേ ചാനല്‍ ഗര്‍ജ്ജകര്‍ വടക്കേടത്തിന്റെ അജണ്ട നിഷ്കരുണം തള്ളി. ഇടതും വലതും ജീര്‍ണ്ണിച്ച സാഹചര്യത്തില്‍ ആം ആദ്മിയുടെ ചൂലു കൊണ്ട് അജീര്‍ണ്ണം തൂത്തുവാരുക മാത്രമേ ഇനി ആം ആദ്മിമാര്‍ക്ക് രക്ഷയുള്ളൂ എന്നായി ചാനല്‍ ഗര്‍ജ്ജകര്‍. സമരാങ്കണം സാംസ്കാരിക കെജ്രിവാളിനു ഒന്നാന്തരം ആപ്പായി.


ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ മുമ്പെങ്ങും സംഭവിക്കാത്ത വിധം , ഏറെ രാഷ്ട്രീയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഈ ആം ആദ്മി പാര്‍ട്ടിയെ ഇവ്വിധം  പാരമ്പര്യപ്രസ്ഥാനങ്ങള്‍ ഭയക്കുന്നതെന്തിന് ? അരവിന്ദ് കെജ്രിവാളിന്റെ സ്വരാജ് വായിക്കുന്ന ഒരാള്‍ക്ക്‌ മനസ്സിലാവും ഇവരൊക്കെ ഭയക്കുന്നത് ആം ആദ്മി പാര്‍ട്ടിയെ അല്ല, മറിച്ച് ; സാക്ഷാല്‍ ജനങ്ങളെ തന്നെയാണ് എന്ന്.


ജനങ്ങളുടെ ശക്തിയെക്കുറിച്ച് കെജ്രിവാള്‍ ഇന്ത്യയിലെ ഗ്രാമങ്ങളെ ഉദാഹരിച്ചുകൊണ്ട് സമര്‍ത്ഥമായി പ്രതിപാദിക്കുന്നുണ്ട് സ്വരാജില്‍. മഹാരാഷ്ട്രയിലെ ഹിവാരെ ബസാര്‍ ഗ്രാമവും അവരുടെ സര്‍പഞ്ചായ പോപത് റാവുവും ഗ്രാമീണരുടെ അതിശയിപ്പിക്കുന്ന വിജയകഥയും സ്വരാജിലെ ധര്‍മ്മവും മര്‍മ്മവുമാവുന്നുണ്ട്. കേരളത്തിലേയും മധ്യപ്രദേശിലേയും ഗ്രാമങ്ങളുടെ ശക്തിയെക്കുറിച്ചും സ്വരാജ് ഉറക്കെ പറയുന്നുണ്ട്. (സ്വരാജ് : പുറം 63-70)


ഞാനിത് എഴുതുമ്പോള്‍ ഇന്ത്യയില്‍ ലോകസഭ തെരഞ്ഞെടുപ്പിനുള്ള വട്ടം കൂട്ടുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ തെരഞ്ഞെടുപ്പു ദ്യോഗസ്ഥര്‍ രാജ്യത്തെ മിക്കവാറും സ്കൂളുകളില്‍ പോളിംഗ് സ്റേഷനുകളും, ബൂത്തുകളും, വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സ്കൂളുകളിലൊന്നും  തന്നെ വെള്ളമോ, വെളിച്ചമോ, മൂത്രപ്പുരയോ,മറ്റ് അടിസ്ഥാന സൌകര്യങ്ങളോ ഇല്ലെന്ന് മേപ്പടി ഉദ്യോഗസ്ഥര്‍ ഓരോ തെരഞ്ഞെടുപ്പു സമയത്തും സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതാണ്. തെരഞ്ഞെടുപ്പുകാലങ്ങളില്‍ ഈ സൌകര്യങ്ങളൊക്കെ താല്‍ക്കാലികമായി ഏര്‍പ്പെടുത്തുകയും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്ഥിതി പഴയതുപോലെ തന്നെ ആവുകയും ചെയ്യും. ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടതെന്താണ്? രാഷ്ട്രീയ നേതാക്കന്മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കും   സൌകര്യങ്ങളാവാം, പക്ഷേ അവിടെ പഠി ക്കുന്ന കുട്ടികള്‍ക്കും പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഇത്തരം സൌകര്യ ങ്ങള്‍ ആവശ്യമില്ല എന്നല്ലേ. ഇത് ഒരു ജനതയെ നിഷേധിക്കലും ജനതയെ ഭരിക്കുന്നവരെ ആരാധിക്കലുമല്ലേ? മറ്റൊരര്‍ത്ഥത്തില്‍ നമ്മുടെ സ്കൂളു കള്‍ വോട്ടുരേഖപ്പെടുത്തുന്നതിനുള്ള ഒരിടം എന്നതിനപ്പുറം  വികസി ക്കുന്നില്ല എന്നല്ലേ? ഇത് ഭരിക്കുന്നവരുടെ ജനങ്ങളുടെ മേലുള്ള ധിക്കാരമല്ലേ ? ധാര്‍ഷ്ട്യമല്ലേ ? അഹങ്കാരമല്ലേ ? ആരോട് പറയാന്‍ ?


ഈ ജനങള്‍ക്കുവേണ്ടി അവര്‍ സര്‍ക്കാരില്‍നിന്നും പറ്റുന്ന ഫണ്ട് പോലും അവരുടെ പേരില്‍ അറിയപ്പെടുന്നു. എം.എല്‍.എ. ഫണ്ട്. എം.പി.ഫണ്ട്.  മന്ത്രി ഫണ്ട്. ഈ വ്യവസ്ഥ തന്നെ ശരിയല്ല. ഈ ഫണ്ടുകള്‍ ഇങ്ങനെ അറി യപ്പെട്ടുകൂട. ഈ ഫണ്ടുകള്‍ അതാത് ഗ്രാമങ്ങള്‍ക്കും അവിടങ്ങളിലെ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അര്‍ഹതപ്പെട്ടതാണ്. സര്‍ക്കാര്‍ ഈ ഫണ്ടുകള്‍ നേരിട്ട് ഗ്രാമസഭകള്‍ക്കാണ് കൊടുക്കേണ്ടത്. ഗ്രാമസഭകളുടെ ഫ്ലക്സ്സാണ്  പ്രദര്‍ശിപ്പിക്കപ്പെടെണ്ടത്. എം.എല്‍.എയുടെയോ, എം.പി.യു ടെയോ, മന്ത്രിയുടെയോ ഫ്ലക്സ്സല്ല  പ്രദര്‍ശിപ്പിക്കപ്പെടെണ്ടത്. നമ്മുടെ ജനങ്ങളുടെ-ഗ്രാമങ്ങളുടെ-ഗ്രാമസഭകളുടെ ഫ്ലക്സ്സുകള്‍  പ്രദര്‍ശിപ്പിക്കപ്പെടുന്ന കാലം എന്നുവരും ? കാത്തിരിക്കാന്‍ ഇനി സമയമില്ല. ജനങ്ങള്‍ അധികാരം പിടിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.   
                                  
                                   
അടുത്ത ബ്ലോഗ്ഗില്‍ തുടരും......

ഡോ. സി.ടി. വില്യം
 

2 comments:

  1. എം എല്‍ എ ഫണ്ട് എം പി ഫണ്ട് എന്നീ കാര്യങ്ങളില്‍ നൂറ് ശതമാനവും യോജിക്കുന്നു. എഴുതിവച്ചിരിക്കുന്നത് കണ്ടാല്‍ തോന്നും അവര്‍ അവരുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നു പണിത കെട്ടിടങ്ങളാണെന്ന്. ഇത് ഞാന്‍ തരുന്ന ഔദാര്യം എന്ന ഒരു ധാര്‍ഷ്ട്യം കലര്‍ന്ന സന്ദേശം കൂടി അതിലുണ്ട്.

    ReplyDelete
    Replies
    1. എവിടെയെങ്കിലും ഒരു സ്കൂൾ കെട്ടിടമോ വായനശാല കെട്ടിടമോ എം.എൽ.എ.,എം.പി.,മന്ത്രി ഇത്യാതി ഫണ്ടുപയോഗിച്ച് പനിതീർത്താൽ കെട്ടിടത്തെക്കാൾ വലിയ അക്ഷരത്തിലാവും ഇവന്റെയൊക്കെ പേര് എഴുതിവക്കുക .ആഭാസന്മാർ !!!.

      Delete