Monday, March 17, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-എട്ട്


കോര്‍പറേറ്റ് ശക്തികള്‍ ഉപരോധിച്ച
ഇന്ത്യയിലെ ദുരന്ത ജനത.

വിമര്‍ശനങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ഈ പരമ്പര പുരോഗമിക്കുകയാണ്. വിമര്‍ശന-സ്വീകരണ പക്ഷത്തെ മുഴുവന്‍ വായന ക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

പതിനാറാമത് ലോകസഭ തെരഞ്ഞെടുപ്പിന് ഇനി വളരെ കുറച്ചു ദിവസങ്ങളേ ഉള്ളൂ. അതുകൊണ്ടുതന്നെ “ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍” എന്ന ഈ പരമ്പരക്ക് വളരയധികം പ്രസക്തി ഉണ്ടെന്നാണ് വായനക്കാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.


അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയാശയങ്ങളെ പഠനവിഷയമാക്കുന്ന ഈ പരമ്പര ഉന്നം വക്കുന്നത് കഴിഞ്ഞ ആറര പതിറ്റാണ്ടുകാലം നമ്മെ ഭരിച്ചവരേയും ഭരിച്ചുകൊണ്ടിരിക്കുന്നവരേയുമാണ്. ഈ പരമ്പരയുടെ തലക്കെട്ട്‌ പ്രഖ്യാപിക്കുന്നതുപോലെ നമ്മേ നാളിതുവരെ ഭരിച്ചവരും ഭരിച്ചുകൊണ്ടിരിക്കുന്നവരും നമ്മേ ശരിയാംവണ്ണം ഭരിക്കാതെ വരുമ്പോഴത്തെ ദുരന്ത സാഹചര്യങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം. ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍ എന്തുചെയ്യണം എന്നുതന്നെയാണ് കെജ്രിവാള്‍ സ്വരാജിലൂടെ വ്യക്തമാക്കാനാഗ്രഹി ക്കുന്നത്.


ജനങ്ങള്‍ ഭരണത്തില്‍ ഇടപെടണം. ജനങ്ങളുടെ വോട്ടുവാങ്ങി ഭരണരഥങ്ങളില്‍  ഉല്ലാസയാത്ര നടത്തുന്നവരെ താഴെയിറക്കണം. ജനങ്ങള്‍ ഭരണരഥം പിടിച്ചെടുക്കണം. നാളിതുവരെ നമ്മേ ഭരിച്ചവരും ഭരിച്ചു കൊണ്ടിരിക്കുന്നവരും അവരുടെ ഭരണത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവരെയൊന്നും ഇനിയൊരു ഊഴംകൂടി ഭരണരഥത്തില്‍ കയറ്റിക്കൂടാ. ജനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു പുതിയ ജനപക്ഷത്തെ ഭരണരഥത്തില്‍ കയറ്റിയിരുത്തണം. ഇതൊക്കെയാണ് കെജ്രിവാള്‍ സ്വരാജിലൂടെ വ്യക്തമാക്കുന്നത്.


നമ്മുടെ ജനങ്ങള്‍ അവരുടെ രാഷ്ട്രീയ ഭൂതകാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. അതുകൊണ്ടാണ് ജനങ്ങളുടെ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതാവുന്നത്. അവര്‍ വര്‍ത്തമാനകാലത്തിന്റെ ലഹരിക്കും ഭാവികാലത്തിന്റെ സ്വപ്നങ്ങള്‍ക്കും അടിമപ്പെട്ടിരിക്കുകയാണ്. പുതിയ കോര്‍പറേറ്റ് ശക്തികള്‍ അവര്‍ക്ക് വര്‍ത്തമാനകാലത്തിന്റെ ലഹരിയും ഭൂതകാലത്തിന്റെ സ്വപ്നങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ ലഹരിയില്‍, ഭാവികാലത്തിന്റെ സ്വപ്നങ്ങളില്‍ അവര്‍ അവരെ നഷ്ട പ്പെടുത്തുന്നു. വര്‍ത്തമാന പത്രങ്ങളും വര്‍ത്തമാന ദൃശ്യവിസ്മയങ്ങളും അവരെ നിത്യലഹരിയില്‍ ഭാവികാല സ്വപ്നങ്ങളില്‍ മയക്കിക്കിടത്തുന്നു.


“An idea can change your life” എന്ന പരസ്യവാചകം പലവട്ടം പറയുമ്പോള്‍, അവിടെ ‘idea’ എന്നത് ആശയമാകുന്നില്ല, മറിച്ച് ; ഒരു ആഗോള ഉല്പന്നമാവുന്നു. അപ്പോള്‍ ഉല്പന്ന ബോധമാണ് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്‌, അല്ലാതെ ഒരു ആശയ ബോധാമല്ല എന്ന കോര്‍പറേറ്റ് പാഠം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു.


തെങ്ങ് കയറുമ്പോഴും കുഞ്ഞിനെ ഉറക്കുമ്പോഴും, അതേ കോര്‍പറേറ്റ് ഉല്പന്നം ശബ്ധിക്കുമ്പോള്‍ നിസ്സഹായരായ ജനം മറ്റൊരു കോര്‍പറേറ്റ് പാഠം മ:നപ്പാഠമാക്കുന്നു; ‘രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല’. ഇത് നമ്മുടെ ജനങ്ങളെ ഉപരോധിക്കലാണ്. അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ നേരെയുള്ള ഒരു കോര്‍പറേറ്റ് ഉപരോധം. കൂട്ട ഉപരോധസമരം നടത്തേണ്ടത് ഇവിടെയാണ്‌.
നമ്മുടെ ജനങ്ങള്‍ അവരുടെ രാഷ്ട്രീയ ഭൂതകാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നില്ല എന്നതിന് തെളിവാണ് ഇതൊക്കെ. 



1857 മുതല്‍ 1947 വരെ ഇന്ത്യയിലെ ജനങ്ങള്‍ നിരന്തരമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് നമുക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികളെ നമ്മുടെ നാട്ടില്‍ നിന്ന്‍ തുരത്താനായത്. എന്നാല്‍ സ്വാതന്ത്ര്യം എന്ന സ്വപ്നം സാക്ഷാത്കരിച്ചതോടെ ജനങ്ങളുടെ എല്ലാ ദേശീയ ബാധ്യതകളും തീര്‍ന്നുവെന്ന് അവര്‍ തെറ്റിദ്ധരിച്ചു. ഈ തെറ്റിദ്ധാരണ മുതലെടുത്തുകൊണ്ട്‌ വെളുത്ത സായ്പ്പിന്റെ സാമ്രാജ്യത്വശക്തികള്‍ക്കുപകരം ഇന്ത്യയില്‍ കറുത്ത  സാമ്രാജ്യത്വശക്തികള്‍ രൂപംകൊണ്ടു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് സാക്ഷാല്‍ വെളുത്ത സായ്പ്പിന്റെ തന്നെ ഒരു അദൃശ്യമായ സാമ്രാജ്യത്വശക്തി ഭാരതത്തെ  കണ്ടുകെട്ടി എന്നതാണ് സ്വതന്ത്രമായ രാഷ്ട്രീയ നിരീക്ഷണം. നമ്മുടെ ജനങ്ങള്‍ വര്‍ത്തമാന ലഹരിയിലാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിതൊക്കെ.  നേരത്തെ നമ്മുടെ ജനങ്ങള്‍ക്കുണ്ടായിരുന്ന ദേശീയ സ്വപ്നങ്ങള്‍ക്ക് പകരം അവരില്‍ വന്നുചേര്‍ന്ന കോര്‍പറേറ്റ് സ്വപ്നങ്ങളാണ് ഈ ദുരന്തങ്ങള്‍ക്ക്  കാരണം.

ഗ്രാമത്തിന്റെ പരിശുദ്ധിയും ദേശത്തിന്റെ വിശുദ്ധിയും കൈമുതലായുള്ള ആ പഴയ ജനത ഇന്നെവിടെ? ആ ജനതയെ അന്വേഷിക്കുകയാണ് കെജ്രിവാള്‍ സ്വരാജില്‍. സ്വാതന്ത്ര്യപൂര്‍വ്വ ഭാരതത്തിലെ ആ ജനമനസ്സുകളെ വീണ്ടെടുക്കാന്‍ നാം എന്തുചെയ്യണം?
ജനങ്ങളുടെ സ്വഭാവത്തിന്റെ പുനര്‍ നിര്‍മ്മിതി ആവശ്യമായി വന്നി രിക്കുന്നു. നമ്മുടെ ജനങ്ങളുടെ സ്വഭാവം പുതിയ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക കാലാവസ്ഥയില്‍ പുനര്‍ രൂപീകരണം നടത്തേണ്ടതായി വന്നിരിക്കുന്നു. കെജ്രിവാള്‍ എഴുതുന്നു:-


“ജനങ്ങളില്‍ നന്മ, സത്യസന്ധത, നീതി എന്നീ സദ്‌ഗുണങ്ങള്‍ പകര്‍ന്നു കൊടുത്താല്‍ നമ്മുടെ വ്യവസ്ഥിതി നവീകരിക്കപ്പെടുമെന്നാണ് ചില ആള്‍ക്കാള്‍ കരുതുന്നത്.
സ്വഭാവ രൂപീകരണത്തിനുപോലും  ഉതകും വിധമാണോ നിലവിലുള്ള വ്യവസ്ഥിതി എന്ന്‍ സംശയം ഉദിക്കുന്ന വിധം അത് അത്രക്ക് ജീര്‍ണ്ണി ച്ചിരിക്കുന്നു. സ്വഭാവ രൂപീകരണത്തിന്റെ പ്രക്രിയയെ തന്നെ തടയിടുന്നതല്ലേ നിലവിലെ വ്യവസ്ഥിതി?


നിലവിലെ വ്യവസ്ഥിതിയില്‍ നന്മ ഇല്ലെന്നുമാത്രമല്ല, നന്മയെ ജനങ്ങള്‍ വൈമുഖ്യത്തോടും സംശയത്തോടും കൂടിയാണ് നോക്കിക്കാണുന്നത്. ഒരാള്‍ നല്ലവനാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കൂടി അയാള്‍ക്ക് അതിന് സാധിക്കുകയില്ല എന്നതാണ് ഈ വ്യവസ്ഥിതിയുടെ പരാജയം. നിലവിലുള്ള ഈ വ്യവസ്ഥിതിയെ മാറ്റി മറിക്കാതെ സത്യസന്ധതയും നീതിയും പകര്‍ന്നു നല്‍കാനാവുമോ? “ (സ്വരാജ് : പുറം: 84)


“ആഗ്രഹങ്ങളും ആവശ്യങ്ങളും നിയന്ത്രിക്കുന്നതിലൂടെ മനുഷ്യന് അവന്റെ ജീവിത ലക്ഷ്യമായ മോക്ഷപ്രാപ്തിയില്‍ എത്തിച്ചേരാനാവും. കൂടുതല്‍ പൂര്‍ണ്ണതയിലേക്ക് എത്തിച്ചേരുക എന്നത് ജീവിതത്തിന്റേയും പ്രപഞ്ചത്തിന്റെ തന്നേയും ലക്ഷ്യമാണ്‌. നല്ല ഭരണക്രമം നന്മ നിറഞ്ഞ സ്വഭാവം രൂപീകരിക്കുമ്പോള്‍, മോശം ഭരണക്രമം ഇതിനു നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്നു. ഭരണക്രമത്തിന്റെ നല്ലൊരു മാതൃക ഉണ്ടെങ്കില്‍ അത് മാനവ സ്വഭാവ രൂപീകരണത്തെ ദ്രുതഗതിയിലാക്കുന്നു.


അതുകൊണ്ട് നമ്മള്‍ പ്രവര്‍ത്തിക്കുന്ന വ്യവസ്ഥിതിയെ നിര്‍മ്മിച്ചെടുക്കുകയാണ് ഏക പോംവഴി. നന്മ നിറഞ്ഞ സ്വഭാവ രൂപീകരണത്തിന് ഈ ചവിട്ടുപടിയിലൂടെ വേണം നമുക്ക് മുന്നേറാന്‍. ജനങ്ങളുടെ സ്വഭാവത്തില്‍ നന്മ നിറയാന്‍ മറ്റൊരു വഴിയില്ല. വ്യവസ്ഥിതി ശക്തിപ്പെടുന്നതോടെ സ്വഭാവ രൂപീകരണവും ശക്തിപ്പെടുന്നു. നന്മ നിറഞ്ഞ മാര്‍ഗ്ഗത്തിലൂടെ നന്മക്കും നീതിക്കും വേണ്ടി പോരാടുകയും ധര്‍മ്മം പുന:സ്ഥാപനം ചെയ്യുകയും എന്നതാണ് മനുഷ്യന്‍ ആഗ്രഹിക്കേണ്ട മഹത്തായ പ്രവര്‍ത്തനം (കര്‍മ്മയോഗം). ഇത്തരത്തില്‍ ധര്‍മ്മത്തിന്റെ പാതയിലൂടെയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാകുന്നത് മനുഷ്യവംശത്തിന് വെളിച്ചം പകരും.


നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യാപാരികളുമൊക്കെ തന്നെ തെറ്റായ മാര്‍ഗ്ഗങ്ങളിലാണ് വ്യാപൃതരായിരിക്കുന്നത് എന്ന്‍ കാണാം.അവര്‍ തെറ്റുചെയ്യുന്നത് നിലവിലെ ഈ വ്യവസ്ഥിതിയില്‍ അതല്ലാതെ അതിജീവനം സാധ്യമല്ല എന്നുള്ളതുകൊണ്ടാണ്.  അവര്‍ക്ക് നല്ലൊരു വ്യവസ്ഥിതിയാണ് നല്‍കുന്നതെങ്കില്‍ അവരില്‍ മിക്കവരും മാറ്റത്തിന്റെ വഴിയിലേക്ക് വരും. തൊഴിലിലും വ്യവസ്ഥിതിയിലുമുള്ള മാറ്റവും വ്യക്തിഗത മാറ്റവും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളാണ്. (സ്വരാജ് : പുറം: 85)                     
                                           
അടുത്ത ബ്ലോഗ്ഗില്‍ തുടരും......

ഡോ. സി.ടി. വില്യം
 

No comments:

Post a Comment