കഥ
ബ്യുറോ ചീഫിന്റെ
ചില്ലുമുറിയിലേക്കുള്ള ചില്ലുവാതില്‍ സി ആര്‍ പലകുറി തുറന്നതും അടച്ചതുമാണ്.
എന്നിട്ടും ഓരോ പ്രാവശ്യം തുറക്കുമ്പോഴും അടക്കുമ്പോഴും സി ആര്‍ ആ ചില്ലുവാതില്‍
വലിക്കുന്നതിനുപകരം തള്ളുകയും തള്ളുന്നതിനുപകരം വലിക്കുകയും ചെയ്യും.
സി ആര്‍ ബ്യുറോ
ചീഫിന്റെ ചില്ലുമുറിയിലേക്ക് കടക്കുമ്പോള്‍
റിപ്പോര്‍ട്ടേഴ്സ് റൂമിലെ പാഞ്ചാലിയും അര്‍ജ്ജുനനും കാളിദാസനും തങ്ങളുടെ മുമ്പില്‍
വാര്‍ത്തയാക്കാനുള്ള കുറിപ്പുകളിലെ ഒളിഞ്ഞിരിക്കുന്ന കൌതുകം പുറത്തെടുക്കും പോലെ സി
ആറിലെ നിഗൂഡമായ കൌതുകവും വായിച്ചെടുക്കും.
സി ആര്‍ ബ്യുറോ
ചീഫിന്റെ ചില്ലുമുറിയില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ഒരു എട്ടുകോളം വാര്‍ത്തയുടെ
തലകെട്ടുപോലെ ചീഫ് അയാളെ ചില്ലുവാതില്‍ വരെ അനുഗമിക്കുകയും പതിവായിരുന്നു.
പിന്നീട് ചീഫ്
പകുതി എഴുതിവച്ച വാര്‍ത്ത മുഴുവനാക്കുകയോ റിപ്പോര്‍ട്ടര്‍മാര്‍ എഴുതി മേശപ്പുറത്തുവച്ച
വാര്‍ത്തകളെ വെട്ടിയൊതുക്കുകയോ മിനുക്കുകയോ ചെയ്തുകൊണ്ടിരിക്കും. രാവിലെ പത്രക്കാരന്‍
പയ്യന്‍ മുറ്റത്ത് പത്രമെറിഞ്ഞുപോകുന്ന ഗൌരവമേ സിആറിന്റെ വരവിന് ചീഫ്
കൊടുക്കുന്നുള്ളൂ എന്നുതോന്നും പിന്നീടുള്ള ചീഫിന്റെ ഇരുപ്പും ഭാവവും കണ്ടാല്‍.
പക്ഷേ, റിപ്പോര്‍ട്ടേഴ്സ്
റൂമിലുള്ളവര്‍ക്കറിയാം സി ആര്‍ വെറുതെ മുറ്റത്ത് പത്രമെറിഞ്ഞുപോകുന്ന പത്രക്കാരന്‍
പയ്യനല്ലെന്ന്. നാളത്തെ പത്രത്തിലെ സ്റേറ്റ് പേജിലെ എട്ടുകോളം വാര്‍ത്തയാണ് സി ആര്‍
ചീഫിന്റെ മുറ്റത്ത് എറിഞ്ഞു പോയതെന്ന്‍
അവര്‍ക്ക് കൃത്യമായും അറിയാം. അവരുടെ മുന്‍കാല അനുഭവങ്ങളും അതായിരുന്നു.
“എന്താടോ സി ആര്‍
തന്നെ ഈ വഴിക്കൊന്നും കാണാറേ ഇല്ല. താനിപ്പം ജനപക്ഷം വിട്ട് ഭരണപക്ഷത്തിന്റെ
പിടിയിലായോ?” ചീഫിന്റെ ചരമക്കുറിപ്പുപോലെയുള്ള ഔപചാരിക സ്വാഗതം.
“നിങ്ങളെപോലുള്ളവര്‍
രാജ്യം ഭരിക്കുമ്പോള്‍ ഞങ്ങളെപോലുള്ളവര്‍ക്ക് പക്ഷം മാറ്റാനാവുമോ. കൊല്ലില്ലേ
നിങ്ങള്‍ ഞങ്ങളേ.” സി ആറിന്റെ പതിവ് ആചാരവെടി.
“പുതിയ
ഡെവലപ്മെന്റ് എന്തെങ്കിലും ഉണ്ടോ? ആ മന്ത്രി എന്നെ ദിവസവും തെറി വിളിക്കുന്നുണ്ട്.
നമുക്ക് അവന്റെ ആ മന്ത്രിക്കുപ്പായം അഴിക്കല്ലേ സി ആറെ.” ചീഫിന്റെ അന്വേഷണാത്മക
പത്രപ്രവര്‍ത്തനം ആരംഭിച്ചു.
മിക്കവാറും ഈ
സമയത്തായിരിക്കും ചീഫിന്റെ മേശപ്പുറത്തെ ടെലിഫോണ്‍ ശബ്ധിക്കുക. പിന്നെ ചീഫ് ഫോണില്‍
കസറും.
“അങ്ങേരോട് പോയി
പണി നോക്കാന്‍ പറ. എന്റെ പോക്കറ്റിലിരിക്കുനത്
വടിവാളല്ല. വാര്‍ത്ത എഴുതാന്‍ ഉപയോഗിക്കുന്ന പേനയാണെന്ന് പറ. എനിക്ക് ഇപ്പൊ
വേറെ പണിയുണ്ട് ഇവിടെ.” ഇത്രയും പറഞ്ഞാല്‍ പിന്നെ ചീഫ് ഫോണ്‍ ക്രാഡിലിലേക്ക് എറിയും. കണ്ണുകള്‍ പന്തങ്ങളാവും. നെറ്റിയിലെ
ചുളിവുകള്‍ തിരമാലകളാവും.
ചീഫിന്റെ ഈ
ആക്രമണകാഹളം കൂടി കഴിഞ്ഞാല്‍ പിന്നെ സി ആര്‍ സക്രിയനാവും. തോളില്‍ തൂങ്ങുന്ന
ചാക്കുസഞ്ചിയില്‍നിന്ന്‍ വാര്‍ത്തയുടെ ഒരു വിസ്മയക്കീര്‍ എടുത്ത് ചീഫിന് നീട്ടും.
നാളത്തെ സ്റേറ്റ് പേജിലെ എട്ടു കോളത്തിനപ്പുറത്തേക്ക് വികസിക്കുന്ന
വിസ്മയിപ്പിക്കുന്ന എക്സ് ക്ലൂസീവ്.
ചീഫ് ആ
വിസ്മയക്കീറിന്റെ ഇന്റ്രോ
വായിച്ചെടുക്കുമ്പോള്‍ പത്രം വിടരുംപോലെ ആ കണ്ണുകള്‍ വിടരും. പിന്നെ ഹസ്തദാനം.
ആലിംഘനം. വാക്കുകള്‍ കൊണ്ടൊരു മാരിവില്ല്. പിന്നെ സി ആര്‍ യജമാനനും ചീഫ്
ദാസനുമാവുന്നു. ഒരു അപൂര്‍വ്വ രംഗപടമാവും പിന്നെ ചീഫിന്റെ ആ ചില്ലുമുറി.
പക്ഷേ ഇന്ന്‍
അങ്ങനെയൊന്നും സംഭവിച്ചില്ല.
ബ്യുറോ ചീഫ്
മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ കാളിദാസനെ ഇന്റര്‍കോമില്‍ വിളിച്ചു. നാലഞ്ചു നിര്‍ദേശങ്ങള്‍
കൊടുത്തു. ചീഫും സി ആറും ചില്ലുമുറിക്ക്
പുറത്തുകടന്നു. അവര്‍ ആനയും തോട്ടിയും പോലെ ചേര്‍ന്നുനീങ്ങി.
റിപ്പോര്‍ട്ടേഴ്സ്
റൂമിലുള്ളവര്‍ നാളത്തെ സ്റേറ്റ് പേജില്‍
വരാനിരിക്കുന്ന എട്ടുകോളം വാര്‍ത്തയുടെ വാലും തുമ്പും മാറി മാറി പിടിച്ചുകളിച്ചു.
സഞ്ചരിക്കുന്ന
ഒരു പത്രാപ്പീസുപോലെ ചീഫിന്റെ കാര്‍ സി ആറിനേയും പേറി ഓടിക്കൊണ്ടിരുന്നു. വാര്‍ത്തകളും
വിശകലനങ്ങളും വിചാരണകളും യാത്രയിലുട നീളം വന്നും പോയുമിരുന്നു.
ചീഫിന്റെ
സഞ്ചരിക്കുന്ന പത്രാപ്പീസ് സി ആറിന്റെ അക്ഷരത്തിലെത്തി. ‘അക്ഷരം’ അതാണ് സി
ആറിന്റെ വീടിന്റെ പേര്‍.
അക്ഷരത്തിലേക്ക്
ഇതാദ്യമല്ല ചീഫ് കയറിവരുന്നത്. പത്രത്തിലെ വാര്‍ത്തകള്‍ വരുന്നതും പോകുന്നതും പോലെ
അനവധി തവണ ചീഫ് അക്ഷരത്തിലേക്ക് വന്നിട്ടുണ്ട്. ചീഫിന് അക്ഷരം ഒരു വീടല്ല. മറ്റൊരു
ന്യുസ് റൂമാണ്. സി ആറിനും അക്ഷരം അങ്ങനെതന്നെ. അക്ഷരം രാജ്യത്തെ നിയന്ത്രിക്കുന്ന
ഒരു റിമോട്ട് ബോക്സായിരുന്നു ചീഫിനും സി ആറിനും. ഇവിടെ നിന്ന് മന്ത്രിമാര്‍
ഉണ്ടായിട്ടുണ്ട; ഇല്ലാതായിട്ടുണ്ട്. മന്ത്രിസഭകള്‍ ഉയര്‍ന്നിട്ടുണ്ട്; തകര്‍ന്നിട്ടുണ്ട്.
സമരങ്ങള്‍ കത്തിപടര്‍ന്നിട്ടുണ്ട്; കത്തിയമര്‍ന്നിട്ടുണ്ട്.
സി ആറിന്റെ
അക്ഷരത്തിലെ ചാരുകസേലയില്‍ ചീഫ് ചോദ്യചിന്ഹം പോലേയും സോഫയില്‍ സി ആര്‍
ആശ്ചര്യചിന്ഹം പോലെയും കിടന്നു.
“ഇനി ഞാന്‍
നിങ്ങളെ കൊല്ലാന്‍ പോവുകയാണ്.” സി ആര്‍ വാര്‍ത്തയുടെ ആമുഖം കുറിച്ചിട്ടു.
“കഴിഞ്ഞ
പത്തുപതിനഞ്ചു കൊല്ലമായില്ലേ താങ്കള്‍ എന്നെ കൊല്ലാന്‍ തുടങ്ങിയിട്ട് ,
നടക്കട്ടെ.” ചീഫിന്റെ തുടരന്‍ ഖണ്ഡിക.
“അല്ല ഇക്കുറി
എനിക്ക് തന്നെ കൊല്ലണം. കൊന്നേ മതിയാവൂ.” സി ആറിന്റെ വാര്‍ത്താവിശദീകരണം.
“കൊന്ന പാപം
തിന്നാ തീരുമോ സി ആര്‍?” ചീഫിന്റെ ഹാസ്യം.
“തീരും. നിന്റെ
മരണത്തില്‍ തീരുന്ന പാപമാണ് നമ്മള്‍.” സി ആറിന്റെ നിഗൂഡതയുള്ള ആക്ഷേപഹാസ്യം.
“സി ആര്‍
നിനക്കെന്തുപറ്റി? നീയെന്തിന് എന്നെ കൊല്ലണം?” ചീഫ് വാല്‍ മുറിച്ചിട്ട പല്ലിയേപോലെ
ചാരുകസേലയില്‍ പറ്റിച്ചേര്‍ന്നുകിടന്നു.
“നിങ്ങള്‍
നാളിതുവരെ വാങ്ങിക്കൂട്ടിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള
പുരസ്കാങ്ങളൊക്കെ ഞാന്‍ നിങ്ങള്‍ക്കുതന്ന വാര്‍ത്തകള്‍ക്കുള്ളതായിരുന്നു.
അതിലൊന്നിലും എനിക്ക് എതിര്‍പ്പില്ല. എനിക്ക് അതിന്റെയൊന്നും ക്രെഡിറ്റും വേണ്ട. പക്ഷേ....”
സി ആറിന്റെ കണ്ണുകള്‍ ആലയില്‍ പഴുപ്പിച്ചെടുത്ത കമ്പിപോലെ ചുവന്നിരുന്നു.
“സി ആര്‍,
എനിക്ക് താങ്കളുടെ വിഷമം മനസ്സിലാവും. ആ വാര്‍ത്ത കൊടുക്കാനാവില്ല. അതിന്റെ
പ്രത്യാഘാതം വളരെ വലുതാണ്. സി ആറിന് അത് മനസ്സിലാവും.” ചീഫിന്റെ കുമ്പസാരത്തിന്
കുറ്റബോധത്തിന്റെ തേങ്ങലുണ്ടായിരുന്നു.
“ഇതിലും വലിയ
പ്രത്യാഘാതങ്ങളെ നാം വാര്‍ത്തകള്‍ കൊണ്ട് നേരിട്ടിരുന്നു. ആ വാര്‍ത്തകള്‍ വന്‍
മരങ്ങളെ വീഴ്ത്തിയിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ താഴെ തകര്‍ന്നുതരിപ്പണമായ ഒരു
ചെറിയ ജൈവലോകം ഉണ്ടായിരുന്നു. അപ്പോള്‍ അതല്ല കാര്യം. താങ്കള്‍ വാര്‍ത്തകളുടെ
ജനാധിപത്യത്തെയാണ് അട്ടിമറിക്കുന്നത്.” സി ആര്‍ കുറ്റപത്രം സമര്‍പ്പിച്ചു.
“നിങ്ങള്‍ക്കറിയാം
ഞാന്‍ വെറുതെ വാര്‍ത്തകള്‍ എഴുതാറില്ല. പത്രമില്ലാത്ത പത്രലേഖകനാണ് ഞാന്‍. ഈ
സമൂഹമാണ് എന്റെ പത്രം. നിങ്ങള്‍ ഈ ദൃശ്യവും ശബ്ദവും അനുഭവിക്കുക.” സി ആര്‍ തന്റെ
സ്മാര്‍ട്ട് ഫോണിലെ വീഡിയോ പ്ലേ ചെയ്തുകാണിച്ചു.
“ഈ വാര്‍ത്തയുടെ
വിശ്വാസ്യതയോ സത്യസന്ധതയോ ഞാന്‍ ചോദ്യം ചെയ്യുന്നില്ല സി ആര്‍. പക്ഷേ ഇതെന്റെ പത്രത്തില്‍
കൊടുക്കാനാവില്ല. നിങ്ങള്‍ എന്റെ നിസ്സഹായത മനസ്സിലാക്കണം.” ചീഫിന്റെ കണ്ണുകളില്‍
ഒരു നാളം അണയുന്നതു പോലെ പ്രകാശം നേര്‍ത്തുപോയിരുന്നു.
“നിങ്ങള്‍ക്ക് ഈ
വാര്‍ത്ത മറ്റു പത്രങ്ങളില്‍ കൊടുക്കാം, സി ആര്‍.” ചീഫിന്റെ വാക്കുകള്‍
മുട്ടുകുത്തി നിന്നു.
“ഞാന്‍ പറഞ്ഞില്ലേ,
അത് വാര്‍ത്തകളുടെ ജനാധിപത്യത്തിന് എതിരാണ്. നിങ്ങള്‍ക്ക് ഹിതകരമായ വാര്‍ത്തകള്‍ നിങ്ങളുടെ പത്രത്തില്‍
കൊടുക്കാം. ഹിതകരമല്ലാത്തവ മറ്റു പത്രങ്ങളില്‍ കൊടുക്കുക. ഈ നിലപാട് ശരിയല്ല. ഇത്
വാര്‍ത്തകളോടുള്ള വര്‍ണ്ണവിവേചനമാണ്. അനീതിയാണ്. ഞാന്‍ നിങ്ങളുടെ മാത്രം ദല്ലാള്‍
ആണെന്ന് പത്രലോകത്തിന് മുഴുവന്‍ അറിയാം. അതുകൊണ്ടുതന്നെ എനിക്ക് ഈ വാര്‍ത്ത മറ്റു
പത്രങ്ങള്‍ക്ക് കൊടുക്കാനാവില്ല. നിങ്ങള്‍ എന്റെ നിസ്സഹായത മനസ്സിലാക്കണം.” സി ആര്‍
ദൌത്യത്തെ ധാര്‍മ്മികത കൊണ്ട് ഭദ്രമാക്കി.
“സമയം
ഇരുട്ടുന്നു. ഞാന്‍ ഇനി എന്ത് ചെയ്യണമെന്നാണ് സി ആര്‍ പറയുന്നത്?” ചീഫ്
കീഴടങ്ങുകയായിരുന്നു.
“താങ്കള്‍ തന്നെ
ഈ വാര്‍ത്ത എഴുതണം. താങ്കളുടെ നിസ്സഹായത വെളിപ്പെടുത്തണം. എന്നിട്ട് താങ്കള്‍
തന്നെ ഈ വാര്‍ത്ത മറ്റു പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കണം. ഒരു തലക്കെട്ട് മാത്രമേ ഈ
വാര്‍ത്തക്ക് താങ്കള്‍ കുറിക്കേണ്ടതുള്ളൂ.” വാര്‍ത്തയുടെ ഫയല്‍ തുറന്നുവച്ച ലാപ്
ടോപ് സി ആര്‍ ചീഫിന് നേരെ നീട്ടി.
“പത്രമുതലാളിയുടെ
അനാശാസ്യം. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്”
ചീഫ് തലക്കെട്ട് കുറിച്ചു. പേന മേശമേല്‍ കുത്തിയൊടിച്ചു. രണ്ടു കയ്യും കൂപ്പി
ചാരുകസേലയില്‍ കിടന്നു. അയാളുടെ നനഞ്ഞ കണ്ണുകള്‍ അടഞ്ഞുകിടന്നു. ചുണ്ടുകള്‍
വിതുമ്പി.
ലാപ് ടോപ്
തിരിച്ചുവാങ്ങിയ സി ആര്‍ ആ തലക്കെട്ടിനുതാഴെ ഒരു ചെറിയ തലക്കെട്ടുകൂടി ചേര്‍ത്തു.
“വാര്‍ത്താലേഖകന്‍ കൊല്ലപ്പെട്ട നിലയില്‍”.
കണ്ണുതുറന്നു
കിടന്ന ചീഫിന്റെ ചാരുകസേലയില്‍ നിന്ന് ചോരത്തുള്ളികള്‍ അക്ഷരത്തിന്റെ അകത്തളത്തില്‍
ഇറ്റിറ്റുവീണുകൊണ്ടിരുന്നു.