Wednesday, December 3, 2014

നമ്മുടെ വൈദ്യന്മാര്‍ എന്തേ ഇങ്ങനെയൊക്കെ ആയിപ്പോയത് ?



ബ്ലോഗ്ഗിന്റെ വായനക്കാര്‍ പിണക്കത്തിലാണെന്ന് എനിക്കറിയാം. പലരുടേയും ശാസനകളും അപേക്ഷകളും സാന്ത്വനങ്ങളും പല രൂപത്തിലായി എനിക്ക് ലഭിച്ചിരുന്നു. എഴുതണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല, എഴുത്ത് പുറത്തുവരുന്നില്ല എന്നതുകൊണ്ടാണ് എഴുതാതിരുന്നത്.

എഴുത്ത് എക്കാലത്തും എനിക്ക് ആത്മപരവും സാമൂഹ്യപരവുമായ വിമര്‍ശനങ്ങളായിരുന്നു. എന്റെ എഴുത്തില്‍ വിറളിപൂണ്ട ഒരു വൈദ്യന്‍ എന്നെ ഭേദ്യം ചെയ്ത് വധിച്ചുകളയാന്‍ കൊട്ടേഷന്‍ സംഘത്തെ വരെ ഏര്‍പ്പെടുത്തിയതാണ്. മലയാളത്തിലെ മിക്ക മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതുമാണ്. അവസാനം ഒരു പീലാത്തോസിന്റെ മുന്നില്‍ വച്ച് ഞാന്‍ നിശബ്ദനായി നിസ്സഹായനായി വധഭീഷണിയുടെ അരങ്ങിലെ കര്‍ട്ടന്‍ വലിച്ചുതാഴ്ത്തുകയായിരുന്നു. എന്റെ നിരായുധീകരണ സംസ്കാരമാണ് ആ രംഗപടത്തെ താല്‍ക്കാലികമായി കര്‍ട്ടന്‍ കൊണ്ട് മറച്ചത്. പ്രേക്ഷകരില്‍ പലരും പ്രതീക്ഷിച്ചതുപോലെ അടുത്ത രംഗം അരങ്ങില്‍ കളിച്ചില്ല.

ഭൌതികമായി വധം ഫലിക്കാതെവന്നപ്പോള്‍ വൈദ്യന്‍ കാളന്‍ നെല്ലായി അവസാനത്തെ കടുംകൂട്ട്‌ കഷായം അടുപ്പത്ത് വച്ചു. സ്ത്രീപീഡനകഷായം. അരങ്ങിനു പിന്നാമ്പുറത്ത് അണിയറയിലായിരുന്നു കഷായം തിളച്ചുമറിഞ്ഞത്. മൂന്നില്‍ ഒന്നായി വറ്റിച്ചെടുക്കുന്ന തിരക്കില്‍ വൈദ്യന് പിഴച്ചു. സ്ത്രീപീഡനകഷായം ആകെ വറ്റി പോയി. കഷായകലം ചുട്ടു പൊട്ടി. ഓട്ടയായി. ഒരിക്കല്‍ക്കൂടി കര്‍ട്ടന്‍ താഴ്ന്നു. രംഗപടം മറച്ചു.
അരങ്ങിലും അണിയറയിലും പൊട്ടിപ്പാളീസായ വൈദ്യന്‍ പിന്നെ വിവരാവകാശം നൂറ്റൊന്നാവര്‍ത്തി തലയില്‍ തേച്ചുപിടിപ്പിച്ചു തല്‍ക്കാലം മയങ്ങി.

അരങ്ങിലെ വധവും അണിയറയിലെ സ്ത്രീപീഡനവും നമുക്ക് തല്‍ക്കാലത്തേക്ക് മറക്കാം. നമുക്ക് അരങ്ങിലേയും അണിയറയിലേയും വൈദ്യനെകുറിച്ചു സംസാരിക്കാം.

നമ്മുടെ വൈദ്യന്‍മാര്‍ക്ക് എന്തുപറ്റി? അവര്‍ വൈദ്യം പഠിച്ചത് രോഗിയെ ചികിത്സിച്ചുഭേദമാക്കാനോ അതോ ചികില്‍സിച്ചുകൊല്ലാനോ? വൈദ്യന്റെ കത്തികല്‍പ്പനയെ കുറിച്ച് പണ്ട് എം.എന്‍. വിജയന്‍ മാഷ്‌ വളരെ കൃത്യമായിട്ട്‌ പറഞ്ഞിട്ടുണ്ട്. വൈദ്യന്റെ കത്തി ആവശ്യത്തിന് മുറിവുണ്ടാക്കി രോഗം ഭേദമാക്കാനുള്ളതാണ്. എന്നാല്‍ നാം നേരത്തെ അരങ്ങിലും അണിയറയിലും കണ്ട വൈദ്യന്‍ അനാവശ്യത്തിന് മുറിവ് ഉണ്ടാക്കി  രോഗം ഭേദമാക്കാത്തവനാണ്. ഈ വൈദ്യന്‍ കത്തികൊണ്ട് ഒരേസമയം മുറിവും രോഗവും ഉണ്ടാക്കുന്നു. രോഗിയെ കൊല്ലുകയും ചെയ്യുന്നു.

ഇത് കേവലം ഒരു അനുഭവമല്ല. സാര്‍വലൌകികമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഇവിടെ വൈദ്യന്റെ കല്‍പ്പനകളില്‍ രോഗം ഉണ്ടാക്കപ്പെടുന്നു. എന്നിട്ട് രോഗിയെ മാരകമായി മുറിച്ചുമാറ്റുന്നു, അഥവാ കൊല്ലുന്നു. ഈ വൈദ്യചികില്‍സാ പദ്ധതി ക്യാന്‍സര്‍ കോശങ്ങളെക്കാള്‍ വേഗത്തില്‍ നമ്മുടെ സമൂഹശരീരത്തില്‍ പെരുകുന്നു. സമൂഹം മരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അഭിനവ വൈദ്യന്മാരുടെ കത്തി കൊലക്കത്തിയാണ്. അത് മുറിവ് ഉണക്കുന്ന കത്തിയല്ല. രോഗം ഭേദമാക്കുന്ന കത്തിയല്ല. ഈ അന്തക വൈദ്യന്മാര്‍ വൈദ്യം പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൈമാറുന്നതും കൊലക്കത്തിയാണ്. ഒരിക്കലും മുറിവുകള്‍ ഉണക്കാത്ത കൊലക്കത്തി.

നമ്മുടെ വൈദ്യന്മാര്‍ എന്തേ ഇങ്ങനെയൊക്കെ ആയിപ്പോയത് ?

സി.ടി. വില്യം  
                               

           

2 comments: