ഞാന്‍ പിഴയാളി പകുതി ചൊല്ലി വച്ച്
ഞാന്‍ അച്ഛന്റെ കമ്പിവലയിട്ട കാതിലെത്തി.
‘അച്ചോ, കഴിഞ്ഞാണ്ട് കുമ്പസാരിച്ചതാണ്
അന്ന് പത്ത് നന്മ നിറഞ്ഞ മറിയവും
ആകാശത്തെ പത്ത് ബാവ തമ്പുരാന്മാരെയും
തന്നതാണ്
ഇന്നേക്ക് ഒരാണ്ടായി പാപിയായിട്ട്.
പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍
പഴയ ഭരണവും കര്‍ത്താവും മാറി
കര്‍ത്താവുമാരുടെ എണ്ണം കൂടി
കര്‍മ്മങ്ങളും ക്രിയകളും കൂടി
കാര്യങ്ങള്‍ നടക്കാന്‍
കര്‍ത്താവുമാരുടെ വിഗ്രഹം തീര്‍ക്കണം
കര്‍ത്താവുമാരുടെ കാലുകള്‍ പിടിക്കണം
അതുകൊണ്ട് ഒന്നും രണ്ടും പ്രമാണം ലംഘിച്ചു
അച്ചോ.
പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍
പലകുറി തിരുനാമങ്ങള്‍ ഉരുവിട്ടാലെ
പല കര്‍ത്താക്കന്മാരുടെ കണ്ണുകള്‍ തുറക്കൂ
അതുകൊണ്ട് മൂന്നാം പ്രമാണവും ലംഘിച്ചു
അച്ചോ.
പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍
മാതാപിതാക്കന്മാരൊന്നും തന്നെ
ആലയങ്ങളിലോ ദേവാലയങ്ങളിലോ ഇല്ല
അവരെല്ലാം ഒരു മിസ്സ്ഡ് കാള്‍ ദൂരത്താണ്
അതുകൊണ്ട് അഞ്ചാം പ്രമാണവും ലംഘിച്ചു
അച്ചോ.
പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍
കൊല്ലും കൊലയും കൊള്ളിവയ്പ്പും
കണ്ണെത്താത്ത ദൂരത്തുപോലും പൂത്തുലഞ്ഞു
കൊലക്കത്തിയാണ് ഇന്ന് കുരിശുരൂപം
കൊന്തമണിയല്ല, ബോംബാണ് ഇന്ന് ജപമാല
അതുകൊണ്ട് ആറാം പ്രമാണവും ലംഘിച്ചു അച്ചോ.
പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍
ഞങ്ങളൊരുവളെയും ഇന്ന് കല്ലെറിയാറില്ല
ഞങ്ങളെല്ലാരും ഇന്ന് ഒന്നുപോലെ
അതുകൊണ്ട് ഏഴാം പ്രമാണവും ലംഘിച്ചു അച്ചോ.
പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍
വെള്ളം വീഞ്ഞാക്കുന്നവരുടെയും
വീഞ്ഞ് വെള്ളമാക്കുന്നവരുടെയും
അഞ്ചപ്പം കൊണ്ട് അയ്യായിരം കോടിയെ
അന്നമൂട്ടുന്നവരുടെയും നാടാണിത്
മോഷണം ഭൂഷണമാക്കുന്നവരുടെയും നാടാണിത്
അതുകൊണ്ട് എട്ടാം പ്രമാണവും ലംഘിച്ചു
അച്ചോ.
പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍
കൊല്ലപ്പെട്ടവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും
കൊലയാളിയെ എഴുന്നെള്ളിപ്പിക്കുകയും
സാക്ഷികളെ ദിവ്യഗര്‍ഭം ധരിക്കുന്ന
മാതാവുമാരുടെയും നാടാണിത്
അതുകൊണ്ട് ഒമ്പതാം പ്രമാണവും ലംഘിച്ചു
അച്ചോ.
പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍
കഴുതപ്പുറത്തെ സവാരിയും
തൊഴുത്തിലെ പിറവിയും
കുരിശിലെ മരണവും ഇല്ലാത്ത നാടാണിത്
മോഹങ്ങള്‍ക്ക് അതിരില്ലാത്ത നാടാണിത്
അതുകൊണ്ടുതന്നെ പത്താം പ്രമാണവും ലംഘിച്ചു അച്ചോ.
പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍
ഇനി അച്ഛന്‍ അരുളിചെയ്താലും
എനിക്ക് എത്ര നന്മ നിറഞ്ഞ മറിയത്തെ തരും
എനിക്ക് ആകാശത്തിരിക്കുന്ന എത്ര ബാവ
തമ്പുരാന്മാരെ തരും.’
പത്തു കൽപനകൾ
- നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്. (പുറപ്പാട്.20:1-3)
- യാതൊന്നിന്റേയും വിഗ്രഹം ഉണ്ടാക്കരുത്. (പുറപ്പാട്.20:4-6)
- കർത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്. (പുറപ്പാട്.20:7)
- കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം. (പുറപ്പാട്.20:8-11)
- മാതാപിതാക്കന്മാരെ ബഹുമാനിക്കണം. (പുറപ്പാട്.20:12)
- കൊലചെയ്യരുത്. (പുറപ്പാട്.20:13)
- വ്യഭിചാരം ചെയ്യരുത്. (പുറപ്പാട്.20:14)
- മോഷ്ടിക്കരുത്. (പുറപ്പാട്.20:15)
- കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത് .(പുറപ്പാട്.20:16)
- കൂട്ടുകാരന്റെ ഭവനത്തെയോ ഭാര്യയെയോ അവനുള്ള യാതൊരു വസ്തുവിനെയോ മോഹിക്കരുത്. (പുറപ്പാട്.20:17)