Thursday, February 18, 2016

ഒറ്റ പ്രണയത്തില്‍ തീരണം കഥ



നാം നമുക്ക് നേരെ പിടിച്ച കണ്ണാടിയാണ്
എക്സ് റെ യന്ത്രവുമാണ്
നാം നമ്മുടെ പുറം കാഴ്ചകളും
അകം കാഴ്ചകളും കണ്ടുകൊണ്ടിരിക്കുന്നു.

പുറം പൂച്ചുകളും
അകം പൊരുളുകളും
നമുക്ക് മന:പാഠമാണ്
നമുക്കവ മന:പ്രയാസവുമാണ്.

നാം ജീവന്‍റെ വീഞ്ഞ്
പരസ്പരം പകര്‍ന്നവരും
അധരങ്ങള്‍ കടം വാങ്ങി
നുകര്‍ന്നവരുമാണ്.

ആണ്‍ പെണ്‍ ഭ്രൂണങ്ങള്‍
വാലാട്ടിയും കണ്ണിമച്ചും
അലിയാന്‍ കൊതിച്ച്
നമുക്കിടയില്‍ ദാഹിച്ചുനില്‍ക്കുന്നു.

ആത്മജ്ഞാനം കൊണ്ട് നാം
ആത്മാവിനെ തൊട്ടിരുന്നു
അന്ധത കൊണ്ടാവാം
നാം ആത്മാവിനെ കണ്ടതുമില്ല.

ഇടയ്ക്ക് ഒരിക്കല്‍ നാം
പരസ്പരം വിഷം പകര്‍ന്നിരുന്നു
പിന്നെ അതില്‍ കണ്ണീര്‍ ചേര്‍ത്ത്
ഭൂമിക്ക് സമര്‍പ്പിച്ചിരുന്നു.

നാം പരസ്പരം വാളോങ്ങിയവരാണ്
ശംഖു പോലെ നിന്റെ കഴുത്തും
ആപ്പിള്‍ പോലെ എന്റെ കഴുത്തും
പക്ഷെ വാളിന്റെ മുന മടക്കിയിരുന്നു.

അന്ന് നാം പറഞ്ഞു
ഒറ്റ വെട്ടിന്ന് തീരണം കഥ
ഇന്ന് നാം പറയുന്നു  
ഒറ്റ പ്രണയത്തില്‍ തീരണം കഥ.

പ്രണയം അങ്ങനെയാണ്
ഏതു പ്രതിസന്ധിയിലും
അതൊന്ന്‍ തളരുകയും പിന്നെ
തഴച്ചുവളരുകയും പതിവാണ്.

സി.ടി. വില്യം  

No comments:

Post a Comment