ഒരു
വട്ടം കൂടി ഓണം. ആദരണീയനായ മഹാബലിത്തമ്പുരാന്‍ വീണ്ടും ഓര്‍മ്മകളുടെ
പൂക്കളത്തിലേക്ക്. എന്നാല്‍ നമ്മുടെ
മഹാബലി തമ്പുരാന്‍ ആ പഴയ തമ്പുരാനല്ല. ആഗോള കുത്തക കമ്പനിക്കാരുടെ ബഹുവര്‍ണ്ണ കുടകളുമായി
മലയാളനാട്ടില്‍ ജൈത്രയാത്ര നടത്തുന്ന വിലകൂടിയ ബ്രാന്റ് അംബാസഡര്‍.
ഓണം
പോയകാലത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്. അന്യം നിന്നുപോയ ഒരു
ശുദ്ധസംസ്കാരത്തിന്റെ പുരാവസ്തുക്കാഴ്ചയാണ്. നീതിമാനായ ഒരു രാജാവിനെ
ചവിട്ടിതാഴ്ത്തണമെന്ന ഒരാജ്ഞയുടെ വര്‍ഷംതോറുമുള്ള ഓര്‍മ്മ പുതു ക്കലെന്ന ആചാരമാണ്.
ഓണത്തിന്റെ
നീതിസാരത്തെ നാം സൌകര്യപൂര്‍വ്വം മറക്കുകയും അതിന്റെ വാണിജ്യസാധ്യതകളെ നാം
പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഓണം നമുക്കിന്ന് പൊന്നോണമല്ല. എള്ളോളം
പൊളിവചനമില്ലാത്ത ഓണം നമുക്കിന്ന് കള്ളോളം പൊങ്ങിനില്‍ക്കുന്ന പൊങ്ങച്ചത്തിന്റെ
കള്ളോണമാണ്.
സമത്വവും
സമൃദ്ധിയും സര്‍വ്വൈശ്വര്യവും ചേര്‍ത്ത് നാം വരച്ചെടുത്ത ആ മഹാബലിത്തമ്പുരാന്‍
ഇന്ന് നീതിമാനായ പഴയ രാജാവല്ല, മറിച്ച്; ഓണക്കമ്പോളത്തിന്റെ വില മതിക്കാത്ത ബ്രാന്റ്
അംബാസഡര്‍ ആണ്.
നീതിമാന്റെ
ഓര്‍മ്മ പുതുക്കാനായി നാം സ്വരുക്കൂട്ടിയ ഒരുവര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ നാം
കമ്പോളത്തിലെത്തിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുത്തന്‍ നീതിമാന്മാര്‍
നമ്മുടെ സമ്പാദ്യത്തെ കമ്പോളരാജാക്കന്മാര്‍ക്ക് എറിഞ്ഞുകൊടുക്കുന്നു.
അരിയും
പച്ചക്കറിയും പലവ്യഞ്ഞനങ്ങളും വിദേശമദ്യവും വ്യാജമദ്യവും അവര്‍ നമുക്ക് അയല്‍
സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചുതരുന്നു. അതിന്റെയൊക്കെ കോഴയും കൊള്ളലാഭവും ഈ
അഭിനവ മഹാബലിമാര്‍ പങ്കുവച്ചെടുക്കുന്നു. എന്നാല്‍ പഴയ ആ നീതിമാന്‍ അങ്ങനെ
ആയിരുന്നില്ല. എല്ലാ വിഭവങ്ങളും സ്വന്തം രാജ്യത്തുനിന്നാണ് ആ നീതിമാന്‍ നമുക്ക്
എത്തിച്ചുതന്നിരുന്നത്.
ഓണവിപണികളില്‍
വിറ്റഴിയുന്ന അരിയും പല വ്യഞ്ജനങ്ങളും ത്രീഡി ടീവി കളും മൊബൈല്‍ ഫോണുകളും മറ്റ്
സാങ്കേതിക വിദ്യകളും ആഗോള കുത്തക കമ്പനിക്കാരുടെതാണ്. അവര്‍ നമ്മുടെ
നീതിമാന്മാരുമായുള്ള അവിഹിതത്തിലൂടെയാണ് ഇതെല്ലം ഇവിടെ വിറ്റഴിക്കുന്നത്.
ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ് ഇന്ന് നമ്മുടെ ആദരണീയനായ ആ പഴയ മഹാബലിത്തമ്പുരാന്‍.
ആഗോള കുത്തക കമ്പനിക്കാരുടെ ബ്രാന്റ് അംബാസഡര്‍.
നാമിന്ന്
ഒന്നിന്റെയും ഉല്പാദകരല്ല. നാമെല്ലാത്തിന്റെയും ഉപഭോക്താക്കളാണ്. എല്ലാ
വാണിജ്യസാധ്യതകളും പ്രയോഗിക്കപ്പെടുന്ന ഗിനിപ്പന്നികളാണ് നാം. നമുക്കൊന്നും
ചെയ്യാനില്ല. നമുക്കെല്ലാം അനുഭവിക്കാനുള്ളതാണ്. നമുക്കനു ഭവിക്കാന്‍ വിരല്‍തുമ്പില്‍
ആയിരം ചാനലുകള്‍. നമുക്കയക്കാന്‍ നമ്മുടെ വിരല്‍തുമ്പില്‍ ആയിരം കൊച്ചു കൊച്ചു സന്ദേശങ്ങള്‍
ചിത്രങ്ങള്‍, ചലച്ചിത്രങ്ങള്‍ 4ജി വേഗത്തില്‍ പറക്കുന്നു. നമ്മെ നാമല്ലാതാക്കുന്ന
ആഗോള കുത്തകക്കാര്‍ നമ്മെ എങ്ങോട്ടോ കൊണ്ടുപോകുന്നു. നമ്മളെ എങ്ങോട്ട് കൊണ്ടുപോകണം
എന്ന് നിശ്ചയിക്കേണ്ടവരും അവരോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. എന്നിട്ടും
നമുക്ക് പ്രതികരണങ്ങളില്ല. നമുക്ക് നിലപാടുകളില്ല. നയങ്ങളില്ല. അതെല്ലാം നമ്മുടെ ടീവി
ചാനലുകള്‍ നിശ്ചയിക്കും. നാം നമുക്ക് ബാക്കിയാവുന്ന സമയത്തെ കമ്പോളീകരിക്കാനും വിനോദീകരിക്കാനും പാടുപെടുന്നു.
നമുക്ക്
ആരെ വേണമെങ്കിലും പീഡിപ്പിക്കാം. നമുക്ക് ആരെ വേണമെങ്കിലും കൊല്ലാം, തല്ലാം.
നമുക്ക് സമരം ചെയ്യാം. ഉപരോധിക്കാം. പ്രതിരോധിക്കാം. പിന്നെ മതിവരുവോളം ഓശാന
പാടാം. അപ്പോഴും നമ്മുടെ മുന്നില്‍ ആയിരം ക്യാമറകള്‍ കണ്ണുചിമ്മും. ചാനലുകള്‍ ആ
കഥകള്‍ പറയും. നമുക്ക് എന്നും ഓണം. നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഓണം....
പൊന്നോണം.
എന്നാല്‍
ഇവിടെ നാമറിയാതെ ഓണം മരിക്കുകയാണ്. മരിച്ചുകൊണ്ടി രിക്കുകയാണ്. നമ്മെ അതിഭീകരമായ
വിധത്തില്‍ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ മരണത്തെ ഓര്‍മ്മിപ്പിക്കുകയാണ് ഡോ. സുകുമാര്‍ അഴീക്കോട്.
*“ഓണം
മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി:
അന്ധകാരഗിരികളും
കട-
ന്നെന്തിനോണമേ
വന്നു നീ?”
ഇരുപത്
ഓണക്കാലങ്ങള്‍ക്കുമുമ്പ് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ട താണ് ഈ ഓണദര്‍ശനം.
നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍
അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും കേരളദേശത്തിന്റെ
സാംസ്കാരിക തത്ത്വചിന്തയാണ്.
പണ്ട്
ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണ മാണ് മനസ്സിലേക്ക്
വന്നെത്തുക. തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവും ചെത്തിയും ചെമ്പരത്തിയും
കോളാമ്പിയും പിന്നെ മുറ്റത്ത് ബഹുവര്‍ണ്ണ പര്‍ണ്ണക്കൊടികളുമായി പാറുന്ന പ്രിന്‍സും
കോഴിവാലനും ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോട്ടന്സും ചേര്‍ന്നൊരുക്കുന്ന ഒരു വര്‍ണ്ണഭംഗിയായിരുന്നു
അന്നത്തെ ഓണം.
നാക്കിലകളില്‍
തുമ്പപ്പൂവും കാക്കപ്പൂവും പോലെ കുത്തരിച്ചോറ് കൂട്ടുകറികളുടെ കൂട്ടായ്മയില്‍
സാമ്പാറിന്റെ രസക്കൂട്ടിലെരിയുന്ന ഓണസദ്യയെ ഓര്‍മ്മിപ്പിക്കുന്നു അന്നത്തെ ഓണം. പൊന്നിന്‍
മഞ്ഞയില്‍ പഴങ്ങള്‍ നാട്ടിലെ നാക്കിലയിലും വീട്ടിലെ തട്ടിലും ഓണാലങ്കാരമാവും.
അതുകൊണ്ടോക്കെയാണ് അന്നത്തെ ഓണത്തെ പൊന്നോണം എന്ന് വിളിച്ചത്.
ഇന്നതെല്ലാം
നമുക്ക് നഷ്ടമായിരിക്കുന്നു. ഓണത്തിന്റെ സാംസ്കാരികതകള്‍ നമുക്ക്
നഷ്ടമായിരിക്കുന്നു. പകരം ഓണത്തിന്റെ സാമ്പത്തിക മാനങ്ങള്‍ നമുക്ക് ലാഭമായിരിക്കുന്നു.
ഓണം ലാഭേച്ഛയെ മാത്രം നട്ടുനനക്കുന്നു. പൂവ്വനും നെടുനേന്ത്രനും ചങ്ങാലിക്കോടനും
കുലച്ചുകുനിഞ്ഞ കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വസൌ ജന്യങ്ങളുടെയും അവിശ്വസിനീയമായ
കുലകള്‍ കുലച്ചുതൂങ്ങുന്നു. അങ്ങനെയാണ് പഴയ പൊന്നോണം പോയതും വിപണിയുടെ കള്ളോണം
വന്നതും. കള്ളോണം എന്ന് വെറുതെ പറഞ്ഞതല്ല. കള്ളിന്റെയും കള്ളത്തിന്റെയും
ഓണത്തെതന്നെയാണ് ഇന്ന് ഓണം പ്രതിഫലിപ്പിക്കുന്നതും പ്രതിധ്വനിപ്പിക്കുന്നതും.
ഓണത്തിന്
അവകാശപ്പെട്ട ഒരു കാലമുണ്ടായിരുന്നു നമുക്ക് പണ്ട്. നാമതിനെ ഓണക്കാലമെന്നും
വസന്തകാലമെന്നും ഉത്സവകാലമെന്നും വിളിച്ചുപോന്നിരുന്നു. ഇന്ന് അതെല്ലാം
മാറിയിരിക്കുന്നു. കാലാന്തരത്തില്‍ ഓണത്തിന്റെ കാലം അവധിക്കാലവും അലസകാലവും
കച്ചവടക്കാലവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
കര്‍മ്മോല്സുകമായിരുന്ന
ഒരു കാലത്തിന്റെ പര്യവസാനത്തിലെ വിളവെടുപ്പു കാലമായിരുന്നു പഴയ ഓണക്കാലം. അക്ഷരാര്‍ത്ഥത്തിലും
അരമുറുക്കി വായു മുറിച്ച് പണിയെടുത്തൊരു കാലത്തിന്റെ ഫലപ്രാപ്തിയുടെ കാലമായിരുന്നു
അത്. മറ്റൊരര്‍ത്ഥത്തില്‍ ഒരു വിയര്‍പ്പൊഴുക്കുകാലത്തിന്റെ അവസാനത്തെ വിയര്‍ക്കാത്ത
കാലമായിരുന്നു നമുക്ക് പണ്ടൊക്കെ ഓണക്കാലം.
നമ്മുടെ
ഭരണകൂടമാണ് ഓണത്തെ ഇവ്വിധം സംസ്കാരശൂന്യവും വിപണി കേന്ദ്രീകൃതവുമാക്കിയത്.
നമ്മുടെ ഭരണകൂടം ഓണത്തെ സ്വദേശ-വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു.
അങ്ങനെ ആഗോള കുത്തകക്കാരുടെ പൊട്ടയെല്ലാം നല്ലതാക്കി സര്‍ക്കാര്‍ മുദ്രകുത്തി വില്‍ക്കാനുള്ള
കച്ചവടക്കാലമായി ഓണക്കാലത്തെ മാറ്റിയെടുക്കുകയായിരുന്നു നമ്മുട ഭരണകൂടങ്ങള്‍.
കോര്‍പ്പറേറ്റുകള്‍ക്ക്
പണപ്പെട്ടി നിറക്കുന്നതിന്നായി ഭരണകൂടം ജനങ്ങള്‍ക്ക് ഓണക്കാലത്ത് ബോണസ്സും
ബത്തയും മുന്‍കൂര്‍ ശമ്പളവും കൊടുത്ത് കുത്തകകളെ സഹായിക്കുകയായിരുന്നു. അങ്ങനെ
കച്ചവടത്തിന്റെ കരാര്‍ പണവും ദല്ലാള്‍ പണവും പരിശുദ്ധമായ ഒരൂ ഉത്സവത്തിന്റെ പേരില്‍
ഭരണകൂട യന്ത്രങ്ങളിലേക്ക് ഒഴുകുകയാണ്. എന്നിട്ട് പാവം ജനത അടുത്ത ആറുമാസത്തെ
ഓണമില്ലാ പഞ്ഞക്കാലത്തെ അബോധപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇത് ഭരണകൂടങ്ങളുടെ ബോധപൂര്‍വ്വമായ
കച്ചവടമാണ്. പ്രജാക്ഷേമമല്ല.
ഓണക്കാലത്ത്
നേരത്തെ കിട്ടുന്ന ശമ്പളവും ബോണസ്സും അഡ്വാന്‍സ് വാങ്ങുന്ന ശമ്പളവും കിട്ടുന്നതോടെ
സര്‍ക്കാര്‍ ആപ്പീസുകള്‍ ഓണക്കമ്പോളങ്ങ ളാവും. സര്‍ക്കാര്‍ ജീവനക്കാര്‍
ഓണക്കാലത്ത് പണി നിര്‍ത്തും. ആപ്പീസുകളില്‍ എന്നും ഉപ്പേരി വിളമ്പും. പലവട്ടം സദ്യവട്ടങ്ങളൊരുങ്ങും.
പലവട്ടം പൂക്കളങ്ങള്‍ വിതാനിക്കും. ഫയലുകള്‍ ഓണക്കാലത്ത് ചവിട്ടിതാഴ്ത്തപ്പെടും.
ഒരു ദേശീയോത്സവത്തിന്റെ നിവാരണമില്ലാത്ത ദുരന്തം.
എന്നാല്‍
ഇക്കുറി കേരള മുഖ്യമന്ത്രി ഈ ദുരന്തനിവാരണത്തിന്ന്‍ തുടക്കം കുറിച്ചു. ഓണാഘോഷം അവധി ദിവസങ്ങളിലോ ഓഫീസ് സമയം
അല്ലാത്ത പ്പോഴോ നടത്തിയാൽ മതിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ
ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:-
“സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കൃത്യമായി
നടക്കുക എന്നാൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ യഥാസമയം തീർപ്പുണ്ടാക്കുക എന്നാണർത്ഥം.
അതിനു നാനാ തരത്തിലുള്ള ഇടപെടലും ജാഗ്രതയും വേണ്ടതുണ്ട്.
ജോലി സമയത്ത് എല്ലാ ജീവനക്കാരും സീറ്റിൽ ഉണ്ടാവുക
പ്രധാനമാണ്. സെക്രട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോൾ കൃത്യനിഷ്ഠയെക്കുറിച്ചും
ഓരോ ഫയലിന്റെയും പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു.
ഉത്സവ കാലങ്ങളിൽ സർക്കാർ ഓഫീസുകളിൽ കച്ചവടക്കാർ
എത്തുന്നത് പതിവാണ്. ജോലി സമയത്തിന്റെ നല്ലൊരു ഭാഗം അപഹരിക്കുന്നതാന് ഈ കച്ചവടം.
അത് കർക്കശമായി നിയന്ത്രിക്കും.
ഓണാഘോഷം എല്ലാ സർക്കാർ ഓഫീസുകളിലും നടക്കാറുണ്ട്.
അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു നടത്തുന്നത് ഉചിതമല്ല. അവധി
ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല.
ഓണം എന്നല്ല, ഏതു ആഘോഷവും ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാത്ത നിലയിലാണ് സർക്കാർ ഓഫീസുകളിൽ
നടക്കേണ്ടത്.
ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കും.”
കേരള മുഖ്യമന്ത്രിയുടെ ഈ ഇടപെടല്‍ നമ്മുടെ സാംസ്കാരികതയുടെ നിഷ്കളങ്കമായ ഓണത്തെ തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമമാണ്. ആ ശ്രമം വിജയിപ്പിക്കേണ്ടതും കേരളത്തിന്‍റെ ആവശ്യമാണ്. ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധതയുമാണ്.
ഓണദര്‍ശനങ്ങളുടെ
കൂടി തത്ത്വചിന്തകനായ ഡോ. സുകുമാര്‍ അഴീക്കോടിന്റെ തത്ത്വവിചാരങ്ങളില്‍
ഭരണകൂടങ്ങളുടെ ഈ പ്രതിജ്ഞാബദ്ധതകളുടെ ബോധപൂര്‍വ്വമായ ഒഴിവാക്കലുകളെ വിശദീകരിക്കുന്നത്
കാണാം.
*“ഇന്ന്
ഓണം എന്തായി? എവിടെയെത്തി? ആഘോഷത്തിന്റെ ചിത്രത്തില്‍ നിന്ന് പ്രകൃതി
അപ്രത്യക്ഷമായിരിക്കുന്നു. ശാരദാകാശത്തെയും മറ്റു ശരല്‍സൌ ഭാഗ്യങ്ങളെയും ഇന്ന്
ആളുകള്‍ കാണുന്നില്ല. അവയുടെ സംഗമമില്ല, ഗമനമേയുള്ളൂ. പട്ടണത്തിന്റെ പ്രൌഡിയും
അങ്ങാടിയുടെ ഇരമ്പവുമാണ് ഓണത്തെ നില നിര്‍ത്തുന്നത്. സംതൃപ്തിയുടെതല്ല, അത്യാര്‍ത്തിയുടെതാണ്
ഓണം ഇപ്പോള്‍. പ്രജാക്ഷേമാര്‍ത്ഥനായ ഭരണസാരഥിയുടെ നിഴലോ നിശ്വാസമോ എവിടെയുമില്ല.
നഗരങ്ങളില്‍ ആയിരമായിരം വിദ്യുദ് ദീപങ്ങള്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍
മഹാബലി വഴിയറിയാതെ ബലം കെട്ട് ഉഴലുന്നു.
ഇന്ന്
ഓണം ആഘോഷിക്കുമ്പോള്‍ മനസ്സിലൂടെ കര്‍മ്മവിജയത്തിന്റെയോ സമൂഹബന്ധത്തിന്റെയോ ചെറിയ
മിന്നാമിനുങ്ങുകള്‍ പോലും മിന്നുന്നില്ല. പ്രകൃതി യുമായി ബന്ധം നഷ്ടപ്പെട്ട ഒരു
ജനതയ്ക്ക് ഋതുപരിവര്‍ത്തനത്തിന്റെ അര്‍ഥം ഗ്രഹി ക്കാന്‍ സാധ്യമല്ല. വേലയുടെ
മാഹാത്മ്യം പ്രകൃതി നമുക്ക് തെളിയിച്ചുതരുന്നതിന്റെ ഒരു അടയാളവും ഇന്ന് നമ്മുടെ
ജീവിതത്തില്‍ അവശേഷിച്ചിട്ടില്ല. ഓണത്തിന്റെ മാഹാത്മ്യം ഓണപ്രഭാഷണങ്ങളില്‍ നിര്‍ജീവമായി
പ്രതിധ്വനിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവ ഓണത്തിന്റെ ചരമപ്രസംഗങ്ങളാണ്. നമുക്ക്
ഓണം വെറും ഊണും പട്ടണം കറങ്ങലും ഉപഭോഗവസ്തുക്കള്‍ വാങ്ങലുമായി ചുരുങ്ങുന്നു.
ഓണത്തിന്റെ
ഈ അന്യമാക്കപ്പെടല്‍ മുടിചൂടുന്നത് ഗവണ്മെന്റ് വൈദ്യുത പ്രകാശം കൊണ്ട് നഗരം അലംകൃതമാക്കി
ആഘോഷത്തിന് ഔദ്യോഗിക സ്വഭാവം നല്‍കുന്ന സന്ദര്‍ഭത്തിലാണ്. ഓണത്തിന്റെ
പ്രാക്തനലാളിത്യവും പ്രഭവവിശുദ്ധിയും ഇതോടെ അവസാനിക്കുന്നു.
ഇന്ന്
ഓണം ‘വെക്കേഷന്‍’ ആണ്. സമൂഹക്ഷേമത്തിന്റെ ആഘോഷദിനമല്ല. ഒരു മാസത്തെ ശമ്പളം
അധികവേതനമായി ലഭിച്ച ജോലിക്കാരുടെ വിപണി സന്ദര്‍ശന ബഹളത്തില്‍ ഒടുങ്ങുന്ന ഇന്നത്തെ
ഓണം വെറുമൊരു ഔദ്യോഗിക ചടങ്ങാണ്. ഓണം ചിങ്ങത്തില്‍ ആണെന്നറിയാത്തവര്‍ പോലും
ഓണാഘോഷം നടത്തുന്നവരില്‍ ഒന്നാംപന്തിയില്‍ നില്‍ക്കുന്നു. ജനങ്ങള്‍
എവിടെയെന്നറിയാതെ എങ്ങുനിന്നോ നോക്കുന്ന മഹാബലിയുടെ കണ്ണുകള്‍ പതറുന്നു!
ഓണം
മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല.”
*അവലംബം:
‘അഴീക്കോട് മുതല്‍ അയോധ്യ വരെ’ ഡോ. സുകുമാര്‍ അഴീക്കോട് .