Wednesday, November 16, 2016

എന്‍റെ തൂലിക ഇനി നിങ്ങളുടെ രക്ഷാമാര്‍ഗ്ഗം



എഴുത്തിന് ഒരു പുതുവഴി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍, കുറെ കാലമായി. സാഹിത്യവും സാമൂഹ്യപാഠവും രാഷ്ട്രീയവും ഒന്നുപോലെ മലിനമാക്കപ്പെട്ടിരിക്കുന്നു.

രാഷ്ട്രീയത്തിന്‍റെ അധാര്‍മ്മിക സങ്കലന തത്ത്വം മനുഷ്യ ചിന്തയുടെ എല്ലാ മേഖലകളേയും മലിനമാക്കിയിരിക്കുന്നു. ജനങ്ങള്‍ ശരിക്കും അസ്വസ്ഥരാണ്. അവര്‍ അസംതൃപ്തരുമാണ്. അധാര്‍മ്മിക രാഷ്ട്രീയ ദുഷ്ട ശക്തികള്‍ അവരുടെ ചിന്തയേയും പ്രവര്‍ത്തിയേയും ഭരണകൂടങ്ങളുടെ സഹായത്തോടെ സായുധമായി നിയന്ത്രിക്കുന്നു. 

എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും അധാര്‍മ്മിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉപജീവനത്തിനും അതിജീവനത്തിനുമായി അവരുടെ നട്ടെല്ല് നഷ്ടപ്പെടുത്തിയിരിക്കുന്നു. 

അതുകൊണ്ട് മനുഷ്യമനസ്സിലേക്ക്, ഹൃദയത്തിലേക്ക് ഒരു രക്ഷാമാര്‍ഗ്ഗമായി ഞാന്‍ എത്തുന്നു. ഞാന്‍ എന്‍റെ തൂലികയെ ജീവന്‍ രക്ഷാകവചമാക്കാന്‍ ആഗ്രഹിക്കുന്നു. 

നിങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ഞാന്‍ എന്‍റെ തൂലികയും മനസ്സും നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍വ്വം


സി.ടി. വില്യം 

Sunday, November 13, 2016

നോട്ട് ഔട്ട്‌ (Note Out) സംശയങ്ങള്‍


ആയിരം അഞ്ഞൂറ് നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന്റെ പരാധീനതകളും പ്രാരബ്ധങ്ങളും നാം കാണാനും കേള്‍ക്കാനും തുടങ്ങിയിട്ട് ദിവസങ്ങളായി. രാജ്യത്തെ കള്ളപ്പണത്തില്‍ നിന്ന്‍ രക്ഷപ്പെടുത്താന്‍ മോഡിയും ഊര്‍ജിത്ത് പട്ടേലും കൂടി അത്യഗാധമായി ചിന്തിച്ചതിന്റെ ഫലമാണ് ഈ നോട്ട് ഔട്ട്‌ (Note Out) ആസൂത്രണം. നല്ല കാര്യം ചെയ്തതിന് രണ്ടുപേര്‍ക്കും നല്ല നമസ്കാരം.
നോട്ട് ഔട്ട്‌ (Note Out) ആസൂത്രണത്തിന്‍റെ പാളിച്ച മൂലം സംഭവിച്ച സാധാരണക്കാരന്റെ സാധാരണ പ്രശ്നങ്ങള്‍ മുതല്‍ രക്തസാക്ഷിത്തം വരെ നമുക്ക് മുമ്പില്‍ കറുപ്പിലും വെളുപ്പിലും ബഹുവര്‍ണ്ണങ്ങളിലും അവതരിപ്പിക്കുന്ന പത്ര-ദൃശ്യ-മാധ്യമ പ്രവര്‍ത്തകര്‍ക്കും ചാനല്‍ വാര്‍ത്ത അവതാരകര്‍ക്കും എന്‍റെ നല്ല നമസ്കാരം.
എന്നിട്ടും ഒരു ആവശ്യവുമില്ലാതെ ഒരു സംശയം എന്നെ വല്ലാതെ അലട്ടുന്നു. സംശയത്തില്‍ കാമ്പില്ലെങ്കില്‍ സദയം ക്ഷമിക്കുക. എന്‍റെ സംശയം നിസ്സാരമാണ്. ഇതാണ്.
ഈ നോട്ട് ഔട്ട്‌ (Note Out) ദുരന്ത കാഴ്ചകള്‍ നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന പത്ര-ദൃശ്യ-മാധ്യമ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തകരുടേയും പ്രശ്നങ്ങള്‍ എവിടേയും അവതരിപ്പിച്ചുകാണുന്നില്ല. ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപയുടെ വിനിമയം നടക്കുന്ന സ്ഥാപനങ്ങളാണ് ഇവയൊക്കെ. പരസ്യക്കാരുടെ പണമിടപാടുകള്‍, പത്ര-ദൃശ്യ-മാധ്യമ രംഗത്തെ ജീവനക്കാരുടെ വേതനവും ബത്തയുമടക്കമുള്ള പണമിടപാടുകള്‍ ഇതൊന്നും തന്നെ ഒരു മാധ്യമവും അവതരിപ്പിച്ചുകാണുന്നില്ല.
എന്നാല്‍ പത്ര-ദൃശ്യ-മാധ്യമങ്ങളില്‍ പരസ്യത്തിന് ഒരു കുറവും കാണുന്നില്ല. ആയിരം അഞ്ഞൂറ് നൂറ് നോട്ടുകളൊന്നുമില്ലാതെ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ നമുക്ക് മുന്നില്‍ വാര്‍ത്തകള്‍ എത്തിക്കുന്നുമുണ്ട്.
പകലന്തിയോളം പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ടാവില്ലേ ഇത്തരം പ്രതിസന്ധികള്‍. മാധ്യമ സ്ഥാപനങ്ങള്‍ക്കുമുണ്ടാവില്ലേ ഇത്തരം പ്രതിസന്ധികള്‍. അതുപോലെ തന്നെ നമ്മുടെ രാഷ്ട്രീയ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സാമ്പത്തിക പ്രതിസന്ധികള്‍. ഇതൊന്നും തന്നെ സത്യസന്ധമായി അവതരിപ്പിച്ചു കാണുന്നില്ല.