Wednesday, July 12, 2017

വീക്ഷണങ്ങൾ വൈവിധ്യങ്ങൾ

ഓണത്തിനും വിഷുവിനും ക്രിസ്മസ്സിനും പിന്നെ അവാഡ് നൈറ്റിനുമെല്ലാം മതിയാവോളം ഇവരെയൊക്കെ ഉപയോഗിച്ച് കോടികൾ ഉണ്ടാക്കിയവർക്ക് അപ്പോൾ ഇതൊന്നും അറിയുമായിരുന്നില്ലെ. പുതിയ കാലത്തെ സിനിമാലോകം ഇങ്ങനെയൊക്കെത്തന്നെ ആണെന്ന് ആർക്കാണ് അറിയാത്തത്. അതൊക്കെ അറിയാൻ പ്രത്യേകിച്ച് ഒരു അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല. കച്ചവടത്തിൽ ചരക്ക്, ചരക്ക് തന്നെ. ആവശ്യക്കാർ ഉള്ളപ്പോൾ വാങ്ങുക, ആവശ്യക്കാർക്ക് വിൽക്കുക. അനാവശ്യമായാൽ ഉപേക്ഷിക്കുക. പുതിയ ചരക്കുകൾ വിപണിയിൽ എത്തിക്കുക.

മാധ്യമങ്ങൾ ആദ്യമധ്യാന്തം പറയുന്നതിങ്ങനെ; "നടിയെ പീഡിപ്പിച്ചു" പിന്നെ "നടിയെ ആക്രമിച്ചു" ഇപ്പോൾ നദിയെ ഉപദ്രവിച്ചു". ഈ പ്രയോഗങ്ങൾക്കൊക്കെ ആനയും പേനയും എന്ന കണക്കിൽ അർത്ഥാന്തരമുണ്ട്.സത്യത്തിൽ എന്താണ് സംഭവിച്ചത്? കൃത്യമായ ഒരു വിവരം കിട്ടിയിട്ടുപോരെ ഈ വാർത്ത പൊട്ടിക്കലുകൾ.


ജി എസ് ടി ചർച്ചകൾ മുതൽ അത് നടപ്പാക്കുന്നതുവരെ ബഹു. ധനമന്ത്രി പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തിയിരുന്നത്. മാധ്യമങ്ങളും ഏതാണ്ട് അങ്ങനെതന്നെ. ചുരുക്കിപ്പറഞ്ഞാൽ ഈ വിഷയത്തിൽ ആർക്കും ഒരു വ്യക്തതയും നാളിതുവരെ വന്നിട്ടില്ല. നമ്മുടെ വിപണി-വിപണന രംഗത്ത് സത്യത്തിൽ ഒരുതരം അരക്ഷിതാവസ്ഥ ഉണ്ടായിരിക്കുന്നു. കേന്ദ്ര സർക്കാരിനെ ഇതിൽ കുറ്റം പറയുക വയ്യ. അവർ സംസ്ഥാനങ്ങളുമായി അനവധി തവണ ഈ വിഷയം ചർച്ച ചെയ്തതാണ്. അവസാനം കേന്ദ്ര-സംസ്ഥാനങ്ങൾ ജി എസ് ടി മാമാങ്കം അർദ്ധരാത്രി ആഘോഷിച്ചവരുമാണ്. എന്നിട്ടിപ്പോൾ ജനങ്ങൾ വേണമെങ്കിൽ പ്രതിരോധിച്ചോളൂ പ്രതിഷേധിച്ചോളൂ എന്നൊക്കെ പറയുന്നത് സാധാരണ ജനങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണ്.

'നമ്മുടെ കണ്ണുകളിൽ ജലസേചനം നടത്തിയാൽ മാത്രം കണ്ണീർ പൊടിയുന്ന കാലത്താണ് നാം ജീവിക്കുന്നത്.വ്യക്തി കേന്ദ്രീകൃത വ്യവസ്ഥയിൽ വൈകാരികമായി പൊടിയുന്ന കണ്ണീരിനെക്കുറിച്ചല്ല പറയുന്നത്. നമ്മുടെ സമൂഹ കേന്ദ്രീകൃതമായി പൊടിയേണ്ട കണ്ണീരിനെക്കുറിച്ചാണ് പറയുന്നത്' ചിന്ത രവി അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ശ്രീ. സദാനന്ദ മേനോൻ പറഞ്ഞതാണ് ഈ വരികൾ.
ഫാഷിസത്തിൻ്റെ പതുക്കെപതുക്കെയുള്ള ആക്രമണവും ഇടതുപക്ഷത്തിൻ്റെ മേൽ ജനങ്ങൾക്കുള്ള വിശ്വാസ്യത അതിശീഘ്രം കുറഞ്ഞുപോകുന്നതിലുള്ള വ്യാകുലത പങ്കുവച്ച ശശികുമാറിനെ ശരിവച്ചുകൊണ്ടാണ് സദാനന്ദ മേനോൻ നമ്മളിൽ പൊടിയാത്ത കണ്ണീരിനെക്കുറിച്ച്‌ വിലപിച്ചത്.
ചിലപ്പോഴെങ്കിലും ഇ എം എസ്സിനെപ്പോലും നേർവഴി കാണിക്കാൻ സഹായിച്ച, ചിന്ത രവീന്ദ്രന്റേതുപോലെയുള്ള മാർക്സിസ്റ്റിന്നപ്പുറമുള്ള ഒരു തരം മാർക്സിസ്റ്റ് വീക്ഷണം ഉണ്ടെങ്കിലേ ഇതൊക്കെ സാധ്യമാകൂ എന്ന് ബി. രാജീവൻ പറഞ്ഞുവച്ച വേദിയിൽ സക്കറിയ പതിവ് തെറ്റിക്കാതെ ആക്ഷേപഹാസ്യത്തിന്റെ തിരി ഒരിക്കൽ കൂടി തെളിയിച്ചു; 'ഇടതുപക്ഷത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു'.
ചിന്ത രവീന്ദ്രൻ അനുസ്മരണം പിന്തുടരുന്ന ഒരു വ്യക്തി എന്ന നിലയിൽ നേരത്തെ സദാനന്ദ മേനോൻ പറഞ്ഞുവച്ച കണ്ണീർ വറ്റിയ ഒരു വരൾച്ചാനുഭവം ചിന്തരവി അനുസ്മരണങ്ങൾക്കും സംഭവിക്കുന്നുണ്ടോ എന്ന ന്യായമായ സംശയവും ബാക്കിയാവുന്നുണ്ട്. സ്മരണകൾ ആവർത്തിക്കുമ്പോൾ അല്ലെങ്കിൽ ബാധ്യതയാവുമ്പോൾ സംഭവിക്കുന്ന ഒരു സാധാരണ ദുരന്തമാവാം ഇതൊക്കെ എന്ന് നമുക്ക് സമാധാനിക്കാം.

സിനിമ സാഹിത്യത്തിന്റെ ദൃശ്യരൂപമാകണം. സാഹിത്യത്തിനും കൃത്രിമമല്ലാത്ത ഒരു ദൃശ്യരൂപഘടന അനിവാര്യമാണ്. അങ്ങനെയൊക്കെയായിരുന്നു പണ്ട് നമ്മുടെ സാഹിത്യവും സിനിമയും. കാലത്തിന്റെ മലവെള്ളപ്പാച്ചലിൽ സാഹിത്യം ഒരു യന്ത്രവൽകൃത സംവിധാനമായി. അങ്ങനെ സിനിമ അതിന്റെ ഒരു പ്രതിഫലനവുമായി. എന്തായാലും ഒരു ആസ്വാദക ജനതക്ക് അർഹതയുള്ള സാഹിത്യവും സിനിമയും മാത്രമേ അവർക്ക് ലഭ്യമാവുകയുള്ളൂ. ഈയ്യിടെ കണ്ട "തൊണ്ടിമുതലും ദൃക്‌സാക്ഷിയും" എന്ന സിനിമ നാമടങ്ങുന്ന ജനതക്കുള്ള അർഹതയുടെ അംഗീകാരമാണ്.ഒരു കഥാപാത്രത്തിന്റെ ശൗചവുമായി ബന്ധപ്പെട്ടുകൊണ്ട് ഇടവേളവരെ അപശബ്ദവുമായി നീങ്ങുന്ന ഈ സിനിമ പിന്നീട് നമുക്ക് കണ്ടുപരിചയമുള്ള മറ്റുപല സിനിമകളുടെയും വിരസമായ ആവർത്തന ദൃശ്യങ്ങളിലൂടെ കടന്നുപോയി അവസാനിക്കുന്നു. അഭിനയ ശേഷിയുള്ള ഒരു കൂട്ടം കലാകാരന്മാരെയും കരുത്തുള്ള കഥാതന്തുവിനേയും സമർത്ഥമായി ദുരുപയോഗം നടത്തിയെന്നതിൽ ഈ ചിത്രത്തിൻറെ സംവിധായകന് സമാധാനിക്കാം...

No comments:

Post a Comment