Sunday, October 22, 2017

പ്രശ്നം ദിലീപോ ? തണ്ടര്‍ ഫോഴ്സോ ?


ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് സ്വന്തം പണം മുടക്കി, തണ്ടര്‍ ഫോഴ്സ്  എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് സുരക്ഷാസംവിധാനം ഏര്‍പ്പാടാക്കുന്നതില്‍ നിയമപരമായ തെറ്റുണ്ടോ? അദ്ദേഹത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള നിബന്ധനകളില്‍ ഇത്തരത്തിലൊരു സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കുന്നുണ്ടോ? തണ്ടര്‍ ഫോഴ്സ് എന്ന സ്ഥാപനം നിയമപരമായി നിലനില്‍ക്കുന്ന സ്ഥാപനമാണോ? ഇത്തരം ന്യായമായ സംശയങ്ങളില്‍ നമുക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ലഭ്യമായ ഉത്തരങ്ങള്‍ എല്ലാം തന്നെ ദിലീപിനെ ശരി വക്കുന്നതായാണ് കാണാന്‍ കഴിയുന്നത്‌.

ദിലീപ് ഇനിയും കുറ്റം തെളിയിക്കപ്പെടാനുള്ള സാഹചര്യങ്ങളില്‍ ജാമ്യത്തില്‍ കഴിയുന്ന, പോലീസിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയാണ്. അതൊക്കെ നോക്കേണ്ടത് പോലീസും കോടതിയുമൊക്കെയാണ്. അതൊക്കെ അതിന്റെ വഴിക്കുതന്നെ പോകണമെന്ന കാര്യത്തില്‍ സംശയമില്ല. നാം കുറ്റത്തെയാണ് കേന്ദ്രീകരിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇവിടെ എല്ലാവരും കുറ്റവാളിയെന്നു സംശയിക്കുന്ന ഒരാളെ വല്ലാതെ കേന്ദ്രീകരിക്കുന്നത് കാണാം.

ദിലീപ് ഇപ്പോള്‍ സുരക്ഷ തേടിയിരിക്കുന്നതും സുരക്ഷ അനുഭവിക്കുന്നതുമായ സ്ഥാപനം ഗോവ ആസ്ഥാനമായി ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സ്ഥാപനമാണ്‌. പ്രധാനമന്ത്രിയുടെ ഗുജറാത്ത് അടക്കം ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലും തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്.

തണ്ടര്‍ ഫോഴ്സ് എന്ന സ്ഥാപനം ഈ രാജ്യത്തെ നിയമങ്ങള്‍ക്ക് 
വിധേയമായിS&E/II/Bich-Y2K/380/U74920GA2012PTC006977 നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ്‌. ഇതൊരു 1508/Q/JA/IND-1056/ISO 9001-2008 സാക്ഷ്യപത്രമുള്ള കമ്പനിയാണ്. ഈ സ്ഥാപനത്തിന്ന്‍ നിയമപ്രകാരം വേണ്ടുന്ന സേവന നികുതി, ആദായനികുതി, തൊഴിലാളി ക്ഷേമ നിധി തുടങ്ങിയ എല്ലാ അംഗത്വവും അനുബന്ധ രേഖകളുമുണ്ട്. FP-1711/1-8( GOVERNMENT OF INDIA) നമ്പര്‍ പ്രകാരം ഈ കമ്പനിക്ക് വയര്‍ലെസ്സ് സംവിധാനമുണ്ട്.  ഈ വക വിവരങ്ങളെല്ലാം തന്നെ വളരെ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു വെബ്സൈറ്റ് കമ്പനി നിലനിര്‍ത്തിപോരുന്നുണ്ട്. നാളിതുവരെ ഈ വെബ്സൈറ്റിന്റെ ആധികാരികത ആരും ചോദ്യംചെയ്തു കാണുന്നുമില്ല.

ദിലീപ് ഒരു നടനാണ്‌. അതോടൊപ്പം തന്നെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഒരു കേസ്സിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഒരു വ്യക്തിയുമാണ്. ദിലീപിന് ജാമ്യം കൊടുക്കാന്‍ തന്നെ ഏറെ ബിദ്ധിമുട്ടും ആശങ്കകളും ഉണ്ടായിരുന്നതുമാണ്. അതുകൊണ്ടുതന്നെ പോലീസിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്ന് ദിലീപിന് വേണ്ടത്ര സുരക്ഷ ഉണ്ടാവില്ലെന്ന സംശയം സ്വാഭാവികമായും ദിലീപിനുണ്ടാവാം. അതില്‍ നമുക്കാര്‍ക്കും തെറ്റ് പറയാനാവില്ല.

ഇത്തരത്തില്‍ ഒറ്റപ്പെട്ടുകഴിയുന്ന ഒരു വ്യക്തി, സര്‍ക്കാര്‍ അംഗീകൃത സുരക്ഷാ ഏജന്‍സിയില്‍ നിന്ന് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ തെറ്റുണ്ടെന്ന് നമുക്ക് പറയുക വയ്യ. മാത്രമല്ല, ഇന്ത്യന്‍ സുരക്ഷാ സേനകളില്‍ നിന്ന് വിരമിച്ച ആയിരത്തോളം സേനാംഗങ്ങള്‍, ഇപ്പോഴും സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ കൈപറ്റുന്നവരാണ് തണ്ടര്‍ ഫോഴ്സ് എന്ന സ്ഥാപനത്തില്‍ സേവനമനുഷ്ടിക്കുന്നത്, എന്നതും ശ്രദ്ദേയമാണ്.

രാജ്യത്തുനിന്ന് തീവ്രവാദം തുടച്ചുമാറ്റുന്നതിന്നായി സമാരംഭിച്ചതെന്ന് അവകാശപ്പെടുന്ന ഈ സ്ഥാപനത്തിന് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ആയുധങ്ങളും മറ്റു സുരക്ഷാ സജ്ജീകരണങ്ങളും കൈവശം വക്കാനും ആവശ്യപ്രകാരം പ്രയോഗിക്കാനുള്ള നിയമങ്ങളുടെ പിന്‍ബലവുമുണ്ടെന്നും സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് അവകാശപ്പെടുന്നു. മറിച്ചൊരു അവകാശവാദം നാളിതുവരെ സര്‍ക്കാരോ, പോലീസോ, കോടതിയോ ഉന്നയിച്ചുകാണുന്നുമില്ല. 

അപ്പോള്‍ ഇവിടെ പ്രശ്നം ദിലീപോ ? തണ്ടര്‍ ഫോഴ്സോ ?     

No comments:

Post a Comment