Monday, March 5, 2018

പി.കെ.ജയലക്ഷ്മി ഇത്രക്ക് പരിഭവിക്കണോ ?


സ്വന്തം കുട്ടിയുടെ ചോറൂണിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരിഗണന കിട്ടിയില്ലെന്ന് പരിഭവിക്കുന്ന മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഒരു നേരത്തെ ഊണിനുള്ള അരി മോഷ്ടിച്ചതിന് തല്ലിക്കൊല്ലപ്പെട്ട ആദിവാസി യുവാവ്  മധുവിന്‍റെ കാര്യത്തില്‍ എന്ത് ചെയ്തു ?

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയെ അസിസ്റ്റന്റ്റ് മാനേജര്‍ അപമാനിച്ചുവെന്ന സംഭവം കോണ്ഗ്രസ്സുകാര്‍ ഇടപെട്ടുകൊണ്ട്‌ രഹസ്യമായി ഒത്തുതീര്‍ന്നതായി അറിയുന്നു.

ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാനായ പി.ടി. മോഹനകൃഷ്ണന്റെ മകന്‍ പി.ടി. അജയമോഹനാണ് ഗുരുവായൂരിലെ ഇപ്പോഴത്തെ കോണ്ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയുടെ പ്രസിഡന്‍റ്.  അതുകൊണ്ടുതന്നെ പി.കെ.ജയലക്ഷ്മിയെ അസിസ്റ്റന്റ്റ് മാനേജര്‍ അപമാനിച്ച സംഭവത്തില്‍ കോണ്ഗ്രസ് അനുകൂല സംഘടനക്കും പങ്കുണ്ടെന്ന സാഹചര്യം കണക്കിലെടുത്ത് സംഭവം വിവാദമാക്കാതെ കോണ്ഗ്രസ്സുകാര്‍ തന്നെ രഹസ്യമായി ഒത്തുതീര്‍ന്നതായാണ് പറയപ്പെടുന്നത്‌.

നേരത്തെ ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും ജില്ലയിലെ കോണ്ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു പ്രതിസ്ഥാനത്തെന്ന് അഭ്യുഹമുണ്ടായിരുന്നു. ഈ സംഭവത്തിലും പാവറട്ടി പോലീസ് സ്റ്റേഷനിലെ കോണ്ഗ്രസ് അനുകൂല പോലീസ് അസോസിയേഷനിലെ ഒരു പോലീസുകാരന്‍ തന്നെയായിരുന്നു പ്രതിസ്ഥാനത്തെന്നും പറയപ്പെടുന്നു. മാത്രമല്ല, മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ ഗണ്മാന്‍ കൂടിയായിരുന്ന പോലീസുകാരനായിരുന്നു, വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്തെന്നും പരക്കെ ആരോപണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവവും കോണ്ഗ്രസ് ഗൌരവതരമായ ഒരു ചര്‍ച്ചക്കും വിവാദത്തിനും തിരി കൊളുത്താതെ തന്ത്രപൂര്‍വ്വം ഒത്തുതീര്‍ക്കുകയായിരുന്നു.

ഗുരുവായൂരില്‍ ഇപ്പോള്‍ നല്ല തിരക്കുള്ള ഉത്സവകാലമാണ്. ആരെയും പ്രത്യേകമായ പരിഗണിക്കാന്‍ പറ്റുന്ന സമയവുമല്ല. ഉത്സവകാലത്ത് ക്ഷേത്ര ദര്‍ശനത്തിനുവന്ന മുന്‍ മന്ത്രി പി.കെ. ജലലക്ഷ്മിയും അത് മനസ്സിലാക്കേണ്ടതായിരുന്നെന്നും ക്ഷേത്ര ഭാരവാഹികള്‍ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞതായി അറിയുന്നു. അതേസമയം ക്ഷേത്രത്തില്‍ ശീവേലി എഴുന്നെള്ളിപ്പ് നടക്കുന്ന സമയത്ത് ആരെയും ക്ഷേത്രത്തിനകത്ത് കടത്തിവിടാറില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. എന്നിരുന്നാലും ഭരണസമിതി വിഷയം പരിശോധിച്ചുകൊണ്ട്‌ അര്‍ഹമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വംബോര്‍ഡ് അധികൃതര്‍ പ്രസ്താവനയിറക്കി.

അതേസമയം മുന്‍മന്ത്രി പി.കെ.ജയലക്ഷ്മി തന്റെ സ്വന്തം കാര്യത്തിലും താന്‍ പ്രതിനിധീകരിക്കുന്ന ഗോത്രവിഭാഗത്തിന്റെ കാര്യങ്ങളിലും മാത്രം ശ്രദ്ധ പതിപ്പിക്കുകയും പ്രതികരിക്കുന്നതും വിമര്‍ശന വിധേയമാക്കുന്നുണ്ട്. മറ്റു ഗോത്രവിഭാഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന ജയലക്ഷ്മിയുടെ സമീപനങ്ങളും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്.

ആദിവാസി മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ജയലക്ഷ്മിയുടെ കാര്യമായ പ്രതികരണങ്ങള്‍ ഇല്ലാതെ പോയതും ജയലക്ഷിയുടെ ഈ വിഷയത്തിലുള്ള ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നുണ്ട്.  സ്വന്തം കുട്ടിയുടെ ചോറൂണിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരിഗണന കിട്ടിയില്ലെന്ന് പരിഭവിക്കുന്ന മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഒരു നേരത്തെ ഊണിനുള്ള അരി മോഷ്ടിച്ചതിന് തല്ലിക്കൊല്ലപ്പെട്ട ആദിവാസി യുവാവ്  മധുവിന്‍റെ കാര്യത്തില്‍ എന്ത് ചെയ്തു എന്ന ചോദ്യവും ഇപ്പോള്‍ പൊതുസമൂഹം ചര്‍ച്ചക്കെടുക്കുന്നുണ്ട്.

Friday, March 2, 2018

മലയാറ്റൂരിലെ അച്ചനും കപ്യാരും



മലയാറ്റൂരിലെ കപ്യാര്‍ ജോണിയില്‍ ഒരു കൊലയാളി ഉണ്ടെന്ന് നമുക്ക് പൂര്‍ണ്ണമായി പറയാനാവില്ല. ഫാദര്‍ സേവിയറിനെ കൊല്ലുകയാണ് ജോണിയുടെ ലക്ഷ്യമെങ്കില്‍ കഴുത്തിലോ നെഞ്ചിലോ വയറ്റിലോ ഒക്കെയാണ് സ്വാഭാവികമായും കത്തി പ്രയോഗിക്കുക. ഇവിടെ ജോണി ഫാദര്‍ സേവിയറിന്റെ തുടയിലാണ് കുത്തിയത്. ആക്രമിയുടെ മന:ശാസ്ത്രം പരിശോദിക്കുമ്പോള്‍ മനസ്സിലാവുന്നത് ഫാദറുടെ മുന്നോട്ടുള്ള നീക്കം തടയുക മാത്രമായിരുന്നിരിക്കണം ജോണിയുടെ ലക്ഷ്യം. മാത്രമല്ല, ജോണി മാനസികമായും സാമ്പത്തികമായും ഏറെ തളര്‍ന്നിരുന്നതായും നാട്ടുകാര്‍ പറയുന്നു.

മലയാറ്റൂരില്‍ കുരിശുമലയില്‍ ഫാദര്‍ സേവിയര്‍ തേലക്കാട്ട് കൊല്ലപ്പെട്ടതില്‍ നാടിനു ദു:ഖമുണ്ട്. കൊലയാളിയെന്നു പറയുന്ന കപ്യാര്‍ ജോണിയെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതും മാതൃകാപരമായി ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. അത് അതിന്റെ വഴിയിലൂടെ തന്നെ നടക്കട്ടെ.

എന്നാല്‍ കപ്യാര്‍ ജോണിയെ ഈ വിഷയത്തില്‍ മന:ശാസ്ത്രപരമായി വിശകലനം ചെയ്യേണ്ടതായുണ്ട്. കേരളത്തിലെ കപ്യാര്‍മാരുടെ തൊഴില്‍ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും ആരുംതന്നെ കണക്കിലെടുക്കുന്നില്ല എന്ന സത്യവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. നിശ്ചിതമായ ഒരു സേവന വേതന വ്യവസ്ഥകള്‍ നാളിതുവരെ പള്ളികളിലെ കപ്യാര്‍ സമൂഹത്തിന് ഉണ്ടായിട്ടില്ല. ഇവരുടെ ക്ഷേമകാര്യങ്ങളിലും ആര്‍ക്കും താല്‍പ്പര്യമില്ല. പല പള്ളികളിലെയും കപ്യാര്‍മാര്‍ ലേബര്‍ നിയമങ്ങള്‍ക്ക് വിധേയമായല്ല ജോലിയെടുക്കുന്നതെന്നും അറിയാന്‍ കഴിയുന്നു.

കപ്യാര്‍ സമൂഹം രണ്ടുതരമുണ്ട്. പാര്‍ട്ട് ടൈം ഫുള്‍ ടൈം വ്യവസ്ഥയില്‍ ജോലിചെയ്യുന്ന കപ്യാര്‍മാര്‍ ഉണ്ടത്രെ. ഏകദേശം 6000 രൂപ മുതല്‍ 15000 രൂപ വരെയാണത്രേ ഇവരുടെ യഥാക്രമം വേതനമെന്ന് പറയപ്പെടുന്നു. അരമനയുടെയും പള്ളിക്കമ്മിറ്റിയുടെയും ഔദാര്യത്തിന്മേല്‍ വേണം ഈ വേതനം കപ്യാരുടെ കയ്യിലെത്താന്‍. അതിരാവിലെ പള്ളിയില്‍ വന്നാല്‍ ഏതാണ്ട് ഉച്ചവരെയും പള്ളിയില്‍ പിടിപ്പതു പണിയുണ്ട് കേരളത്തിലെ കപ്യാര്‍മാര്‍ക്ക്. വൈകീട്ട് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന പള്ളികളാണെങ്കില്‍ വൈകുംവരെയും പള്ളിയില്‍ തന്നെ കപ്യാരുടെ ജീവിതം. പള്ളി വികാരിയുടെയും ഇടവകാംഗങ്ങളുടെ എല്ലാ കാര്യങ്ങളും കപ്യാര്‍ തന്നെ നോക്കണം. ഇതിന്നിടയില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ രാപകലില്ലാതെ ആ പണിയും നോക്കണം.

വലിയ വരുമാനമുള്ള പള്ളികളാണെങ്കില്‍ നല്ല വരുമാനമുണ്ടാവും അവിടങ്ങളിലെ കപ്യാര്‍മാര്‍ക്ക്. അമ്പതിനായിരവും ഒരു ലക്ഷവും സമ്പാദിക്കുന്ന കപ്യാര്‍മാര്‍ കേരളത്തിലുണ്ടെന്നതും വസ്തുതയാണ്. അവിടെയും അച്ചനും കപ്യാരും കൂടിയാണ് സമ്പാദ്യം പങ്കുവയ്ക്കുന്നത്. പിന്നെ പള്ളിക്കമ്മിറ്റിയും ഇക്കാര്യങ്ങളില്‍ ഇടപെടുകയും പതിവാണ്. അശാസ്ത്രീയമായി ഈ സമ്പാദ്യം പങ്കുവയ്ക്കുന്നതാണ് പല പള്ളികളിലെയും തര്‍ക്കങ്ങള്‍ക്ക് കാരണം. ഇപ്പോള്‍ തൃശൂരിലെ ഒല്ലൂര്‍ പള്ളിയിലും കൊരട്ടി പള്ളിയിലും ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുകയാണ്.

ഇനി മലയാറ്റൂരിലെ കപ്യാര്‍ ജോണിയിലേക്ക് വരാം. ഭാര്യയും രണ്ടു പെണ്മക്കളും ചേര്‍ന്നതാണ് ജോണിയുടെ കുടുംബമത്രേ. 18 വയസ്സില്‍ കപ്യാരായി. ഏതാണ്ട് 30 വര്‍ഷം വരെ ജോണി കുരിശുമല കയറി കപ്യാര്‍ പണി ചെയ്തു. നാളിതുവരെ കപ്യാര്‍ ജോണിക്കെതിരെ കാര്യമായ ആരോപണങ്ങള്‍ ഉള്ളതായി അറിവില്ല. അതിന്നിടെ ജോണിയുടെ ഒരു മകള്‍ മിശ്രവിവാഹിതയായതായി അറിയുന്നു. അതില്‍ ജോണി ഏറെ ദുഖിതനായിരുന്നുവെന്നു പറയപ്പെടുന്നു. അതിനുശേഷമാണ് ജോണി മദ്യത്തിന് അനിയന്ത്രിതമായി അടിമപ്പെട്ടതത്രേ. ഇനിയൊരു മകള്‍ക്കൂടി വിവാഹിതയാവാന്‍ ഉണ്ടത്രേ. ഈ സാഹചര്യത്തില്‍ ജോണി മാനസികമായും സാമ്പത്തികമായും ആകെ തളര്‍ന്നിരുന്നു.

ഈ അവസ്ഥയിലാണ് ജോണിയെ ഫാദര്‍ സേവിയര്‍ തേലക്കാട്ട് കപ്യാര്‍ ജോലിയില്‍ നിന്ന് പുറത്താക്കുന്നത്. ജോണിയുടെ മകള്‍ മിശ്രവിവാഹിതയായ സാഹചര്യത്തില്‍ ഫാദര്‍ സേവിയര്‍ തേലക്കാട്ട് ജോണിയെ പള്ളിയില്‍ നിന്ന് പുറത്താക്കിയതും ജോണിയെ ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ ഏറെ വേദനിപ്പിച്ചിട്ടുണ്ടാവണം. ജോണിക്ക് അര്‍ഹമായവിരമിക്കല്‍  ആനുകൂല്യങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും പറയുന്നുണ്ട്. നിയമവും മനശാസ്ത്രവും പഠിച്ചിട്ടുള്ള ഫാദര്‍ സേവിയര്‍, ജോണിയെ മനശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും മാറ്റിയെടുക്കുന്നതിന് പകരം ശത്രുതാമനോഭാവത്തോടെ സമീപിച്ചതാണ് ഇപ്പോള്‍ ഉണ്ടായ ദുരന്തത്തിലേക്ക് വഴിവച്ചതെന്ന് ജോണിയെ അടുത്തറിയുന്ന നാട്ടുകാര്‍ പറയുന്നു.

ജോണിയില്‍ ഒരു കൊലയാളി ഉണ്ടെന്ന് നമുക്ക് പൂര്‍ണ്ണമായി പറയാനാവില്ല. ഫാദര്‍ സേവിയറിനെ കൊല്ലുകയാണ് ജോണിയുടെ ലക്ഷ്യമെങ്കില്‍ കഴുത്തിലോ നെഞ്ചിലോ വയറ്റിലോ ഒക്കെയാണ് സ്വാഭാവികമായും കത്തി പ്രയോഗിക്കുക. ഇവിടെ ജോണി ഫാദര്‍ സേവിയറിന്റെ തുടയിലാണ് കുത്തിയത്. ആക്രമിയുടെ മന:ശാസ്ത്രം പരിശോദിക്കുമ്പോള്‍ മനസ്സിലാവുന്നത് ഫാദറുടെ മുന്നോട്ടുള്ള നീക്കം തടയുക മാത്രമായിരുന്നിരിക്കണം ജോണിയുടെ ലക്ഷ്യം.

ഫാദര്‍ സേവിയര്‍ തേലക്കാട്ട് ഹൃദയ സംബന്ധമായ അസുഖമുള്ളയാളാണ് എന്നും പറയപ്പെടുന്നു. എന്തായാലും കൂടുതല്‍ വിശദാംശങ്ങള്‍ ജോണിയെ ചോദ്യം ചെയ്‌താല്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. എന്തെങ്കിലും നിഗമനങ്ങളില്‍ എത്തിച്ചേരണമെങ്കിലും അതിനുശേഷം മാത്രമേ സാധിക്കൂ. എന്നിരുന്നാലും കപ്യാര്‍ ജോണിയുടെ മനശാസ്ത്രപരമായ ജീവിത വിശകലനങ്ങളും കണക്കിലെടുക്കേണ്ടതാണ്.