Monday, March 5, 2018

പി.കെ.ജയലക്ഷ്മി ഇത്രക്ക് പരിഭവിക്കണോ ?


സ്വന്തം കുട്ടിയുടെ ചോറൂണിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരിഗണന കിട്ടിയില്ലെന്ന് പരിഭവിക്കുന്ന മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഒരു നേരത്തെ ഊണിനുള്ള അരി മോഷ്ടിച്ചതിന് തല്ലിക്കൊല്ലപ്പെട്ട ആദിവാസി യുവാവ്  മധുവിന്‍റെ കാര്യത്തില്‍ എന്ത് ചെയ്തു ?

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയെ അസിസ്റ്റന്റ്റ് മാനേജര്‍ അപമാനിച്ചുവെന്ന സംഭവം കോണ്ഗ്രസ്സുകാര്‍ ഇടപെട്ടുകൊണ്ട്‌ രഹസ്യമായി ഒത്തുതീര്‍ന്നതായി അറിയുന്നു.

ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാനായ പി.ടി. മോഹനകൃഷ്ണന്റെ മകന്‍ പി.ടി. അജയമോഹനാണ് ഗുരുവായൂരിലെ ഇപ്പോഴത്തെ കോണ്ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയുടെ പ്രസിഡന്‍റ്.  അതുകൊണ്ടുതന്നെ പി.കെ.ജയലക്ഷ്മിയെ അസിസ്റ്റന്റ്റ് മാനേജര്‍ അപമാനിച്ച സംഭവത്തില്‍ കോണ്ഗ്രസ് അനുകൂല സംഘടനക്കും പങ്കുണ്ടെന്ന സാഹചര്യം കണക്കിലെടുത്ത് സംഭവം വിവാദമാക്കാതെ കോണ്ഗ്രസ്സുകാര്‍ തന്നെ രഹസ്യമായി ഒത്തുതീര്‍ന്നതായാണ് പറയപ്പെടുന്നത്‌.

നേരത്തെ ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും ജില്ലയിലെ കോണ്ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു പ്രതിസ്ഥാനത്തെന്ന് അഭ്യുഹമുണ്ടായിരുന്നു. ഈ സംഭവത്തിലും പാവറട്ടി പോലീസ് സ്റ്റേഷനിലെ കോണ്ഗ്രസ് അനുകൂല പോലീസ് അസോസിയേഷനിലെ ഒരു പോലീസുകാരന്‍ തന്നെയായിരുന്നു പ്രതിസ്ഥാനത്തെന്നും പറയപ്പെടുന്നു. മാത്രമല്ല, മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ ഗണ്മാന്‍ കൂടിയായിരുന്ന പോലീസുകാരനായിരുന്നു, വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്തെന്നും പരക്കെ ആരോപണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവവും കോണ്ഗ്രസ് ഗൌരവതരമായ ഒരു ചര്‍ച്ചക്കും വിവാദത്തിനും തിരി കൊളുത്താതെ തന്ത്രപൂര്‍വ്വം ഒത്തുതീര്‍ക്കുകയായിരുന്നു.

ഗുരുവായൂരില്‍ ഇപ്പോള്‍ നല്ല തിരക്കുള്ള ഉത്സവകാലമാണ്. ആരെയും പ്രത്യേകമായ പരിഗണിക്കാന്‍ പറ്റുന്ന സമയവുമല്ല. ഉത്സവകാലത്ത് ക്ഷേത്ര ദര്‍ശനത്തിനുവന്ന മുന്‍ മന്ത്രി പി.കെ. ജലലക്ഷ്മിയും അത് മനസ്സിലാക്കേണ്ടതായിരുന്നെന്നും ക്ഷേത്ര ഭാരവാഹികള്‍ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞതായി അറിയുന്നു. അതേസമയം ക്ഷേത്രത്തില്‍ ശീവേലി എഴുന്നെള്ളിപ്പ് നടക്കുന്ന സമയത്ത് ആരെയും ക്ഷേത്രത്തിനകത്ത് കടത്തിവിടാറില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. എന്നിരുന്നാലും ഭരണസമിതി വിഷയം പരിശോധിച്ചുകൊണ്ട്‌ അര്‍ഹമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വംബോര്‍ഡ് അധികൃതര്‍ പ്രസ്താവനയിറക്കി.

അതേസമയം മുന്‍മന്ത്രി പി.കെ.ജയലക്ഷ്മി തന്റെ സ്വന്തം കാര്യത്തിലും താന്‍ പ്രതിനിധീകരിക്കുന്ന ഗോത്രവിഭാഗത്തിന്റെ കാര്യങ്ങളിലും മാത്രം ശ്രദ്ധ പതിപ്പിക്കുകയും പ്രതികരിക്കുന്നതും വിമര്‍ശന വിധേയമാക്കുന്നുണ്ട്. മറ്റു ഗോത്രവിഭാഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന ജയലക്ഷ്മിയുടെ സമീപനങ്ങളും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്.

ആദിവാസി മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ജയലക്ഷ്മിയുടെ കാര്യമായ പ്രതികരണങ്ങള്‍ ഇല്ലാതെ പോയതും ജയലക്ഷിയുടെ ഈ വിഷയത്തിലുള്ള ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നുണ്ട്.  സ്വന്തം കുട്ടിയുടെ ചോറൂണിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരിഗണന കിട്ടിയില്ലെന്ന് പരിഭവിക്കുന്ന മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഒരു നേരത്തെ ഊണിനുള്ള അരി മോഷ്ടിച്ചതിന് തല്ലിക്കൊല്ലപ്പെട്ട ആദിവാസി യുവാവ്  മധുവിന്‍റെ കാര്യത്തില്‍ എന്ത് ചെയ്തു എന്ന ചോദ്യവും ഇപ്പോള്‍ പൊതുസമൂഹം ചര്‍ച്ചക്കെടുക്കുന്നുണ്ട്.

No comments:

Post a Comment